ചര്‍മ സംരക്ഷണം ചെറിയ കാര്യമല്ല
ചര്‍മ സംരക്ഷണം ചെറിയ കാര്യമല്ല
Tuesday, October 6, 2020 4:34 PM IST
ത്വക്ക് അഥവാ ചര്‍മത്തിന്റെ സംരക്ഷണവും സൗന്ദര്യവും വ്യക്തിയുടെ ആരോഗ്യത്തെ സംബന്ധിച്ചു സുപ്രധാനമാണ്. മനുഷ്യന്റെ സൗന്ദര്യത്തിന്റെയും ആത്മവിശ്വാസത്തിന്റെയും സുപ്രധാന ഘടകം കൂടിയാണു ചര്‍മസംരക്ഷണമെന്നത്.

ത്വക് രോഗങ്ങള്‍ പലവിധം

ത്വക് രോഗങ്ങള്‍ പല തരത്തിലുണ്ട്. കേവലം ചര്‍മസൗന്ദര്യവുമായി ബന്ധപ്പെട്ടതു മാത്രമല്ല ത്വക് രോഗങ്ങള്‍. ജനിതകമായുണ്ടാകുന്നതും ഗൗരവത്തോടെ സമീപിക്കേണ്ടതുമായ ത്വക് രോഗങ്ങളുണ്ട്.

വിവിധ പ്രായവിഭാഗങ്ങളിലുള്ളവരില്‍ വ്യത്യസ്തമായ ചര്‍മരോഗങ്ങളാണു കാണുക. കുട്ടികളില്‍ സാധാരണയായി കാണുന്ന ത്വക് രോഗം കൈകളും കാലുകളും ചൊറിഞ്ഞു പൊട്ടുന്നതാണ് (Papular Urticaria). നിസാരമായ പ്രാണികളോ മറ്റോ കടിക്കുന്നതിലൂടെ ഉണ്ടാകുന്ന ചര്‍മത്തിലെ പാട് കുട്ടികള്‍ ചൊറിഞ്ഞു പൊട്ടിച്ച് അലര്‍ജി പോലെയാകുമ്പോഴാണ് അതിന്റെ ഗൗരവം പലരും തിരിച്ചറിയുന്നത്. ഇത്തരം പാടുകള്‍ ശരീരത്തില്‍ കണ്ടാല്‍ ചൊറിഞ്ഞു പൊട്ടിക്കുന്നിതിലേക്കു പോകാതെ ഡെര്‍മറ്റോളജിസ്റ്റിനെ കാണുന്നതാണ് ഉചിതം.

വരണ്ട ചര്‍മം

വരണ്ട ചര്‍മം (Atopic Eczema) എന്നതും സാധാരണയായി കണ്ടുവരുന്ന ചര്‍മരോഗമാണ്. കുട്ടികളില്‍ സാധാരണയായി കാണുന്ന മുഖത്തുള്ള വെള്ളപ്പാടുകള്‍ വിറ്റാമിന്റെ കുറവുകൊണ്ടാണ് ഇതുണ്ടാകുന്നതെന്നു പലരും പറയുന്നുണ്ടെങ്കിലും, വരണ്ട ചര്‍മത്തിന്റെ ഭാഗമാണിത്.

വെയിലത്തു കളിക്കുമ്പോഴും കൂടുതല്‍ നേരം വെയിലേല്‍ക്കുമ്പോഴും അലര്‍ജി മുതിര്‍ന്ന കുട്ടികളില്‍ കാണാറുണ്ട്. സൂര്യപ്രകാശമേല്‍ക്കുന്ന ശരീരഭാഗങ്ങളിലാണ് ഇതു കാണപ്പെടുക. ചൊറിച്ചിലുണ്ടാകാം, വെള്ളപ്പാടുകളായും കാണാനിടയുണ്ട്. സൂര്യപ്രകാശമേല്‍ക്കുന്നതു കുറയ്ക്കുകയാണു പ്രധാനം.

മുഖക്കുരുവും താരനും

കൗമാരക്കാരിലും യുവാക്കളിലും മുഖക്കുരുവും താരനും സാധാരണയായി കാണപ്പെടുന്നതാണ്. രണ്ടും സൗന്ദര്യത്തിന്റെ പ്രശ്‌നമായി മാത്രമാണു പലരും കണക്കാക്കുന്നതെങ്കിലും അവരുടെ മാനസിക ആരോഗ്യത്തെയും ആത്മവിശ്വാസത്തെയും ബാധിക്കുന്നതാണിത്. മുഖക്കുരുവിനും താരനും സ്വയം ചികിത്സ നടത്തി പ്രശ്‌നമായ നിരവധി പേര്‍ ഡെര്‍മറ്റോളജിസ്റ്റുമാരെ സമീപിക്കാറുണ്ട്. സ്വയം ചികിത്സ ഒഴിവാക്കി ഡോക്ടറുടെ നിര്‍ദേശം സ്വീകരിക്കുന്നതാണ് നല്ലത്. ഈ പ്രായക്കാര്‍ക്കിടയില്‍ ശരീരത്തില്‍ അസുഖകരമായ ഗന്ധം അനുഭവപ്പെടുന്ന അവസ്ഥയ്ക്ക് ഏതെങ്കിലും ഡിയോഡറന്റുകള്‍ ഉപയോഗിക്കുന്നതിനേക്കാള്‍, ഡോക്ടറുടെ നിര്‍ദേശപ്രകാരം ഗുണമേന്മയും ഫലപ്രദവുമായ രീതി സ്വീകരിക്കുന്നതാണ് ആരോഗ്യകരം.

ഫംഗസ് ബാധ

ഏതു പ്രായവിഭാഗത്തിലുള്ളവര്‍ക്കും ബാധിക്കാവുന്ന ചര്‍മരോഗമാണു ഫംഗസ് ബാധ. കൃത്യമായ ചികിത്സ നടത്താതെ വര്‍ഷങ്ങളോളം ഫംഗസ് ബാധയുടെ ബുദ്ധിമുട്ടുകള്‍ കൊണ്ടുനടക്കുന്നവരെ കാണാറുണ്ട്. ഒരാള്‍ക്കുണ്ടായാല്‍ വീട്ടിലെ മറ്റുള്ളവര്‍ക്കും വരാനിടയുള്ളതാണു ഫംഗസ് ബാധ. കൃത്യമായ ആന്റി ഫംഗല്‍ ചികിത്സ നിര്‍ദേശിക്കാനാവുന്നത് ഡെര്‍മറ്റോളജിസ്റ്റിനാണ്.

ചൊറിച്ചില്‍

വീട്ടുജോലികളിലും കൃഷികളിലും ഏര്‍പ്പെടുന്നവരില്‍ അലര്‍ജികള്‍ (എക്‌സിമ) സാധാരണയായി കണ്ടുവരുന്നുണ്ട്. മുതിര്‍ന്നവര്‍ നേരിടുന്ന പ്രധാനപ്പെട്ട ചര്‍മരോഗമാണു ചൊറിച്ചില്‍. പ്രായമാകുന്തോറും ചര്‍മം വരണ്ടുപോവുകയും ചൊറിച്ചില്‍ അധികമാവുകയും ചെയ്യുന്ന സ്ഥിതിയുണ്ട്. പോഷകാഹാരത്തിന്റെ കുറവും ചര്‍മത്തിന്റെ ആരോഗ്യത്തെ ബാധിക്കും. പ്രായമായവരില്‍ കാലുകളില്‍ ആണി, അരിമ്പാറ എന്നിവ കാണപ്പെടുന്നുണ്ട്. ഇതിനും ഫലപ്രദമായ ചികിത്സ ലഭ്യമാണ്.

വട്ടച്ചൊറി

ചൂടും ഈര്‍പ്പവും കലര്‍ന്ന കേരളത്തിന്റെ കാലാവസ്ഥയില്‍ ശരീരത്തില്‍ സാധാരണയായി കാണപ്പെടുന്നതാണു വട്ടച്ചൊറി എന്നറിയപ്പെടുന്ന ഫംഗസ് അണുബാധ. ചര്‍മത്തിന്റെ മടക്കുകളിലും ഒടിവുകളിലുമാണ് ഇവയുടെ ബുദ്ധിമുട്ടുകള്‍ കാണപ്പെടുക. വീട്ടുജോലികളില്‍ ഏര്‍പ്പെടുന്നവരുടെ നഖങ്ങള്‍ക്കിടയില്‍ ഫംഗസ് അണുബാധയുണ്ടാകാം. കൃത്യമായ ആന്റി ഫംഗല്‍ ക്രീമുകള്‍ ഉപയോഗിച്ചു മാറ്റിയില്ലെങ്കില്‍ ഇത്തരം ഫംഗസുകള്‍ മാറാതെ ശരീരത്തില്‍ കിടക്കും.

ചര്‍മരോഗങ്ങളെ പ്രതിരോധിക്കാനും ചര്‍മത്തെ സംരക്ഷിക്കാനും പൊതുവായി ശ്രദ്ധിക്കേണ്ട കാര്യങ്ങളെന്തെല്ലാമെന്നു നമുക്കു പരിശോധിക്കാം.

ദേഹശുദ്ധി പ്രധാനം

ദിവസവും രണ്ടു നേരം കുളിക്കുകയെന്നതു ശരീരത്തിനു പൊതുവായും ചര്‍മത്തിനു പ്രത്യേകമായും നല്‍കാവുന്ന സംരക്ഷണമാണ്. ഒന്നിടവിട്ട ദിവസങ്ങളില്‍ വെളിച്ചെണ്ണ ഉപയോഗിച്ചു തലയില്‍ പുരട്ടി കുളിക്കുന്നത് ആരോഗ്യകരമാണ്.

മുഖത്തു സോപ്പ് ഉപയോഗിക്കാതിരിക്കുന്നതാണ് ഉചിതം. ശുദ്ധമായ വെള്ളമോ ഫേസ് വാഷോ ആണു മുഖം വൃത്തിയാക്കാന്‍ നല്ലത്. കുളികഴിഞ്ഞു ബോഡി ലോഷന്‍, മോയിസ്ച്വറൈസിംഗ് ക്രീം എന്നിവ പുരട്ടാം. നനവുള്ള വസ്ത്രങ്ങള്‍ ധരിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.

ഫംഗസ്, അണുബാധ എന്നിവയുള്ളവര്‍ അടിവസ്ത്രങ്ങള്‍ ഇസ്തിരിയിട്ടശേഷം ഉപയോഗിക്കുക. സോപ്പ്, ചീപ്പ്, തൂവാല എന്നിവ മറ്റുള്ളവരുമായി പങ്കുവയ്ക്കരുത്.


വിറ്റാമിന്‍ എ, ഡി

ചര്‍മസരംക്ഷണത്തിനു വിറ്റാമിന്‍ എ, ഡി, അയേണ്‍ എന്നിവ അത്യാവശ്യമാണ്. കാരറ്റ്, ഇലവര്‍ഗങ്ങള്‍, പപ്പായ, മുട്ട, ബീന്‍സ്, ഉരുളക്കിഴങ്ങ്, മാതളം, ചെറിയ മീനുകള്‍ എന്നിവ ആഹാരക്രമത്തില്‍ ഉള്‍പ്പെടുത്തുന്നത് വിറ്റാമിനുകള്‍ക്കും അയേണിനും പര്യാപ്തമാണ്. കൊഴുപ്പ് കൂടിയ ഭക്ഷണങ്ങള്‍, മധുരപാനീയങ്ങള്‍ എന്നിവ കഴിവതും ഒഴിവാക്കണം. എണ്ണ അമിതമായ ഉപയോഗിക്കുന്നതു ചര്‍മത്തില്‍ പാടുകള്‍ ഉണ്ടാകുന്നതിനു കാരണമായേക്കാം.

പകല്‍സമയങ്ങളില്‍ സൂര്യതാപം അധികമായി ഏല്‍ക്കുന്നതു ചര്‍മത്തിന്റെ ആരോഗ്യത്തെ ബാധിക്കുന്നതാണ്. ചിലര്‍ക്കു സൂര്യതാപം ത്വക്കിലെ അലര്‍ജിക്കു കാരണമാകാറുണ്ട്. പുറത്തിറങ്ങുമ്പോള്‍ കുടയോ തൊപ്പിയോ ഉപയോഗിക്കാന്‍ ശ്രദ്ധിക്കാം.

സമ്മര്‍ദം ഉള്ളപ്പോള്‍ മുടികൊഴിച്ചില്‍ സാധാരണയായി കണ്ടുവരുന്നതാണ്. ഈ സമയങ്ങളില്‍ ആവശ്യമായ പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണം ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. തൈറോയ്ഡ് ഹോര്‍മോണുകളുടെ അളവ് ശരീരത്തില്‍ എത്രമാത്രമുണ്ടെന്നു പരിശോധിക്കുന്നത് നല്ലതാണ്.

ശരീരത്തില്‍ എപ്പോഴും ജലാംശം ഉണ്ടാകേണ്ടതു ചര്‍മസരംക്ഷണത്തിനും അനിവാര്യമാണ്. ഇതിനായി ധാരാളം വെള്ളം കുടിക്കുന്നതു ശീലമാകണം.

മുഖക്കുരു

ശരീരസൗന്ദര്യത്തെക്കുറിച്ച് ആകുലപ്പെടുന്നവര്‍ക്ക് എന്നും പേടിസ്വപ്‌നമാണു മുഖക്കുരു. ചര്‍മത്തിലെ ഗ്രന്ഥികളിലുണ്ടാകുന്ന ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങളും തടസങ്ങളുമാണു മുഖക്കുരുവിനു കാരണം.

ചിലരിലെങ്കിലും മുഖക്കുരു സങ്കീര്‍ണമാകുന്ന സ്ഥിതിയുണ്ട്. കൊഴുപ്പ് അധികമായ ഭക്ഷണം കഴിക്കുന്നതും എണ്ണയില്‍ നിര്‍മിച്ച സൗന്ദര്യ വര്‍ധക വസ്തുക്കളുടെ ഉപയോഗവും മുഖക്കുരുവിനു കാരണമാകാറുണ്ട്. ഓരോരുത്തരുടെയും ശരീരത്തിന്റെ സ്വഭാവമനുസരിച്ചു മുഖക്കുരുവിന്റെ കാരണങ്ങളും വ്യത്യസ്തമാകാം.

ഇളം ചൂടുവെള്ളത്തില്‍ മുഖം ദിവസേന രണ്ടു നേരമെങ്കിലും കഴുകുന്നതു മുഖക്കുരുവിനെ പ്രതിരോധിക്കാന്‍ നല്ലതാണ്. ചര്‍മത്തില്‍ ശക്തമായി ഉരയ്ക്കുന്നതും കൈകള്‍ക്കൊണ്ടു തേയ്ക്കുന്നതും ഒഴിവാക്കാം. മുഖക്കുരുവിനു സ്വയം ചികിത്സ ഒഴിവാക്കുന്നതാണു നല്ലത്. മുഖക്കുരു പൊട്ടിക്കാതിരിക്കുക. ചികിത്സ ആവശ്യമെങ്കില്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രം ചെയ്യുക. മുഖക്കുരു ഉള്‍പ്പടെ ചര്‍മത്തിനുമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്കു കറ്റാര്‍വാഴ, ആര്യവേപ്പ്, നാരങ്ങ എന്നിവയുടെ ഉപയോഗത്തിലും ഡോക്ടറുടെ നിര്‍ദേശം സ്വീകരിക്കുന്നതാണ് ഉചിതം.

കൈകള്‍ക്കു കരുതല്‍

കൈകളില്‍ അലര്‍ജിയുള്ളവര്‍ അടുക്കള ജോലികളില്‍ പ്രത്യേകം ശ്രദ്ധ വേണം. കട്ടിയുള്ള റബര്‍, പ്ലാസ്റ്റിക് കൈയുറകള്‍ ഉപയോഗിച്ചു മാത്രം പാത്രങ്ങളും മറ്റും വൃത്തിയാക്കുക. പരമാവധി ദ്രാവക രൂപത്തിലുള്ള ഡിഷ് വാഷുകള്‍ ഉപയോഗിക്കുന്നതാണ് ഉത്തമം. ഇത്തരം ജോലികള്‍ക്കുശേഷം കൈകള്‍ വൃത്തിയായി കഴുകാന്‍ മറക്കരുത്.

കൃഷികളിലേക്കിറങ്ങുന്നവരും ചര്‍മത്തിന്റെ ആരോഗ്യത്തില്‍ ശ്രദ്ധിക്കേണ്ടതുണ്ട്. നീളമുള്ള കട്ടിയുള്ള കൈയുറകളും ഗംബൂട്ടുകളും ധരിക്കുന്നത് നല്ലതാണ്. മഴക്കാലത്ത് പ്രാണികള്‍ അധികമാകുന്നതിനാല്‍ അവയുടെ കുത്തേറ്റു ചര്‍മത്തില്‍ അലര്‍ജിക്കു സാധ്യതയുണ്ട്. അലമാരയിലും മറ്റും സൂക്ഷിക്കുന്ന വസ്ത്രങ്ങളിലും കിടക്കവിരികളിലും പ്രാണികള്‍ ഇല്ലെന്ന് ഉറപ്പാക്കണം. സന്ധ്യാസമയങ്ങളില്‍ നിര്‍ബന്ധമായും വീടിന്റെ ജനലുകളും വാതിലുകളും അടച്ചുവെന്ന് ഉറപ്പാക്കുക.

ഒടിസി ക്രീമുകളെ സൂക്ഷിക്കണം

ചര്‍മത്തിലെ ഫംഗസ് ബാധയ്ക്കുപരിഹാരം തേടി നേരിട്ടു മെഡിക്കല്‍ സ്റ്റോറുകളിലെത്തുന്നവര്‍ക്കു സാധാരണയായി നല്‍കുന്ന ഓവര്‍ ദി കൗണ്ടര്‍ (ഒടിസി) ക്രീമുകളുടെ ഉപയോഗം ഗുണത്തേക്കാളേറെ ദോഷമുണ്ടാക്കാം. പല തരത്തിലുള്ള ആന്റി ഫംഗലുകളും ആന്റിബയോിക്കുകളും ചേര്‍ത്തു നിര്‍മിക്കുന്ന ഇത്തരം ഒടിസി ക്രീമുകളില്‍ സ്റ്റിറോയ്ഡുകള്‍ കൂടി ഉള്‍പ്പെടുന്നുണ്ടെന്നത് അപകട സാധ്യതയുണ്ടാക്കുന്നതാണ്. വിവിധ പേരുകളില്‍ ലഭിക്കുന്ന ഇത്തരം ക്രീമുകള്‍ വാങ്ങി ഉപയോഗിച്ച് കൂടുതല്‍ ബുദ്ധിമുട്ടിലായ പലരും ചികിത്സ തേടി ആശുപത്രിയില്‍ എത്താറുണ്ട്.

സ്റ്റിറോയ്ഡുകള്‍ ഉള്ളതാണ് ഒടിസി ക്രീമുകളെന്നു വാങ്ങുന്നവര്‍ അറിയുന്നില്ല. ചൊറിച്ചിലിനു മരുന്നു ചോദിച്ചെത്തുന്നവര്‍ക്ക് ഇത്തരം ക്രീമുകള്‍ എടുത്തുകൊടുക്കുന്ന മെഡിക്കല്‍ സ്റ്റോറുകാര്‍ക്കും ഇക്കാര്യം അറിയണമെന്നില്ല. ഒടിസി ഉല്പന്നങ്ങള്‍ പലതും നിരോധിക്കപ്പെട്ടവയാണ്. ഇക്കാര്യം അറിയാതെയാണ് പലയിടത്തും ഇതിന്റെ വില്പനയും ഉപയോഗവും.

ഒടിസി ക്രീമുകള്‍ താത്കാലിക ആശ്വാസം നല്‍കുമെന്നു തോന്നിക്കുമെങ്കിലും ചര്‍മത്തിന്റെ ആരോഗ്യത്തിന് അതു ദോഷമാണുണ്ടാക്കുക. ഒടിസി ക്രീമുകള്‍ ഒഴിവാക്കണമെന്നത് അന്താരാഷ്ട്ര ഡെര്‍മറ്റോളജി അസോസിയേഷന്‍ ശക്തമായി ഓര്‍മപ്പെടുത്തുന്നുണ്ട്.

തയാറാക്കിയത്:
സിജോ പൈനാടത്ത്

ഡോ. പ്രീതി ഹാരിസണ്‍
കണ്‍സള്‍ട്ടന്റ് ഡെര്‍മറ്റോളജിസ്റ്റ്, രാജഗിരി ആശുപത്രി, ആലുവ