അവധിക്കാലം ആഹ്ലാദകരമാക്കാം
കിട്ടു എന്ന റോഷന്‍, ആറാംക്ലാസ് വിദ്യാര്‍ഥിയാണ്. 'വല്യപരീക്ഷ' കഴിഞ്ഞു കിട്ടുവിന് അവധി തുടങ്ങി. ഒപ്പം അമ്മയ്ക്കും അച്ഛനും ആധിയും. ഇവനെയൊന്നു 'മെരുക്കി'യെടുക്കണം. ഇതാണ് ഇരുവരുടെയും ചിന്ത. അവര്‍ കിട്ടുവിനെ ഗ്രാമത്തിലുള്ള അമ്മാവന്റെ വീട്ടിലേക്കയച്ചു. അവിടെ അാവന്റെ മക്കളുമൊത്തു കളിച്ചു രസിക്കാമെന്നൊന്നും പറഞ്ഞിട്ടു കിട്ടുവിനു സന്തോഷമായില്ല. അവനു തന്റെ പ്രിയപ്പെട്ട ലാപ്‌ടോപ്പും മൊബൈല്‍ ഫോണിലെ കളികളും വിട്ട് ഒരു കളിയുമറിയില്ല. അവസാനം മനസില്ലാ മനസോടെ അവന്‍ അമ്മാവന്റെ വീട്ടിലെത്തി. അവിടെ വീട്ടിലും പരിസരത്തും ധാരാളം മാവുകളുണ്ട്. അമ്മാവന്‍ അവനെ തൊടിയിലേക്കു കൊണ്ടുപോയി. ആദ്യമൊക്കെ വിരസത തോന്നിയെങ്കിലും പിന്നീട് കിട്ടുവിന് അവിടെ മുന്‍പു ലഭിക്കാത്ത ഒരു സന്തോഷം തോന്നിത്തുടങ്ങി. മറ്റു കുട്ടികളുമായി കളിച്ച്, ആര്‍ത്തുല്ലസിക്കാന്‍ തുടങ്ങി. എന്നും അമ്മാവന്‍ ചില ഫലിതങ്ങള്‍ പറഞ്ഞുകൊടുക്കും. 'എന്നും രാവിലെ മാവിന്റെ ചുവട്ടില്‍പോയി മാങ്ങാ പെറുക്കിക്കൊണ്ടുവരും. അമ്മായി അതു പിഴിഞ്ഞ് നല്ല ജ്യൂസുണ്ടാക്കും. പിന്നെ പുഴയില്‍ പോയി കുളിക്കും. പ്രാതല്‍ കഴിച്ചതിനു ശേഷം അല്പസമയം പത്രം വായിക്കും. ഇടയ്ക്ക് പത്രത്തില്‍നിന്ന് അമ്മാവന്‍ ചില ചോദ്യങ്ങള്‍ ചോദിക്കും. പിന്നെ പതിനൊന്നുമണിയാവുമ്പോഴേയ്ക്കും ജ്യൂസ് കുടിക്കാം. അമ്മായി ഉണ്ടാക്കിയ നാടന്‍ പലഹാരങ്ങള്‍ കഴിക്കാം. ചില പാചക കുറിപ്പുകളും അവന്‍ ശേഖരിച്ചു.

പിന്നെ അടുത്തുള്ള കുട്ടികളുമായി ഓടിച്ചാടി കളിക്കാന്‍പോകും. ഇടയ്ക്ക് സൈക്കിള്‍ എടുത്തൊന്നു കറങ്ങും. ചിലപ്പോള്‍ ഗുണന പട്ടികകള്‍ പഠിച്ചുകേള്‍പ്പിക്കണം. ഉച്ചയ്ക്ക് ഊണിനു ശേഷം ഒരുമണിക്കൂര്‍ ഉറങ്ങണം. എണീറ്റുവരുമ്പോള്‍ വീണ്ടും മാവിന്റെ ചുവട്ടില്‍പോയി മാങ്ങയുണ്ടോ എന്നു നോക്കും. കുറച്ചു കൃഷിയൊക്കെ അാവന്‍ പരിചയപ്പെടുത്തി. കിട്ടു പ്രകൃതിയെ സ്‌നേഹിക്കുവാന്‍ തുടങ്ങി. ചില വിത്തുകള്‍ നടാനും ചെറിയ തൈകള്‍ വയ്ക്കുവാനും ചെടി നനയ്ക്കുവാനുമൊക്കെ പഠിച്ചു. വൈകുന്നേരം അമ്മാവനോടൊത്ത് പുഴയില്‍ നീന്തിക്കുളിക്കാന്‍ പോകും. അവന്‍ അവിടെവച്ചു നീന്തല്‍ പഠിച്ചു. തിരിച്ചെത്തിയാല്‍ സ്വന്തം വസ്ത്രം കഴുകിയിടും. പിന്നെ പ്രാര്‍ഥനാസമയമാണ്. അതുകഴിഞ്ഞ് അത്താഴം കഴിക്കും. കുറച്ചുസമയം മുത്തശിയുമായി സംസാരിക്കും. പഴയകഥകളും പാട്ടുകളും കേള്‍ക്കാം. അപ്പൂപ്പന്റെ വക ചില ഉപദേശങ്ങളും കിട്ടും. പിന്നെ കുട്ടികളെല്ലാം ഒരുമിച്ചു കിടന്നുറങ്ങും.

ഇങ്ങനെ പത്തു ദിവസം കഴിഞ്ഞപ്പോള്‍ അവന് ടാബും മൊബൈലും ഒന്നും വേണ്ട. കിട്ടുവിന് മുന്‍പില്ലാത്ത ഒരു പ്രസരിപ്പുകിട്ടി. കിട്ടുവിനെ കുറച്ചു പാചകവും അടുക്കളജോലികളും കൂടി അമ്മായി പഠിപ്പിച്ചു. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കാനും സാധനങ്ങള്‍ അടുക്കിവയ്ക്കാനുമുളള പരിശീലനം അാവന്റെ വക. കിട്ടുവിന്റെ വാശിയും കുസൃതിയുമൊക്കെ പോയി. എന്നാല്‍ ഏതു കാര്യത്തിലും ഉറച്ച നിലപാടു സ്വീകരിക്കാന്‍ പഠിച്ചു. കിട്ടു സ്റ്റാമ്പ് ശേഖരണം തന്റെ വിനോദമായി തെരഞ്ഞെടുത്തു.

ഇടയ്ക്ക് അമ്മാവനും മക്കളുമൊന്നിച്ചു നടക്കാന്‍പോകും. പ്രകൃതിയൊക്കെ നിരീക്ഷിക്കും. കിളികളുടെ പാട്ടും ചീവീടിന്റെ ചിലയ്ക്കലുമൊക്കെ ശ്രദ്ധിക്കും. ഇടയ്ക്കു മ്യൂസിയവും മൃഗശാലയുമൊക്കെ കാണാന്‍ പോയി.

വീണ്ടും നഗരത്തിലേക്ക്

അങ്ങനെ ഒരുമാസം കഴിഞ്ഞു. അപ്പോള്‍ കിട്ടുവിന്റെ അമ്മ വന്ന് അവനെ തിരികെ നഗരത്തിലേക്കു കൊണ്ടുപോയി. ആദ്യം പോകാന്‍ വിമുഖത കാണിച്ചെങ്കിലും കിട്ടുവിന് പോകേണ്ടിവന്നു.

ഇനി കുറച്ചു നാള്‍ നഗരത്തിലെ കാര്യങ്ങളും കൂടി പഠിക്കണമെന്നായിരുന്നു അമ്മയുടെ നിലപാട്. അപ്പോഴേയ്ക്കും കിട്ടു, ഏറെക്കുറെ ക്ഷമിക്കാനും സഹിക്കാനുമൊക്കെ പഠിച്ചിരുന്നു. ഗ്രാമത്തില്‍ ലഭിച്ച പരിശീലനം അവനെ കൂടുതല്‍ പക്വതയും അച്ചടക്കവുമുള്ളവനാക്കി. ബാക്കിയുള്ള ദിവസങ്ങളില്‍ എന്തുചെയ്യണമെന്ന് അവന്‍ പ്ലാന്‍ ചെയ്തു തുടങ്ങി.

കിട്ടുവിന്റെ അമ്മ അവന് അല്പം ബേക്കിംഗ് പരിശീലനം കൊടുത്തു. താനൊരു ആണ്‍കുട്ടിയാണെങ്കിലും ഇതു പഠിക്കുന്നതു നല്ലതാണെന്ന് അവന്‍ ചിന്തിച്ചു. എങ്ങനെ വീട് അലങ്കരിക്കാമെന്നും വീടു വൃത്തിയാക്കുന്നതെങ്ങനെയെന്നും പഠിപ്പിച്ചു. ഇടയ്ക്കു കിട്ടുവിനെയുംകൊണ്ട് പച്ചക്കറിക്കടയില്‍ പോയി. എങ്ങനെ നല്ലതു തെരഞ്ഞെടുക്കാമെന്നും എങ്ങനെ പണമിടപാടു നടത്താമെന്നും പഠിപ്പിച്ചു. ചില ദിവസങ്ങളില്‍ അവന്റെ അച്ഛന്‍, അവനെ അത്താഴത്തിനായി പുറത്തുള്ള റസ്റ്ററന്റില്‍ കൊണ്ടുപോയി. ആ അവസരങ്ങളില്‍ ഭാവിജീവിതത്തെക്കുറിച്ചും ലൈംഗികതയെക്കുറിച്ചും പഠനത്തെക്കുറിച്ചുമെല്ലാം അവര്‍ സംസാരിച്ചു. വാരാന്ത്യങ്ങളില്‍ അടുത്തുള്ള പാര്‍ക്കില്‍ പോയി. അവിടെ അച്ഛനും മകനും മാത്രമായി കുറച്ചു സമയം ചെലവഴിച്ചു. അങ്ങനെ അച്ഛനും മകനും നല്ല സുഹൃത്തുക്കളായി. പല പഴയ സുഹൃത്തുക്കളെയും ബന്ധുക്കളെയും കാണാന്‍പോയി.


ഇടയ്ക്കു കിട്ടുവിനു ബോറടിക്കുമ്പോള്‍, അമ്മചില പുതിയ പാചക പരീക്ഷണങ്ങള്‍ ചെയ്യാന്‍ അവനെ ക്ഷണിക്കും. വീടൊക്കെ അലങ്കരിച്ച് ചെറിയ ഒരു ജന്മദിന പാര്‍ട്ടിയും നടത്തി. വീട്ടില്‍ കുറച്ച് അറ്റകുറ്റപ്പണികളൊക്കെ ചെയ്യാന്‍ കിട്ടുവിനെയും കൂട്ടി. ഇടയ്ക്ക് അമ്മയുമൊന്നിച്ചു ബീച്ചില്‍ പോയി കളിക്കും.

അടുത്തുള്ള കുട്ടികളൊക്കെ ട്യൂഷനുപോയി. കിട്ടുവിനു കളിക്കാനാണിഷ്ടം. അപ്പോള്‍ അവന്റെ വീട്ടില്‍ ചെറിയയുടെ മകന്‍ അപ്പു വന്നു. അവനുമായി ദിവസവും ഫുട്‌ബോള്‍ കളിക്കണമെന്ന് അച്ഛന്‍ നിഷ്‌കര്‍ഷിച്ചു. അങ്ങനെ തകൃതിയായി കളിതുടങ്ങി. രണ്ടുപേരെയും വയലിന്‍ ക്ലാസില്‍ കൊണ്ടുപോയി ചേര്‍ത്തു. അങ്ങനെ പുതിയ ഒരു വാദ്യോപകരണം പഠിച്ചുതുടങ്ങി. പിന്നെയും സമയം ബാക്കിവന്നപ്പോള്‍ കിട്ടുവിനെ സംസ്‌കൃത ക്ലാസില്‍ ചേര്‍ത്തു. എല്ലാദിവസവും ഒരു മണിക്കൂര്‍ പുതിയ ഒരു ഭാഷ പഠിക്കുന്നത് അവന്റെ തലച്ചോറിനെ ഉദ്ദീപിപ്പിക്കുമെന്ന് അച്ഛനുറപ്പിച്ചു പറഞ്ഞു. ഇടയ്ക്കു നല്ലൊരു പട്ടിക്കുട്ടിയെ എടുത്തുവളര്‍ത്താനും ശ്രമിച്ചു.

അമ്മയോടൊപ്പം ചില കരകൗശല വസ്തുക്കളുണ്ടാക്കുന്നതു പഠിക്കാനുംപോയി. ഇതോടെ അവനു ബോറടിയില്ലാതായി. അമ്മ വീട്ടിലെ എല്ലാ കാര്യങ്ങളിലും അവനെ കൂട്ടാന്‍ തുടങ്ങി. പതുക്കെ ഉത്തരവാദിത്വബോധം വന്നുതുടങ്ങി. കിട്ടു അനിയത്തിയും അപ്പുവുമായും തന്റെ സാധനങ്ങള്‍ പങ്കുവയ്ക്കാന്‍ തുടങ്ങി.

സ്‌കൂള്‍ തുറക്കാന്‍ ഒരാഴ്ച മാത്രം ബാക്കിനില്‍ക്കേ അച്ഛന്‍ ഒരു യാത്ര പ്ലാന്‍ചെയ്തു. കിട്ടുവിനും അനിയത്തിക്കും വളരെ സന്തോഷമായി. പക്ഷേ, യാത്ര കഴിയുമ്പോള്‍ ഒരു യാത്രാവിവരണമെഴുതണമെന്ന നിബന്ധനമാത്രം. അതു കിട്ടു സമ്മതിച്ചു. യാത്രയ്ക്കായി എല്ലാം പ്ലാന്‍ചെയ്തു. അങ്ങനെ എല്ലാവരുംകൂടി കൊടൈക്കനാല്‍, ഊട്ടി എന്നിവിടങ്ങളിലേക്കായി യാത്ര തിരിച്ചു. നാലു ദിവസം പ്രകൃതിസൗന്ദര്യം ആസ്വദിച്ചുള്ള ഒരു യാത്ര. ഇടയ്ക്കു മീന്‍പിടിക്കാനുംപോയി. ഈ ദിവസങ്ങളിലൊക്കെ കിട്ടു മൊബൈല്‍, കംപ്യൂട്ടര്‍ എന്നിവ മറന്നിരുന്നു. അടുത്തുള്ള തീവണ്ടിയില്‍ യാത്രചെയ്തു.

സ്‌കൂള്‍ തുറക്കുന്നതിനു രണ്ടുദിവസം മുമ്പ് സ്‌കൂളില്‍പോയി പുസ്തകങ്ങള്‍ വാങ്ങിച്ചു. ബ്രൗണ്‍ പേപ്പര്‍ ഉപയോഗിച്ചു പുസ്തകങ്ങള്‍ പൊതിഞ്ഞു. അപ്പോഴേയ്ക്കും കിട്ടുവിനു തന്റെ ജീവിതത്തെയും ജീവിത ലക്ഷ്യത്തെയും കുറിച്ചു ശരിയായ ഒരു ബോധ്യം വന്നിരുന്നു. അച്ഛനും അമ്മയും അനിയത്തിയും അവന്റെ സുഹൃത്തുക്കളായി മാറി. അവന് ചിട്ടയായ ഒരു ജീവിത രീതിയും കൈവരിക്കാനായി. തന്റെ അവധിക്കാലം ശരിയായ രീതിയില്‍ പ്രയോജനപ്പെടുത്തിയതില്‍ അവനും സന്തോഷിച്ചു. ചില നല്ല പുസ്തകങ്ങള്‍ വായിക്കാനും തന്‍േറതായ ഒരു ഹോബിയുണ്ടാക്കാനും കഴിഞ്ഞു.

അവധിക്കാലമെന്നു പറഞ്ഞുകേള്‍ക്കുമ്പോള്‍ മാതാപിതാക്കള്‍ ഭയപ്പെടേണ്ടെന്നും കുട്ടിയുടെ ക്രിയാത്മകശക്തി പുറത്തെടുക്കാനും പ്രകൃതിയെ അറിയാനുമുള്ള ഒരു കാലഘട്ടമായി ഈ അവസരമുപയോഗിക്കാമെന്നും കിട്ടുവിന്റെ മാതാപിതാക്കള്‍ക്കു മനസിലായി. അങ്ങനെ സ്‌കൂള്‍ തുറന്നു. പക്ഷേ, അപ്പോഴേയ്ക്കും അടുത്ത അവധിക്കാലത്തു ചെയ്യേണ്ട കാര്യങ്ങള്‍, കിട്ടു എഴുതി തിപ്പെടുത്തിയിരുന്നു. വീണ്ടും കാത്തിരിപ്പ്... അടുത്ത അവധിക്കാലത്തിനായി...

ഡോ.നതാലിയ എലിസബത്ത് ചാക്കോ
കണ്‍സള്‍ട്ടന്റ് സൈക്യാട്രിസ്റ്റ്, എച്ച്.ജി.എം ഹോസ്പിറ്റല്‍, മുട്ടുചിറ, കോട്ടയം.