ചിറകുള്ള ചിത്രങ്ങള്‍
Tuesday, February 18, 2020 5:01 PM IST
സുനിതയുടെ നിറക്കൂട്ടുകള്‍ക്കു വര്‍ണങ്ങളുടെ ചാരുത മാത്രമല്ല, അതിജീവനത്തിന്റെ ചിറകുകളുമുണ്ട്. മനസിലുറപ്പിച്ച വര്‍ണങ്ങള്‍ ചുണ്ടുകളാല്‍ കാന്‍വാസിലേക്കു പകര്‍ത്തുമ്പോള്‍ സുനിതയുടെ മുഖത്തു തെളിയുന്നതു പ്രണയവും ആത്മവിശ്വാസവുമാണ്. പ്രണയം പ്രകൃതിയോടും പൂക്കളോടുമാണ്. അതില്‍ കുന്നുകളും മലകളും മാടായിപ്പാറയിലെ കാക്കപ്പൂക്കളുമുണ്ട്. മനക്കരുത്തും ദൃഢനിശ്ചയവും ഒപ്പം തോല്ക്കാന് ഒരുക്കമല്ലാത്ത ഒരു മനസുമുണ്ടെങ്കില്‍ ഏത് നേട്ടവും കൈപ്പിടിയിലാക്കാമെന്നു തെളിയിക്കുകയാണ് സുനിത തൃപ്പാണിക്കര എന്ന കലാകാരി.
ജീവിതം പകര്‍ന്ന ഇച്ഛാശക്തി
സങ്കടങ്ങളെല്ലാം കൈയില്‍ കിട്ടുന്ന വര്‍ണപ്പെന്‍സിലുകള്‍ കൊണ്ട് വരച്ചു തീര്‍ക്കുന്ന ബാല്യമായിരുന്നു സുനിതയുടേത്. പത്താം ക്ലാസുവരെ സുനിതയെ അമ്മ എടുത്തുകൊണ്ടുപോയി സ്കൂളില്‍ വിട്ടു. അതിനുശേഷം ഓട്ടോറിക്ഷയിലായി യാത്ര. കാലുകളെ ബാധിച്ച തളര്‍ച്ച കൈകളിലേക്കും വ്യാപിക്കാന്‍ അധികനാള്‍ വേണ്ടിവന്നില്ല. പ്ലസ്ടു പഠനകാലത്ത് കൈകള്‍ക്കും തളര്‍ച്ച ബാധിച്ചു. അതോടെ പെന്സിലുകള് കൈപ്പിടിയിലൊതുങ്ങാതായി. ജിവിതത്തില്‍ ചെറിയ സന്തോഷം തന്നിരുന്ന വര്‍ണക്കൂട്ടുകളും കൈവിട്ടുപോകുമെന്നുവന്നതോടെ സുനിതയുടെ മനസ് വേദനിച്ചു. എന്നാല്‍ സുനിത തളര്‍ന്നില്ല. എല്ലാ വെല്ലുവിളികളെയും അതിജീവിച്ച സുനിത സ്കൂളില്‍ പോയിത്തന്നെ പ്ലസ്ടു പഠനം പൂര്‍ത്തിയാക്കി. പിന്നീട് ബിരുദാനന്തര ബിരുദം വരെ നേടി. ശരീരത്തെ തളര്‍ത്തുന്ന മസ്കുലാര്‍ അട്രോഫി എന്ന അസുഖം ബാധിച്ച് കൈകാലുകള്‍ക്ക് ചലനശേഷി നഷ്ടപ്പെെങ്കിലും ഇച്ഛാശക്തികൊണ്ട് ജീവിതം തിരിച്ചുപിടിക്കുകയാണ് കണ്ണൂര്‍ ജില്ലയിലെ കുഞ്ഞിമംഗലം കുണ്ടംകുളങ്ങരയിലെ തൃപ്പാണിക്കര വീട്ടില്‍ പരേതനായ കണ്ണന്റെയും ജാനകിയുടെയും മകള്‍ സുനിത.
വിരലുകളായിമാറിയ ചുണ്ടുകള്‍
ജ്യേഷ്ഠന് ഗണേഷ് കുമാറിനെക്കുറിച്ചും അമ്മ ജാനകിയെക്കുറിച്ചും പറയാതെ സുനിതയുടെ ജീവിതകഥ പറയാനാകില്ല. സുനിതയുടെ അതേ വെല്ലുവിളികള്‍ തന്നെയാണ് ഗണേഷിനും. ജീവിത യാഥാര്‍ഥ്യങ്ങള്‍ക്കു മുന്നില്‍ പകച്ചുനിന്നപ്പോള്‍ സുനിതയെ കൈപിടിച്ചു ജീവിതത്തിലേക്കു കയറ്റിയതു ഗണേഷാണ്. ചുണ്ടുകളെ വിരലുകളാക്കുന്ന വിദ്യ സുനിതയ്ക്കു പറഞ്ഞുകൊടുത്തതും ഗണേഷ് തന്നെ. ഗണേഷിനു ജന്മനാ കാലുകള്‍ക്ക് ഇതേ അസുഖം ബാധിച്ചു നടക്കാന്‍ സാധിക്കുമായിരുന്നില്ല. അരയ്ക്കു താഴെ തളര്‍ന്നിരുന്നെങ്കിലും ഗണേഷിനെ അമ്മ കൈവിില്ല. മകനെ തോളിലേറ്റി ആ അമ്മ ഗ്രാമങ്ങളിലൂടെ സഞ്ചരിച്ചു. പൂരപ്പറമ്പുകളിലെ നിറവിസ്മയങ്ങളും തെയ്യങ്ങളുടെ വര്‍ണക്കാഴ്ചകളും കാട്ടിക്കൊടുത്തു. ആ കാഴ്ചകള്‍ ഗണേഷിന്റെ മനസില്‍ ആഴത്തില്‍ പതിഞ്ഞിരിക്കണം. അതുകൊണ്ടായിരിക്കാം ഗണേഷ് നിറങ്ങളുടെ ലോകത്തുതന്നെ എത്തിപ്പെട്ടത്. കുട്ടിക്കാലം മുതല്‍ ചിത്രരചനയില്‍ താല്പര്യം കാട്ടിയ ഗണേഷിനുവേണ്ട പ്രോത്സാഹനം നല്കിയതു മാതാപിതാക്കള്തന്നെയായിരുന്നു. ചുമരുകളിലും നിലത്തും വെറുതേ വരച്ചുകൊണ്ടിരുന്ന ഗണേഷിനു വര്‍ണപ്പെന്‍സിലുകള്‍ വാങ്ങിനല്‍കിയതും അവര്‍തന്നെ. എട്ടു വയസുള്ളപ്പോഴായിരുന്നു ഗണേഷിന്റെ കൈകള്‍ക്കും ചെറിയ തളര്‍ച്ച അനുഭവപ്പെട്ടത്. കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ കൈകള്‍ക്കു പെയിന്റിംഗ് ബ്രഷ് വഴങ്ങാതെയായി. ജീവിതത്തിനു പൂര്‍ണവിരാമമായി എന്നു തോന്നിയ നിമിഷങ്ങളായിരുന്നു അത്. അതിനിടെയാണ് ചുണ്ടുകള്‍ കൊണ്ട് ചിത്രം വരയ്ക്കുന്നവര്‍ വിദേശ രാജ്യങ്ങളില്‍ ഉണ്ടെന്ന അറിവ് ഗണേഷിനു കിുന്നത്. എങ്കിലും തനിക്കത് കഴിയുമോ എന്ന കാര്യത്തില്‍ സംശയമായിരുന്നു. പിന്നീട് പതുക്കെപ്പതുക്കെ ചായത്തില്‍ മുക്കി ചുണ്ടോടടുപ്പിച്ച ബ്രഷ് കാന്‍വാസിനോടു ചേര്‍ത്തു. ആദ്യചിത്രം പൂര്‍ത്തിയാക്കാന്‍ ആഴ്ചകളെടുത്തു. എന്നാല്‍ ചുണ്ടുകള്‍ വര്‍ണവിസ്മയം വിരിയിച്ച ചിത്രങ്ങള്‍ വീടിനുള്ളില്‍ നിറയുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.
ഗണേഷിന്റെ യാത്രകള്‍
ഒരു സുഹൃത്തുവഴിയായിരുന്നു ഗണേഷ് ചുണ്ടുകൊണ്ടു ചിത്രം വരയ്ക്കുന്നവര്‍ വിദേശങ്ങളിലുണ്ടെന്ന് അറിയുന്നത്. അസോസിയേഷന് ഫോര്‍ മൗത്ത് ആന്‍ഡ് ഫുട് പെയിന്റിംഗ് ആര്‍ട്ടിസ്റ്റ്സ് (എഎംഎഫ്പി) എന്ന പേരില്‍ അവര്‍ക്കു സംഘടനയുമുണ്ട്. ഏറെ അന്വേഷണങ്ങള്‍ക്കൊടുവില്‍ സ്വിറ്റ്സര്‍ലന്‍ഡില്‍ ഓഫീസുള്ള ആ സംഘടനയില്‍ ഗണേഷ് അംഗമായി. ഈ സംഘടനയില്‍ അംഗത്വം ലഭിക്കുന്ന കേരളത്തില്‍ നിന്നുള്ള ആദ്യ ചിത്രകാരനായിരുന്നു ഗണേഷ് കുമാര്‍. ഇപ്പോള്‍ സുനിതയ്ക്കും ഈ സംഘടനയില്‍ അംഗത്വമുണ്ട്. അത്ര എളുപ്പമല്ലെങ്കിലും എല്ലാ കാര്യത്തിലും താന്‍ സഞ്ചരിച്ച വഴിയില്‍ അനുജത്തിയെയും കൈപിടിച്ചു നടത്തുകയാണ് ഗണേഷ്. സ്കൂളില്‍ പോകാതെ സ്വയം പഠിച്ചു പത്താക്ലാസ് പാസായ ഗണേഷ് പിന്നീട് മലയാള സാഹിത്യത്തില്‍ ബിരുദവും നേടി.

കൈപിടിച്ച അമ്മ
സുനിതയുടെയും ജ്യേഷ്ഠന് ഗണേഷിന്റെയും ഏറ്റവും വലിയ ശക്തി എന്താണെന്നു ചോദിച്ചാല്‍ മറുപടിക്കു കാത്തുനില്‍ക്കേണ്ടി വരില്ല, അമ്മ ജാനകി തന്നെ. തളര്‍ന്നുപോകുമായിരുന്ന ഘട്ടങ്ങളിലെല്ലാം കൈപിടിച്ചുയര്‍ത്തിയത് അമ്മയാണ്. നിഴലായി എന്നും അമ്മ കൂടെയുണ്ട്. പിന്നെ ഇവര്‍ക്കൊപ്പം എല്ലാ കാര്യങ്ങള്‍ക്കും ഒപ്പം നില്ക്കുന്നതു സുഹൃത്തുക്കളാണ്. സുഹൃത്തുക്കളുടെയും നാട്ടുകാരുടെയും സഹായത്താല്‍ നിരവധി രാജ്യങ്ങളില്‍ സഞ്ചരിച്ച് ചിത്രപ്രദര്‍ശനം നടത്താനും ഇവര്‍ക്കു സാധിച്ചു.
പ്രോത്സാഹനവുമായി കൂട്ടുകാര്‍
സുനിതയുടെയും ജ്യേഷ്ഠന്റെയും വാര്‍ത്തകള്‍ നാട്ടില്‍ പരന്നതോടെ വീട്ടിലും തിരക്കായി. കൂട്ടുകാരും നാട്ടുകാരും സ്നേഹവും പ്രോത്സാഹനവുമായി വീട്ടിലേക്കൊഴുകി. ഒപ്പം തങ്ങളെപ്പോലെ തന്നെ വെല്ലുവിളികളെ അതിജീവിച്ച് ചിത്രങ്ങള്‍ വരയ്ക്കുന്നവരും സര്‍ഗാത്മക രചനകള്‍ നടത്തുന്നവരുമുണ്ടായിരുന്നു. അങ്ങനെയിരിക്കെയാണ് തങ്ങള്‍ക്ക് ഒരു സംഘടന വേണമെന്ന ചിന്ത ഇവര്‍ക്കുണ്ടാകുന്നത്. അങ്ങനെ ഫ്ളൈ എന്ന സംഘടന രൂപം കൊണ്ടു. വീല്‍ചെയറുകളില്‍ നിന്നും മനക്കരുത്തിലൂടെ ഉയരങ്ങളിലെത്തിയവരായിരുന്നു അംഗങ്ങളെല്ലാം. ഇതിനിടെ കഥകളും കവിതകളുമൊക്കെ എഴുതുന്ന സംഘടനയിലുള്ളവര്ക്കായി ചിറക് എന്ന പ്രസിദ്ധീകരണവും ആരംഭിച്ചു. വര്‍ഷങ്ങളോളം സുനിത തന്നെയായിരുന്നു ഇതിന്റെ എഡിറ്റര്‍. പിന്നീട് ഉത്തരവാദിത്തങ്ങള്‍ കൂടിയപ്പോള്‍ മറ്റൊരാള്‍ ഈ ചുമതല ഏറ്റെടുത്തു. എന്നാല്‍ ചിറകിനു വേണ്ടി കഥയും കവിതയുമെല്ലാം ഇവര്‍ എഴുതുന്നുണ്ട്. ഇതിനു പുറമേ വീല്‍ചെയറില്‍ കഴിയുന്നവരെ അംഗങ്ങളാക്കിയുള്ള നാടക സംവിധാനവും നൃത്തപരിപാടികളുടെ കോറിയോഗ്രഫിയും നിര്‍വഹിച്ചു വരുന്നു. അവധിക്കാലത്തു കുട്ടികളെ ചിത്രകല പഠിപ്പിക്കുന്ന സുനിത സങ്കടങ്ങളുമായി ഫോണില്‍ വിളിക്കുന്നവര്‍ക്കു പ്രത്യാശയുടെ ജീവിതപാഠങ്ങളും പറഞ്ഞു കൊടുക്കും.
സുവര്‍ണ നേങ്ങള്‍
പരിമിതികളെ അതിജീവിച്ചു നേട്ടങ്ങള്‍ കൊയ്ത സുനിതയെ തേടി നിരവധി അംഗീകാരങ്ങളും എത്തിയിട്ടുണ്ട്. രാഷ്ട്രപതി രാം നാഥ് കോവിന്ദില്‍ നിന്നും ഔ്സ്റ്റാന്ഡിംഗ് ക്രിയേറ്റീവ് വുമണ്‍ വിത് ഡിസെബിലിറ്റി പുരസ്കാരം ലഭിച്ച സുനിതയ്ക്ക് സംസ്ഥാന സര്‍ക്കാരിന്റെ ശ്രേഷ്ഠവനിതാ പുരസ്കാരവും ലഭിച്ചു. പിന്നീട് കേന്ദ്രസര്‍ക്കാരിന്റെ തമ്പ് 16 അവാര്‍ഡ്, ജ്യോതിഷ് 2017 അവാര്‍ഡുകളും ലഭിക്കുകയുണ്ടായി.
മാടായിപ്പാറയും കാക്കപ്പൂക്കളും
സുനിതയുടെ വരകളില്‍ തെളിയുന്നതില്‍ അധികവും പ്രകൃതിയുടെ വര്‍ണ വിസ്മയങ്ങളാണ്. അതില്‍ വീടിനു സമീപമുള്ള മാടായിപ്പാറയും അവിടത്തെ കാക്കപ്പൂക്കളുമുണ്ട്. കണ്ണൂര്‍ ജില്ലയിലെ പഴയങ്ങാടിക്കടുത്തുള്ള സംരക്ഷിത മേഖലയാണിത്. പാറയുടെ സൗന്ദര്യവും പൂക്കളുടെ മനോഹാരിതയുമെല്ലാം അതേപടി വിരിയുകയാണ് സുനിതയുടെ രചനകളില്‍. കൊത്തുപണിക്കാരനായിരുന്ന സുനിതയുടെ അച്ഛന് കണ്ണന് 16 വര്‍ഷം മുന്‍പാണ് മരിച്ചത്. സുനിതയും ഗണേഷും അടക്കം ആറു മക്കളാണ് കണ്ണന് - ജാനകി ദമ്പതികള്‍ക്ക്. സഹോദരങ്ങളും ഇവര്‍ക്കു സഹായവും പ്രോത്സാഹനവുമായി ഒപ്പമുണ്ട്.
കുഞ്ഞിമംഗലത്തെ കണ്ടംകുളങ്ങരയില്‍ നിന്നും തിരിഞ്ഞുപോകുന്ന ചെറിയ ടാര്വഴി ചെന്ന് അവസാനിക്കുന്നത് നിറം എന്നുപേരിട്ട സുനിതയുടെ വീട്ടിലാണ്. അവിടെ ജീവിതത്തിനു നിറംപിടിപ്പിക്കുന്ന സുനിതയും ഗണേഷുമുണ്ട്. ചുമരുകള്‍ നിറയെ ചിത്രങ്ങളും. ഇല്ലായ്മകളുടെ കഥപറയുന്ന പുതിയ തലമുറയ്ക്ക് പ്രചോദനമാക െഇവര് ജീവനില്‍ ചാലിക്കുന്ന ഈ വര്‍ണങ്ങള്‍.
റിച്ചാര്‍ഡ് ജോസഫ്