കോവിഡ് ഭീതി മാനസിക രോഗമാവാതിരിക്കാന്‍
കോവിഡ് ഭീതി മാനസിക രോഗമാവാതിരിക്കാന്‍
കോവിഡ് 19 മഹാമാരിയുടെ ആറു മാസത്തിനുശേഷം 90 ലക്ഷത്തിലേറെ രോഗബാധിതരും ാലു ലക്ഷത്തോളം മരണവും, പിന്നെ പ്രതീക്ഷ പകരുന്ന ഒരു പാട് അതിജീവന കഥകളും നാം അറിഞ്ഞു. ഈ ആറു മാസത്തെ ആശങ്കകള്‍ നേരിട്ടോ അല്ലാതെയോ ബാധിക്കാത്ത ഒരു വ്യക്തിപോലും ഉണ്ടാവില്ല. രോഗം പടരാതിരിക്കാനുള്ള സഞ്ചാരവിലക്കിനോട് ഒത്തു പോകുമ്പോള്‍ ദിനചര്യയില്‍ വന്ന മാറ്റങ്ങളോട് പൊരുത്തപ്പെടാന്‍ നമ്മള്‍ ഓരോരുത്തരും പ്രയാസപ്പെട്ടിട്ടുണ്ട്.

വര്‍ക്ക് ഫ്രം ഹോം, താത്കാലികമായ തൊഴിലില്ലായ്മയും വരുമാനമില്ലായ്മയും, കുട്ടികളുടെ ഹോം സ്‌കൂളിംഗ്, സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും നേരിട്ട് സമ്പര്‍ക്കമില്ലായ്മ എന്നിവ നമ്മുടെ പുതിയ ജീവിതരീതിയായി മാറിക്കഴിഞ്ഞു. ഇതുമൂലം സാമ്പത്തിക പ്രതിസന്ധികളും പ്രായോഗിക ബുദ്ധിമുട്ടുകളും നേരിടുന്നവര്‍ ഏറെയാണ്.

ഇങ്ങനെയുള്ള ജീവിതരീതിയോട് പൊരുത്തപ്പെടുന്നതിനൊപ്പം രോഗത്തോടുള്ള ഭയം കൈകാര്യം ചെയ്യുന്നതും പ്രിയപ്പെട്ടവരുടെ ആരോഗ്യത്തെക്കുറിച്ച് ആശങ്കപ്പെടുന്നതും ഒക്കെ വലിയ വെല്ലുവിളികളാണ്. അത്തരം ഘട്ടങ്ങളില്‍ അറിയാതെ അവഗണിക്കപ്പെടുന്ന ഒരു പ്രധാനപ്പെട്ട ഘടകം മാനസികാരോഗ്യമാണ്.

വൈകാരിക/ മാനസിക സ്വസ്ഥത നിലനിര്‍ത്താം

* ഏറ്റവും പുതിയ വിശ്വസനീയവും വസ്തുനിഷ്ഠവുമായ വാര്‍ത്തകളും അറിവുകളും സമ്പാദിച്ചിരിക്കണം. പക്ഷേ, വാര്‍ത്തകള്‍ വായിക്കാനും പങ്കുവയ്ക്കാനും നിശ്ചിത സമയം മാറ്റിവയ്ക്കണം. രോഗബാധയെക്കുറിച്ച് ആശങ്കപ്പെടുത്തുന്ന വാര്‍ത്തകള്‍ക്കു പിന്നാലെ അമിതമായി പോകരുത്. ഓര്‍ക്കുക, വാര്‍ത്തകളും ചര്‍ച്ചകളോടുമുള്ള ആഭിമുഖ്യം നിങ്ങളെ കൂടുതല്‍ മടുപ്പിലേക്ക് തള്ളിവിേട്ടക്കാം.
* ലോക്ക്ഡൗണ്‍ കാലത്തും കൃത്യമായ ദിനചര്യ പാലിക്കാന്‍ ശ്രമിക്കുക. വര്‍ക്ക് ഫ്രം ഹോം ആയാലും ഓണ്‍ലൈന്‍ ക്ലാസുകളായാലും ദിനചര്യകളിലും വ്യക്തിശുചിത്വത്തിലും ഉറക്കക്രമത്തിലും വീഴ്ച വരാതെ ശ്രദ്ധിക്കണം.
* ആരോഗ്യപൂര്‍ണമായ ഭക്ഷണം മിതമായ അളവില്‍ കഴിക്കാനും സ്ഥിരമായി വ്യായാമം ചെയ്യാനും സമയം കണ്ടെത്തേണ്ടതാണ്.
* ജോലി ചെയ്യുന്നതിന് പുറമേ ആവശ്യത്തിന് വിശ്രമിക്കാനും ഇഷ്ടപ്പെ കാര്യങ്ങള്‍ ചെയ്യാനും സമയം കണ്ടെത്തുക.
* സാമൂഹിക അകലം പാലിക്കുമ്പോഴും അടുത്ത സുഹൃത്തുക്കളുമായും സഹപ്രവര്‍ത്തകരുമായും ഫോണ്‍ വഴിയും വീഡിയോ കോള്‍ വഴിയും ബന്ധപ്പെടുക.
* ഗാഡ്ജറ്റ്‌സ്, സോഷ്യല്‍ മീഡിയ, വീഡിയോ ഗെയിംസ് എന്നിവയുടെ ഉപയോഗം നിയന്ത്രിക്കുക.
* പ്രതിസന്ധി ഘട്ടത്തില്‍ രാജ്യത്തിനുവേണ്ടി ഉണര്‍ന്നു പ്രവര്‍ത്തിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരെയും നിയമപാലകരെയും പിന്തുണയ്ക്കാനും അവരുടെ നിര്‍ദേശങ്ങള്‍ പാലിക്കാനും ശ്രദ്ധിക്കുക.

വീട്ടില്‍ കുട്ടികളും മുതിര്‍ന്നവരും ഉള്ളപ്പോള്‍

* കുട്ടികള്‍ക്കും പിരിമുറുക്കം അനുഭവപ്പെടാം. അവരുടെ പതിവ് ദിനചര്യയില്‍നിന്ന് മാറാതെ ഇരിക്കു ന്നതാണ് ഉചിതം.
* കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും അവരുടെ പ്രായത്തിന് അനുസൃതമായ ഉത്തരവാദിത്വങ്ങള്‍ നല്‍കാം. ഒരു പരിധി വരെ പിരിമുറുക്കം കുറയ്ക്കാന്‍ ഇത് സഹായകരമാണ്.
കുട്ടികള്‍ക്ക് പ്രായത്തിന് അനുയോജ്യമായ ഭാഷയില്‍ കൊറോണ വൈറസിനെക്കുറിച്ചും എടുക്കേണ്ട പ്രതിരോധ നടപടികളെക്കുറിച്ചും വിവരിച്ചു നല്‍കാം.
* നിങ്ങളുടെ കുട്ടികളെ ഓണ്‍ലൈന്‍ ക്ലാസുകളില്‍ പിന്തുണയ്ക്കുന്നതിനൊപ്പം അവരുടെ ഗാഡ്ജറ്റ്, സോഷ്യല്‍ മീഡിയ, വീഡിയോ ഗെയിം എന്നിവയുടെ ഉപയോഗം അമിതമാകാതെ നിയന്ത്രിക്കണം.
* കുട്ടികള്‍ക്കു പഠനത്തിനു പുറമേ ചിത്രരചന, പാചകം, ക്രാഫ്റ്റ്, പദ്യരചന എന്നിവയില്‍ ഏര്‍പ്പെടാന്‍ അനുവദിക്കണം.
* മുതിര്‍ന്നവരേയും കുട്ടികളെയും അവരുടെ സുഹൃത്തുക്കളെ ഫോണ്‍ മുഖാന്തരം ബന്ധപ്പെടാന്‍ അനുവദിക്കണം.
* സ്ഥിരമായി ചെയ്യാവുന്ന ലളിതമായ വ്യായാമങ്ങള്‍ ചെയ്യാന്‍ വീട്ടിലെ മുതിര്‍ന്നവരെ പ്രേരിപ്പിക്കണം.
* വീട്ടിലെ മുതിര്‍ന്നവര്‍ പുറത്തിറങ്ങുന്നത് തടയാനായി ഓണ്‍ലൈനായി് മരുന്നും വീട്ടുസാധനങ്ങളും വാങ്ങി സൂക്ഷിക്കുക.

ദമ്പതികള്‍ക്ക്

* ലോക്ക് ഡൗണ്‍ മൂലം കൂടുതല്‍ സമയം വീട്ടില്‍ ഒരുമിച്ചു കഴിയേണ്ടതിനാല്‍ നിങ്ങളുടെ പങ്കാളിയുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകാനുള്ള സാധ്യതയുണ്ട് അതനുസരിച്ച് പെരുമാറ്റം ക്രമീകരിക്കുക
* രോഗം വരുമോ എന്ന ആശങ്കയ്ക്കു പുറമേ സാമ്പത്തിക ഞെരുക്കം, തൊഴില്‍ ഇല്ലായ്മ, കുട്ടികളുടെ ഹോം സ്‌കൂളിംഗ് എന്നിവ സംഘര്‍ഷം ഉണ്ടാകാനുള്ള സാധ്യതകള്‍ കൂട്ടുന്നു.
* വീട്ടിലെ ഉത്തരവാദിത്വങ്ങളും കുട്ടികളുടെ പഠനത്തിന്റെ മേല്‍നോട്ടവും മറ്റും പങ്കുവയ്ക്കുന്നതിലൂടെ പിരിമുറുക്കത്തില്‍ ഏറെ മാറ്റം വരുത്താന്‍ സാധിക്കും. വീട്ടിലെ അന്തരീക്ഷത്തിന് അയവുവരും.
* ജോലിയുടെ പ്രഫഷണല്‍ കാര്യങ്ങളില്‍ പരസ്പരം വയ്ക്കുന്ന അതിരുകളോട് ആദരവ് പുലര്‍ത്തുക.
* വീട്ടിലിരുന്ന് ജോലി ചെയ്യുമ്പോഴുള്ള തിരക്കിനിടയിലും പങ്കാളിയുമായി സംസാരിക്കാനും കാര്യങ്ങള്‍ പങ്കുവയ്ക്കാനും സമയം കണ്ടെത്തണം.
* പ്രശ്‌നങ്ങള്‍ പരിഹരിക്കാനാവാതെ വരുമ്പോള്‍ കാത്തുവച്ചു വഷളാക്കാതെ ഒരു ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിന്റെ പ്രഫഷണല്‍ സഹായം തേടാം.

കോവിഡ് 19 ഉം മാനസിക അസ്വസ്ഥതകളും

ഇന്ന് കോവിഡിനേക്കാള്‍ ഒരു പക്ഷേ അതുവിതച്ച മാനസിക ഭീതിയാണ് നമ്മുടെ ജീവിതത്തെ സാരമായി ബാധിക്കുന്നത്. വിഷാദരോഗം, ഉത്കണ്ഠ, അമിത മദ്യപാനം എന്നിവയ്‌ക്കൊപ്പം ആത്മഹത്യ നിരക്കുകളും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങളും കൂടിവരുന്നു.

തിരിച്ചറിയേണ്ട അപകട സൂചനകള്‍

ഡിപ്രഷന്‍ അഥവാ വിഷാദരോഗം

ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യു.എച്ച്.ഒ) കണക്കുപ്രകാരം ലോകത്തെ ആരോഗ്യക്കുറവും വൈകല്യവും ഉണ്ടാക്കും രോഗങ്ങളില്‍ ഏറ്റവും മുന്‍നിരയില്‍ നില്‍ക്കുന്നത് വിഷാദരോഗമാണ്.

പ്രധാന ലക്ഷണങ്ങള്‍

* വിട്ടുമാറാത്ത ദുഃഖം അഥവാ സന്തോഷമില്ലായ്മ
* സാധാരണ ചെയ്തിരുന്ന കാര്യങ്ങളോട് താത്പര്യക്കുറവ്, ചെയ്താലും ആനന്ദം ലഭിക്കാതിരിക്കുക

* ഉറക്കത്തിലെ മാറ്റങ്ങള്‍
* വിശപ്പില്ലായ്മ ചുരുങ്ങിയ കാലയളവില്‍ ശരീരഭാരത്തില്‍ ഒരുപാടു മാറ്റംവരുന്നത്.
* അമിതമായ ക്ഷീണം അഥവാ ഊര്‍ജമില്ലായ്മ.
* അകാരണമായ കുറ്റബോധം, നിരാശ, സ്വയം വിലയില്ലായ്മ.
* ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ബുദ്ധിമുട്ട്
* അമിത ദേഷ്യം
* ലൈംഗിക താത്പര്യക്കുറവ്
* മരിക്കുന്നതിനെക്കുറിച്ചും ആത്മഹത്യയെക്കുറിച്ചുമുള്ള ചിന്തകള്‍.
മേല്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ ചിലതെങ്കിലും രണ്ടാഴ്ചയില്‍ കൂടുതല്‍ നിലനില്‍ക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് വിഷാദരോഗത്തിന്റെ ആരംഭമാവാം.

ഉത്കണ്ഠ രോഗം

അനുഭവിക്കുന്ന വ്യക്തിക്ക് ഒരുപാട് ദുരിതം ഉണ്ടാക്കുന്ന ഒന്നാണ് ഉത്കണ്ഠ രോഗം. ഇതിന്റെ ഗുരുതര സ്വഭാവം മറ്റുള്ളവര്‍ക്ക് മനസിലാക്കാന്‍ ബുദ്ധിമുട്ടാണ് ഇക്കൂട്ടരുടെ ഏറ്റവും വലിയ വെല്ലുവിളിയും. അതുകൊണ്ടുതന്നെ ഈ രോഗികള്‍ പലപ്പോഴും മനോരോഗവിദഗ്ധരുടെ അടുത്തെത്തുന്നത് വളരെ വൈകിയാണ്.

നിസാരകാര്യങ്ങള്‍ക്കു പോലും അമിതമായ ഉത്കണ്ഠ, തളര്‍ച്ച, പെെന്നുള്ള ദേഷ്യം, ദഹനക്കുറവ്, വയറിളക്കം, പേശികളുടെ വലിഞ്ഞുമുറുകല്‍ എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. പൊടുന്നനെയുള്ള ഭയം, ഹൃദയമിടിപ്പ് കൂടുതല്‍, ശ്വാസം എടുക്കാനുള്ള ബുദ്ധിമുട്ട്, അരുതാത്തതെന്തോ സംഭവിക്കാന്‍ പോകുന്നുവെന്ന തീവ്രമായ ഭയം, താന്‍ മരിക്കാന്‍ പോകുന്നു അഥവാ തന്റെ നിയന്ത്രണം നഷ്ടപ്പെടുന്നുവെന്ന തീവ്രമായ പേടി എന്നിവയൊക്കെ ഇത്തരക്കാര്‍ കാണിക്കും. തനിക്ക് സംഭവിക്കുന്നത് ഹൃദയാഘാതമാണെന്ന തെറ്റിദ്ധരിച്ച് എമര്‍ജന്‍സി/ കാഷ്വാലിറ്റിയില്‍ എത്തുന്നവരാണ് ഇവരില്‍ ഭൂരിപക്ഷവും. വീണ്ടും വീണ്ടും ഇങ്ങനെ സംഭവിക്കുമ്പോള്‍ പ്രായേണ ഈ അവസ്ഥയെ ഭയന്ന് ദൂരയാത്രയും തിരക്കുള്ള സ്ഥലങ്ങളും ഒഴിവാക്കുന്ന ഈ കൂട്ടര്‍ക്ക് പാനിക് ഡിസോഡര്‍ ആയിരിക്കും.

ഒബ്‌സസീവ് കമ്പല്‍സീവ് ഡിസോഡര്‍

തടയാന്‍ കഴിയാത്ത വിധം രോഗിയുടെ മനസിലേക്കു ഭയമോ വെറുപ്പോ ഉളവാക്കുന്ന ചിന്തകള്‍ കടന്നുവരും.ഇവയെ മറികടക്കാന്‍ രോഗി സ്വയം ഏര്‍പ്പെടുത്തുന്ന ചില കാര്യങ്ങള്‍ വ്യക്തിജീവിതത്തിലും ജോലിസ്ഥലത്തും കുടുംബജീവിതത്തിലും സാരമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും. അമിതമായ ശുചിത്വം, അമിതമായ/ ആവര്‍ത്തിച്ചുള്ള പരിശോധന, തന്റെ പ്രവൃത്തികള്‍ ശരിയാണോ എന്ന് ആവര്‍ത്തിച്ച് ചോദിച്ച്, ഉറപ്പുവരുത്തുക എന്നിവയാണ് ലക്ഷണങ്ങള്‍. സോഷ്യല്‍ ആങ്ക്‌സൈറ്റി ഡിസോര്‍ഡര്‍, ഹൈപ്പോകോണ്‍ട്രിയാസിസ് എന്നിവയാണ് മറ്റ് ഉത്കണ്ഠരോഗങ്ങള്‍.

ചികിത്സ:

പല ചികിത്സകരെയും മാറിമാറികണ്ട് മന്ത്രവാദ ചികിത്സകരെ വരെ സമീപിച്ചതിനു ശേഷമേ ഒരു മനോരോഗവിദഗ്ധന്റെയോ മന:ശാസ്ത്രജ്ഞന്റെയോ സഹായം പലരും തേടുകയുള്ളൂ.

ഡോക്ടറെ കാണാനുള്ള മടി കാരണം അശാസ്ത്രീയ ചികിത്സയും സ്വയം ചികിത്സയും ആശ്രയിക്കുംതോറും രോഗത്തിന്റെ കാഠിന്യം കൂടുകയും വീണ്ടും വരാനുള്ള സാധ്യത ഏറുകയും ചെയ്യും. വിഷാദം, ഉത്കണ്ഠാ രോഗങ്ങള്‍ എന്നിവയ്ക്ക് ഏറ്റവും അഭികാമ്യം മരുന്നിനൊപ്പം മന:ശാസ്ത്രപരമായ തെറാപ്പികളും കൂടിയാണ്.

ലക്ഷണങ്ങള്‍ തിരിച്ചറിഞ്ഞാല്‍ പിന്നെ തന്നെ മാറുമെന്ന തെറ്റായ ധാരണകളെ മാറ്റിവച്ചിട്ട് ഒരു മനോരോഗവിദഗ്ധനെയോ (സൈക്യാട്രിസ്റ്റ്), മന:ശാസ്ത്രജ്ഞനെയോ ( ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്) കാണുക. ഇത്തരം രോഗങ്ങള്‍ സാവധാനമേ മാറാറുളളൂ എന്ന് മനസിലാക്കി രോഗിയും കുടുംബാംഗങ്ങളും ക്ഷമയോടെ ചികിത്സയോട് സഹകരിക്കണം. ആത്മഹത്യാ പ്രവണത കാണിക്കുന്ന നിങ്ങളുടെ പ്രിയപ്പെട്ടവരോട് അതിനെക്കുറിച്ച് തുറന്ന് സംസാരിക്കാന്‍ മടികാണിക്കരുത്. അവരോട് തര്‍ക്കിക്കുന്നതിനോ കുറ്റപ്പെടുത്തുന്നതിനോ പകരം ചേര്‍ത്തുപിടിക്കാനും സഹായിക്കാനും ശ്രമിക്കുക. അവര്‍ക്ക് കൃത്യമായ ചികിത്സ ലഭ്യമാക്കാന്‍ ശ്രമിക്കണം.

മദ്യപാനം/ ലഹരി ഉപയോഗം

സ്ഥിരമായി മദ്യപിക്കുന്ന ആളാണ് നിങ്ങള്‍ അഥവാ നിങ്ങളുടെ അടുത്ത കുടുംബാംഗമെങ്കില്‍ എപ്പോഴാണ് ചികിത്സ തുടങ്ങേണ്ടത് എന്നതില്‍ പലപ്പോഴും ആശയക്കുഴപ്പം ഉണ്ടാവാറുണ്ട്. എനിക്ക് അഡിക്ഷന്‍ ഒന്നുമില്ല. ഞാന്‍ വിചാരിച്ചാല്‍ മദ്യപനം ഇന്ന് നിര്‍ത്താന്‍ പറ്റും എന്നത് ഇക്കൂട്ടരുടെ പല്ലവി ആയിരിക്കും. മദ്യം/ ലഹരി ഉപയോഗിക്കണമെന്ന അതിയായ ആഗ്രഹം/ ആവര്‍ത്തിച്ചുള്ള തോന്നല്‍, മദ്യം കിട്ടാത്ത സാഹചര്യത്തില്‍ വിറയല്‍, ഉറക്കക്കുറവ്, മറ്റ് ശാരീരികാസ്വാസ്ഥ്യങ്ങള്‍, ലഹരി ഉപയോഗമല്ലാതെ ദൈനംദിന ജീവിതത്തിലെ മറ്റൊരു കാര്യത്തിനോടും താല്‍പര്യം ഇല്ലാതിരിക്കുക, തന്റെ ശരീരത്തിന് നല്ലതല്ല എന്നറിഞ്ഞിട്ടും ഉപയോഗം തുടരുക എന്നതാണ് ഒരു വ്യക്തി ലഹരിക്ക് അടിമപ്പെട്ടു കഴിഞ്ഞു എന്നതിന്റെ പ്രധാന ലക്ഷണങ്ങള്‍.

നേരത്തെ ചികിത്സ എടുത്തിട്ടുള്ള വ്യക്തികള്‍ ഒരു കാര്യം ശ്രദ്ധിക്കണം. കോവിഡ് 19 പശ്ചാത്തലത്തില്‍ നിങ്ങളുടെ മനസില്‍ ഉത്കണ്ഠ, പിരിമുറുക്കം എന്നിവ കൂടാനും ഇതിന്റെ ഭവിഷ്യത്തായി വീണ്ടും ലഹരിയില്‍ ആശ്രയം കണ്ടെത്താനുള്ള ആസക്തി വന്നേക്കാം. ഈ അവസരത്തില്‍ ഏറ്റവും നേരത്തേ മനോരോഗവിദഗ്ധനെയോ സൈക്കോളജിസ്റ്റിനെയോ സമീപിച്ച് ചികിത്സ തുടരണം.

പ്രതിസന്ധി ഘട്ടങ്ങളില്‍ വ്യക്തികളുടെ സന്തുലിതാവസ്ഥയില്‍ തകരാറ് സംഭവിക്കും. ഇത് പ്രകൃതിയുടെ നിയമമാണ്. ഇതിനര്‍ഥം ആ വ്യക്തി ദുര്‍ബലനാണെന്നല്ല. നേരെ മറിച്ച് തന്റെ ബുദ്ധിമുട്ടുകള്‍ തുറന്നു പറയാന്‍ ധൈര്യം കാണിച്ചതിന് അവരെ അഭിനന്ദിക്കുകയും അംഗീകരിക്കുകയും ചെയ്യുക. ധൈര്യം എന്നത് ഭയത്തിന്റെ അഭാവമല്ല. അതുപോലെ 'പോസിറ്റിവിറ്റി' എന്നത് സ്വഭാവിക വികാരങ്ങളെ മറച്ചുവച്ചു സന്തോഷമഭിനയിക്കുക എന്നതുമല്ല.

നെഗറ്റീവായ വികാരങ്ങള്‍ എന്ന് കണക്കാക്കപ്പെടുന്ന വിഷാദം, ഭയം എന്നിവയും മനുഷ്യസഹജമാണ്. ഇവയെ അംഗീകരിച്ച് കൈകാര്യം ചെയ്യാന്‍ പറ്റാത്ത സാഹചര്യങ്ങളില്‍ സഹായം തേടാന്‍ സ്വയം തയാറാവുക. ഇതേക്കുറിച്ച് പ്രിയപ്പെട്ടവരെ ഉപദേശിക്കുകയും ചെയ്യുമ്പോള്‍ ആണ് മാനസികാരോഗ്യത്തെപ്പറ്റി നമ്മള്‍ ശരിക്കു ബോധമുള്ളവരാകൂ.

ജില്‍സ ഗോപിനാഥന്‍
ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് റിനൈ മെഡിസിറ്റി, എറണാകുളം