വീട് രൂപകൽപന ചെയ്യുന്പോൾ ശ്രദ്ധിക്കാം
Friday, November 5, 2021 1:37 PM IST
മനോഹരമായൊരു വീട് സ്വന്തമാക്കുക. അത് ഏവരുടെയും സ്വപ്നമാണ്. സാധാരണ മലയാളിയെ സംബന്ധിച്ച് ഒരിക്കൽ മാത്രം സംഭവിക്കുന്ന വീടുനിർമാണത്തിൽ ദീർഘവീക്ഷണമുള്ള ചില കരുതലുകളും കണക്കുകൂട്ടലുകളും ആവശ്യമാണ്.
വീടിനു സ്ഥലം നിർണയിക്കുന്ന ഘട്ടം മുതൽ തുടങ്ങണം ആ സൂക്ഷ്മത. വീട്ടിൽ താമസിക്കുന്നവരുടെ പ്രായം, തൊഴിൽ, ഇഷ്ടങ്ങൾ, വീടിനുവേണ്ട സൗകര്യങ്ങൾ, സാന്പത്തികസ്ഥിതി തുടങ്ങി വീടു നിർമാണത്തിൽ ശ്രദ്ധിക്കാനേറെയുണ്ട്. ആഡംബരത്തേക്കാൾ ആവശ്യങ്ങൾക്കും അത്യാവശ്യങ്ങൾക്കുമാകണം മുഖ്യപരിഗണന നൽകേണ്ടത്. വീട് രൂപകൽപന ചെയ്യുന്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് അറിയാം...
ബജറ്റ് മുൻകൂട്ടി കാണണം
വീടൊരുക്കാനായി ഒരു വാസ്തുശിൽപിയെ കാണുന്നതിനുമുന്പ് നിങ്ങളുടെ ബജറ്റ് മുൻകൂട്ടി കാണണം. നിശ്ചയിച്ചിരിക്കുന്ന സ്ഥലത്ത് ബജറ്റിൽ ഒതുങ്ങുന്നതരത്തിലുള്ള വീടൊരുക്കുകയാണ് വേണ്ടത്.
വീടൊരുക്കുന്പോൾ
വാസ്തുശാസ്ത്ര പ്രകാരം വീടിന്റെ മൂന്നിലൊന്നു വിസ്താ രം പൂമുഖത്തിനു വേണമെന്നാണ് കണക്ക്. എന്നാൽ, ആധുനിക രൂപകല്പനയിൽ ഇതു പാലിക്കാറില്ലെന്ന് ആക്ഷേപമുണ്ട്. ഇതിനു പരിഹാരമാണ് വീടിന്റെ മുൻഭാഗത്തെ ന്ധകട്ടിംഗ്സ്’. ഇതു വീടിന്റെ വടക്കു കിഴക്കേ കോണിൽ വരുന്നതാണ് ഉചിതം. കാർപോർച്ച്, പ്രവേശനം, വരാന്ത എന്നിവ വടക്കു കിഴക്കേ കോണിൽ വരുന്നത് അഭികാമ്യം. തെക്ക്, പടിഞ്ഞാറ് ദിക്കുകളി ലേക്കു ദർശനമായുള്ള ഗൃഹത്തിന്റെ സ്വീകരണമുറി താഴ്ത്തി പണിയുന്നത് അഭികാമ്യമല്ല.
സ്വീകരണമുറിയോടു ചേർന്നാണു മിക്ക വീടുകളിലും ഗോവണി വരുന്നത്. അതുകൊണ്ടുതന്നെ ഗോവണിയുടെ നിർമിതിയ്ക്കും സ്ഥാനത്തിനും വീടിന്റെ സൗന്ദര്യത്തിൽ വലിയ പങ്കുണ്ട്. വീടിന്റെ തെക്കുഭാഗത്തോ പടിഞ്ഞാറു ഭാഗത്തോ ആണ് ഗോവണി വയ്ക്കേണ്ടതെന്നാണു വാസ്തു പറയുന്നത്.
ഇടതുനിന്നും വലത്തേക്കു കറങ്ങുന്ന രീതിയിലുള്ള ഗോവണിയാണ് അഭികാമ്യം. വീടിന്റെ രൂപകല്പന അനുസരിച്ച് ഗോവണികളിൽ ചെറിയ മാറ്റങ്ങൾ വരുത്താം. എന്നാൽ മുകളിലേക്ക് കയറുന്നത് ഇടതു നിന്നും വലത്തേക്കു തിരിഞ്ഞാകണം. പ്രധാനവാതിൽ തുറക്കുന്പോൾ സ്റ്റെയർകെയ്സ് കാണുന്നതു കുഴപ്പമില്ല. കാറ്റിന്റെ ഗതിക്കനുസരിച്ചാരിയിരിക്കണം വീടിന്റെ നിർമാണം.
വീടിന്റെ ദർശനം വീട്ടിലെ സുഖവാസത്തെ സ്വാധീനിക്കും. വടക്കും കിഴക്കും ദർശനം നല്ലതെന്നു വാസ്തുശാസ്ത്രം പറയുന്നു. തെക്കും പടിഞ്ഞാറും അശുഭവും. വടക്ക് അൾട്രാവയലറ്റു പോലുള്ള നെഗറ്റീവ് എനർജിയെ തടയും.
സിറ്റ്ഒൗട്ട്, സ്റ്റോർ, കാർപോർച്ച്, വർക് ഏരിയ, സ്റ്റെയർകെയ്സ്, മുറികൾ തുടങ്ങിയ വയുടെ അളവുകൾ സംബന്ധിച്ചു ശാസ്ത്രീയമായി നിബന്ധനയില്ല. റോഡിന്റെ ഭാഗത്തേക്കു ദർശനം വരത്തക്കരീതിയിലാണ് ഇന്നു ഗൃഹനിർമാണം. ഇതുപലപ്പോഴും ദോഷം ചെയ്യും. ജനലുകളുടെയും വാതിലുകളുടെയും കാര്യത്തിലും ദർശനം പ്രധാനമാണ്.
വെന്റിലേഷൻ
വീടു പണിയുന്പോൾതന്നെ ആവശ്യത്തിനു വെന്റിലേഷൻ നൽകി വേണം പണിയാൻ. ആവശ്യത്തിനു കാറ്റും വെളിച്ചവും കയറാൻ ഇത് അത്യാവശ്യമാണ്. പ്രകൃതിദത്ത വെളിച്ചത്തെ കൊണ്ടുവരാനായി കോർട്ട് യാർഡ് ഒരുക്കുന്നത് നല്ലതാണ്. എല്ലാ മുറികൾക്കും ക്രോസ് വെന്റിലേഷൻ നൽകുന്നത് വായുസഞ്ചാരം ഉറപ്പുവരുത്താനും മുറികളിലെ ചൂട് നിയന്ത്രിക്കാനും കൂടാതെ നല്ല വെളിച്ചവും ലഭിക്കാനും സഹായിക്കും.
ഓരോ മുറിയും ഉപയോഗ്രപദമായിരിക്കണം. അതിനായി ഡോറുകൾ കൊടുക്കുന്പോൾ കോണോടു കോണ് വരാതെ ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും. ഓരോ മുറിയും സ്വകാര്യത കാത്ത് സൂക്ഷിക്കുന്നതായിരിക്കണം.
നിറം നൽകുന്പോൾ
വീടിനുള്ളിൽ നിറം നൽകുന്പോഴാണ് ഏറ്റവും അധികം ശ്രദ്ധിക്കേണ്ടത്. ഇളം നിറങ്ങൾ നൽകാൻ എപ്പോഴും ശ്രദ്ധിക്കണം. ഇളം നിറങ്ങൾക്കാണ് കൂളിംഗ് ഇഫക്ട് നൽകാൻ കഴിയുന്നത്. സൂര്യപ്രകാശത്തെ പ്രതിഫലിപ്പിക്കുന്ന തരത്തിലുള്ള വെള്ളയോ ഇളം നിറങ്ങളോ മേൽക്കൂര പെയിന്റു ചെയ്യാൻ ഉപയോഗിച്ചാൽ ചൂടു കുറയും.
മുറിയുടെ നിറം മനസിന് സന്തോഷം നൽകുന്നതായിരിക്കണം. നമ്മുടെ കാലാവസ്ഥയ്ക്ക് അനുയോജ്യമായതും വളരെ ലളിതമായ എലിവേഷനോടു കൂടിയതുമായ വീടുകൾ ഡിസൈൻ ചെയ്യുന്നതാണ് നല്ലത്.