കൂരകള്‍ തേടുന്നവരുടെ കൂട്ടുകാരി
''പച്ചപ്പൂ പട്ടു വിരിച്ചു പൂക്കള്‍ക്കുട ചൂടി നിറച്ചു
ചെല്ലക്കിളി കൊഞ്ചലാരവങ്ങളുള്ള വീടുണ്ട്..
വീട്ടിലെ സ്‌നേഹക്കുടമായ് ഓമനിക്കാന്‍ അമ്മയുമുണ്ട്
താരാട്ടു പാട്ടുപാടി ചാഞ്ഞുറക്കാന്‍ അഛനുണ്ട്..
മൂവാണ്ടന്‍ മാവിന്‍ കീഴില്‍ മാമ്പഴം കോരിയെടുക്കാനായ്
എന്നുമെന്നുമെന്റെ തോഴനായ് ഏന്‍ കൂടെയുണ്ട്..
പച്ചപ്പൂ പട്ടു വിരിച്ചു പൂക്കള്‍ക്കുട ചൂടി നിറച്ചു
ചെല്ലക്കിളി കൊഞ്ചലാരവങ്ങളുള്ള വീടുണ്ട്.

(പി.ജയചന്ദ്രന്‍ പാടിയ സിനിമാഗാനം)

വീട്, വീട്ടുകാര്‍, സന്തോഷമുള്ള കുടുംബാന്തരീക്ഷം... ഇവയെല്ലാം മനുഷ്യന്റെ സ്വപ്‌നങ്ങളില്‍ എന്നുമുണ്ട്. ഈ സ്വപ്‌നങ്ങള്‍ യാഥാര്‍ഥ്യമാക്കാന്‍ ബുദ്ധിമുട്ടുന്നവര്‍ക്കു മുമ്പില്‍ കരുതലിന്റെ കരങ്ങളുമായി ഒരു സന്യാസിനി ഓടിയെത്തും; കൂടെ കൂട്ടായ്മയുടെ കൈകോര്‍ത്ത് ഒരു വിദ്യാലയവും.

ഇതു സിസ്റ്റര്‍ ലിസി ചക്കാലയ്ക്കല്‍. കൊച്ചി തോപ്പുംപടി ഔവര്‍ ലേഡീസ് കോണ്‍വെന്റ് ഗേള്‍സ് ഹൈസ്‌കൂളിലെ പ്രധാന അധ്യാപിക. ഫ്രാന്‍സിസ്‌കന്‍ മിഷണറീസ് ഓഫ് മേരി (എഫ് എം എം) സന്യാസിനീ സമൂഹാംഗമെന്ന നിലയില്‍ ഹൃദയത്തില്‍ ഏറ്റുവാങ്ങിയ സാമൂഹ്യ സേവനസന്നദ്ധത ഇന്നു നൂറുകണക്കിനു കുടുംബങ്ങളില്‍ പ്രകാശമാണ്.

സിസ്റ്ററുടെ നേതൃത്വത്തില്‍ സ്‌കൂളില്‍ രൂപീകരിച്ച ഹൗസ് ചലഞ്ച് പദ്ധതിയുടെ ഭാഗമായി ഇതുവരെ നിര്‍മിച്ചതു 110 വീടുകള്‍. ഭവനരഹിതരില്ലാത്ത സമൂഹമെന്ന വലിയ സ്വപ്‌നം കണ്ട സിസ്റ്റര്‍ ലിസി ചക്കാലയ്ക്കല്‍ നടത്തിയ ചെറിയ ചുവടുവയ്പുകളോടു കൂട്ടാകാനും പിന്തുണയാകാനും അനേകരെത്തി.

സ്‌കൂള്‍ അങ്കണത്തിനപ്പുറം

ഒരു സന്യാസിനി, വിദ്യാലയത്തിലെ അധ്യാപിക എന്നതിനെല്ലാമപ്പുറം സമൂഹത്തിന്റെ അടിസ്ഥാന ആവശ്യങ്ങളറിഞ്ഞ് ഇടപെടാനും, ആശ്വാസമാകാനും നടത്തുന്ന തീക്ഷ്ണമായ ശ്രമങ്ങളാണു സിസ്റ്റര്‍ ലിസി ചക്കാലയ്ക്കലിനെ ശ്രദ്ധേയയാക്കുന്നത്. സമൂഹ സൗഹൃദ വിദ്യാലയം എന്ന ബൃഹത്തായ ആശയത്തിന്റെ ചുവടുപിടിച്ചു, തന്റെ സ്‌കൂളിലെ വിദ്യാര്‍ഥികളില്‍ സാമൂഹ്യബോധവും ജീവകാരുണ്യ മനോഭാവങ്ങളും വളര്‍ത്തിയെടുക്കുന്നതിനു ലക്ഷ്യമിട്ടാണു ഹൗസ് ചലഞ്ച് പദ്ധതിക്കു 2012 ല്‍ സിസ്റ്റര്‍ ലിസി തുടക്കമിത്. വീടില്ലാതെ വിഷമിക്കുന്ന സ്‌കൂളിലെ നിര്‍ധന വിദ്യാര്‍ഥികളുടെ കുടുംബങ്ങള്‍ക്കു വീടൊരുക്കിയാണു തുടക്കം. അധ്യാപകരും മാനേജ്‌മെന്റും വിദ്യാര്‍ഥികളും തങ്ങള്‍ക്കാവുന്ന സംഭാവനകള്‍ നല്‍കി പദ്ധതിയില്‍ സഹകാരികളായി. വീടിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ അധ്വാനിച്ചു പദ്ധതിയുടെ ഭാഗമായവരും ഏറെ.

എന്തുകൊണ്ടു വീടുകള്‍?

വിശാലകൊച്ചിയില്‍ അന്തിയുറങ്ങാന്‍ ഇടമില്ലാതെ വിഷമിക്കുന്ന നൂറുകണക്കിനു കുടുംബങ്ങളെ നേരിട്ടു കണ്ടതിന്റെ പൊള്ളുന്ന അനുഭവങ്ങളാണു പാവങ്ങള്‍ക്കായി കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി വീടുനിര്‍മാണ പദ്ധതി തന്നെ തെരഞ്ഞെടുക്കാന്‍ നിമിത്തമായതെന്നു സിസ്റ്റര്‍ ലിസി ചക്കാലയ്ക്കല്‍.

തോപ്പുംപടി സാന്തോം കോളനിയിലെ കാഴ്ചശേഷി നഷ്ടമായ ഒരു അമ്മയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു ഒരു കൊച്ചുവീട്. അപകടത്തില്‍ പരിക്കേറ്റു നിത്യരോഗിയായി കഴിയുന്ന ഒരു മകനാണ് അവളുടെ സമ്പാദ്യം. ഈ കുടുംബത്തിനു ഞങ്ങള്‍ വീടു പണിതു നല്‍കി.

കുറെ നാളുകള്‍ക്കു ശേഷം ആ അമ്മ മരിച്ചു. സംസ്‌കാരച്ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ചെന്നപ്പോള്‍ അവരുടെ മൃതദേഹം ആചാരപ്രകാരമുള്ള കര്‍മങ്ങള്‍ക്കായി കുളിപ്പിച്ചൊരുക്കി വെള്ള പുതപ്പിച്ച് അവരുടെ വീടിനകത്തു കിടത്തിയിരിക്കുന്നു. മുമ്പാണെങ്കില്‍ മൃതദേഹം നേരെ കിടത്താനോ ഒരാള്‍ക്ക് അങ്ങോട്ടു കയറി വരാനോ കഴിയില്ലായിരുന്നു. അവസാനത്തെ ആഗ്രഹം സാധിച്ച് ഒരു മനുഷ്യവ്യക്തിയെ പോലെ അന്തസോടെ അന്ത്യയാത്ര പറയാന്‍ ആ അമ്മയ്ക്കായി. ആത്മസംതൃപ്തിയറിഞ്ഞ, എന്റെ കണ്ണു നനയിച്ച നിമിഷങ്ങളായിരുന്നു. ഇതുപോലെ ഹൃദയത്തെ തൊടുന്ന അനുഭവങ്ങള്‍ നിരവധി. സന്യാസ ജീവിതത്തിനും അധ്യാപക ജീവിതത്തിനും അര്‍ഥപൂര്‍ണത അനുഭവിച്ച മുഹൂര്‍ത്തങ്ങളായിക്കൂടിയാണ് അതിനെയെല്ലാം ഞാന്‍ കാണുന്നത്. അപരനുവേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യാതെ നമ്മുടെ ജീവിതത്തിന് എന്തര്‍ഥമാണുള്ളത്? സിസ്റ്റര്‍ ലിസി ചോദിക്കുന്നു.

ശരാശരി 500- 600 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വീടുകളാണു നിര്‍മിച്ചു നല്‍കുന്നത്. മൂന്ന് നാലു ലക്ഷമാണ് ഓരോ വീടിന്റെയും നിര്‍മാണച്ചെലവ്. നിര്‍ധന വിദ്യാര്‍ഥികള്‍, വിധവകള്‍, മാറാരോഗങ്ങളുള്ളവര്‍, ഭിന്നശേഷിക്കാര്‍ തുടങ്ങി സമൂഹത്തില്‍ അവഗണിക്കപ്പെടുന്നവരെ തേടി സിസ്റ്റര്‍ ലിസി ചക്കാലയ്ക്കലും ഹൗസ് ചലഞ്ച് പദ്ധതിയുമെത്തി.

തൊഴിലാളികള്‍ മുതല്‍ വ്യവസായികള്‍ വരെ

ഹൗസ് ചലഞ്ചിനു ലഭിച്ച മികച്ച പ്രതികരണം വിദ്യാലയത്തിനു പുറത്തും അര്‍ഹരായ ഗുണഭോക്താക്കളെ കണ്ടെത്തുന്നതിലേക്കു സിസ്റ്ററെ പ്രചോദിപ്പിച്ചു. എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളിലും ജില്ലയ്ക്കു പുറത്തും ഹൗസ് ചലഞ്ച് പദ്ധതിയില്‍ വീടൊരുങ്ങി. തൊഴിലാളികള്‍ മുതല്‍ വലിയ വ്യവസായികള്‍ വരെ പദ്ധതിയുമായി കൈകോര്‍ക്കുന്നു.


വീട് പൂര്‍ണമായും നിര്‍മിച്ചു നല്‍കുന്നവരെക്കൂടാതെ നിര്‍മാണ സാമഗ്രികള്‍, ഫര്‍ണിച്ചറുകള്‍, അനുബന്ധവസ്തുക്കള്‍ എന്നിവ സംഭാവന നല്‍കുന്നവരുമുണ്ട്. ഹൗസ് ചലഞ്ച് പദ്ധതിയുടെ സുതാര്യമായ നടത്തിപ്പും അര്‍ഹതപ്പെവര്‍ക്കു വീടുകള്‍ ലഭിക്കുന്നതിന്റെ സംതൃപ്തിയും കണ്ടറിഞ്ഞവരാണു സംഭാവനകളുമായി സിസ്റ്ററെ സമീപിക്കുന്നത്.

ഹൗസ് ചലഞ്ചിനു മാധ്യമങ്ങള്‍ നല്‍കിയ പ്രോത്സാഹനം കരുത്തായെന്നു സിസ്റ്റര്‍ ലിസി ചക്കാലയ്ക്കല്‍ പറയുന്നു. കാരുണ്യപ്രവര്‍ത്തനങ്ങള്‍ മാധ്യമങ്ങളിലൂടെ വാര്‍ത്തയാകണോ എന്നാരെങ്കിലും ചോദിച്ചാല്‍, സിസ്റ്റര്‍ ലിസിക്ക് ഉത്തരമുണ്ട്. കാരുണ്യപ്രവര്‍ത്തനങ്ങള്‍ വാര്‍ത്തയാവുന്നതിലെ സന്തോഷം എന്നതിനേക്കാള്‍, പദ്ധതിയുമായി സഹകരിക്കുന്നവരും അത് അറിയുന്നു എന്നതിലാണു സംതൃപ്തി. പദ്ധതിയെക്കുറിച്ച് അവരറിയുന്നത് മാധ്യമങ്ങളില്‍ നിന്നാണ്. ആളുകള്‍ നല്‍കിയ പണം ഉപയോഗപ്പെടുത്തി വീടുനിര്‍മാണങ്ങള്‍ നടക്കുന്നുണ്ട് എന്ന് അവരെ അറിയിക്കേണ്ടത് ആവശ്യമാണ്. വാര്‍ത്തകള്‍ അതിനു സഹായിക്കുന്നു.

ആരുമറിയരുത്, ആര്‍ക്കെങ്കിലും കൊടുത്തോളൂ എന്നു പറഞ്ഞാണു പലരും പണം തരുന്നത്. എങ്കിലും അവരുടെ പണം ഉപയോഗിച്ചു നിര്‍മിച്ച വീട്ടിലേക്ക് അവരെ കൊണ്ടുപോകുകയും കാണിക്കുകയും ചെയ്യും. സുതാര്യതയുടെയും ഉത്തരവാദിത്തത്തിന്റെയും ഭാഗമായാണ് ഞാന്‍ അതിനെ കാണുന്നത്. തങ്ങള്‍ നല്‍കിയ പണം ഉപയോഗിച്ചു നല്ല രീതിയില്‍ ഗുണമേന്മയും ഭംഗിയുമുള്ള വീടുകള്‍ നിര്‍മിച്ചു തികച്ചും അര്‍ഹരായ ആളുകള്‍ക്കു നല്‍കിയിട്ടുണ്ട് എന്ന് അവരെ ബോദ്ധ്യപ്പെടുത്തണമെന്നും എനിക്കു നിര്‍ബന്ധമുണ്ട്. പദ്ധതിക്കു തുടര്‍സഹായങ്ങള്‍ ലഭിക്കാനും ഇതു കാരണമായിട്ടുണ്ട്.

പാവങ്ങള്‍ക്കൊപ്പം ചേര്‍ന്ന്

തൃശൂര്‍ ജില്ലയിലെ മേലഡൂരില്‍ ജനിച്ച സിസ്റ്റര്‍ ലിസി ചക്കാലയ്ക്കല്‍ പ്രീഡിഗ്രി പഠനത്തിനു ശേഷമാണു എഫ്എംഎം സന്യാസിനീ സമൂഹത്തില്‍ ചേരുന്നത്. ഒരു ഫ്രഞ്ച് സന്യാസിനി തമിഴ്‌നാട് ആസ്ഥാനമായി രൂപീകരിച്ച അന്താരാഷ്ട്ര സന്യാസിനീസമൂഹമാണ് എഫ്എംഎം.

കേരളത്തിനു പുറത്തായിരുന്നു സന്യാസപരിശീലനം. ഇക്കാലത്തു തമിഴ്‌നാിലെയും ഉത്തരേന്ത്യയിലെയുമെല്ലാം നിരവധി ഉള്‍ഗ്രാമങ്ങളില്‍ പോകുകയും പാവപ്പെട്ട മനുഷ്യരുടെ ജീവിതാവസ്ഥകള്‍ മനസിലാക്കാന്‍ അവസരം ലഭിച്ചുവെന്നും സിസ്റ്റര്‍ പറയുന്നു. സമര്‍പ്പിതയായ ശേഷം ഇത്തരം സ്ഥലങ്ങളില്‍ എവിടെയെങ്കിലും സേവനം ചെയ്യണമന്നായിരുന്നു ആഗ്രഹം. പക്ഷേ പില്‍ക്കാലത്ത് സഭ എന്നെ ഉപരിപഠനത്തിനും അധ്യാപനത്തിനുമായി നിയോഗിച്ചു.

പാവപ്പെട്ട ആളുകള്‍ക്കിടയില്‍ സേവനം ചെയ്യണമെന്ന ആഗ്രഹം സാധിക്കാത്തതു കൊണ്ടു തന്നെ അധ്യാപനത്തോട് അത്ര മമത ആദ്യകാലത്ത് ഉണ്ടായിരുന്നില്ല. തിരുവനന്തപുരത്തെ കടലോരഗ്രാമത്തിലെ സ്‌കൂളിലായിരുന്നു ആദ്യം നിയമിക്കപ്പെട്ടത്. ഇവിടെ അധ്യാപനത്തിനു ശേഷമുള്ള സമയങ്ങളില്‍ പാവപ്പെട്ട ജനങ്ങളുടെ വീടുകളില്‍ സന്ദര്‍ശനം പതിവായിരുന്നു. അവരുടെ ജീവിതം അടുത്തു കാണാനും അവരെ സഹായിക്കേണ്ടതാണെന്ന ബോധ്യം മനസിലുണ്ടാക്കാനും ഇതിലൂടെ സാധിച്ചുവെന്നും സിസ്റ്റര്‍ ലിസി പറഞ്ഞു.

തിരുവനന്തപുരത്തു നിന്നു തോപ്പുംപടിയിലേക്കെത്തിയപ്പോഴേക്കും സിസ്റ്റര്‍ ലിസി ചക്കാലയ്ക്കലില്‍ തികഞ്ഞൊരു സാമൂഹ്യ പ്രവര്‍ത്തക രൂപപ്പെട്ടിരുന്നു. അതില്‍ നിന്നാണു സമൂഹ സൗഹൃദ വിദ്യാലയവും ഹൗസ് ചലഞ്ച് പദ്ധതിയും അനുബന്ധ ജീവകാരുണ്യ സംരംഭങ്ങളുമെല്ലാം പിറവിയെടുത്തത്. സഭയും അധ്യാപക സുഹൃത്തുക്കളും വിദ്യാര്‍ഥികളും സമൂഹത്തിന്റെ നാനാതുറകളിലുള്ളവരും തന്റെ പ്രവര്‍ത്തനങ്ങള്‍ക്കു വലിയ പ്രോത്സാഹനമാണു നല്‍കുന്നതെന്നു സിസ്റ്റര്‍ വ്യക്തമാക്കി.

ഇനിയെന്ത്?

ഈ ചോദ്യം സിസ്റ്റര്‍ ലിസി ചക്കാലയ്ക്കലിനോടു ചോദിച്ചാല്‍ ബോധ്യങ്ങളില്‍ പാകപ്പെടുത്തിയ തീക്ഷ്ണതയോടെ മറുപടി ഇങ്ങനെ:

അന്തിയുറങ്ങാന്‍ കൊച്ചു കൂര പോലുമില്ലാതെ, പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റാന്‍ പോലും സൗകര്യങ്ങളില്ലാതെ നമ്മുടെ സഹോദരിമാരും കുഞ്ഞുങ്ങളും സമൂഹത്തിന്റെ അരികുകളില്‍ ജീവിതത്തോടു മല്ലിടുന്ന സങ്കടകാലം അകലുവോളം അവര്‍ക്കായി ഞാനും.

സിജോ പൈനാടത്ത്