സൗരഭ്യമായി സുരഭി
സൗരഭ്യമായി സുരഭി
Thursday, December 6, 2018 3:36 PM IST
കഥാപാത്രം വലുതോ ചെറുതോ എന്നതിനപ്പുറം അതു പ്രേക്ഷക മനസില്‍ ഇടം പിടിക്കുന്നിടത്താണ് ഓരോ അഭിനേതാവിന്‍േറയും വിജയം. അത്തരത്തില്‍ കുട്ടനാടന്‍ മാര്‍പാപ്പ, കിനാവള്ളി എന്നീ രണ്ടു സിനിമകളിലൂടെ തന്നെ മലയാളി പ്രേക്ഷകരുടെ ഇഷ്ടം നേടിയ യുവനടിയാണ് സുരഭി സന്തോഷ്. കന്നട സിനിമയിലൂടെ തുടക്കം കുറിച്ച് ഇന്നു മലയാളത്തില്‍ കൈ നിറയെ ചിത്രങ്ങളാണ് സുരഭിക്കായി കാത്തിരിക്കുന്നത്. 'പുതിയ പ്രോജക്ടുകള്‍ നിരവധി എത്തുന്നുണ്ട്. കഥാപാത്രത്തിന്റെ പ്രധാന്യമൊക്കെ നോക്കി സിനിമ തെരഞ്ഞെടുക്കണം. അടുത്ത സിനിമയുടെ ഷൂട്ടിംഗ് ഡിസംബറോടെ ആരംഭിക്കുമെന്നു കരുതുന്നു'. സുരഭി വാചാലയാകുന്നു....

മലയാളത്തിലെ അരങ്ങേറ്റം കുട്ടനാടന്‍ മാര്‍പാപ്പയിലൂടെ

മലയാളത്തില്‍ എന്റെ റീലീസ് ചെയ്ത ആദ്യത്തെ സിനിമ കുട്ടനാടന്‍ മാര്‍പാപ്പയാണ്. പക്ഷേ, ഞാന്‍ ആദ്യമായി അഭിനയിച്ചത് സുഗീത് സംവിധാനം ചെയ്ത കിനാവള്ളിയാണ്. അവിടെ നിന്നുമാണ് മാര്‍പാപ്പയിലേക്ക് അവസരം കിട്ടുന്നത്.

മലയാളിയെങ്കിലും തുടക്കം കന്നഡ സിനിമയില്‍ നായികയായി?

ആറു വയസുമുതല്‍ ക്ലാസിക്കല്‍ ഡാന്‍സ് പഠിക്കുന്നതാണ്. പതിനാറാമത്തെ വയസില്‍ തിരുവനന്തപുരത്ത് ഒരു പ്രോഗ്രാം ചെയ്തു. അത് ഒരു ചാനല്‍ കവര്‍ ചെയ്യുകയും മോണിംഗ് ടോക്ക് എന്ന ഷോയില്‍ അതിഥിയായി ക്ഷണിച്ചു. അതു കണ്ടിട്ടാണ് ആദ്യത്തെ ഫിലിം ഓഫര്‍ വരുന്നത്. നിവേദ്യം നിര്‍മ്മിച്ച ഒമര്‍ ഷറീഫ് എന്ന നിര്‍ാതാവ് അതു കന്നടയില്‍ റീമേക്കു ചെയ്യാന്‍ പ്ലാന്‍ ചെയ്തിരുന്നത്. ഭാമ ചെയ്ത വേഷത്തിലേക്കാണ് എന്നെ കാസ്റ്റ് ചെയ്തത്. പക്ഷേ ഷൂട്ടിംഗ് ആരംഭിക്കാറായപ്പോള്‍ അദ്ദേഹത്തിന് ആരോഗ്യ പ്രശ്‌നം വന്നു ചിത്രം മാറ്റിവച്ചു. എങ്കിലും അവരു തന്നെ അടുത്ത സിനിമയിലേക്ക് എന്നെ സജസ്റ്റ് ചെയ്തു. 2011ല്‍ എസ്. നാരായണന്‍ സംവിധാനം ചെയ്ത ദുഷ്ട എന്ന ചിത്രത്തില്‍ നായിക കഥാപാത്രത്തെ അവതരിപ്പിച്ചാണ് ഞാന്‍ സിനിമയലേക്ക് എത്തുന്നത്. ഗ്രാമത്തിന്റെ പശ്ചാത്തലത്തില്‍ ദുരന്ത പര്യവസാനമായ ഒരു പ്രണയ കഥയായിരുന്നു ആ ചിത്രം. ആ കഥാപാത്രത്തിനു മികച്ച പ്രതികരണം കിട്ടിയിരുന്നു. അതു കഴിഞ്ഞിട്ടാണ് പ്ലസ്ടു എക്‌സാം പോലും എഴുതുന്നത്.

ഷൂട്ടിംഗും പ്ലസ് ടു പഠനവും

ആ സിനിമ ഷൂട്ടിംഗ് കഴിഞ്ഞപ്പോള്‍ കുറേ ലീവ് വന്നു. പിന്നെ ആകെ ഒരു മാസമാണ് ബോര്‍ഡ് എക്‌സാമിനു സമയം. നഷ്ടപ്പെ രണ്ടു മാസത്തെ ക്ലാസുകള്‍ ആ ഒരു മാസംകൊണ്ടു പഠിച്ചാണ് ഡിസ്റ്റിംഗ്ഷനോടെ പാസായത്. പിന്നെ ഡിഗ്രി ബിഎ എല്‍എല്‍ബി ചെയ്തു. അപ്പോഴും സിനിമയില്‍ ഓഫര്‍ വന്നെങ്കിലും ചെയ്യാന്‍ സാധിക്കില്ലായിരുന്നു. എല്‍എല്‍ബി ചെയ്ത അഞ്ചു വര്‍ഷത്തിനിടയില്‍ ആകെ രണ്ടു സിനിമകള്‍ മാത്രമാണ് ഞാന്‍ ചെയ്തത്. ക്ലാസും സിനിമയും ഒന്നിച്ചു പോകില്ല. പഠനം കൂടുതല്‍ ശ്രദ്ധിക്കാമെന്ന് ഞാനും തീരുമാനിച്ചു. എല്‍എല്‍ബി പൂര്‍ത്തിയാക്കിയതിനു ശേഷമാണ് വീണ്ടും സിനിമയിലേക്കു വന്നത്.

ഇടവേളയ്ക്കു ശേഷം

ഇടവേളയ്ക്കു ശേഷം വെള്ളിത്തിരയിലേക്ക് വീണ്ടുമൊരു തിരിച്ചു വരവ് എളുപ്പമല്ലായിരുന്നു. സിനിമയോട് താല്പര്യമില്ലാതെ ഞാന്‍ വിട്ടുപോയി എന്നാണ് കന്നടയില്‍ എല്ലാവരും കരുതിയത്. എല്‍എല്‍ബി കഴിഞ്ഞപ്പോള്‍ അടുത്ത സ്റ്റെപ്പ് എന്തെന്ന തീരുമാനം വന്നു. ജോലി ചെയ്യണമോ അതോ സിനിമയിലേക്കു പോകണമോ. അങ്ങനെ ഒരു മള്‍ട്ടി നാഷണല്‍ കമ്പനിയില്‍ ഇന്റര്‍വ്യൂവിനു പോയി. ജോലി കിട്ടിയ സമയത്ത് എന്നെ തേടി ഒരു ഓഫര്‍ വന്നു. അച്ഛന്റെയും അമ്മയുടേയും തീരുമാനപ്രകാരം ഒരു വര്‍ഷം സിനിമ നോക്കാമെന്നായി. അങ്ങനെ സെക്കന്റ് ഹാഫ് എന്ന കന്നട ചിത്രത്തിലൂടെ വീണ്ടും സിനിമയിലേക്കു തിരിച്ചെത്തി. അതു കഴിഞ്ഞപ്പോഴാണ് കിനാവള്ളിയില്‍ അവസരം കിട്ടുന്നത്. പിന്നാലെ മാര്‍പാപ്പയും. ഒരു വര്‍ഷത്തിനിടയില്‍ മൂന്നു സിനിമ ചെയ്യാന്‍ സാധിച്ചു. ഇപ്പോള്‍ ഹരിശ്രീ അശോകന്‍ ചേട്ടന്‍ സംവിധാനം ചെയ്യുന്ന ഇന്റര്‍നാഷണല്‍ ലോക്കല്‍ സ്റ്റോറിയാണ് പൂര്‍ത്തിയാക്കിയ മറ്റൊരു ചിത്രം. കിട്ടിയ ജോലി ഉപേക്ഷിച്ച് സിനിമയിലേക്ക് ഇറങ്ങിത്തിരിച്ചതാണ്. പക്ഷേ, സിനിമ ചതിക്കില്ല എന്ന ഉറച്ച വിശ്വാസമുണ്ട്.

നൃത്തം ജീവിതത്തിന്റെ ഭാഗം

ചെറുപ്പം മുതല്‍ നൃത്തം വളരെ ഇഷ്ടമായിരുന്നു. അമ്മ പറഞ്ഞ് കേട്ടിട്ടുണ്ട് ടിവിയില്‍ പാട്ടൊക്കെ വരുമ്പോള്‍ ഞാന്‍ ഡാന്‍സ് കളിക്കുമെന്ന്. അതിഥികളൊക്കെ വന്നാലും ആരുടേയും മുന്നില്‍ ഡാന്‍സ് കളിക്കാന്‍ മടിയില്ല. അങ്ങനെ ആറാം വയസില്‍ അമ്മ എന്നെ ഡാന്‍സ് പഠിക്കുന്നതിനായി ചേര്‍ക്കുന്നത്. ഭരതനാട്യമാണ് എന്റെ ഐറ്റം. ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുന്നു. ജൂനിയര്‍ എക്‌സാം കഴിഞ്ഞു. അതില്‍ ഡിസ്റ്റിംഗ്ഷനുണ്ട്. ദൂരദര്‍ശന്റെ ഗ്രേഡിംഗില്‍ ഇപ്പോള്‍ ബി ഗ്രേഡുണ്ട്. ഇനി എ, എ പ്ലസ് എന്നിവയ്ക്ക് അപ്ലൈ ചെയ്യണം. സിനിമയ്‌ക്കൊപ്പം തന്നെ ഡാന്‍സും വളരെ സീരിയസായി മുന്നോട്ടു കൊണ്ടുപോകണമെന്നാണ് വിചാരിക്കുന്നത്.

കിനാവള്ളിയിലൂടെ ആദ്യമായി മലയാളത്തിലേക്കെത്തിപ്പോള്‍?

സുഗീത് ചേട്ടന്റെ എല്ലാ സിനിമകളും തിയറ്ററില്‍ കണ്ട വ്യക്തിയാണ് ഞാന്‍. അപ്പോഴൊന്നും കരുതിയില്ല അദ്ദേഹത്തിന്റെ സിനിമയില്‍ അഭിനയിക്കാനാകുമെന്ന്. കിനാവള്ളിയില്‍ വന്നപ്പോള്‍ ഞങ്ങള്‍ ആറുപേരും പുതിയ ആള്‍ക്കാരാണ്. ഒപ്പം കാമറയ്ക്കു പിന്നില്‍ ഡി.ഒ.പി, മ്യൂസിക് ഡയറക്ട്ര്‍, എഡിറ്റര്‍, ചില സിംഗേര്‍സ് തുടങ്ങി 27 പുതിയ ആള്‍ക്കാര്‍ ആ ചിത്രത്തിലുണ്ടായിരുന്നു. സുഗീതേട്ടന്‍ ഞങ്ങള്‍ക്ക് വിശ്വാസം തന്നു. അദ്ദേഹത്തിന്റെ സിനിമയില്‍ ഞങ്ങള്‍ക്കും വളരെ പ്രതീക്ഷയായിരുന്നു. കുറേ എഫേര്‍ട്ടെടുത്താലും പുതിയ ആള്‍ക്കാരെന്നു തോന്നാത്ത വിധം ആ സിനിമയെ മികച്ചതാക്കി ഒരുക്കാന്‍ അദ്ദേഹത്തിനു സാധിച്ചു. കഥാപാത്രത്തെക്കുറിച്ച് അത്രമേല്‍ പഠനം നടത്തി അഭിനയിക്കാന്‍ അദ്ദേഹം വലിയ പിന്തുണയാണ് നല്‍കിയത്.




കുഞ്ചാക്കോ ബോബന്റെ നായികയായി കുട്ടനാടന്‍ മാര്‍പാപ്പയിലേക്ക്?

കൂടുതല്‍ പ്രേക്ഷകര്‍ എന്നെ തിരിച്ചറിയുന്നത് കുട്ടനാടന്‍ മാര്‍പാപ്പയിലൂടെയാണ്. ഒട്ടും പ്രതീക്ഷിക്കാതെ വന്ന അവസരമായിരുന്നു അത്. കിനാവള്ളി റിലീസ് ചെയ്തിട്ടാകും അടുത്ത ഓഫര്‍ എന്നാണ് കരുതിയത്. കിനാവള്ളിയുടെ ഷൂട്ടിംഗ് കഴിഞ്ഞതിനു ശേഷമായിരുന്നു ശിക്കാരി ശംഭു സുഗീതും കുഞ്ചാക്കോ ബോബനും ചെയ്തത്. അതിന്റെ ഇടയിലാണ് സുഗീത് ചാക്കോച്ചനോട് എന്നെപ്പറ്റി പറയുന്നത്. അങ്ങനെയാണ് ഞാന്‍ മാര്‍പാപ്പയിലെത്തുന്നത്. കഥ കേപ്പോള്‍ മുഴുനീള കഥാപാത്രമല്ലല്ലോ എന്നാണ് അമ്മ പറഞ്ഞത്. പക്ഷേ, 20 മിനിറ്റ് മാത്രമേയുള്ളു എങ്കിലും ഈ കഥാപാത്രം പ്രേക്ഷകരിലെത്തുമെന്ന് എനിക്കു തോന്നി. നിനക്കിഷ്ടമാണെങ്കില്‍ ചെയ്‌തോളാന്‍ അമ്മയും പറഞ്ഞു. അങ്ങനെയാണ് മാര്‍പാപ്പയില്‍ ആനി എന്ന കഥാപാത്രമായി ഞാനെത്തുന്നത്.

കുഞ്ചാക്കോ ബോബനോടൊപ്പം

ആദ്യം എനിക്കു നല്ല ടെന്‍ഷനുണ്ടായിരുന്നു. കിനാവള്ളി ചെയ്യുമ്പോള്‍ എല്ലാവരും പുതിയ ആള്‍ക്കാരായിരുന്നു. മാര്‍പാപ്പയില്‍ വന്നപ്പോള്‍ ചാക്കോച്ചനൊപ്പം ശാന്തി കൃഷ്ണ, ഇന്നസെന്റ് തുടങ്ങിയ പ്രഗത്ഭരാണ്. തുടക്കത്തില്‍ ഒന്നു രണ്ടു ദിവസം ടെന്‍ഷനായിരുന്നു. പിന്നെ ട്രാക്കിലേക്കെത്തി. ചാക്കോച്ചനും വളരെ സപ്പോര്‍ട്ടായിരുന്നു. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ പുതുമുഖ നായികമാര്‍ക്കൊപ്പം വര്‍ക്കു ചെയ്തിട്ടുള്ള ആളാണ് ചാക്കോച്ചന്‍. അപ്പോള്‍ പുതിയൊരാളെ സപ്പോര്‍ട്ട് ചെയ്തു കൊണ്ടുപോകാന്‍ അദ്ദേഹത്തിനറിയാം.

ഇരു ചിത്രങ്ങളും സ്വീകരിച്ചതിനുശേഷമുള്ള പ്രേക്ഷകരുടെ പ്രതികരണം?

രണ്ടു ചിത്രങ്ങള്‍ക്കും എല്ലായിടത്തു നിന്നും നല്ല അഭിപ്രായമാണ് കിട്ടിയത്. മാര്‍പാപ്പയുടെ ഡിവിഡി റീലീസ് ചെയ്തു കഴിഞ്ഞപ്പോള്‍ കുറേ നല്ല ട്രോളൊക്കെ വന്നിരുന്നു. കിനാവള്ളി വ്യത്യസ്തമായ ഒരു സിനിമ ആയതിനാല്‍ ശരിക്കും ഞങ്ങള്‍ക്കു പേടിയുണ്ടായിരുന്നു, എന്നാല്‍ പ്രതീക്ഷിച്ചതിനേക്കാള്‍ നല്ല പ്രതികരണം എല്ലായിടത്തു നിന്നും കിട്ടി. രണ്ടു ചിത്രങ്ങളും നന്നായിട്ടു പോയപ്പോള്‍ വളരെ സന്തോഷം തോന്നി.

ഹരിശ്രീ അശോകന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ നായികയുടെ വിശേഷങ്ങള്‍?

ഇന്റര്‍നാഷണല്‍ ലോക്കല്‍ സ്റ്റോറി എന്നാണ് ചിത്രത്തിന്റെ പേര്. മാര്‍പാപ്പയിലേതു പോലെ തന്നെ ഒരു നഴ്‌സ് കഥാപാത്രമാണ് ഇത്. എന്നാല്‍ ഈ ചിത്രത്തിലെ കഥാപാത്രത്തിന്റെ സ്വഭാവത്തില്‍ മാറ്റമുണ്ട്. കുറച്ച് ബോള്‍ഡായ, വായാടിയായ, തല്ലു കൂടുന്ന, ആണത്തമുള്ള എന്നാല്‍ എന്നില്‍ ഒരിക്കലും കാണാനാവാത്ത കഥാപാത്രമാണത്. എന്റെ കംഫര്‍ട്ട് സോണില്‍ നിന്നും മാറി കുറച്ചു വ്യത്യസ്തമായ അഭിനയം വേണ്ടിവരുന്ന ചിത്രമാണത്.

യാത്രയോട് ഇഷ്ടം

സിനിമ കഴിഞ്ഞാല്‍ യാത്രയോടാണ് താല്പര്യം. എനിക്കു കിട്ടിയ സുഹൃത്തുക്കളും അത്തരത്തിലുള്ളതായിരുന്നു. ഞങ്ങള്‍ ഇടയ്ക്കു പ്ലാന്‍ ചെയ്തു യാത്ര ചെയ്യും. ഷൂട്ടിംഗ് ഇല്ലാത്തപ്പോള്‍ ഡാന്‍സ് പ്രാക്ടീസാണ് പ്രധാനമായിുള്ളത്. സിനിമയില്‍ ബ്രേക്കെടുക്കാതെ തന്നെ ഉപരിപഠനം നടത്തണമെന്നതും മനസിലുണ്ട്.

ട്രഡീഷണല്‍ ലുക്കില്‍ താല്പര്യം

ബാംഗ്ലൂരില്‍ വളര്‍ന്നതുകൊണ്ടാകാം സ്‌കര്‍ട്‌സ്, ഷോര്‍ട്‌സ് എന്നിവയില്‍ ഞാന്‍ കംഫര്‍ബിളാണ്. പിന്നെ എനിക്കെപ്പോഴും യോജിക്കുന്നത് സാരിയാണ്. അഭിനന്ദനം എപ്പോഴും കിട്ടിയിട്ടുള്ളത് ട്രഡീഷണല്‍ ലുക്കിലെത്തുമ്പോഴാണ്. എല്ലാത്തരം ഡ്രസിംഗും യോജിക്കുംവിധം എനിക്കിഷ്ടമാണ്.

പാചകത്തില്‍ മധുരം

എനിക്കു വളരെ താല്പര്യമുള്ള മേഖലയാണ് പാചകം. കൂടുതല്‍ ഇഷ്ടമുള്ളതുകൊണ്ട് സ്വീറ്റ്‌സാണ് ഞാന്‍ ഉണ്ടാക്കുന്നത്. പിന്നെ ബേക്ക് ചെയ്യും. കുറച്ചു ദിവസം മുമ്പ് എന്റെ ബര്‍ത്ത് ഡേയ്ക്കു ഞാന്‍ കേക്കുണ്ടാക്കി. ഞാന്‍ തന്നെ ബേക്ക് ചെയ്ത് എന്റെ പേരെഴുതി ഞാന്‍ തന്നെ കട്ടു ചെയ്തു. റസിപ്പി ഉണ്ടെങ്കില്‍ നന്നായി പാചകം ചെയ്യും.

കുടുംബ വിശേഷങ്ങള്‍

അച്ഛന്‍ സന്തോഷ് കുമാര്‍, അമ്മ സിന്ധു. ചേട്ടന്‍ വിവാഹം കഴിഞ്ഞ് കാനഡയില്‍ സെറ്റില്‍ഡാണ്. കുടുംബത്തിന്റെ സപ്പോര്‍ട്ടാണ് എന്നെ ഇവിടെ നിര്‍ത്തുന്നത്. എന്റെ സന്തോഷം തെരഞ്ഞെടുക്കാന്‍ അവര്‍ എനിക്കൊപ്പം എന്നുമുണ്ട്. ഞാന്‍ ജനിച്ചത് തിരുവനന്തപുരത്താണ്. അച്ഛന്‍ ആര്‍മിയിലായിരുന്നു. രണ്ടാം ക്ലാസ്‌വരെയാണ് കേരളത്തില്‍ പഠിച്ചത്. പിന്നീട് പലയിടങ്ങളില്‍ യാത്രയായിരുന്നു. ഒടുവില്‍ അച്ഛന്‍ വിആര്‍എസ് എടുത്ത് മറ്റൊരു ജോലിക്കു കയറുന്നത് ബാംഗ്ലൂരിലാണ്. പതിനഞ്ചു വര്‍ഷത്തിലേറെയായി ഇപ്പോള്‍ ബംഗ്ലൂരിലാണ്. പ്ലസ്ടു, കോളജ് പഠനമൊക്കെ അവിടെയായിരുന്നു.

ലിജിന്‍.കെ ഈപ്പന്‍