കുറ്റപ്പെടുത്തല്‍ ഒഴിവാക്കാം
Wednesday, November 13, 2019 4:51 PM IST
പ്രിയ പത്താംക്ലാസ് വിദ്യാര്‍ഥിനിയാണ്. പിതാവിന് ഡിഫന്‍സിലാണ് ജോലി. പ്രിയയും അമ്മയും അമ്മയുടെ പിതാവിനൊപ്പമാണ് താമസം. അമ്മ എന്തുപറഞ്ഞാലും അവള്‍ എതിര്‍ത്തു സംസാരിക്കും. അമ്മ സ്വരമുയര്‍ത്തിയാല്‍ അവള്‍ അതിലും കൂടുതല്‍ ഉച്ചത്തില്‍ പ്രതികരിക്കും. അപ്പോള്‍ അമ്മ പിന്‍വാങ്ങുകയും അവള്‍ വിചാരിച്ചതുപോലെ കാര്യങ്ങള്‍ നടക്കുകയും ചെയ്യും. പ്രാര്‍ഥനാവേളയില്‍ പ്രിയ വ്യക്തത കുറവുകാണിക്കുന്നത് പറയുമ്പോള്‍ പ്രാര്‍ഥന നിര്‍ത്തി എഴുന്നേറ്റു പോകും. ഉപയോഗമില്ലാത്ത സമയത്ത് ഫാനും ലൈറ്റും ഓഫ് ചെയ്യാന്‍ പറഞ്ഞാല്‍ അനുസരിക്കില്ല. എന്നു മാത്രമല്ല, കയര്‍ത്തു സംസാരിക്കുകയും ചെയ്യും.
അമ്മയുടെ സഹോദരങ്ങളുടെ വീട്ടില്‍ ചെല്ലുമ്പോള്‍ അവളുടെ അഭിപ്രായങ്ങള്‍ക്ക് എതിരായി ആര് സംസാരിച്ചാലും ആ നിമിഷം അവിടെനിന്ന് പിണങ്ങി ഇറങ്ങിപ്പോകും. രാവിലെ കൃത്യസമയത്ത് എഴുന്നേറ്റ് സ്‌കൂളില്‍ പോകാന്‍ ശ്രമിക്കാറില്ല. പലപ്പോഴും അവളുടെ കഠിന വാക്കുകള്‍ കേട്ട് അമ്മ കരയാറാണ് പതിവ്. ഭക്ഷണം കഴിച്ച പാത്രം വൃത്തിയായി കഴുകാത്തത് ചോദ്യം ചെയ്താല്‍ ആക്രോശിച്ച് പാത്രം അവിടെ വച്ചിട്ടു പോകും.
ആവര്‍ത്തിച്ചു പറയേണ്ടതില്ല
പ്രിയയുമായി സംസാരിച്ചപ്പോള്‍ അവള്‍ പല കാര്യങ്ങളും ആത്മാര്‍ഥതയോടെ പങ്കുവച്ചു. ആരു വിമര്‍ശിച്ചാലും അതു തന്നെ ചെറുതാക്കാനാണെന്നും ശക്തമായി തിരിച്ചടിച്ചില്ലെങ്കില്‍ നിലനില്‍പ്പിനു ഭീഷണിയാണെന്നും അവള്‍ കരുതുന്നു. വിമര്‍ശിക്കുന്നവരെയെല്ലാം ശത്രുപട്ടികയിലാണവള്‍ ഉള്‍പ്പെടുത്തുന്നത്. അവള്‍ക്ക് അരോചകവും അസഹ്യവുമായ ഒരു കാര്യം ആവര്‍ത്തിച്ചുള്ള പറയല്‍ ആണ്. പറഞ്ഞത് ചെയ്യാന്‍ അവള്‍ വൈകുമ്പോള്‍ അമ്മ വീണ്ടും വീണ്ടും പറഞ്ഞുകൊണ്ടിരിക്കുന്നത് അവളെ കോപാകുലയാക്കുന്നു.
ഒരു പ്രാവശ്യം പറഞ്ഞാല്‍ താന്‍ ചെയ്യും. അല്പം താമസിക്കുമെന്നു മാത്രം. പക്ഷേ, അതിനു മുമ്പ് അതു പലതവണ പറഞ്ഞ് സൈ്വര്യം കെടുത്തുമ്പോള്‍ സമനില തെറ്റി കോപിക്കുമന്നാണവള്‍ പറയുന്നത്.
അമ്മ അങ്ങനെയൊക്കെ പറയുന്നത് അമ്മയ്ക്കു താന്‍ നല്ലതല്ലെന്നുള്ള തോന്നല്‍ ഉള്ളതുകൊണ്ടാണെന്ന് അവള്‍ കരുതുന്നു. പ്രിയ തനിക്കു പറയാനുള്ള കാര്യങ്ങള്‍ വ്യക്തമായി അവതരിപ്പിച്ചു.
ടിവി നിര്‍ത്തി പഠിക്കാന്‍ താന്‍ ഒരു സമയം നിശ്ചയിച്ചിട്ടുണ്ട്. അതിനു മുമ്പ് പറഞ്ഞ് ദേഷ്യം പിടിപ്പിക്കുന്നത് അമ്മയാണെന്നും അതുകൊണ്ടുതന്നെ താന്‍ മിണ്ടിപ്പോകരുതെന്ന് ഭീഷണിസ്വരത്തില്‍ അമ്മയോടു പറയാറുണ്ടെന്നും അവള്‍ പറഞ്ഞു.
മറ്റുള്ള കുട്ടികളുടെ പിതാക്കന്മാര്‍ സ്‌കൂളില്‍ അവരെ കൊണ്ടുവിടുന്നതും അവര്‍ തമ്മില്‍ സമയം പങ്കിടുന്നതുമൊക്കെ കാണുമ്പോള്‍ തന്റെ അപ്പന്‍ അടുത്തില്ലെന്ന കാര്യമോര്‍ത്ത് ദേഷ്യവും സങ്കടവും വരും. ആ ദേഷ്യം തീര്‍ക്കുന്നത് അയോടാണ്.
പെണ്‍കുട്ടികള്‍ സാധാരണ അമ്മമാരോട് ദേഷ്യപ്പെടാറില്ല. അവര്‍ തമ്മില്‍ കൂട്ടായിരിക്കും. നീ ചീത്തയായതുകൊണ്ടാണ് എല്ലാവരില്‍നിന്ന് വ്യത്യസ്തയായി ഇങ്ങനെ പെരുമാറുന്നതെന്ന് അമ്മ പറയുമ്പോള്‍ ദേഷ്യം ഇരട്ടിയാകും.
വേദനിപ്പിച്ചത് അമ്മയുടെ വാക്കുകള്‍
ഒരു ദിവസം താന്‍ ദേഷ്യപ്പെട്ടപ്പോള്‍ അമ്മ മുറിയില്‍ പോയിരുന്നു കരഞ്ഞു. പ്രിയ അടുത്തു ചെന്നപ്പോള്‍ തനിക്ക് അസുഖം വന്നാല്‍ നോക്കാന്‍ സഹോദരങ്ങളുണ്ട്, നിന്നെ നോക്കാന്‍ ആരും കാണില്ലെന്ന് ഓര്‍ത്തുകൊള്ളണം എന്ന് അമ്മ പറഞ്ഞത് ഏറെ വേദനയുണ്ടാക്കിയെന്ന് പ്രിയ പറഞ്ഞു. തന്റെ ക്രൂരമായ പ്രതികരണം മൂലം അമ്മ പലപ്പോഴും മുറിയില്‍ കയറി വാതില്‍ അടച്ചിരുന്ന് കരയാറുണ്ടന്നും അതു കാണുമ്പോള്‍ ശരിക്കും ദുഃഖം തോന്നാറുണ്ടെന്നും അവള്‍ തുറന്നു പറഞ്ഞു. പക്ഷേ, അത് അമ്മയോടവള്‍ പറയാറില്ല. പഴയതുപോലെതന്നെ പെരുമാറ്റം ആവര്‍ത്തിക്കും.

ഇവിടെ മനഃശാസ്ത്രപരമായ പല വസ്തുതകളും പ്രകടമാണ്. സാധാരണയായി സ്വഭാവവൈകല്യങ്ങള്‍ നിലനിര്‍ത്തുന്നത് കുടുംബത്തിലെ പെരുമാറ്റരീതി ആണ്. കുട്ടി എന്തെങ്കിലും പറയുമ്പോള്‍ അമ്മ എതിര്‍ക്കും. കുട്ടി കൂടുതല്‍ ആവേശത്തോടെ എതിര്‍ത്ത് പ്രതികരിക്കും. അമ്മ വീണ്ടും ശബ്ദമുയര്‍ത്തും. അപ്പോള്‍ കുട്ടി ആക്രോശിക്കുകയും ചിലപ്പോള്‍ സാധനങ്ങള്‍ വലിച്ചെറിയുകയോ വാതില്‍ ശക്തമായി വലിച്ചടയ്ക്കുകയോ ചെയ്യും. ഈ സമയത്ത് അമ്മ പിന്‍വാങ്ങി പരാജയപ്പെട്ട് മാറിപ്പോകും. അവള്‍/ അവന്‍ നേടേണ്ടത് നേടുകയും ചെയ്യുന്നു. അപ്പോള്‍ താന്‍ വിചാരിക്കുന്നത് സാധിക്കാന്‍ ഇതാണു മാര്‍ഗം എന്നവള്‍/അവന്‍ പഠിക്കുന്നു.
ആക്രോശം എതു ലെവലില്‍ എത്തുമ്പോഴാണ് അമ്മ പിന്‍വാങ്ങുന്നതെന്ന് മനസിലാക്കി സ്ഥിരമായി കാര്യസാധ്യത്തിന് ആ മാര്‍ഗം കുട്ടി അവലംബിക്കുന്നു. ഇതു മനസിലാക്കാതെ വീണ്ടും കുട്ടിയോട് അമ്മ പ്രതികരിക്കുകയും ഈ ചക്രം ആവര്‍ത്തിക്കുകയും ചെയ്യും.
ഇതു ശ്രദ്ധിക്കാം
അമ്മയുടെ ഭാഗത്തുനിന്നുള്ള ഇത്തരം ആദ്യ പ്രതികരണം നിര്‍ത്തുകയോ പുനരവലോകനം ചെയ്ത് അവതരിപ്പിക്കുകയോ ചെയ്താല്‍ കുട്ടി ആഗ്രഹിക്കുന്ന ഫലം ലഭിക്കാതെപോകുമ്പോള്‍ ആ രീതി താനെ നിന്നുകൊള്ളും.
മറ്റൊന്ന്, കുട്ടിയുടെ ചിന്താരീതിയാണ്. തന്നെ വിമര്‍ശിക്കുന്നവരെല്ലാം തനിക്കെതിരാണെന്ന ബോധം ഇവിടെ ശക്തമാണ്. അതുകൊണ്ടുതന്നെ അവരെ ചെറുത്തുതോല്‍പ്പിക്കാന്‍ അവര്‍ക്കെതിരേ ആഞ്ഞടിക്കുന്ന കുട്ടിയുടെ പെട്ടെന്നുള്ള ചിന്ത തന്നെ വിമര്‍ശിക്കുന്നവര്‍ തനിക്കെതിരാണെന്നതാണ്. ഇതു കുട്ടിയില്‍ വലിയ വികാരം സൃഷ്ടിക്കുന്നു. വികാരത്തിനനുസരിച്ച് കുട്ടി പ്രവര്‍ത്തിക്കും. ഇത്തരം പെരുമാറ്റത്തിന് അടിസ്ഥാനമായി ചില ജീവിതാനുഭവങ്ങള്‍ കുട്ടിക്കു വളരെ ചെറുപ്പത്തില്‍ ഉണ്ടായിരിക്കാന്‍ ഇടയുണ്ട്.
ആരെങ്കിലും നിശിതമായി വിമര്‍ശിച്ച് അപഹസിച്ചതോ തരംതാഴ്ത്തിയതോ, പുറന്തള്ളിയതോ ആയ അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടാകാം. അതല്ലെങ്കില്‍ മാതാപിതാക്കളോ മറ്റു മുതിര്‍ന്നവരോ ഇത്തരത്തില്‍ പ്രതികരിക്കുന്നത് കണ്ടിട്ടുണ്ടാകാം. ഇത്തരത്തിലുള്ള ബാല്യകാല അനുഭവങ്ങളും അറിവുകളും കൂിച്ചേര്‍ത്ത് മാനസികമായ ഒരു ഫ്രെയിം സൃഷ്ടിച്ച് ബാല്യകാലം കഴിയുമ്പോള്‍ പിന്നീട് ജീവിതം മുഴുവനും ആ ഫ്രെയിമിലൂടെയാണ് ലോകത്തെ നോക്കിക്കാണുക. അതുകൊണ്ട് ആ കാഴ്ചപ്പാടുകളില്‍ യാന്ത്രികമായി പ്രതികരിച്ചുകൊണ്ടിരിക്കും. ഈ യാന്ത്രികരീതി തിരിച്ചറിഞ്ഞ് പെെട്ടന്നുണ്ടാകുന്ന ചിന്തയുടെ അര്‍ഥശൂന്യത മനസിലാക്കിക്കൊടുത്ത് സ്വഭാവം മാറ്റിയെടുക്കാന്‍ കഴിയും. ഇതിന് പലതരം ബിഹേവിയര്‍ തെറാപ്പികള്‍ ലഭ്യമാണ്.
ഡോ. പി.എം ചാക്കോ പാലാക്കുന്നേല്‍
പ്രിന്‍സിപ്പല്‍, നിര്‍ല ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കൗണ്‍സലിംഗ് ആന്‍ഡ് സൈക്കോതെറാപ്പി സെന്റര്‍
കാഞ്ഞിരപ്പള്ളി