ഊരില്‍ നിന്ന് ഉയരെ ചന്ദ്രിക
Friday, July 5, 2019 5:14 PM IST
കുട്ടിക്കാലത്ത് കാടിനകത്ത് ഓടിനടക്കുമ്പോള്‍ അവള്‍ കാക്കി യൂണിഫോമിട്ട ഫോറസ്റ്റുകാരെ കണ്ട് അമ്മ മല്ലിയുടെ പിന്നിലേക്ക് പേടിച്ചൊളിക്കുമായിരുന്നു. അഗളി സ്റ്റേഷനിലെ പോലീസുകാര്‍ ഇടയ്ക്ക് ഊരുകളില്‍ വന്ന് പോകുമ്പോഴും ആ കൊച്ചുപെണ്‍കുട്ടിക്ക് പേടിയായിരുന്നു. പിന്നെയെപ്പഴോ ആ പെണ്‍കുട്ടിക്ക് പോലീസാകണം എന്ന് മോഹം തോന്നി. കാടറിഞ്ഞ് വളര്‍ന്ന പെണ്‍കുട്ടിക്കൊപ്പം ആ മോഹവും വളര്‍ന്നു. കാടിനകത്തെ ഊരിലുള്ളവര്‍ക്ക് പോലീസാകാനൊക്കെ പറ്റുമോ...
കാലം അതിനുത്തരം നല്‍കി...
2019 മേയ് 15ന് തൃശൂര്‍ രാമവര്‍മപുരത്തെ കേരള പോലീസ് അക്കാദമിയുടെ വിശാലമായ പരേഡ് ഗ്രൗണ്ടില്‍ ആ പെണ്‍കുട്ടി കേരള പോലീസിന്റെ യൂണിഫോം അണിഞ്ഞ് പരേഡിനായി നിന്നപ്പോള്‍ അതൊരു പുതിയ ചന്ദ്രോദയമായിരുന്നു... ഊരില്‍ നിന്ന് ഉയരെ ഉദിച്ച ചന്ദ്രിക...
മറക്കില്ല മധുവിനെ
കേരള പോലീസിലെ വനിത സിപിഒമാരില്‍ ഒരാള്‍ മാത്രമാണ് ചന്ദ്രിക. പക്ഷേ ചന്ദ്രിക വാര്‍ത്തയിലെ ശ്രദ്ധാകേന്ദ്രമായത് കേരളം നടുങ്ങിയ ഒരു ആള്‍ക്കൂട്ടക്കൊലയിലെ ഇരയുടെ സഹോദരി എന്ന നിലയിലാണ്. ഓര്‍മയുണ്ടോ ദൈന്യതയാര്‍ന്ന മധുവെന്ന ആ പാവം ആദിവാസി യുവാവിന്റെ മുഖം. കേരളത്തിന്റെ മന:സാക്ഷിക്ക് ഒരിക്കലും മറക്കാനാവാത്ത ആ മുഖത്തിന് ചന്ദ്രികയുടെ സഹോദരന്‍ എന്നൊരു സ്ഥാനം കൂടിയുണ്ടായിരുന്നു.
മോഷണക്കുറ്റം ചുമത്തി ആള്‍ക്കൂട്ടം മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ പാലക്കാട് അപ്പാടി അഗളി ആദിവാസി ഊരിലെ മധുവിന്റെ പെങ്ങളാണ് ചന്ദ്രിക.
2018 ഫെബ്രുവരി 23ന് അഗളി സര്‍ക്കാര്‍ ആശുപത്രി മോര്‍ച്ചറിയില്‍ മധുവിന്റെ തണുത്തുവിറുങ്ങലിച്ച ശരീരം പോസ്റ്റുമോര്‍ട്ടത്തിന് കൊണ്ടുപോകാന്‍ കഴിയാതെ കിടക്കുമ്പോള്‍ അകലെയല്ലാതെ കില സെന്ററില്‍ പോലീസ് ട്രെയിനിക്കുള്ള അഭിമുഖത്തിന് കാത്തുനിന്നിരുന്ന ചന്ദ്രികയുടെ മുഖത്തെ നിശ്ചയദാര്‍ഢ്യം കേരള പോലീസ് ചീഫില്‍ നിന്ന് സല്യൂട്ട് സ്വീകരിക്കുമ്പോഴും ദൃശ്യമായിരുന്നു.
കാക്കി യൂണിഫോമില്‍ നില്‍ക്കുന്ന ചന്ദ്രിക പറയാതെ പറഞ്ഞു ഈ കാക്കിക്കുപ്പായത്തിനുള്ളില്‍ ഒരു ഹൃദയമുണ്ട്... എല്ലാ വിഷമങ്ങളും ക്രൂരമായ ആകസ്മിക വേര്‍പാടുകളുടെ വേദനയും ഒളിപ്പിച്ചു വച്ച ഹൃദയം... ഇപ്പോള്‍ എന്റെ ഹൃദയം പതറില്ല. നൊമ്പരപ്പെടുത്തുന്ന ഓര്‍മകള്‍ എന്നെ ഉലയ്ക്കില്ല. പോലീസ് യൂണിഫോം അഴിച്ചുവച്ച് ഊരിലെ ചെറിയ വീട്ടിലേക്ക് പഴയ ചന്ദ്രികയായ് വന്നണയുമ്പോള്‍ ഞാനൊന്ന് പൊട്ടിക്കരയും... അമ്മയുടെ മടിയില്‍ തലചായ്ച്ച് എല്ലാ വിഷമങ്ങളും കരഞ്ഞുതീര്‍ക്കും....
പരേഡ് ഗ്രൗണ്ടില്‍ പതറാത്ത ചുവടുകളോടെ മാര്‍ച്ച് ചെയ്ത് ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്കു മുന്നിലെത്തി അഭിവാദ്യമര്‍പ്പിച്ച് കടന്നുപോയ ആ നിമിഷം ചന്ദ്രികയുടെ മനസില്‍ മധുവിന്റെ ഓര്‍മകള്‍ നിറഞ്ഞുതുളുമ്പി..
ആദിവാസി മേഖലയില്‍ നിന്നും പ്രത്യേക നിയമനം വഴി കേരള പോലീസ് സേനയുടെ ഭാഗമായ 74 പോലീസ് കോണ്‍സ്റ്റബിള്‍മാരില്‍ ഒരാളാണ് മധുവിന്റെ പ്രിയസഹോദരി ചന്ദ്രിക. ഊരിന്റെ മുഴുവന്‍ പ്രാര്‍ഥനയും ആശീര്‍വാദവും ഏറ്റുവാങ്ങിയാണ് ചന്ദ്രിക പരേഡിനുള്ള ബൂട്ട് കെട്ടിയത്.
നൊമ്പരങ്ങള്‍ക്കു വിട
ഗ്രൗണ്ടിലേക്ക് കാല്‍വച്ചു കയറുമ്പോള്‍ മനസില്‍ മധുവിനെ പ്രാര്‍ഥിച്ചു. അകലെയകലെയിരുന്ന് സഹോദരന്‍ എല്ലാം കണ്ട് സന്തോഷത്തോടെ അനുഗ്രഹിക്കുന്നുണ്ടാകുമെന്ന് മനസില്‍ പറഞ്ഞുറപ്പിച്ചു. മനസിലെ വിഷമങ്ങളും നൊമ്പരങ്ങളും വേദനകളും യൂണിഫോം അണിഞ്ഞുകഴിഞ്ഞാല്‍ പിന്നെ പുറത്തു കാണിക്കരുതെന്നു പരിശീലനകാലത്ത് പഠിച്ചെടുത്തത് ചന്ദ്രിക ഓര്‍മിച്ചു. അതോടെ നൊമ്പരങ്ങള്‍ക്ക് അവധികൊടുത്ത് പരേഡിന് സജ്ജമായി. പിന്നെ പിഴവില്ലാത്ത പരേഡ്. സ്ലോ മാര്‍ച്ചും ക്വിക്ക് മാര്‍ച്ചുമെല്ലാം ഒട്ടും തെറ്റാതെ കിറുകൃത്യമായി ചന്ദ്രികയും കൂട്ടരും ചെയ്തു പൂര്‍ത്തിയാക്കിയപ്പോള്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ അടക്കമുള്ളവര്‍ നിറഞ്ഞ കൈയടികളോടെ അവരെ സേനയിലേക്ക് സ്വാഗതം ചെയ്തു.
നിറകണ്ണുകളോടെ അമ്മ
പരേഡ് ഗ്രൗണ്ടിലെ സന്ദര്‍ശ ഗാലറിയില്‍ ഒരാള്‍ നിറഞ്ഞ കണ്ണുകളോടെ അതെല്ലാം നോക്കിയിരിക്കുന്നുണ്ടായിരുന്നു. മധുവിന്റെയും ചന്ദ്രികയുടേയും അമ്മ മല്ലി. പരേഡ് നടക്കുന്ന ദിവസം അര്‍ധരാത്രി പന്ത്രണ്ടിനാണ് രണ്ടു ട്രാവലറുകളിലായി ചന്ദ്രികയുടെ അമ്മയും ബന്ധുക്കളും ഊരിലുള്ളവരും അഗളിയില്‍ നിന്ന് തൃശൂരിലേക്ക് പുറപ്പെട്ടത്. തൃശൂര്‍ പൂരം കഴിഞ്ഞ് മയങ്ങിക്കിടക്കുന്ന തൃശൂരിലേക്ക് അവരെത്തുമ്പോള്‍ രാവിലെ ആറുമണിയായി. രാമവര്‍മപുരം പോലീസ് അക്കാദമി ബാരക്കിലപ്പോള്‍ ചന്ദ്രിക പരേഡിനുള്ള ഒരുക്കത്തിലായിരുന്നു. അതുകൊണ്ടുതന്നെ വന്നയുടന്‍ മകളെയൊന്ന് കാണണമെന്ന മല്ലിയുടെ മോഹം നടന്നില്ല. സന്ദര്‍ശകഗാലറിയില്‍ എല്ലാവരും ഗ്രൗണ്ടിലേക്ക് നോക്കിയിരിക്കുമ്പോള്‍ സേനാംഗങ്ങള്‍ അണിനിരന്നു. എല്ലാവരും കാക്കിനിറമുള്ള യൂണിഫോമിലായതിനാല്‍ ബന്ധുക്കള്‍ക്ക് പെെട്ടന്ന് ചന്ദ്രികയെ തിരിച്ചറിയാന്‍ കഴിഞ്ഞില്ല. എന്നാല്‍ മല്ലി ഒറ്റനോത്തില്‍ തന്നെ ചന്ദ്രികയെ തിരിച്ചറിഞ്ഞു. അതാണ് അമ്മ!! ആയിരം പേര്‍ ഒരുപോലെ നിന്നാലും അമ്മ മകളെ തിരിച്ചറിയും.
ചുവടുകള്‍ പിഴയ്ക്കാതെ മകള്‍ പരേഡ് ഗ്രൗണ്ടില്‍ മുന്നോട്ടുനീങ്ങുന്നത് സന്തോഷത്തോടെ അഭിമാനത്തോടെ മല്ലി നോക്കിയിരുന്നു. ഇടയ്‌ക്കെപ്പഴോ കണ്ണടച്ച് മല്ലീശ്വരനെ പ്രാര്‍ഥിച്ചു. തങ്ങളുടെ പ്രിയങ്കരിയായ സന്ത്രിക പോലീസായി ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്ന് പറഞ്ഞ് തോക്കെല്ലാം പിടിച്ച് നടക്കുന്നത് കണ്ട് ഊരിലുള്ളവര്‍ മനംനിറയെ സന്തോഷിച്ചു. ചന്ദ്രികയുടെ ഊരിലെ നിരവധി പേര്‍ രാമവര്‍മപുരത്തെത്തിയിരുന്നു. തങ്ങളുടെ പ്രിയപ്പെട്ടവള്‍ പോലീസുകാരിയായി വരുന്നത് കാണാന്‍.
പരേഡ് ഗ്രൗണ്ടില്‍ സേനാംഗങ്ങള്‍ പാസിംഗ് ഔട്ടിനായി അണിനിരന്നപ്പോഴാണ് പോലീസ് യൂണിഫോമില്‍ ചന്ദ്രികയെ അവര്‍ കണ്ടത്. സന്തോഷം കൊണ്ട് കണ്ണുനിറഞ്ഞെന്ന് അമ്മ മല്ലിയും വീട്ടുകാരും പറഞ്ഞു.
പരേഡിന് വരും മുന്‍പ് അഗളിയില്‍ ക്ഷേത്രത്തില്‍ പോയി മകള്‍ക്ക് നല്ലതുവരാന്‍ പ്രാര്‍ഥനകളും പൂജകളും വഴിപാടുമൊക്കെ കഴിപ്പിച്ചാണ് മല്ലി തൃശൂരിലേക്ക് വണ്ടികയറിയത്.
അമ്മയ്ക്കരുകില്‍
പരേഡ് കഴിഞ്ഞ് സേനാംഗങ്ങള്‍ക്ക് വിശിഷ്ടാതിഥിക്കൊപ്പം ഭക്ഷണം കഴിക്കാനുള്ള സുവര്‍ണാവസരത്തിന് പോലും കാത്തുനില്‍ക്കാതെ ചന്ദ്രിക ഓടിയണഞ്ഞത് അമ്മയ്ക്കരുകിലേക്ക്.. ആ നെഞ്ചിലെ അണയാതെ നില്‍ക്കുന്ന ഓര്‍മയുടെ കനലുകളിലേക്ക് ചന്ദ്രിക കണ്ണീര്‍ നിറച്ചു.
മകള്‍ കാല്‍ക്കല്‍ വീണ് അനുഗ്രഹം വാങ്ങുമ്പോള്‍ തലയിലെ തൊപ്പി ഒരല്‍പം നീക്കി മൂര്‍ദ്ദാവില്‍ കൈവച്ച് എല്ലാ അനുഗ്രഹവും അമ്മ ചൊരിഞ്ഞു. പരസ്പരം കാണാന്‍ കഴിയാത്ത വിധം ഇരുവരുടേയും കണ്ണുകള്‍ നിറഞ്ഞിരുന്നു. സന്തോഷം കൊണ്ടും വേര്‍പാടിന്റെ വേദനകൊണ്ടും. കാക്കി യൂണിഫോമണിഞ്ഞെത്തിയ മകളെ കെിപ്പിടിച്ച് കവിളില്‍ ഉമ്മ നല്‍കുമ്പോള്‍ മകളുടെ നേട്ടത്തില്‍ അഭിമാനവും അതു കാണാന്‍ ഇല്ലാതെപോയ മകന്റെ വിയോഗത്തില്‍ തീരാവേദനും മല്ലിക്കുണ്ടായിരുന്നു.
എന്തു പറയണം എന്നറിയില്ല, എല്ലാം സന്തോഷം..അവന്‍ ഇതൊന്നും കാണാനില്ലാതെ പോയല്ലോ എന്നു പറഞ്ഞ് മല്ലി വിതുമ്പി...അമ്മയെ ചേര്‍ത്തുപിടിച്ച് ആശ്വസിപ്പിക്കുമ്പോള്‍ ചന്ദ്രികയുടെ കണ്ണിലും കണ്ണുനീര്‍ ഉരുണ്ടുകൂടി..
കരയണ്ട എന്ന് ചുമലില്‍ തട്ടി ആശ്വസിപ്പിച്ച് ചന്ദ്രിക വേഗം പോലീസായി. ഒമ്പതു മാസം കൊണ്ട് സ്വായത്തമാക്കിയ മനക്കരുത്തിന്റെ തെളിവായിരുന്നു അത്.
പോലീസിലേക്കുള്ള നിയമന ഉത്തരവ് മുന്‍പ് മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്നാണ് ചന്ദ്രിക ഏറ്റുവാങ്ങിയത്. അന്ന് നിയമന ഉത്തരവ് ഏറ്റുവാങ്ങി മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ ചന്ദ്രികയെയല്ല പരേഡ് ഗ്രൗണ്ടില്‍ കണ്ടത്. കഠിനമായ പരിശീലനങ്ങളേക്കാള്‍ കഠിനവും ക്രൂരവുമായ ജീവിതാനുഭവങ്ങള്‍ കടന്നെത്തിയ ചന്ദ്രികയുടെ മുഖത്ത് ആരുടെ മുന്നിലും തലകുനിക്കില്ലെന്ന ദൃഢനിശ്ചയമുണ്ടായിരുന്നു.

മല്ലീശ്വരനെയും ഏട്ടനേയും പ്രാര്‍ഥിച്ച്
ഇന്നെന്താണെന്നറിയില്ല പരേഡിനിറങ്ങുമ്പോള്‍ മനസില്‍ വല്ലാത്ത പേടിയായിരുന്നു. ഇന്നേവരെ ഇല്ലാത്ത ഒരു ആശങ്കയും പേടിയും. ചുവടുകള്‍ പിഴയ്ക്കുമോ തെറ്റുകള്‍ സംഭവിക്കുമോ എന്നൊക്കെയുള്ള പേടി. മല്ലീശ്വരനെ മനസില്‍ വിളിച്ച് പ്രാര്‍ഥിച്ചു. പിന്നെ ഏട്ടനേയും... ബൂട്ട് കെട്ടി റൈഫിളുമായി പരേഡ് ഗ്രൗണ്ടിലേക്ക് കടന്നപ്പോള്‍ മനസിനെവിടെ നിന്നോ ധൈര്യം കിട്ടി. ഒന്നും പിഴക്കില്ലെന്നും നീ തിളങ്ങുമെന്നും ഒരു ചുവടും തെറ്റില്ലെന്നും എല്ലാം നന്നാകുമെന്നും എവിടെയോ ഇരുന്ന് ഏട്ടന്‍ പറയും പോലെ....അതൊരു ധൈര്യമായിരുന്നു. പിഴയ്ക്കാതെ ചുവടുകള്‍ വച്ച് പരേഡ് പൂര്‍ത്തിയാക്കുമ്പോള്‍ ഏട്ടന്‍ സന്തോഷിച്ചിരിക്കും പാസിംഗ് ഔട്ട് പരേഡ് കഴിഞ്ഞ് ഏവരുടെയും അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങിയ ശേഷം ചന്ദ്രിക പറഞ്ഞു.
എന്റെ സമൂഹത്തിലെ ആളുകള്‍ക്ക് വേണ്ടി കാര്യമായി എന്തെങ്കിലും ചെയ്യണമെന്നുണ്ട്. ഞങ്ങളുടെ സമൂഹത്തിലേക്ക് കൂടുതലായി ഇറങ്ങിച്ചെല്ലണം. എല്ലാ കാര്യങ്ങളേയും കുറിച്ച് അവരെ പറഞ്ഞു മനസിലാക്കണം. അവരെ മറ്റുള്ളവരെപോലെ തന്നെ സമൂഹത്തിന്റെ മുന്‍നിരയിലേക്ക് കൊണ്ടുവരണം. പാവപ്പെട്ടവരുടേയും അശരണരുടേയും പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കും തന്റെ സ്വപ്‌നങ്ങള്‍ ചന്ദ്രിക പങ്കിട്ടു.
മദര്‍ സ്‌റ്റേഷനില്‍ സേവനമനുഷ്ഠിക്കണമെന്നതിനാല്‍ അഗളി പോലീസ് സ്‌റ്റേഷനിലായിരിക്കും ആദ്യം ചുമതലയേല്‍ക്കുക. വീട്ടുകാരുടെയും പ്രിയപ്പെട്ടവരുടേയുമൊക്കെ പ്രാര്‍ഥനയും സ്‌നേഹവുമാണ് ഇന്നത്തെ ഈ നിലയിലെത്താന്‍ കാരണമായതെന്ന് ചന്ദ്രിക പറഞ്ഞു.
കഷ്ടപാടിന്റെ നാളുകള്‍
ചന്ദ്രികയ്ക്ക് രണ്ടു വയസുള്ളപ്പോഴാണ് അച്ഛന്‍ മരിച്ചത്. പിന്നെ വളര്‍ത്തിയത് അമ്മ മല്ലി. മൂന്നുമക്കളായിരുന്നു മല്ലിക്ക്. വനമേഖലയില്‍ കളിച്ചുവളര്‍ന്നവളാണ് ചന്ദ്രിക. കാടുവളര്‍ത്തിയ കുട്ടി. കാടുകാത്തവര്‍ ഇനി നാടുകാക്കുമെന്ന് ഊരിലുള്ളവര്‍ പറയുന്നു.
മാനസികമായി ഏറെ തളര്‍ന്നുപോയ ഘട്ടത്തിലാണ് ചന്ദ്രിക കേരള പോലീസ് അക്കാദമിയിലെത്തുന്നത്. സഹോദരന്റെ അപ്രതീക്ഷിതവും ക്രൂരവുമായ മരണം ചന്ദ്രികയെ മാനസികമായി വല്ലാതെ ഉലച്ചിരുന്നു. അതിനിടെയായിരുന്നു ഒമ്പതുമാസത്തെ കഠിനമായ പരിശീലനം. പക്ഷേ അക്കാദമിയിലുള്ളവര്‍ ചന്ദ്രികയെ മാനസികമായി ഉണര്‍ത്തി. എല്ലാ പിന്തുണയും പ്രോത്സാഹനവും നീ ഒറ്റക്കല്ലെന്ന തുടര്‍ച്ചയായ ഓര്‍മപ്പെടുത്തലും കൊണ്ട് ചന്ദ്രികയ്ക്ക് പോസിറ്റീവ് എനര്‍ജി നല്‍കാന്‍ അവരെല്ലാം ഒറ്റക്കൊയി ശ്രമിച്ചു. അതിന്റെ ഫലമായി ദു:ഖപുത്രിയായി അക്കാദമിയിലെത്തിയ ചന്ദ്രിക മിടുക്കിയായി മാറി.
സഹോദരി സരസു, മുത്തശി ബീര തുടങ്ങി നിരവധി പേര്‍ എന്നും താങ്ങും തണലായും ചന്ദ്രികക്കൊപ്പം നിന്നു. ഒപ്പം അമ്മ മല്ലിയും. അദൃശ്യസ്‌നേഹസാന്നിധ്യമായ് മധുവും...
അച്ഛന്‍ നേരത്തെ മരിച്ചു. പിന്നെ അമ്മയാണ് ഞങ്ങള്‍ മൂന്നുപേരെയും വളര്‍ത്തിയത്. കാടും ഊരുമായിരുന്നു ഞങ്ങള്‍ക്കെല്ലാം. അഗളി ചിക്കണ്ടി ഊരിലാണ് താമസിച്ചത്. ചന്ദ്രികയും സഹോദരി സരസുവും സര്‍ക്കാര്‍ ഹോസ്റ്റലില്‍ നിന്ന് പഠിച്ചു. മധു ഗുഹയിലാണ് പലപ്പോഴും താമസിച്ചത്. അങ്ങനെയിരിക്കെയാണ് 2018 ഫെബ്രുവരി 22ന് മധു മരിക്കുന്നത്. 23നായിരുന്നു പോലീസിലേക്കുള്ള ചന്ദ്രികയുടെ മുഖാമുഖം. മുഖാമുഖത്തില്‍ എല്ലാ വിഷമങ്ങളും ഉള്ളിലൊതുക്കി ചന്ദ്രിക പങ്കെടുത്തു.
അത്‌ലറ്റിക്‌സിലും വോളിബോളിലും ജില്ല മത്സരങ്ങളില്‍ ചന്ദ്രിക പങ്കെടുത്തിരുന്നു. പോലീസിലേക്കുള്ള സെലക്ഷനില്‍ അതെല്ലാം തുണയായി. ഭര്‍ത്താവ് മുരുകനും മകള്‍ അനുഷ്‌കയും എല്ലാ പിന്തുണയും സ്‌നേഹവും പ്രോത്സാഹനവുമായി ഈ വനിതാപോലീസിനൊപ്പമുണ്ട്.
ഐടിഡിപി പ്രമോട്ടറായി ചന്ദ്രിക സേവനം ചെയ്തിട്ടുണ്ട്. അന്ന് ആഴ്ചയിലൊരിക്കല്‍ വിവിധ യോഗങ്ങള്‍ക്കായി അഗളി പോലീസ് സ്‌റ്റേഷനില്‍ പോയിട്ടുണ്ട്... ഇനി പോകുന്നത് പ്രമോട്ടറായില്ല പോലീസ് യൂണിഫോമില്‍ സിപിഒ ആയി.
കളിച്ചുവളര്‍ന്ന നാട്ടിലേക്ക്... കളിക്കൂട്ടുകാരുടേയും സുഹൃത്തുക്കളുടേയും നാട്ടുകാരുടേയും ഇടയിലേക്ക് ... ഊരിലെ മല്ലിയുടെ മകള്‍ ചന്ദ്രികയായില്ല... കേരള പോലീസിലെ സിപിഒ ചന്ദ്രികയായി്... കൂടുതല്‍ ഉത്തരവാദിത്വങ്ങളോടെ ... ചുമതലകളോടെ....
അഗളിയില്‍ മഴ ചാറുന്ന നേരത്താണ് പോലീസായി ചന്ദ്രിക അവിടെയെത്തുന്നത്. ബസിറങ്ങുമ്പോള്‍ മഴയുണ്ടായിരുന്നു. അനുഗ്രഹവര്‍ഷം പോലെ.....
ഋഷി
ഫോട്ടോ: ഗസൂണ്‍ജി പി.ജി