ത്വക്ക്, മുടികൊഴിച്ചില്‍ ചികിത്സാ മുന്നേറ്റങ്ങള്‍...
ത്വക്ക്, മുടികൊഴിച്ചില്‍ ചികിത്സാ മുന്നേറ്റങ്ങള്‍...
Friday, April 23, 2021 3:52 PM IST
ശരീരത്തെ ആവരണം ചെയ്തിരിക്കുന്ന അംഗവ്യൂഹങ്ങളിലൊന്നാണ് ത്വക്ക്. ചര്‍മം, മുടി, നഖങ്ങള്‍ എന്നിവയെല്ലാം ഒരേ ഉല്‍ഭവസ്ഥാനത്തു നിന്നു രൂപാന്തരം പ്രാപിച്ചിരിക്കുന്നതുകൊണ്ട് ഇതെല്ലാം ഒരു വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നു. കഴിഞ്ഞ നാലഞ്ചു ദശാബ്ദങ്ങളായി അതിനൂതന ചികിത്സാ രീതികളാണ് ആരോഗ്യരംഗത്തു സമസ്ഥമേഖലയിലും പ്രകടമായിരിക്കുന്നത്. ത്വക്ക് രോഗചികിത്സയിലും ശ്രദ്ധേയമായ മാറ്റങ്ങളുണ്ടായി. വിദേശ രാജ്യങ്ങളിലെന്നപോലെ ഇവിടെയും ആ വളര്‍ച്ച സാധ്യമായിട്ടുണ്ട്. വെള്ളപാണ്ടിനുള്ള സ്‌കിന്‍ ഗ്രാഫ്റ്റിംഗ്, സോറിയാസിനു നല്‍കുന്ന ബയോളജിക്, കുമിള രോഗങ്ങള്‍ക്കുള്ള സ്റ്റിറോയിഡ് പള്‍സ് തെറാപ്പി, വിുമാറാത്ത അലര്‍ജി സംബന്ധമായതിനുള്ള ഇമ്യൂണോ തെറാപ്പി, മുടിവളരാനുള്ള പിആര്‍പി ചികിത്സ, ശോഷിച്ച ഭാഗങ്ങള്‍ പൂര്‍വസ്ഥിതിയിലാക്കാനുള്ള ഫില്ലര്‍ തുടങ്ങിയവയെല്ലാം ഇന്നു സാധാരണമായിക്കഴിഞ്ഞു. സൗന്ദര്യവര്‍ധിത ചികിത്സയ്ക്കും ഇന്നു വളരെ പ്രചാരം ലഭിച്ചുകഴിഞ്ഞു.

മുടികൊഴിച്ചിലിനു പിആര്‍പി ചികിത്സ

നീട്ടിയിട്ടും വെട്ടിയൊതുക്കിയും രൂപപ്പെടുത്തുമ്പോള്‍ മുഖഭംഗി കൂട്ടുന്ന പ്രധാന ഘടകം തലമുടിയാണ്. പുതിയ കാലത്തെ പെണ്‍കുട്ടികള്‍ക്കു മുടി കാഴ്ചയില്‍ ഭംഗിയും വൃത്തിയുള്ളതുമാകണം. ഇതിനായി പൊടിക്കൈകളും വിലയേറിയ ചികിത്സാരീതികളും അവലംബിക്കുന്നവര്‍ കുറവല്ല. മുടിയുടെ കാലചക്രത്തില്‍ വളര്‍ച്ചാസമയം 1000 ദിവസമാണ്. വളര്‍ച്ചാ കാലം, കൊഴിച്ചില്‍ എന്നിങ്ങനെ വിവിധ ഘങ്ങളിലൂടെയാണ് ഇത് കടന്നു പോകുന്നത്. സാധാരണയായി തലയില്‍ ഒരു ലക്ഷം മുടിയുള്ളതില്‍ 100 താഴെ മുടി മാത്രമാണ് ദിവസവും കൊഴിയുന്നത്. അതില്‍ ഏറ്റക്കുറച്ചില്‍ ഉണ്ടാകും. നല്ല ആരോഗ്യ സ്ഥിതിയില്‍ ദിവസേന 0.37 മില്ലിമീറ്ററാണ് മുടി വളരുന്നത്. അതു മുറിച്ചു മാറ്റാത്ത സ്ഥിതിയില്‍ 100 മുതല്‍ 170 സെന്റിമീറ്റര്‍ വരെ വളരാം.

സ്ത്രീ പുരുഷ ഭേദമന്യേ സൗന്ദര്യ സങ്കല്പത്തില്‍ പ്രഥമ സ്ഥാനം മുടിയഴകിനാണ്. അതു കൊഴിഞ്ഞു പോവുക എന്നതു മാനസികമായി തളര്‍ത്തുന്ന കാര്യമാണ്. തലയുടെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തുടങ്ങി തലമുടി മുഴുവനായും ചിലപ്പോള്‍ ശരീരത്തിലേതുകൂടി മൊത്തമായും നഷ്ടപ്പെട്ടു പോകുന്ന അപൂര്‍വ സന്ദര്‍ഭങ്ങളുണ്ട്. വിളര്‍ച്ച, തൈറോയ്ഡ് പോലുള്ള ഗ്രന്ഥികളുടെ പ്രവര്‍ത്തന വൈകല്യം, പുരുഷ ഹോര്‍മോണുകളുടെ അതിപ്രസരം, സ്വയം നശീകൃത രോഗങ്ങള്‍, ശക്തമായ അണുബാധയുടെ അനന്തരഫലം, ആന്റിബയോട്ടിക്കുകളുടെ പാര്‍ശ്വഫലം, റേഡിയേഷന്‍, കീമോ തെറാപ്പി, കാന്‍സര്‍, അതിന്റെ മരുന്നുകള്‍, ശിരോചര്‍മത്തിലുണ്ടാകുന്ന വിവിധ തരം രോഗങ്ങള്‍, ശാരീരികവും മാനസികവുമായുണ്ടാകുന്ന ആഘാതങ്ങള്‍, പ്രസവാനന്തരം സംഭവിക്കുന്ന ശരീരമാറ്റം, നിരന്തരമായ ഹെയര്‍ ഡൈയുടെ ഉപയോഗം, ഹെയര്‍ സ്‌ട്രേറ്റനിംഗ് മുതലായ പലതാണ് മുടികൊഴിച്ചിലിനുള്ള കാരണങ്ങളാകുന്നത്.

മുടികൊഴിച്ചില്‍ ശ്രദ്ധയില്‍പൊല്‍ എല്ലാ ചികിത്സാ രീതികളും അവലംബിക്കുന്നവരാണ് പുതിയ തലമുറയിലുള്ളവര്‍. കൃത്യമായ കാരണം കണ്ടെത്തി പരിഹാരം ഒരുക്കിയാല്‍, മുടിവളരാനുള്ള സാവകാശവും സമയവും കൊടുത്താല്‍ നഷ്ടപ്പെട്ടതും വളര്‍ച്ച മുരടിച്ചതുമായ മുടി തിരിച്ചുവരാനുള്ള സാധ്യതയും കൂടുതലാണ്. വിവിധ ചികിത്സാ രീതികള്‍ പലരും പ്രയോഗിക്കുമ്പോഴും നിരാശയായിരിക്കും ഫലം. ഇവിടെയാണ് പിആര്‍പി ചികിത്സ പ്രസക്തമാകുന്നത്.

പിആര്‍പി ചികിത്സ രീതി

മാസത്തില്‍ ഒരിക്കലാണ് അതിസൂക്ഷ്മ കുത്തിവെയ്പ്പു നടത്തുന്നത്. നാല് മുതല്‍ ആറുമാസമാകുമ്പോഴേക്കും 60/70 ശതമാനം പേരില്‍ മുടിവളര്‍ച്ചയും കോശവളര്‍ച്ചയും പ്രകടമാകുന്നുണ്ട്. കോശവളര്‍ച്ചയ്ക്കും മുഖത്തെ ചുളിവുകള്‍, പ്രായാധിക്യം മൂലമുണ്ടാകുന്ന വരകള്‍, കവിളില്‍ രൂപപ്പെടുന്ന കുഴികള്‍ തുടങ്ങി മുഖത്തിനുണ്ടാകുന്ന ശോഷണങ്ങള്‍ക്കും പിആര്‍പി ചികിത്സാ പ്രയോജനപ്പെടുന്നു.

രക്തബാങ്കിന്റെ സഹായത്തോടെ അതീവ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് അതിസൂക്ഷ്മമായ അന്തരീക്ഷത്തില്‍ ചികിത്സ വേണ്ട വ്യക്തിയുടെ രക്തത്തില്‍ നിന്നും ഘട്ടംഘട്ടമായി പ്ലേറ്റ്‌ലെറ്റ് വേര്‍തിരിക്കുന്ന പ്രക്രിയയാണ് പിആര്‍പി ചികിത്സ. തലയിലും മുഖത്തും അതിസൂക്ഷ്മമായ കുത്തിവയ്പ് എടുക്കേണ്ട ഈ ചികിത്സാ രീതിയില്‍ നേരിയ അണുബാധപോലും ഉണ്ടാകാന്‍ പാടില്ല. ഫലപ്രദവും പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്തതുമായ രീതിയില്‍ രോഗിയും ഡോക്ടറും തെരഞ്ഞെടുക്കുന്ന നൂതന ആശയമാണ് പിആര്‍പി ചികിത്സാ രീതി.

രക്തം കട്ടപിടിക്കുന്നതിനും മുറിവുണ്ടായ രക്തക്കുഴല്‍ അടയുന്നതിനും പ്രധാന പങ്കു വഹിക്കുന്നതാണ് പ്ലേറ്റ്‌ലെറ്റ്. ഇത്തരം കോശങ്ങളെ ഉദ്ദീപനത്തിനു വിധേയമാക്കി ശിരോചര്‍മങ്ങളില്‍ മുടിയ്ക്കു താഴ്ചയിലേക്കു കുത്തിവെയ്ക്കുമ്പോള്‍ മുടിയുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്നതായും മറ്റു കോശങ്ങളെ പരിപോഷിപ്പിക്കുന്നതായും ശാസ്ത്രീയമായി തെളിയിച്ചിുള്ളതാണ്. അതുകൊണ്ടാണ് പിആര്‍പി ചികിത്സാരീതിയെ ലോകം അംഗീകരിക്കുന്നത്. ചികിത്സയ്ക്കു വിധേയനാകുന്ന വ്യക്തിയുടെ തന്നെ രക്തത്തിലെ പ്ലേറ്റ്‌ലെറ്റ് കോശങ്ങളെയാണ് ചികിത്സയ്ക്കായി ഉപയോഗിക്കുന്നത്. രക്തത്തില്‍ സാധാരണ കാണുന്നതിനേക്കാള്‍ നാല് അഞ്ച് മടങ്ങ് സാന്ദ്രതകൂട്ടി വേര്‍തിരിക്കുന്നു. അതിനെ ത്വക്കിനടിയില്‍ നിക്ഷേപിക്കുന്നു. വളര്‍ച്ചാ ഘടകങ്ങള്‍, സൈറ്റോ കൈന്‍ തന്മാത്രകള്‍ ഏകദേശം ഒരാഴ്ചയ്ക്കുള്ളില്‍ പുറപ്പെടുവിക്കുകയും അതു കോശങ്ങളുടെ വളര്‍ച്ചയെ വേഗത്തിലുമാക്കുന്നു.

സ്വന്തം രക്തത്തില്‍ നിന്നുതന്നെ വേര്‍തിരിച്ചെടുക്കുന്നതിനാല്‍ ശരീരം ഇത്തരം കോശങ്ങളെ പുറം തള്ളുകയോ മറ്റ് അലര്‍ജി സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയോ ചെയ്യുന്നില്ല. ഇതില്‍ മറ്റു രാസവസ്തുക്കളുടെ ഉപയോഗവുമില്ല. അതുകൊണ്ടു തന്നെയാണ് സ്വാഭാവികമായ, സുരക്ഷിതമായ ശാസ്ത്രീയ ചികിത്സാരീതിയായി പിആര്‍പി ആഗോളതലത്തില്‍ അംഗീകരിച്ചിരിക്കുന്നത്.


വെള്ളപ്പാണ്ടിനു നൂതന ചികിത്സ

ത്വക്കിലെ കോശങ്ങളുടെ നിറത്തിലുണ്ടാകുന്ന ന്യൂനതയാണ് വെള്ളപ്പാണ്ട് അഥവാ വെളുപ്പുദീനം. ഇതില്‍ ഏറെ മനക്ലേശം അനുഭവിക്കുന്നവരാണ് പലരും. പ്രത്യേകിച്ച് യുവതീയുവാക്കള്‍. വിവാഹശേഷം ജീവിതപങ്കാളിക്കു രോഗമുണ്ടെന്നറിഞ്ഞു വിവാഹബന്ധം തന്നെ അവസാനിപ്പിക്കുന്നവരുണ്ട്. ലിംഗത്തിലും ചുണ്ടിലും തുടങ്ങിയ ശരീരത്തിലുണ്ടാകുന്ന പാണ്ടുകള്‍ ലൈംഗിക ബന്ധത്തിലൂടെ പകരുമെന്ന തെറ്റിധാരണയും നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ രോഗം നിരുപദ്രവവും ചര്‍മത്തിലെ നിറത്തിലുണ്ടാകുന്ന പോരായ്മ മാത്രമാണിതെന്നുമുള്ളതാണ് വസ്തുത. ചില അവസരങ്ങളില്‍ മറ്റു രോഗങ്ങളുമായി ബന്ധപ്പെട്ടും പാടുകള്‍ പ്രത്യക്ഷപ്പെടാറുണ്ട്. വിരലുകള്‍, ചുണ്ട്, കണ്ണിനു ചുറ്റും, സ്തനങ്ങള്‍, ലിംഗ ഭാഗങ്ങള്‍, കൈകാലുകള്‍ എന്നിവടങ്ങളിലാണ് പാണ്ട് കൂടുതലായി വരാന്‍ സാധ്യതയുള്ളത്. ചിലപ്പോള്‍ ഒരിടത്തു തുടങ്ങി മറ്റിടങ്ങളിലേക്കു വ്യാപിക്കുന്നതോ അല്ലെങ്കില്‍ ഒറ്റപ്പെ വെളുത്തനിറമായി നിലനില്‍ക്കുകയോ ചെയ്യാം. ഹെയര്‍ഡൈയുടെ അനിയന്ത്രിതമായ ഉപയോഗം, മറ്റു രാസവസ്തുക്കളുടെ സമ്പര്‍ക്കം മൂലവും ത്വക്കിലെ ലൂക്കോഡെര്‍മ രോഗം പ്രത്യക്ഷപ്പെടാറുണ്ട്.

മൈക്രോ സ്‌കില്‍ ഗ്രാഫ്റ്റിംഗും മെലനോസൈറ്റ് സെല്‍ട്രാന്‍സ് പ്ലാന്‍റും

വെള്ളപ്പാണ്ടുരോഗം അനായാസമായി ചികിത്സിക്കാവുന്നതല്ല. പഴയകാലങ്ങളില്‍ ഈ രോഗത്തിനു ചികിത്സ ഇല്ലെന്നു തന്നെ ആളുകള്‍ വിശ്വസിച്ചിരുന്നു. കാലം മാറിയതോടെ കൃത്യമായ ചികിത്സയിലൂടെ മാറ്റങ്ങള്‍ കണ്ടു. മരുന്നുകള്‍കൊണ്ടുമാത്രം ഫലവത്താകില്ല എന്ന സാഹചര്യത്തിലാണ് സ്‌കിന്‍ ഗ്രാഫ്റ്റിംഗ്, മെലനോസൈറ്റ്, സെല്‍ ട്രാന്‍സ്പ്ലാന്റിംഗ് എന്നിവ നിര്‍ദേശിക്കുന്നത്. ത്വക്കിലെ കോശങ്ങള്‍ക്കു നിറം പകര്‍ന്നു നല്‍കുന്ന മെലനോസൈറ്റ് കോശങ്ങളെ പ്രത്യേകരീതിയില്‍ വേര്‍തിരിച്ച് പാണ്ടുള്ള സ്ഥലത്ത് വച്ചുപിടിപ്പിച്ചതിനു ശേഷം ഫോാേകെമിക്കല്‍ ചികിത്സകൊണ്ട് ഉദ്ദീപിപ്പിച്ചു ത്വക്കിന്റെ സ്വാഭാവിക നിറം കൈവരിക്കുന്ന ചികിത്സാ രീതിയാണിത്. ശസ്ത്രക്രിയയും ചികിത്സയും ഏകോപിപ്പിച്ചുള്ള പ്രസ്തുത ചികിത്സയുടെ ഫലം ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ പ്രകടമാകും. പാണ്ടിന്റെ വലുപ്പമല്ല, അവയുടെ സ്ഥാനമാണ് പ്രധാനം. നിറവ്യത്യാസമേറെ അനുഭവപ്പെടുന്ന ചുണ്ടിലും കണ്‍പോളകളിലും വിരല്‍ത്തുമ്പിലും ഇന്നു ഗ്രാഫ്റ്റിംഗ് സാധ്യമാണ്. അസുഖം ശക്തികുറഞ്ഞ് അതു ഭാവിയില്‍ വ്യാപിക്കില്ല എന്നു ഉറപ്പാക്കിയതിനുശേഷം മാത്രമേ ഗ്രാഫ്റ്റിംഗ് ചികിത്സാ തിരഞ്ഞെടുക്കാവൂ. അതു കൃത്യമായി പാലിച്ചില്ലെങ്കില്‍ ഗ്രാഫ്റ്റ് ചെയ്ത ഭാഗം തിരിച്ചു വെളുത്തുപോകാനിടയുണ്ടെന്നുള്ള വസ്തുത ഏകദേശം 25 വര്‍ഷത്തിലധികമായി ഇത്തരം ചികിത്സയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഒരു ഡോക്ടര്‍ എന്ന നിലയില്‍ എനിക്കു കാണുവാന്‍ കഴിഞ്ഞിട്ടുണ്ട്.

അദൃശ്യകരങ്ങളുടെ ചാലക ശക്തിയായി

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ മെഡിക്കല്‍ പഠനം പൂര്‍ത്തിയാക്കി യൂറോപ്പിലേക്കാണ് ഞാന്‍ പോയത്. കുറച്ചു കാലത്തെ വിദേശജോലിക്കുശേഷം തിരികെ കേരളത്തിലേക്ക് എത്തി ഇവിടെ സേവനം തുടര്‍ന്നു.

കോട്ടയം വിജയപുരം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ അനുബന്ധ സ്ഥാപനമായ കോട്ടയം ഫാത്തിമ മാതാ ഫിസിയോതെറാപ്പി സ്‌കില്‍ സെന്ററില്‍ 1994 മുതലാണ് പ്രാക്ടീസ് ആരംഭിക്കുന്നത്. അതിനൊപ്പം വിജയപുരം രൂപതയുടെ അഞ്ചു ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന അവികസിത പ്രദേശങ്ങളില്‍ വൈദ്യസഹായം എത്തിക്കാനുള്ള ചുമതലകൂടി ഏറ്റെടുത്തു. നവജാതശിശുക്കള്‍ മുതല്‍ സ്‌കൂള്‍തലം വരെയുള്ള കുികളെ ഉദ്ദേശിച്ചായിരുന്നെങ്കിലും അവരുടെ മാതാപിതാക്കള്‍ക്കും രോഗക്ലേശം നേരിടുന്ന ആ നാിലെ സമീപവാസികള്‍ക്കും മെഡിക്കല്‍ ക്യാമ്പുകളില്‍കൂടി വൈദ്യസഹായം എത്തിച്ചിരുന്നു.

വിജയപുരം രൂപത ബിഷപ്പ് റവ.ഡോ. സെബാസ്റ്റിയന്‍ തെക്കേത്തച്ചേരില്‍ അക്കാലത്ത് വിജയപുരം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി ഡയറക്ടറാണ്. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ആരോഗ്യപരിപാലനം മെച്ചപ്പെടുത്തുക, അഭിവൃദ്ധി കൈവരിക്കുക എന്നതായിരുന്നു ഈ സംരംഭത്തിന്റെ ലക്ഷ്യം. ഇടവക വൈദികര്‍, കന്യാസ്ത്രീകള്‍, സേവന സന്നദ്ധരായ ഡോക്ടര്‍മാര്‍ എന്നിവരുടെ സഹകരണത്തോടെയായിരുന്നു ഞങ്ങളുടെ പ്രവര്‍ത്തനം. ഫ്രാന്‍സിലെ സന്നദ്ധ സംഘടനയായ പാര്‍ടേജിന്റെ സാമ്പത്തിക സഹായത്തോടെ ഓരോ വര്‍ഷവും അമ്പതോളം ക്യാമ്പുകളാണ് നടത്തിവന്നത്. ഉള്‍നാടന്‍ പ്രദേശങ്ങളിലുള്ളവര്‍ക്ക് ഗുരുതരമല്ലാത്ത അവസ്ഥ ഒഴിച്ച് കോട്ടയം ആസ്ഥാനത്തേക്ക് ചികിത്സയ്ക്കായി എത്തുകയെന്നത് രോഗികളെ സംബന്ധിച്ചു വളരെ ക്ലേശകരമായ കാര്യമായിരുന്നു. അതിനാലാണ് അവരുടെ നാട്ടിലേക്കു വൈദ്യസഹായവുമായെത്തി ഒട്ടേറെ ക്യാമ്പ് നടത്താന്‍ സാധിച്ചത്.

ആരോഗ്യപരിപാലനത്തിനൊപ്പം ശുചിത്വ ബോധവല്‍ക്കരണവും നല്‍കിയിരുന്നു. വിറ്റാമിന്‍, കാല്‍സ്യം, വിളര്‍ച്ചയുണ്ടാകാതിരിക്കാനുള്ള അയണ്‍, വിരനനാശിനി ഗുളികകള്‍, പോഷകക്കുറവ് തടയാനുള്ള മരുന്നുകള്‍, രോഗപ്രതിരോധശേഷി മരുന്നുകള്‍ എന്നിവ വിതരണം ചെയ്തു.

ഇതിനൊപ്പം തന്നെ എന്റെ ചികിത്സാ വിഭാഗമായ ത്വക്ക് രോഗത്തിനു ഗൗരവമായ പ്രധാന്യം കൊടുത്തിരുന്നു. മഹാവ്യാധിയെന്നു അക്കാലത്തു കരുതിയിരുന്ന കുഷ്ഠരോഗത്തിലും വെള്ളപ്പാണ്ടിലുമാണ് കൂടുതല്‍ ശ്രദ്ധ കൊടുത്തിരുന്നത്. ഇക്കാലയളവില്‍ ആയിരക്കണത്തിനാളുകള്‍ക്ക് വ്യാധിയില്‍ നിന്നും മോചനം നല്‍കി പുതു ജീവിതം ഒരുക്കാന്‍ സാധിച്ചു. അതിനൊപ്പം തലമുടി വളര്‍ച്ചയ്ക്കും സംരക്ഷണത്തിനും പുതിയ ചികിത്സാ രീതിയിലൂടെ നിരവധി പേര്‍ക്ക് സഹായമാകാനും സാധിച്ചു.

ഡോ. ജേക്കബ് കെ. ഡാനിയേല്‍
സീനിയര്‍ കണ്‍സള്‍ട്ടന്‍റ് ഡര്‍മറ്റോളജിസ്റ്റ്, മാതാ ഹോസ്പിറ്റല്‍ തെള്ളകം, കോട്ടയം.
ഫാത്തിമാ മാതാ സ്‌കിന്‍ കെയര്‍ ആന്‍ഡ് ഫിസിയോതെറാപ്പി സെന്‍റര്‍, കോട്ടയം.