പെണ്ണേ നിന്‍ കല്യാണമായ്...
പൊന്നുംകുടത്തിനെന്തിനാണ് പൊട്ട്? എന്നാണ് പഴഞ്ചൊല്ലെങ്കിലും വിവാഹ ദിവസത്തെ താരം അന്നും ഇന്നും വധുവിന്റെ ആഭരണങ്ങള്‍ തന്നെയാണ്. എന്നുകരുതി പൊന്നില്‍ കുളിച്ചു നില്‍ക്കാനൊന്നും നമ്മുടെ ന്യുജെന്‍ മണവാട്ടിമാര്‍ ഒരുക്കമല്ല കേട്ടോ... അവര്‍ക്ക് അവരുടേതായ ഇഷ്ടങ്ങളും അഭിപ്രായങ്ങളുമെല്ലാമുണ്ട്. കല്യാണമാണെന്നു കരുതി മേല്‍ മുഴുവന്‍ സ്വര്‍ണം കൊണ്ട് മൂടാന്‍ പറ്റുമോ എന്നാണ് വിവാഹത്തിനൊരുങ്ങുന്ന പ്രതീക്ഷയുടെ ചോദ്യം. ആഭരണങ്ങള്‍ വളരെക്കുറച്ചു മതി, പക്ഷേ മണ്ഡപത്തിലെത്തുമ്പോള്‍ ഒരു രാജകീയ പ്രൗഡിയൊക്കെ വേണം, അപര്‍ണ അഭിപ്രായം പറഞ്ഞു കഴിഞ്ഞു.

വെഡ്ഡിംഗ് ഗൗണിനൊപ്പം വളരെ എലഗന്റ് ആന്‍ഡ് ക്ലാസി ലുക്ക് തരുന്ന അണ്‍കട്ട് ഡയമണ്ട് സെറ്റാണ് എന്റെ ഡ്രീം വെഡ്ഡിംഗിന്റെ ഹൈലൈറ്റ്, ഗ്ലോറി പറയുന്നു.

ഒരുങ്ങാം ബോളിവുഡ് സുന്ദരിയെപ്പോലെ

ബോളിവുഡ് താരങ്ങളുടേതുപോലുള്ള വിവാഹമാണ് പല പെണ്‍കുട്ടികളുടേയും സ്വപ്‌നം. ഈ റെഫറന്‍സ് കൂടുതലായി കാണുന്നത് വിവാഹാഭരണങ്ങളുടെ കാര്യത്തിലാണ്. എന്നാല്‍ കുറച്ചു കാലം മുന്‍പുവരെയുണ്ടായിരുന്ന ശരീരം നിറയെ സ്വര്‍ണം എന്ന രീതിയില്‍ നിന്ന് പുതിയ മണവാട്ടിമാര്‍ ഒരുപാടു മുന്നോട്ടു വന്നിട്ടുണ്ട്. വിവാഹ ദിവസം അണിയുന്നത് രണ്ടു മാലയാണെങ്കിലും അതിനു റോയല്‍ ലുക്ക് ഉണ്ടാകണം എന്നതാണ് പല പെണ്‍കുച്ചികളുടേയും ആവശ്യം. അകം പൊള്ളയായുള്ള ഷോ മാലകള്‍ക്ക് ഇപ്പോള്‍ ആവശ്യക്കാര്‍ തീരെയില്ലെന്നു തന്നെ പറയാം.

ശോഭ മങ്ങാതെ ആന്റിക്

കുറച്ചുകാലമായി ഒരുപോലെ നില്‍ക്കുന്ന ട്രെന്‍ഡാണ് ആന്റിക് ആഭരണങ്ങള്‍. ഇതില്‍ ചെട്ടിനാട്, സിംഗപുര്‍ ആഭരണങ്ങള്‍ക്കാണ് ആവശ്യക്കാര്‍ ഏറെ. പൊലിമ കുറവാണെങ്കിലും ഇവയ്ക്ക് തൂക്കം കൂടുതലായിരിക്കും. ഈ വിഭാഗത്തില്‍ ഒന്നോ രണ്ടോ മാലയിട്ടാല്‍ തന്നെ കല്ല്യാണപ്പെണ്ണിനെ കാണാന്‍ നല്ല ശേലാകും.

പ്രൗഡിയും പകിട്ടും പാരമ്പര്യവും

പാരമ്പര്യവും പ്രൗഡിയും കാത്തുസൂക്ഷിക്കുന്ന കാര്യത്തില്‍ പരമ്പരാഗത സ്വര്‍ണാഭരണങ്ങളെ വെല്ലാന്‍ ആര്‍ക്കും സാധിക്കില്ല. ആമാടപ്പെട്ടിക്കുള്ളില്‍നിന്നു മുത്തശി അമ്മയ്ക്കും അമ്മ എനിക്കും തന്ന ആഭരണമാണിതെന്ന് അഭിമാനത്തോടെ പറയാന്‍ നമ്മുടെ ന്യൂജന്‍ മണവാട്ടിമാര്‍ക്ക് ഒും മടിയില്ല. പാലയ്ക്കാമാലയും കാശുമാലയും മുലമൊുമാലയും കുട ജിമിക്കിയുമൊക്കെയി് കതിര്‍മണ്ഡപത്തിലിരിക്കുന്ന സുന്ദരിയെ നോക്കി ആരും പറഞ്ഞുപോകും 'ആഹാ... എന്താ ഒരു ഐശ്വര്യം'!

ഇക്കാരണത്താല്‍ത്തന്നെ പരമ്പരാഗത ആഭരണങ്ങള്‍ക്ക് ഇന്നും ഡിമാന്‍ഡുണ്ട്. വിവിധ നിറങ്ങളിലുളള നാഗപടം, പാലയ്ക്കാ, മാങ്ങാ മാലകള്‍ക്കും ഒരുപോലെ ആവശ്യക്കാരുണ്ട്. കാശ്, മുല്ലമൊട്ട് തുടങ്ങിയ ഡിസൈനുകള്‍ ഇപ്പോള്‍ സ്‌റ്റോണ്‍ വര്‍ക്കിലും ലഭ്യമാണ്. എല്ലാവര്‍ക്കും കേരളത്തനിമയേകുന്ന ഈ പരമ്പരാഗത ഡിസൈനുകള്‍ മുക്കാല്‍ പവന്‍ മുതല്‍ ലഭിക്കും.

റോയല്‍ ലുക്കിന് ടെമ്പിള്‍ ജ്വല്ലറി

പുതിയ മണവാട്ടിമാരുടെ ഡ്രീം വെഡ്ഡിംഗില്‍ എന്നും മുന്‍തൂക്കം ബോളിവുഡ് വിവാഹത്തിനായിരിക്കും. അനുഷ്‌കാ ഷര്‍മ, ശില്പാ ഷെട്ടി... തുടങ്ങി നിരവധി സെലിബ്രിറ്റി വിവാഹങ്ങളുടെ റെഫറന്‍സും എടുത്തിട്ടുണ്ടാകും. ഇവരുടെയെല്ലാം റോയല്‍ ലുക്കിനു മാറ്റുകൂച്ചിയതു വിവാഹവേളയില്‍ അവര്‍ അണിഞ്ഞിരുന്ന ടെമ്പിള്‍ ജ്വല്ലറികളാണ്. അതുകൊണ്ടുതന്നെ നവവധുക്കള്‍ക്കിടയില്‍ ടെമ്പിള്‍ ജ്വല്ലറിക്ക് ആവശ്യക്കാര്‍ ഏറെയാണ്. പടര്‍പ്പില്ലാതെ, വ്യത്യസ്ത ഡിസൈനുകളില്‍ ഒരുങ്ങുന്ന ഈ ആഭരണങ്ങള്‍ വധുവിനു രാജകീയ പ്രൗഡി നല്‍കും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. നമ്മുടെ ഇഷ്ടാനുസരണം നെക്‌ലേസുകള്‍, മാലകള്‍, കമ്മല്‍, വളകള്‍, മോതിരങ്ങള്‍ തുടങ്ങിയവയ്ക്ക് ടെമ്പിള്‍ ഡിസൈനുകള്‍ ഇണങ്ങുമെന്നതിനാല്‍ ആവശ്യമുള്ള ഡിസൈനുകള്‍ മാത്രം തെരഞ്ഞെടുക്കാനും സാധിക്കും. വിവാഹവേളയില്‍ മാത്രമല്ല, മറ്റു ചടങ്ങുകള്‍ക്കും ടെമ്പിള്‍ ജ്വല്ലറി ഉപയോഗിക്കാമെന്നതും ഇവയ്ക്കു കൂടുതല്‍ സ്വീകാര്യത നല്‍കുന്നു.

മുഗള്‍ രാജകുമാരിയാകാം

മുസ്‌ലീം മണവാിമാരെ മുഗള്‍ രാജകുമാരിമാരാക്കുന്ന കാര്യത്തില്‍ ചോക്കറുകളെ വെല്ലാന്‍ ആളില്ല. കഴുത്തിനോടു ചേര്‍ന്നു പ്രൗഡിയോടെ കിടക്കുന്ന ചോക്കറുകള്‍ക്കു പ്രഷ്യസ് സ്റ്റോണുകളും മുത്തുകളും മാറ്റുകൂും. മുസ്‌ലിം മണവാട്ടിമാര്‍ മാത്രമല്ല മറ്റുള്ളവര്‍ക്കിടയിലും ചോക്കര്‍ തരംഗമായിരുന്നെങ്കിലും ഇപ്പോള്‍ ഇതില്‍ മാറ്റംവരുന്നുണ്ട്.

കൊല്‍ക്കത്ത ഡിസൈനുകളിലെ രാജാക്കന്മാരാണ് ചോക്കറുകള്‍. എന്നാല്‍, എല്ലാവരുടെയും ശരീരപ്രകൃതത്തിനു ചോക്കറുകള്‍ ഇണങ്ങില്ല എന്നതും ഇവ വിവാഹശേഷം മറ്റു ചടങ്ങുകള്‍ക്ക് ഉപയോഗിക്കാനാവില്ല എന്നതുമാണ് ഈ തിരിച്ചടിക്കും പ്രധാന കാരണം.

പെണ്ണിനുവേണം വജ്രശോഭ

ഡിസ്‌നി രാജകുമാരിയെ ഓര്‍മിപ്പിക്കുന്ന ഗൗണിട്ട് ഇറങ്ങുന്ന മണവാച്ചിക്കു ചന്തം ചാര്‍ത്താന്‍ വജ്രശോഭകൂടിയായാല്‍ സംഗതി ഒന്നുകൂടെ തിളക്കംവയ്ക്കും. ക്രിസ്ത്യന്‍ മണവാട്ടിമാര്‍ തങ്ങളുടെ ഡി ഡേയെ പ്രിയങ്കരമാക്കാന്‍ തെരഞ്ഞെടുക്കുന്നതും ഇതേ ഡയമണ്ട് തന്നെ.

ഗൗണിനൊപ്പവും മന്ത്രകോടിക്കൊപ്പവും ഒരുപോലെ ഇണങ്ങുന്ന അണ്‍കട്ട് ഡയമണ്ട് ആഭരണങ്ങളാണ് ഇപ്പോള്‍ താരം. ഗോള്‍ഡന്‍ ഷെയ്ഡ് വരുന്ന അണ്‍കട്ട് ആഭരണങ്ങള്‍ വിവാഹശേഷവും മറ്റു ചടങ്ങുകള്‍ക്ക് ഉപയോഗിക്കാം എന്നതാണ് ഹൈലൈറ്റ്. ഡയമണ്ടിന്റെ കാരറ്റ് അനുസരിച്ചു വിലയില്‍ മാറ്റമുണ്ടാകും. അണ്‍കട്ട് ഡയമണ്ടുകള്‍ക്ക് എണ്‍പതുശതമാനത്തോളം റീസെയില്‍ വാല്യു ലഭിക്കും. അണ്‍കട്ട് ഡയമണ്ട് ആഭരണങ്ങള്‍ സെറ്റ് ആയി വാങ്ങുകയാണെങ്കില്‍ 20 ലക്ഷം മുതല്‍ മുകളിലേക്കു വിലവരും. സ്വര്‍ണാഭരണങ്ങള്‍പോലെ തന്നെ ഇവയും സെറ്റ് ചെയ്തു വാങ്ങാവുന്നതാണ്.


മണവാട്ടിക്കു പ്രിയം ജിമിക്കി കമ്മല്‍

കാലമെത്ര മാറിയാലും മണവാട്ടിമാര്‍ക്ക് എന്നും പ്രിയം ജിമിക്കിയോടാണ്. കുട ജിമിക്കി, കിളിക്കൂട് തുടങ്ങിയ പരമ്പരാഗത ജിമിക്കിക്കമ്മലുകള്‍ക്കു പുറമേ വ്യത്യസ്ത ഡിസൈനുകളിലും ഇവ ലഭ്യമാണ്. നിറയെ അലുക്കുകളുള്ള കാശ്മീരി ജിമിക്കി, ആന്റീക്ക് ജിമിക്കികള്‍, ലക്ഷ്മി ജിമിക്കി, മീനാക്കാരി ജിമിക്കി എന്നിങ്ങനെ നീളും അവയുടെ പട്ടിക.

ഇവയ്ക്കു പുറമേ അണ്‍കട്ട് ഡയമണ്ട് ജിമിക്കികള്‍ക്കും ഇപ്പോള്‍ ആവശ്യക്കാര്‍ ഏറെയാണ്. ജിമിക്കികള്‍ ഒറ്റയായി വാങ്ങാറുണ്ടെങ്കിലും ഇപ്പോഴത്തെ മണവാട്ടിമാര്‍ക്കു കുറച്ചുകൂടെയിഷ്ടം മാലയ്ക്ക് ഇണങ്ങുന്ന ജിമിക്കിയോടാണ്. ആദ്യത്തെയോ രണ്ടാമത്തെയോ മാലയ്ക്ക് ഇണങ്ങുന്ന ജിമിക്കി വാങ്ങുന്നതാണ് കൂടുതല്‍ ഉത്തമം. ഒരു പവന്‍ മുതല്‍ മുകളിലേക്കു തൂക്കമുള്ള ജിമിക്കികള്‍ ലഭ്യമാണ്.

ജിമിക്കിക്കു പുറമേ ഇപ്പോള്‍ തരംഗമാവുകയാണ് ചാന്ദ്ബലി അഥവാ രാംലീല കമ്മലുകള്‍. ബോളിവുഡ് വിവാഹാഭരണങ്ങളിലെ പ്രധാനിയും ഇപ്പോള്‍ ഇവരാണ്.

വളയേക്കാളേറെ മാലയാകാം

കല്യാണപ്പെണ്ണിനു കൈനിറയെ വളവേണം എന്ന പഴഞ്ചന്‍ ചിന്താഗതിക്കും ഗുഡ്‌ബൈ പറഞ്ഞിരിക്കുകയാണ് നവവധുക്കള്‍. ഓരോ കൈയില്‍ എത്ര വള വേണം എന്നു വ്യക്തമായ ധാരണ അവര്‍ക്കുണ്ട്. ഫോട്ടോ എടുക്കുന്നതിനും മറ്റുമായി വലതുകൈയാണ് കൂടുതലായി ഉപയോഗിക്കുക. അതുകൊണ്ട് ആ കൈയില്‍ സ്വര്‍ണവളകളുടെ എണ്ണം കുറച്ചുകൊണ്ട് സാരിയുടെ നിറത്തിനിണങ്ങുന്ന വളകളോ ഷോ വളയോ ധരിക്കാം.

വളകള്‍ തെരഞ്ഞെടുക്കുമ്പോള്‍ സിംപിള്‍ ഡെയ്‌ലി വെയര്‍ വളകള്‍ക്കും ഷോ വളകള്‍ക്കും ഒരുപോലെ പ്രാധാന്യം നല്‍കാം. കാഴ്ചയില്‍ പൊലിമ തോന്നിപ്പിക്കുന്ന വളകള്‍ തെരഞ്ഞെടുത്താല്‍ വിവാഹവേളയില്‍ നല്ല എടുപ്പു തോന്നും. മാത്രമല്ല, മറ്റു ചടങ്ങുകള്‍ക്കു പോകുമ്പോള്‍ ഇതില്‍ ഒരെണ്ണം ഇട്ടാലും കാഴ്ചയ്ക്കും നല്ല ഭംഗിയുണ്ടാകും. അതേസമയം ചെയിന്‍ ബംഗിള്‍പോലുള്ള വളകള്‍ വാങ്ങിയാല്‍ വിശേഷാവസരങ്ങള്‍ക്കു പുറമേ ഓഫീസിലോ മറ്റ് ചടങ്ങുകള്‍ക്കോ ഇടാം. ലക്ഷ്മി വള, കാശുവള, പാലയ്ക്കാ വള തുടങ്ങിയവയാണ് ഇപ്പോള്‍ വിവാഹവിപണിയിലെ താരങ്ങള്‍.

പ്രിയങ്കരം പ്ലാറ്റിനം

വളരെ പെട്ടെന്നുതന്നെ വിവാഹാഭരണങ്ങള്‍ക്കിടയില്‍ താരമായവരാണ് പ്ലാറ്റിനം ആഭരണങ്ങള്‍. പ്ലാറ്റിനം കല്‍, മാല, ബ്രേസ്‌ലെറ്റ്, വളകള്‍ തുടങ്ങിയവ ഇന്നു മലയാളികള്‍ക്കു പ്രിയപ്പെട്ടതാണെങ്കിലും ആവശ്യക്കാര്‍ ഏറെയും പ്ലാറ്റിനം കപ്പിള്‍ റിംഗിനാണ്. യുവാക്കളില്‍ ഏറിയപങ്കും വെഡിംഗ് റിംഗിനായി തെരഞ്ഞെടുക്കുന്നതും പ്ലാറ്റിനം തന്നെയാണ്.

25,000 മുതല്‍ മുകളിലേക്കാണു പ്ലാറ്റിനത്തിന്റെ വില. ആഭരണത്തിന്റെ തൂക്കം, വലുപ്പം, ഉപയോഗിച്ചിരിക്കുന്ന പ്രഷ്യസ് സ്റ്റോണ്‍ എന്നിവയനുസരിച്ചു വിലയില്‍ വ്യത്യാസം വരാം.

മൂക്കുത്തിയഴക്

പണ്ടുകാലത്തെ പെണ്‍കുട്ടികള്‍ മൂക്കുത്തി അണിഞ്ഞിരുന്നത് ആചാരങ്ങളുടെ ഭാഗമായിായിരുന്നു. എന്നാല്‍ ഇന്നു കഥയാകെ മാറി. ഫാഷന്‍ രംഗത്തെയാകെ കൈയോടെ പിടിച്ചിരിക്കുകയാണു മൂക്കുത്തി ഭ്രാന്ത്. ഇതോടെ വിവാഹാഭരണങ്ങളുടെ കൂട്ടത്തിലും ഇവര്‍ കയറിപ്പറ്റി. ചെറിയ ഡയമണ്ടുകള്‍ പതിപ്പിച്ച മൂക്കുത്തിക്കാണ് ആവശ്യക്കാര്‍ ഏറെയും. കൂടാതെ ലൈലാക്ക് ബ്ലൂ, ലെമണ്‍ യെല്ലോ, ഗ്രാസ് ഗ്രീന്‍ തുടങ്ങിയ നിറമുള്ള കല്ലുപതിപ്പിച്ച മൂക്കുത്തിയും ട്രെഡിംഗാണ്. 3000 മുതല്‍ മുകളിലേക്കാണ് ഡയമണ്ട് മൂക്കുത്തികളുടെ വില.

നെഞ്ചോടു ചേര്‍ന്നു താലിമാല

കട്ടിയുള്ള കയറുപിരി മാലയും കച്ചിന്‍ കട്ടും താലിമാലയായി ഉപയോഗിക്കുന്ന പെണ്‍കുട്ടികളെ ഇപ്പോള്‍ കാണാന്‍പോലും കിില്ല.

ഓഫീസില്‍ പോകുമ്പോഴും മറ്റു ചടങ്ങുകള്‍ക്കു പോകുമ്പോഴുമെല്ലാം എലഗന്റ് ലുക്ക് നല്‍കുന്ന മാലകളാണ് പുത്തന്‍ മണവാട്ടിമാര്‍ക്ക് ഇഷ്ടം. അഞ്ചുഗ്രാം മുതല്‍ വരുന്ന സിംഗപ്പൂര്‍ ഡിസൈന്‍ മാലകളാണ് ഇക്കൂട്ടത്തില്‍ പെണ്‍കുട്ടികള്‍ക്കു പ്രിയപ്പെട്ടവര്‍. സ്വര്‍ണംപോലെതന്നെ വൈറ്റ് ഗോള്‍ഡിനും നല്ല സ്വീകാര്യതയാണുള്ളത്.

ഇക്കാര്യം ഓര്‍മിക്കണേ

വിവാഹദിവസം തിളങ്ങാന്‍ പരമാവധി സ്വര്‍ണം വാങ്ങിക്കൂട്ടുന്നതാണ് പലരുടെയും രീതി. ഇതിനായി ആഭരണങ്ങള്‍ തെരഞ്ഞെടുക്കുമ്പോള്‍ ആ ഒരു ദിവസത്തെക്കുറിച്ചു മാത്രമാവും അവരുടെ ചിന്ത. വിവാഹത്തിനും അങ്ങേയറ്റം റിസപ്ഷനും ഇട്ടശേഷം ഈ ആഭരണങ്ങളുടെയെല്ലാം സ്ഥാനം സേഫിലോ ബാങ്ക് ലോക്കറിലോ ആകും. പിന്നെയൊരിക്കലും അവയെക്കുറിച്ചു നമ്മള്‍ ചിന്തിക്കണമെന്നുപോലുമില്ല!

അതുകൊണ്ടുതന്നെ വിവാഹാഭരണങ്ങള്‍ തെരഞ്ഞെടുക്കുമ്പോള്‍ ഒരു ദിവസത്തെ ലുക്കിനേക്കുറിച്ചു മാത്രം ചിന്തിക്കാതെ വീണ്ടും ഉപയോഗിക്കാവുന്ന തരത്തിലുള്ള ആഭരണങ്ങള്‍ വാങ്ങാന്‍ പ്രത്യേകം ശ്രദ്ധിക്കണം. മാത്രമല്ല, പെട്ടെന്നു മാറിപ്പോകുന്ന ട്രെന്‍ഡുകള്‍ ഒഴിവാക്കുന്നതാണ് ഉത്തമം. എക്കാലവും ഉപയോഗിക്കാവുന്ന ഡിസൈനുകള്‍ തെരഞ്ഞെടുക്കുകയാണെങ്കില്‍ എത്രനാള്‍ കഴിഞ്ഞാലും അവ ഉപയോഗിക്കാമല്ലോ.

അഞ്ജലി അനില്‍കുമാര്‍
വിവരങ്ങള്‍ക്ക് കടപ്പാട്: സോണി ജോര്‍ജ്
ജോസ്‌കോ ജ്വല്ലേഴ്‌സ്, കോട്ടയം