കേരളത്തിന്റെ ടീച്ചറമ്മ
കേരളം കണ്ടതില്‍ വച്ച് ഏറ്റവും മികച്ച ആരോഗ്യമന്ത്രിയാണ് ശൈലജ ടീച്ചര്‍, വെറും ടീച്ചറല്ല... ടീച്ചറമ്മ എന്നു വിളിക്കണം, ടീച്ചറെ നിങ്ങളിങ്ങനെ അത്യാവശ്യമുള്ളയിടത്തെല്ലാം മാലാഖയെപോലെ പറന്നിറങ്ങുമ്പോള്‍ എന്ത് പ്രതിസന്ധിയും നമ്മള്‍ അതിജീവിക്കും...ആരോഗ്യരംഗത്തെ നല്ല മാതൃക നമ്മുടെ കേരളത്തില്‍ നിന്നും ലോകം പഠിക്കട്ടെ...എന്നിങ്ങനെയാണ് സോഷ്യല്‍ മീഡിയയില്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജയെപ്പറ്റി ഉയരുന്നു കമന്റുകള്‍...

കേരളത്തിലെ സ്ത്രീ സമത്വ പോരാങ്ങളില്‍ എന്നും മുന്‍ നിരയിലുണ്ടായിരുന്ന ടീച്ചര്‍ ആരോഗ്യമന്ത്രിയായതിനു ശേഷം കേരളം മുമ്പൊന്നും നേരിടാത്ത വെല്ലുവിളിയാണ് അഭിമുഖീകരിക്കേണ്ടിവന്നത്. കൃത്യമായി പറഞ്ഞാല്‍ 2018 മേയ് 18 നായിരുന്നു കേരളം നേരിട്ട വെല്ലുവിളി. അന്നായിരുന്നു മനുഷ്യനെ കൂട്ടത്തോടെ കൊന്നൊടുക്കാന്‍ കെല്പുള്ള നിപ എന്ന മഹാമാരി കേരളത്തില്‍ സ്ഥിരീകരിച്ച ദിവസം. എങ്കിലും നമ്മള്‍ അതിനെ അതിജീവിച്ചു. നിപ്പയെ തുരത്തിയ ടീച്ചര്‍ ഇന്ന് ഒരുപാട് പേര്‍ക്ക് പ്രതീക്ഷയാണ്. സോഷ്യല്‍ മീഡിയയും ഫോണും വഴി ടീച്ചറെ തേടി ദിവസവും സഹായാഭ്യര്‍ഥനകള്‍ വരുന്നു. ആരെയും നിരാശരാക്കാതിരിക്കാന്‍ തന്റെ മടിത്തട്ടിലെ മക്കളെപോലെ ഓരോരുത്തര്‍ക്കം കരുതല്‍ നല്‍കുന്ന മന്ത്രിക്ക് മലയാളി ഒരു പേരിട്ടു ടീച്ചറമ്മ... അങ്ങനെയാണ് ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ കേരളത്തില്‍ അറിയപ്പെടുന്നത്. ദീപിക വുമണ്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം നേടിയ ശൈലജ ടീച്ചറുടെ വിശേഷങ്ങളിലേക്ക്...

കണ്ണൂരില്‍ നിന്നും തുടങ്ങി

കണ്ണൂര്‍ ജില്ലയിലെ ഇരിട്ടിക്കടുത്ത ഗ്രാമത്തിലെ ഇടത്തരം കുടുംബത്തില്‍ ജനിച്ച് പോരാട്ടവഴികളിലൂടെ ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ അമരത്തെത്തിയ കരുത്തുള്ള സ്ത്രീയാണ് ശൈലജ ടീച്ചര്‍. 1956 നവംബര്‍ 20ന് കെ. കുണ്ടന്‍ - കെ.കെ. ശാന്ത ദമ്പതികളുടെ മകളായി കണ്ണൂര്‍ ജില്ലയിലെ മാടത്തിലാണ് ശൈലജ ജനിച്ചത്. മട്ടന്നൂര്‍ പഴശിരാജ, എന്‍എസ്എസ് കോളജില്‍ ബിരുദപഠനവും പൂര്‍ത്തിയാക്കി ശിവപുരം ഹൈസ്‌കൂളില്‍ അധ്യാപികയായി ജോലിയില്‍ പ്രവേശിച്ചു. കെമിസ്ട്രിയിലായിരുന്നു ബിരുദം. തുടര്‍ന്ന് ബിഎഡും പാസായി. കുറെ കാലം സ്‌കൂളില്‍ ടീച്ചറായി ജോലി ചെയ്തു. ഫിസിക്‌സാണ് സ്‌കൂളില്‍ പഠിപ്പിച്ചിരുന്നത്. ഇക്കാലയളവില്‍ ഇടതുപക്ഷ മഹിളാ സംഘടനയുടെയും യുവജന സംഘടനയുടെയും യൂണിറ്റ് ഭാരവാഹിയായി. സമരപോരാ രംഗങ്ങളില്‍ സജീവമായി ഇടപ്പെതോടെ മേല്‍കിറ്റികളിലേക്ക് ഉയര്‍ത്തപ്പെട്ടു. ഏഴു വര്‍ഷത്തെ സര്‍വീസ് ബാക്കി നില്‍ക്കെ മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തനത്തിനായി 2004 ല്‍ സ്വയം വിരമിച്ചു.

മന്ത്രി പദത്തിലേക്ക്

മട്ടന്നൂര്‍ ശിവപുരം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പഴയ സ്‌കൂള്‍ ടീച്ചര്‍ സ്ഥാനത്തു നിന്നാണ് മന്ത്രിക്കസരേയിലേക്ക് ശൈലജ ടീച്ചര്‍ എത്തിയത്. സ്ത്രീകള്‍ക്കുനേരെ അതിക്രമങ്ങളുണ്ടാകുമ്പോഴെല്ലാം പ്രതിരോധത്തിന്റെ ഊര്‍ജവുമായി ശബ്ദ മുയര്‍ത്തുന്ന ടീച്ചര്‍ക്കുള്ള അര്‍ഹിക്കുന്ന സമ്മാനമായിരുന്നു മന്ത്രിപദം. ഏതു വിഷയവും പഠിച്ച് അലവലോകനം ചെയ്യാന്‍ പ്രത്യേക കഴിവുള്ള ശൈലജ ടീച്ചര്‍ പേരാവൂര്‍ മണ്ഡലത്തിന്റെ സമഗ്രവികസനം ലക്ഷ്യമിട്ട് തയാറാക്കിയ വികസന രേഖ മാതൃകപരമായതിനാല്‍ പ്രശംസ ലഭിച്ചിരുന്നു. കുട്ടികളുടെയും സ്ത്രീകളുടെയും ക്ഷേമത്തിനായുള്ള സമിതി അധ്യക്ഷനായിരുന്നു.

കെ.കെ.ശൈലജ ടീച്ചര്‍ കേരള രാഷ്ട്രീയത്തിലെ കരുത്തുറ്റ പെണ്‍പക്ഷമാണ്. സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ മുന്‍ നിര്‍ത്തി നിയമസഭയ്ക്ക് അകത്തും പുറത്തും ശൈലജ ടീച്ചര്‍ നയിച്ച പോരാട്ടങ്ങള്‍ ശ്രദ്ധേയമായിരുന്നു. വനിതകളില്‍ കേരളം അറിയപ്പെടുന്ന പ്രഭാഷകയായ ശൈലജ പിണറായി മന്ത്രിസഭയില്‍ ആരോഗ്യം, സാമൂഹിക ക്ഷേമം എന്നീ വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന മന്ത്രിയായി. നിപ്പയെപ്പറ്റി 2019ല്‍ ഇറങ്ങിയ ആഷിക്ക് അബു സംവിധാനം ചെയ്ത വൈറസ് എന്ന ചിത്രത്തില്‍ രേവതിയായി രുന്നു കെ.കെ. ശൈലജ ആയി വേഷമിട്ടത്.

ആരാധന എം.ടിയോട്

ധാരാളം പുസ്തകങ്ങള്‍ വായിക്കുന്ന കൂട്ടത്തിലാണ് ശൈലജ. അമ്മാവന്‍മാരായിരുന്നു വായനയില്‍ താത്പര്യം തോന്നിപ്പിച്ചത്. ഉറൂബിനെയും പൊറ്റക്കാടിനെയും വായിച്ചുതുടങ്ങിയ ശൈലജ ടീച്ചര്‍ക്ക് ആരാധന തോന്നിയത് എം.ടിയോടായിരുന്നു. ബിരുദ പഠനകാലത്ത് ഇംഗ്ലീഷ് സാഹിത്യത്തിലായിരുന്നു ശ്രദ്ധ. ഷേക്‌സ്പിയറും മാക്‌സിം ഗോര്‍ക്കിയും ടോള്‍സ്റ്റോയിയും വായനയുടെ ലോകത്ത് നിറഞ്ഞു നിന്നിരുന്നു. കവിത വായിക്കാനും ചൊല്ലാനും ഇഷ്ടപ്പെടുന്ന ശൈലജ ടീച്ചര്‍ വയലാറിന്റെ ഭൂരിഭാഗം കവിതകളും വായിച്ചിട്ടുണ്ട്. ഒഎന്‍വിയുടെ കവിതയെക്കുറിച്ച് 'ഒഎന്‍വി മലയാളത്തിന്റെ നേരാങ്ങള' എന്ന പേരില്‍ നിരൂപണവും എഴുതി. അത് സ്ത്രീ ശബ്ദത്തില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു.


കുടുംബം

എല്‍പി സ്‌കൂള്‍ റിട്ട. മുഖ്യാധ്യാപകനും മട്ടന്നൂര്‍ മുനിസിപ്പല്‍ ചെയര്‍മാനുമായിരുന്ന സിപിഎം നേതാവ് കെ. ഭാസ്‌കരനാണ് ഭര്‍ത്താവ്. മക്കള്‍: ശോഭിത്ത് (എന്‍ജിനിയര്‍, ഗള്‍ഫ്), ലസിത്ത് (എന്‍ജിനിയര്‍, കിയാല്‍).

സോഷ്യല്‍ മീഡിയയില്‍ താരം

മന്ത്രിയായി സ്ഥാനമേറ്റ ശേഷം പലയവസരങ്ങളില്‍ കെ.കെ.ശൈലജ ഇടപെട്ട വിഷയങ്ങളിലെ കരുതലും ചടുലമായ നടപടികളും ഒക്കെയാണ് ടീച്ചറമ്മ എന്ന പേര്‍ സോഷ്യല്‍മീഡിയ ചാര്‍ത്തിക്കൊടുത്തത്. സോഷ്യല്‍ മീഡിയയിലൂടെ ശൈലജ ടീച്ചറിനോട് സഹായം അഭ്യര്‍ഥിച്ചപ്പോള്‍ ഉടന്‍ പരിഹാരം കണ്ടെത്തിയ നിരവധി സംഭവങ്ങള്‍ ഉണ്ട്.

മഴക്കെടുതിയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കിടയിലും ആരോഗ്യമന്ത്രിയുടെ കരുതലിന്റെ നേര്‍സാക്ഷ്യം വിവരിച്ച് രംഗത്തുവന്ന മാനന്തവാടി എംഎല്‍എ ഒ.ആര്‍. കേളുവിന്റെ പഴ്‌സണല്‍ അസിസ്റ്റന്റ് രാജേഷിന്റെ പോസ്റ്റ് വൈറലായി മാറിയിരുന്നു. സിക്കിള്‍ സെല്‍ അനീമിയ രോഗബാധിതയുടെ വീട് സന്ദര്‍ശിക്കാന്‍ രാത്രി മഴ വകവയ്ക്കാതെ എത്തിയ ആരോഗ്യ മന്ത്രിയെ കുറിച്ചാണ് രാജേഷ് കുറിച്ചത്. രാജേഷിന്റെ കുറിപ്പ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.

'ടീച്ചര്‍ എന്തെല്ലാമാണ് എന്നൊന്നും ഇപ്പോള്‍ പറയുന്നില്ല. പക്ഷേ ഒന്നു വ്യക്തമായി പറയാം മലയാളിക്കുമേല്‍ പടര്‍ന്നു പന്തലിച്ചുനില്‍ക്കുന്ന സ്‌നേഹത്തിന്റെ, കരുതലിന്റെ ഉറവ വറ്റാത്ത പ്രതീകമാണ് അവര്‍. മുന്നോട്ടുള്ള യാത്രയില്‍ ശൈലജ ടീച്ചര്‍ ഇനിയും കേരളമാകെ ആരോഗ്യമേഖലയില്‍ തണല്‍ വിരിച്ചുകൊണ്ടേയിരിക്കും..... തീര്‍ച്ച' രാജേഷ് പോസ്റ്റില്‍ പറയുന്നു. അതേ മലയാളിയുടെ മേല്‍ പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന സ്‌നേഹത്തിന്റെ കരുതല്‍ തന്നെയായി മാറി കഴിഞ്ഞു ടീച്ചറമ്മ എന്ന മന്ത്രി കെ.കെ. ശൈലജ.

വല്യയില്‍ നിന്നും പാഠങ്ങള്‍ പഠിച്ച് രാഷ്ട്രീയത്തിലേക്ക്

കമ്യൂണിസ്റ്റിന്റെ ജീവിതം ഒരുപാട് ത്യാഗങ്ങള്‍ നിറഞ്ഞതാണെന്ന പാഠം ശൈലജ പഠിച്ചത് വല്യ എം.കെ. കല്യാണിയയില്‍നിന്നാണ്. പാര്‍ട്ടി നിരോധിക്കപ്പെട്ട കാലത്തും പാര്‍ട്ടിയുടെ ആശയങ്ങള്‍ക്കു വേണ്ടി പോരാടിയ കല്യാണിയയുടെ ജീവിത മൂല്യങ്ങളാണ് ശൈലജ ടീച്ചര്‍ തന്റെ ജീവിതത്തിലും പകര്‍ത്തിയത്. മട്ടന്നൂര്‍ പഴശിരാജ കോളജില്‍ വിദ്യാര്‍ഥിയായിരിക്കെ എസ് എഫ്‌ഐയിലൂടെ രാഷ്ട്രീയത്തിലെത്തിയ ശൈ ലജ പിന്നീട് ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗമായി. ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യ സെക്രട്ടറി എന്നീ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ച ശൈലജ മഹിളാ അസോസിയേഷന്റെ സ്ത്രീശബ്ദം മാസികയുടെ പത്രാധിപസ്ഥാനവും വഹിച്ചിട്ടുണ്ട്. 1996ല്‍ പഴയ കൂത്തുപറമ്പ് മണ്ഡലത്തില്‍ നിന്നും 2006ല്‍ പേരാവൂര്‍ മണ്ഡലത്തില്‍നിന്നും നിയമസഭാംഗമായി. മണ്ഡലം പുനര്‍നിര്‍ണയത്തിനുശേഷം നിലവില്‍വന്ന പേരാവൂര്‍ മണ്ഡലത്തില്‍നിന്ന് 2011ല്‍ പരാജയപ്പെട്ടു. കേരള നിയമസഭയില്‍ 1996ല്‍ കൂത്തുപറമ്പിനേയും 2006ല്‍ പേരാവൂരിനേയും പ്രതിനിധീകരിച്ചു. 2016ല്‍ കണ്ണൂര്‍ ജില്ലയിലെ കൂത്തുപറമ്പ് മണ്ഡലത്തില്‍ 67,013 വോട്ട് നേടി. 12,291 വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് ശൈലജ വിജയിച്ചത്.

റെനീഷ് മാത്യു