വീടുവിട്ട് യാത്ര പോകുമ്പോള്‍ ശ്രദ്ധിക്കാം
വീടുവിട്ട് യാത്ര പോകുമ്പോള്‍ ശ്രദ്ധിക്കാം
Friday, October 18, 2019 4:46 PM IST
ഒന്നിലധികം ദിവസത്തേക്ക് വീടുവിട്ട് യാത്ര പോകുമ്പോള്‍ വീട്ടിലെ സുരക്ഷയെക്കുറിച്ചോര്‍ത്ത് പലരും വിഷമിക്കാറുണ്ട്. അല്‍പം കരുതിയിരുന്നാല്‍ ആശങ്കയുടെ കാര്യമില്ല. അതുപോലെത്തന്നെ വീട്ടില്‍ തനിച്ചു താമസിക്കുന്നവരും കരുതിയിരിക്കേണ്ട ചില കാര്യങ്ങളിതാ...

* അധികദിവസം വീടുമാറി നില്‍ക്കുമ്പോള്‍ തൊട്ടടുത്ത പോലീസ് സ്‌റ്റേഷനില്‍ വിവരം അറിയിക്കണം.

* വീടിന്റെ പുറത്തെ ലൈറ്റുകള്‍ ഓണ്‍ ചെയ്തിട്ടാല്‍ പകല്‍ അത് മോഷ്ട്ടാക്കളുടെ ശ്രദ്ധയില്‍പ്പെടാന്‍ സാധ്യതയേറെയാണ്. അകത്തെ മുറിയിലോ ഹാളിലോ ലൈറ്റ് ഓണ്‍ ചെയ്തിടാവുന്നതാണ്.

* വാക്കത്തി, മണ്‍വെട്ടി, കോടാലി, കമ്പിപ്പാര മുതലായവ വീടിന്റെ പുറത്ത് സൂക്ഷിക്കാതിരിക്കുക.

* വാതിലുകളും ജനലുകളും കൃത്യമായി അടക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. കഴിയുന്ന പക്ഷം ബാക്കപ്പുള്ള സിസിടിവി കാമറകള്‍ വീടിന് ചുറ്റും ഘടിപ്പിക്കുക.

* അയല്‍വാസികളുമായി സൗഹൃദ ബന്ധം പുലര്‍ത്തുകയും, ഫോണ്‍ നമ്പറുകള്‍ പരസ്പരം കൈമാറുകയും ചെയ്യുക.

* വളര്‍ത്തുനായ്ക്കള്‍ വളരെ നല്ല സംരക്ഷകരാണ്. വീട്ടില്‍ ആളില്ലാത്ത സമയങ്ങളില്‍ നായ്കളുള്ള പുരയിടത്തില്‍ അപരിചിതര്‍ കയറാന്‍ സാധ്യത കുറവാണ്. ഭിക്ഷക്കാരായും കച്ചവടക്കാരായും മോഷ്ടാക്കള്‍ക്ക് വേണ്ടി വിവരങ്ങള്‍ ശേഖരിക്കുന്നവര്‍ വീട്ടില്‍ എത്താന്‍ സാധ്യതയുണ്ടെന്ന ചിന്ത എപ്പോഴും മനസില്‍ ഉണ്ടാകണം.

* വീടിന്റെ ഭിത്തിയിലോ മതിലിലോ ഏതെങ്കിലും തരത്തിലുള്ള അടയാളങ്ങളോ ചിഹ്നങ്ങളോ കാണുകയാണെങ്കില്‍ അത് പോലീസ് സ്‌റ്റേഷനിലോ, പോലീസ് കണ്‍ട്രോള്‍ (Dial 100) റൂമിലോ അറിയിക്കണം

പൊതുവായ വിവരങ്ങള്‍

* ഒരു വിസില്‍ വാങ്ങി വീട്ടില്‍ സൂക്ഷിക്കുക. എന്തെങ്കിലും മോഷണശ്രമം രാത്രി ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍ വിസില്‍ ഉപയോ ഗിക്കുക.
* ടോര്‍ച്ച്, എമര്‍ജന്‍സി മുതലായവ ചാര്‍ജ് ചെയ്ത് കൈയെത്തും ദൂരെ സൂക്ഷിക്കുക.
* കാറിലും മറ്റും ഉപയോഗിക്കുന്ന സൈറണ്‍, സ്വിച്ചും ബാറ്ററിയും ഘടിപ്പിച്ച് വളരെ ചിലവ് കുറഞ്ഞ ഒരു അലാറം ആയി ഉപയോഗിക്കാം.
* തനിച്ച് താമസിക്കുന്നവര്‍ മൊബൈല്‍ ഫോണില്‍ തൊട്ടടുത്ത വീട്ടുകാരുടെ നമ്പര്‍ ലാസ്റ്റ് ഡയല്‍ ചെയ്തിടുക. ഇങ്ങനെ ചെയ്താല്‍ അത്യാവശ്യഘട്ടത്തില്‍ ഫോണ്‍ നമ്പര്‍ തപ്പിയെടുക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കാനാവും.
* തൊട്ടടുത്ത പോലീസ് സ്‌റ്റേഷനിലെ ഫോണ്‍ നമ്പര്‍ കിടപ്പുമുറിയിലെവിടെയെങ്കിലും പെെട്ടന്ന് കാണാവുന്ന തരത്തില്‍ എഴുതി ഒട്ടിക്കുന്നത് നല്ലതാണ്. തൊടുത്ത പോലീസ് സ്‌റ്റേഷനിലെ എസ്‌ഐയുടെ വാട്‌സ്ആപ്പ് നമ്പര്‍ സേവ് ചെയ്തു വയ്ക്കുക. മോഷ്ടാക്കള്‍ കയറിയാല്‍ വിവരമറിയിച്ച ശേഷം വാട്‌സ്ആപ്പ് വഴി നിങ്ങളുടെ വീടിന്റെ ലൊക്കേഷന്‍ കൈമാറാം. ഇതിലൂടെ പോലീസിന് വളരെ എളുപ്പത്തില്‍ ഗൂഗിള്‍ മാപ്പ് ഉപയോഗിച്ച് നിങ്ങളുടെ വീട് കണ്ടു പിടിക്കാന്‍ കഴിയും.

* അയല്‍ക്കാരുമായി ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കി നിങ്ങളുടെ ജനമൈത്രി ബീറ്റ് ഓഫീസറുടെ നമ്പര്‍ കൂടി ആഡ് ചെയ്യുക
* പ്രായമായവരാണെങ്കില്‍ വീട്ടിനകത്ത് കടന്ന മോഷ്ടാക്കളെ കായികമായി എതിര്‍ക്കാന്‍ ശ്രമിക്കരുത്. അത് അവരെ കൂടുതല്‍ പ്രകോപിപ്പിച്ച് കൊലപാതകത്തില്‍ വരെ എത്താന്‍ സാധ്യതയുണ്ട്.
* ആയുധങ്ങളുപയോഗിച്ച് മോഷ്ടാക്കളെ നേരിടരുത്. കാരണം ആ ആയുധം അവര്‍ കൈക്കലാക്കി നിങ്ങളെ തിരിച്ച് ആക്രമിക്കാന്‍ സാധ്യത ഏറെയാണ്.
* മോഷ്ടാക്കള്‍ വീട്ടില്‍ കടന്നുവെന്ന് മനസിലാക്കിയാല്‍ ഭയപ്പെടാതെ, ആത്മസംയമനം കൈവിടാതെ ശബ്ദംതാഴ്ത്തി പോലീസിനെയോ അയല്‍വാസികളെയോ വിവരമറിയിക്കുക.
* റസിഡന്റസ് അസോസിയേഷനുകളുമായി ബന്ധപ്പെട്ട് സംയുക്തമായി സമീപ പ്രദേശങ്ങളിലും പരിസരങ്ങളിലും സിസിടിവി കാമറ സംവിധാനങ്ങള്‍ ഒരുക്കുക.
* ഇന്‍വെര്‍ട്ടര്‍ സംവിധാനം പ്രയോജനപ്പെടുത്തുക
* ഇന്ന് വിപണിയില്‍ അധികം പണചെലവില്ലാത്ത സുരക്ഷാ സംവിധാനങ്ങള്‍ ലഭ്യമാണ്. അത് പ്രയോജനപ്പെടുത്തുക.
* കൂടുതല്‍ സ്വര്‍ണ്ണാഭരണങ്ങളുള്ളവര്‍ ബാങ്ക് ലോക്കര്‍ സംവിധാനം ഉപയോഗിക്കുക.
* വീട്ടിലെത്തുന്ന അപരിചിതരോട് വ്യക്തി വിവരങ്ങള്‍ കൈമാറാതിരിക്കുക.
* വീടിന് പുറത്തുള്ള ലൈറ്റുകളില്‍ ബള്‍ബുകള്‍ എളുപ്പത്തില്‍ ഊരിമാറ്റാന്‍ കഴിയാത്ത തരത്തിലുള്ളവ ഫിറ്റ് ചെയ്യുക.
* തനിച്ച് താമസിക്കുന്ന നിങ്ങളുടെ ബന്ധുക്കളെ രാത്രി ഉറങ്ങും മുന്‍പും രാവിലെ ഉണര്‍ന്നയുടനെയും ഫോണില്‍ ബന്ധപ്പെടുക. അവരുടെ അയല്‍വാസികളുടെ ഫോണ്‍ നമ്പറും കൈയില്‍ കരുതണം. വിളിച്ചി് പ്രതികരണം ലഭിക്കാതിരിക്കുന്ന അവസരങ്ങളില്‍ അയല്‍വാസികളെ വിവരമറിയിക്കുക.
* വീട്ടിലെ പുരുഷന്മാര്‍ രാത്രിയില്‍ അമിതമായി മദ്യപിച്ച് ബോധമില്ലാത്ത തരത്തില്‍ ഉറങ്ങരുത്.
* രാത്രി അസമയത്ത് കോളിംഗ് ബെല്‍ അടിച്ചാല്‍ പരിചയമില്ലാത്തവരാണെങ്കില്‍ വാതില്‍ തുറക്കരുത്. മോഷ്ടാക്കള്‍ സംഘമായി എത്തുന്ന രീതിയുണ്ട്. അവര്‍ വളരെ പെെട്ടന്ന് വീട്ടിലെ അംഗങ്ങളെ ആക്രമിച്ച് കീഴ്‌പ്പെടുത്താന്‍ സാധ്യതയുണ്ട്.
* വീട്ടില്‍ ജോലിക്ക് വരുന്നവരുടെ തിരിച്ചറിയല്‍ രേഖകള്‍ വാങ്ങി സൂക്ഷിക്കുക. പ്രത്യേകിച്ച് അന്യസംസ്ഥാന തൊഴിലാളികളാണെങ്കില്‍ അവരുടെ വിവരങ്ങളും രേഖകളും തൊട്ടടുത്ത പോലീസ് സ്‌റ്റേഷനില്‍ നല്‍കണം.

വിവരങ്ങള്‍ക്ക് കടപ്പാട്
രഘു പി.എസ്
ടൂറിസം പോലീസ് സ്റ്റേഷന്‍ ,ഫോര്‍ട്ടുകൊച്ചി