കോവിഡ്കാലം: പഠന പാഠന നേട്ടങ്ങളും കോട്ടങ്ങളും
കോവിഡ്കാലം: പഠന പാഠന നേട്ടങ്ങളും കോട്ടങ്ങളും
Friday, June 11, 2021 3:27 PM IST
പുതിയ ബാഗും പുത്തന്‍ യൂണിഫോമുമൊക്കെയിട്ട് വിദ്യാലയങ്ങളിലേക്ക് ആദ്യമായി പോകാന്‍ കൊതിച്ചിരുന്ന കുരുന്നുകള്‍, കുഞ്ഞുങ്ങളുടെ പാദസരകിലുക്കങ്ങള്‍ കേള്‍ക്കാത്ത ക്ലാസ്മുറികള്‍. സന്തോഷവും സങ്കടവും പങ്കുവയ്ക്കാനാവാതെ കൗമാരങ്ങള്‍, സ്‌കൂള്‍ വിദ്യാഭ്യാസ കാലഘട്ടം പൂര്‍ത്തിയാക്കുന്ന പ്ലസ്ടു വിദ്യാര്‍ഥികള്‍ പൂര്‍ണമായി അറിവുനേടാന്‍ കഴിയാതെ ഫോക്കസ് ഏരിയയില്‍ ഒതുങ്ങിയ ഒരു അധ്യയന വര്‍ഷം. സ്‌കൂള്‍ വരാന്തകളില്‍ കുട്ടികളുടെ കോലാഹലങ്ങളില്ല. മൈതാനത്തില്‍ പന്തുകളിയില്ല. ഓര്‍മയില്‍ ഇങ്ങനെയൊരു അധ്യയന വര്‍ഷം ഇതാദ്യം. കോവിഡ് മഹാമാരിയില്‍ ലോകത്തുടനീളം സാമ്പത്തിക, മാനസിക, ആരോഗ്യ, വിദ്യാഭ്യാസമേഖലയാകെ തകിടം മറിഞ്ഞു.

നേട്ടങ്ങള്‍ ഇങ്ങനെ

കോവിഡ് ഒരര്‍ഥത്തില്‍ ഏറ്റവുമധികം ബാധിച്ചത് കുട്ടികളെയാണ്. കുട്ടികളുടെ സ്‌കൂള്‍ യാത്ര, സ്‌കൂളിലെ പഠനമൊക്കെ ഓരോ കുട്ടിക്കും പുതിയ അനുഭവങ്ങള്‍ പകരുന്നതായിരുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ പഠനം മുടങ്ങാതിരിക്കാനുള്ള ശ്രദ്ധയും ജാഗ്രതയും പുലര്‍ത്തി ഓണ്‍ലൈന്‍ വിദ്യാഭ്യാസം ആരംഭിച്ചു. ഇപ്പോള്‍ ഇന്റര്‍നെറ്റിന്റെ കാലമായതിനാല്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിലൂടെ എല്ലാവര്‍ക്കും ഇതില്‍ ഒരു പരിധിവരെ പ്രാവീണ്യം നേടാനായത് ഭാവിയില്‍ പഠന പാഠന പ്രക്രിയയില്‍ കുട്ടിക്കും അധ്യാപകര്‍ക്കും ഒരുപോലെ ഉപകരിക്കും. ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിലൂടെ പുതിയ അറിവുകള്‍ കുട്ടികള്‍ കണ്ടെത്തുന്നു. സാങ്കേതികവിദ്യകള്‍ കുികള്‍ ഏറ്റവും കൂടുതല്‍ പ്രയോജനപ്പെടുത്തിയ ഒരു കാലഘം കൂടിയായിരുന്നു ഇത്. പഠിപ്പിക്കുന്നതില്‍ വളരെ മിടുക്കരായ അധ്യാപകര്‍ക്ക് ഓണ്‍ലൈന്‍ വിദ്യാഭ്യാസം എന്ന പ്ലാറ്റ്‌ഫോമില്‍ വന്നപ്പോള്‍ അല്‍പം അറിവു കുറവായിരുന്നുവെങ്കിലും അതിനെ അതിജീവിച്ച് ഓണ്‍ലൈന്‍ ക്ലാസുകള്‍ നല്ല രീതിയില്‍ കുട്ടികള്‍ക്ക് ലഭ്യമാക്കാന്‍, അതില്‍ പ്രാവീണ്യം നേടാന്‍, ആത്മവിശ്വാസത്തോടെ ക്ലാസെടുക്കാനൊക്കെ ഈ കാലഘട്ടവും ഓണ്‍ലൈന്‍ വിദ്യാഭ്യാസവും സഹായകമായി. ഗുരുമുഖത്തുനിന്ന് കേട്ടും കണ്ടും പഠിച്ചിരുന്ന കാര്യങ്ങള്‍ വളരെ പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്കുപോലും ചിത്രങ്ങളിലൂടെയും പാട്ടുകളിലൂടെയും വീഡിയോകളിലൂടെയും കുട്ടികളിലേക്ക് എത്തിക്കാന്‍ പുതിയ സാങ്കേതികവിദ്യകളിലൂടെ സാധിച്ചിട്ടുണ്ട്. ദിനാചരണങ്ങളുടെ വീഡിയോ നിര്‍മാണം, ഹലോ ഇംഗ്ലീഷ്, മലയാളത്തിളക്കം. വര്‍ക്ക് ഷീറ്റുകള്‍ തുടങ്ങിയവയുടെ പ്രവര്‍ത്തനങ്ങളെല്ലാം ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ വളരെ മനോഹരമായി തയാറാക്കാനും അത് അപ് ലോഡ് ചെയ്യാനും കുട്ടികള്‍ ഈ കാലഘട്ടം നന്നായി പ്രയോജനപ്പെടുത്തി. അധ്യാപകര്‍ ഓണ്‍ലൈനായി സംഘടിപ്പിച്ച വിവിധ മത്സരങ്ങളും കുട്ടികള്‍ക്ക് പുതിയവ കണ്ടെത്താനും അറിവിന്റെ ലോകം മികച്ചതാക്കാനും സഹായിച്ചു.


കോട്ടങ്ങള്‍

ഓണ്‍ലൈന്‍ വിദ്യാഭ്യാസം അറിവ് ആര്‍ജിക്കുന്നതില്‍ ഏറെ നല്ല വശങ്ങള്‍ തുറന്നിടുന്നുണ്ടെങ്കിലും ഏതുകാര്യവും തെറ്റായി ഉപയോഗിച്ചാല്‍ അതിന്റെ ദൂഷ്യം വലുതാണ്. അതുകൊണ്ടുതന്നെ ഇന്റര്‍നെറ്റിന്റെ ദുരുപയോഗത്തില്‍ നാം ജാഗ്രത പാലിക്കണം. ഓണ്‍ലൈന്‍ ക്ലാസുകള്‍ നിരീക്ഷിക്കുമ്പോള്‍ തനിക്കും സമൂഹത്തിനും ദൂഷ്യങ്ങളുണ്ടാക്കുന്ന കാര്യങ്ങളിലേക്കൊന്നും കുട്ടികള്‍ കടക്കുന്നില്ലെന്ന് പൂര്‍ണമായും ഉറപ്പുവരുത്താന്‍ മാതാപിതാക്കള്‍ക്കും അധ്യാപകര്‍ക്കും കഴിയുന്നില്ല. യൂട്യൂബ്, ഗൂഗിള്‍ മീറ്റ് ക്ലാസുകള്‍ വീക്ഷിക്കുമ്പോള്‍ കുട്ടികള്‍ ക്ലാസുകളില്‍ നിന്ന് മറ്റു പലതിലേക്കും വഴുതിപ്പോകുന്നു. ഇതിന്റെ ഉപയോഗം ശാരീരികമായും മാനസികമായും കുട്ടികളെ തളര്‍ത്തുന്നു. ചില വിഷയങ്ങള്‍ പ്രത്യേകിച്ച് ഗണിതം, ഓണ്‍ലൈന്‍ ക്ലാസുകളില്‍ കൂടി മാത്രം കുട്ടികള്‍ അറിവ് ആര്‍ജിക്കുമ്പോള്‍ അതില്‍ നൂറു ശതമാനം തൃപ്തി കുട്ടികള്‍ക്കോ അധ്യാപകര്‍ക്കോ രക്ഷിതാക്കള്‍ക്കോ ഇല്ല. കുട്ടികളുടെ മാനസികോല്ലാസം സൗഹൃദം പങ്കിടല്‍ അങ്ങനെ പലതും നഷ്ടപ്പെ ഒരു അധ്യയനവര്‍ഷത്തിലൂടെയാണ് നാം കടന്നുപോയിക്കൊണ്ടിരിക്കുന്നത്.

'ആചാര്യാത് പാദമാദത്തെ
പാദം ശിഷ്യസ്വമേധയാ
പാദം സബ്രഹ്മചാരിഭ്യ
പാദം കാലക്രമേണ ച' എന്ന സുഭാഷിതവചനം ഈ കോവിഡ്കാലഘട്ടത്തിലെ ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിലൂടെ അര്‍ഥപൂര്‍ണമാകുന്നില്ല.

എം.പി ടെന്‍സി
അധ്യാപിക, സെന്റ് മേരീസ് ഹൈസ്‌കൂള്‍, ആലുവ