വശ്യഭംഗിയൊരുക്കി കുടക്
വശ്യഭംഗിയൊരുക്കി കുടക്
Friday, November 1, 2019 3:18 PM IST
ആരെയും ആകര്‍ഷിക്കുന്ന വശ്യതയാണ് കുടകിന്‍േറത്. നിത്യഹരിത വനങ്ങളും സമതല പ്രദേശവും കോടമഞ്ഞ് മൂടിയ മലനിരകളും കാപ്പി, തേയിലത്തോട്ടങ്ങളും കൊണ്ട് ആകര്‍ഷകമായ പ്രദേശമാണ് ഇവിടം. പശ്ചിമഘട്ടത്തോട് ചേര്‍ന്നു കിടക്കുന്ന കര്‍ണാടകയിലെ ഒരു ജില്ലയാണ് കുടക്. സമുദ്രനിരപ്പില്‍ നിന്നും 900 മീറ്റര്‍ മുതല്‍ 1715 മീറ്റര്‍ വരെ ഉയരത്തിലാണ് ഈ പ്രദേശമുള്ളത്. ഇന്ത്യയുടെ സ്‌കോ്‌ലാന്‍ഡ് എന്നാണ് കുടക് അറിയപ്പെടുന്നത് തന്നെ. കൂര്‍ഗ് എന്ന് വിളിക്കുന്നതും ഈ പ്രദേശത്തെ തന്നെയാണ്. നിരവധി സുഖവാസ കേന്ദ്രങ്ങളാണ് കുടക് കേന്ദ്രീകരിച്ചുള്ളത്.

പണ്ട് ബ്രിട്ടീഷുകാര്‍ നേരിട്ടു ഭരിച്ചിരുന്ന സ്ഥലമായിരുന്നു ഇത്. 1950ല്‍ സ്വതന്ത്ര സംസ്ഥാനമായി മാറി. 1956ല്‍ കുടക് കര്‍ണാടക സംസ്ഥാനത്തില്‍ ലയിച്ചു. ഇപ്പോള്‍ കര്‍ണാടകത്തിലെ ഏറ്റവും ചെറിയ ജില്ലയാണ് കുടക്. സോമവാരപ്പേട്ട്, വീരാജ്‌പേട്ട്, മടിക്കേരി എന്നീ താലൂക്കുകള്‍ ഉള്‍പ്പെടുന്ന പ്രദേശമാണ് ഇത്. പ്രകൃതിയെ ഇഷ്ടപ്പെടുന്നവര്‍ക്കും സാഹസിക സഞ്ചാരികള്‍ക്കും പറ്റിയ സ്ഥലങ്ങള്‍ കുടകിലുണ്ട്. ബാരെപ്പോലെ നദി, കാവേരി നദി എന്നിവിടങ്ങളില്‍ റിവര്‍ റാഫ്റ്റിംഗിന് സൗകര്യമുണ്ട്. പിന്നിയിറച്ചിയാണ് കുടകിലെ പ്രധാന വിഭവം. കൊടവ, തുളു, ഗൗഡ, കുടിയ, ബുന്‍ട തുടങ്ങിയ വിഭാഗത്തില്‍പ്പെവരാണ് കുടകിലുള്ളത്. കാപ്പിയാണ് പ്രധാന വിളയെങ്കിലും തേയില, ഏലം, കുരുമുളക് എന്നിവയും ഇവിടെ കൃഷിചെയ്യുന്നുണ്ട്. ബ്രിട്ടീഷുകാരാണ് കുടകില്‍ കാപ്പി കൃഷിക്ക് തുടക്കമിട്ടത്. അറബിക്ക, റോബസ്റ്റ എന്നീ ഇന ത്തില്‍പ്പെട്ട കാപ്പികളാണ് ഇവിടെ കൃഷിചെയ്യുന്നത്. കാപ്പി പൂവിടുന്ന സമയത്ത് കുടകില്‍ മുഴുവന്‍ കാപ്പിപ്പൂവിന്റെ സുഗന്ധം നിറയും. തോട്ടങ്ങള്‍ മുഴുവന്‍ വെള്ളപ്പരവതാനി വിരിച്ചപോലെയാകും.

കുടകിലെ ആകര്‍ഷണങ്ങള്‍

മടിക്കേരി കോട്ടയും കൊട്ടാരവും
നല്‍ക്‌നാട് കൊട്ടാരം
ടിബറ്റന്‍ മൊണാസ്ട്രി (ഗോള്‍ഡന്‍ ടെമ്പിള്‍)
ഓംകാരേശ്വര ക്ഷേത്രം
തലക്കാവേരി
അബ്ബി വെള്ളച്ചാട്ടം
ഇരുപ്പ് വെള്ളച്ചാട്ടം
മല്ലള്ളി വെള്ളച്ചാട്ടം
ചെലവാര വെള്ളച്ചാട്ടം
ഹാരംഗി അണക്കെട്ട്
കാവേരി നിസര്‍ഗധാമ
ദുബരെ ആന പരിശീലന കേന്ദ്രം
ഹൊന്നമനകരെ
നാഗര്‍ഹോളെ നാഷണല്‍ പാര്‍ക്ക്
ബന്ദിപ്പൂര്‍ നാഷണല്‍ പാര്‍ക്ക്

തലക്കാവേരി

കാവേരി നദിയുടെ ഉത്ഭവ സ്ഥലമാണ് തലക്കാവേരി. ഇവിടത്തെ ബ്രഹ്മഗിരി മലനിരകളില്‍നിന്നാണ് കാവേരി പിറവികൊള്ളുന്നത്. സമുദ്രനിരപ്പില്‍ നിന്നും 1,608 മീറ്റര്‍ ഉയരത്തിലാണ് ബ്രഹ്മഗിരി മലനിരകള്‍. തലക്കാവേരിയോട് ചേര്‍ന്ന് ബ്രിഹദ്ദേശ്വര ക്ഷേത്രം സ്ഥിതിചെയ്യുന്നു. കുടകിന്റെ ആസ്ഥാനമായ മഡിക്കേരിയില്‍നിന്നും 48 കിലോമീറ്റര്‍ അകലെയാണ് തലക്കാവേരി സ്ഥിതിചെയ്യുന്നത്. വന്യമൃഗ സംരക്ഷണ കേന്ദ്രമായ പ്രദേശം കൂടിയാണ് ഇവിടം.


മടിക്കേരി കൊട്ടാരം

പതിനേഴാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ചതാണ് മടിക്കേരി കോട്ടയും കൊാരവും. പിന്നീട് ഈ കോട്ട ടിപ്പുവിന്റെ കടന്നുവരവോടെ പുതുക്കിപ്പണിതു. പതിനൊം നൂറ്റാണ്ട് ആയപ്പോഴേക്കും ഇത് ബ്രിട്ടീഷുകാരുടെ ആധിപത്യത്തിനു കീഴിലായി. മടിക്കേരി നഗരത്തില്‍ തന്നെയാണ് കൊട്ടാരമുള്ളത്.

ഗോള്‍ഡന്‍ ടെംപിള്‍

ബൈലേകുപ്പയിലാണ് ടിബറ്റന്‍ മൊണാസ്ട്രിയായ ഗോള്‍ഡന്‍ ടെംപിള്‍ സ്ഥിതിചെയ്യുന്നത്. 1995ലായിരുന്നു ഇതിന്റെ നിര്‍മാണം. 40 അടി ഉയരമാണ് ഗോള്‍ഡന്‍ ടെംപിളിനുള്ളത്. ക്ഷേത്രത്തിനകത്ത് സ്വര്‍ണ നിറത്തിലുള്ള നിരവധി ബുദ്ധ പ്രതിമകള്‍ സ്ഥാപിച്ചിട്ടുണ്ട്. മഡിക്കേരിയില്‍നിന്ന് 35 കിലോമീറ്റര്‍ അകലെയാണ് ഗോള്‍ഡന്‍ ടെംപിള്‍ സ്ഥിതിചെയ്യുന്നത്.



അബ്ബി വെള്ളച്ചാട്ടം

മഡിക്കേരിയില്‍നിന്നും ആറ് കിലോമീറ്റര്‍ അകലെയാണ് അബ്ബി വെള്ളച്ചാം. മഴക്കാലത്ത് വെള്ളച്ചാട്ടത്തിന് ശക്തികൂടുകയും ഇവിടം വെള്ളംവീഴുന്ന ശബ്ദത്താല്‍ മുഖരിതമാവുകയും ചെയ്യും. വെള്ളച്ചാട്ടത്തിന്റെ എതിര്‍വശത്തായി ഒരു തൂക്കപാലമുണ്ട്. ഇതില്‍ കയറിനിന്നാല്‍ ഇവിടത്തെ ദൃശ്യഭംഗി നന്നായി ആസ്വദിക്കാം.

ട്രക്കിംഗ് കേന്ദ്രങ്ങള്‍

ബ്രഹ്മഗിരി മലനിരകളുടെ ഭാഗമായ പുഷ്പഗിരി, കോട്ടെ ബെട്ട, ഇക്ഷുത്താപ്പ, നീശാനി മൊട്ടേ തുടങ്ങിയവ കൂര്‍ഗിലെ പ്രധാന ട്രക്കിംഗ് കേന്ദ്രങ്ങളാണ്.

സന്ദര്‍ശന കാലം

ഒക്‌ടോബര്‍ മുതല്‍ മാര്‍ച്ച് വരെയാണ് കുടക് സന്ദര്‍ശിക്കാന്‍ പറ്റിയ മാസങ്ങള്‍. തെളിഞ്ഞ കാലാവസ്ഥയും തണുപ്പും ഒത്തുചേരുന്ന സമയമാണിത്.

എങ്ങനെ എത്താം

എറണാകുളത്തുനിന്ന് ദേശീയപാത 66 ലൂടെ ഗുരുവായൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, തോല്‍പ്പെട്ടി വഴി കുടകിലേക്ക് 356 കിലോമീറ്റര്‍.

തിരുവനന്തപുരത്തുനിന്ന് ദേശീയപാത 66 ലൂടെ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഗുരുവായൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, തോല്‍പ്പെട്ടി വഴി കുടകിലേക്ക് 563 കിലോമീറ്റര്‍.
അടുത്തുള്ള വിമാനത്താവളം മൈസൂര്‍-. 127 കിലോമീറ്റര്‍ ദൂരം
അടുത്തുള്ള അന്താരാഷ്ട്ര വിമാനത്താവളം മംഗലാപുരം- 157 കിലോമീറ്റര്‍ ദൂരം
അടുത്തുള്ള റെയില്‍വേ സ്‌റ്റേഷന്‍ മൈസൂര്‍ ജംഗ്ഷന്‍ -95 കിലോമീറ്റര്‍ ദൂരം.

മനീഷ് മാത്യു