വാര്‍ധക്യകാല വാതരോഗങ്ങളും സന്ധിരോഗങ്ങളും
വാര്‍ധക്യകാലം പലവിധ രോഗങ്ങള്‍ പിടിപെടുന്ന സമയമാണ്. വാതരോഗങ്ങളും സന്ധിരോഗങ്ങളുമാണ് പ്രായമായവരെ കൂടുതലായും ബാധിക്കുന്നത്. വാര്‍ധക്യകാലത്തെ വാതരോഗങ്ങളെയും സന്ധിരോഗങ്ങളെയും കുറിച്ചറിയാം...

നട്ടെല്ല്

മനുഷ്യശരീരത്തിന്റെ ചട്ടക്കൂട് എന്നുവിശേഷിപ്പിക്കുന്ന അസ്ഥികൂടത്തിന്റെ പ്രധാനഭാഗമാണ് നെട്ടല്ല്. ശരീരത്തെ താങ്ങിനിര്‍ത്താനും ചലിക്കാനും സഹായിക്കുന്നത് നട്ടെല്ലാണ്. 33 കശേരുക്കളും അതിന് ഓരോന്നിനും ഇടയില്‍ സ്ഥിതിചെയ്യുന്ന തരുണാസ്ഥി തളികകളും ചേര്‍ന്നതാണ് നെട്ടല്ല്. നട്ടെല്ലിനുള്ളില്‍ സ്ഥിതി ചെയ്യുന്ന ഏതാണ്ട് 45 സെന്റീമീറ്റര്‍ നീളവും ഒരു സെന്റിമീറ്റര്‍ വ്യാസവുമുള്ള ഒരു സുപ്രധാന കേബിള്‍ ഘടനയെന്നു വിശേഷിപ്പിക്കാവുന്ന സുഷുമ്‌നാ നാഡിയേയും അതില്‍ നിന്നും പുറപ്പെടുന്ന 31 ജോഡി ഞരമ്പുകളുടെ ഉത്ഭവസ്ഥാനത്തേയും സംരക്ഷിക്കുക എന്ന ധര്‍മ്മം കൂടി നെട്ടല്ലിനുണ്ട്. അതിനാല്‍ നെട്ടല്ലിനു ബാധിക്കുന്ന വൈകല്യങ്ങള്‍, ക്ഷതങ്ങള്‍, രോഗങ്ങള്‍ എന്നിവയെല്ലാം ജീവിതത്തില്‍ ക്ലേശങ്ങള്‍ ഉണ്ടാക്കാം. ലോകത്തിലെ മൊത്തം ജനസംഖ്യയുടെ 80 ശതമാനത്തോളം ആള്‍ക്കാര്‍ക്ക് ഒരിക്കല്‍ അല്ലെങ്കില്‍ മറ്റൊരിക്കല്‍ നട്ടെല്ലു സംബന്ധമായ പുറംവേദനകള്‍ ഉണ്ടാകുന്നതായി കണക്കാക്കപ്പെടുന്നു. വയോജനങ്ങളില്‍ ഇത് 80 ശതമാനത്തില്‍ കൂടുതലാകും.

അസ്ഥി ക്ഷയം (Osteoporosis)

അസ്ഥിയിലെ ധാതു സാന്ദ്രത (Bon-e M-in-er-a-l D-en-stiy :B-M-D) ശോഷണത്താല്‍ എല്ലുകള്‍ അസാധാരണമായി പെെട്ടന്ന് ഒടിയുകയും പൊടിയുകയും ചെയ്യുന്ന രോഗാവസ്ഥയാണ് ഓസ്റ്റിയോപൊറോസിസ് (O-steoporo-si-s). ഇത് ഒരു നിശബ്ദ രോഗമാണ്. എല്ലുകള്‍ അസാധാരണമായി പെെട്ടന്ന് ഒടിഞ്ഞതിനു ശേഷം മാത്രമായിരിക്കും അസ്ഥിസാന്ദ്രത കുറഞ്ഞത് കണ്ടു പിടിക്കപ്പെടുന്നത്. പ്രായമായവരില്‍ ഒരു പ്രധാന രോഗമരണ കാരണമാണ് ഓസ്റ്റിയോപൊറോസിസ്. സ്ത്രീകളില്‍ ആര്‍ത്തവവിരാമത്തോടടുത്ത് അസ്ഥി ക്ഷയം കണ്ടുവരുന്നു. 50 വയസിനു മുകളിലുള്ള 20 ശതമാനം സ്ത്രീകളും, 10/ 15 ശതമാനം പുരുഷന്മാരും ഓസ്റ്റി യോപൊറോസിസ് രോഗം ഉള്ളവരാണ്. ചെറിയ വീഴ്ചയില്‍പോലും എല്ലുകള്‍ക്ക് ഒടിവ് സംഭവിക്കാം.

പുറംവേദനകള്‍

കഴുത്തുവേദന, പുറംവേദന, നടുവേദന, ഇടുപ്പുവേദന, കാല്‍ വേദന മുതലായ പലതരം വേദനകളാണ് സാധാരണ കാണപ്പെടുന്നത്. ജനസംഖ്യയുടെ ഏതാണ്ട് പത്തു ശതമാനം പേര്‍ക്ക് ദൈനംദിന ജീവിതം തന്നെ ദുസഹമാക്കുന്ന ഈ രോഗങ്ങള്‍ മൂലം അനവധി തൊഴില്‍ദിനങ്ങള്‍ നഷ്ടപ്പെടുന്നതായും സ്ഥിതിവിവരക്കണക്കുകള്‍ സൂചിപ്പിക്കുന്നു.

കഴുത്തുവേദന

* കഴുത്തുവേദനയുണ്ടാകുന്ന കാരണങ്ങളില്‍ മുഖ്യമായിട്ടുള്ളത് സെര്‍വിക്കല്‍ സ്‌പോണ്ടിലോസിസ് എന്ന രോഗമാണ്.
* മാനസിക പിരിമുറുക്കം
* അണുബാധ
* ജന്മവൈകല്യങ്ങള്‍
* തലച്ചുമടെടുക്കുക
* വ്യായാമക്കുറവ്
* അസ്ഥിശോഷണം
എന്നിവയാണ് രോഗ കാരണങ്ങള്‍.

പ്രധാനപ്പെട്ട ലക്ഷണങ്ങള്‍

കഴുത്തുവേദന, കഴുത്തുതിരിക്കുവാനുള്ള പ്രയാസം, പുറംവേദന, തലവേദന, തോളുവേദന, കൈകളില്‍ മരവിപ്പ്, പെരുപ്പ് എന്നിവയൊക്കെയാണ് പ്രധാന ലക്ഷണങ്ങള്‍.

ചികിത്സ

അടിസ്ഥാനകാരണം അറിയാമെങ്കില്‍ അതിനുള്ള ചികിത്സ നടത്തണം. കഴുത്തിനുള്ള വ്യായാമം ദിവസേന നടത്തണം. ക്രമമായും ചിട്ടയായും അതു ചെയ്യണം. വേദനയകറ്റാന്‍ വേദനസംഹാരികള്‍ ഡോക്ടറുടെ നിര്‍ദേശാനുസരണം കഴിക്കണം.

നടുവേദന

ഏതുപ്രായക്കാരെയും നടുവേദന ബാധിക്കാമെങ്കിലും വയോജനങ്ങളില്‍ ഇതു കൂടുതല്‍ ദുരിതമുണ്ടാക്കും. നടുവേദന സ്ത്രീപുരുഷഭേദമെന്യേ ഉണ്ടാകാം. എങ്കിലും ആര്‍ത്തവ സമാപ്തി കഴിഞ്ഞ സ്ത്രീകളില്‍ ഇതു കൂടുതലായി കാണപ്പെടുന്നു.

കാരണങ്ങള്‍

പല കാരണങ്ങള്‍കൊണ്ടും നടുവേദന അനുഭവപ്പെടാം. നട്ടെല്ലില്‍ തന്നെയുള്ള കാരണങ്ങള്‍കൊണ്ടോ മറ്റു ശരീരവ്യവസ്ഥകളില്‍ ഉണ്ടാകുന്ന തകരാറുകള്‍ മൂലമോ താല്‍ക്കാലികമായോ സ്ഥായിയായോ രോഗമുണ്ടാകാം.


മുുവേദന/ ഇടുപ്പു വേദന

ജീവിതരീതിയിലുണ്ടായ മാറ്റങ്ങള്‍ മൂലമാണ് ഈ രോഗങ്ങള്‍ ഉണ്ടായിട്ടുള്ളത്. വ്യായാമരാഹിത്യമാണ് മറ്റൊരു കാരണം. മുട്ടുവേദനയ്ക്ക് തുടക്കത്തില്‍ മരുന്നു കഴിച്ചാല്‍ പരിഹാരം കണ്ടെത്താം. പഴക്കം വന്നിട്ടുണ്ടെങ്കില്‍ മുട്ടുമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയിലൂടെ വേദനയ്ക്ക് ആശ്വാസം കണ്ടെത്താനാകും.

നട്ടെല്ലില്‍തന്നെയുള്ള കാരണങ്ങള്‍

* ജന്മവൈകല്യങ്ങള്‍
* സന്ധികളിലെ നീര്‍ക്കെട്ട്
* അസ്ഥിശോഷണം
* അണുബാധ
* അര്‍ബുദരോഗങ്ങള്‍
* ശരീരക്ഷതങ്ങള്‍
* തേയ്മാനം
* അടിപിടിയാക്രമണങ്ങളില്‍ നിന്നുണ്ടാകുന്നവ

മറ്റു ശരീരവ്യവസ്ഥകളില്‍ നിന്നുമുളള കാരണങ്ങള്‍

* വൈറല്‍ പനികള്‍
* മാംസപേശികളില്‍ നിന്നുല്‍ഭവിക്കുന്നവ
* ആന്തരാവയവങ്ങളിലെ തകരാറുകള്‍ മൂലം ഉണ്ടാകുന്നവ (വൃക്കരോഗങ്ങള്‍, ഗര്‍ഭാശയരോഗങ്ങള്‍, മൂത്രാശയ രോഗങ്ങള്‍ എന്നിവ)
* ജീവിതശൈലി
* പോഷകാഹാരക്കുറവ്
* മാനസികം

രോഗലക്ഷണങ്ങള്‍

നടുവിനുണ്ടാകുന്ന വേദനയാണ് മുഖ്യലക്ഷണം. നടുവേദനയോടുകൂടി തന്നെ ഇടുപ്പു സന്ധികള്‍ക്കും വേദനയുണ്ടാകുന്നു. നടക്കുന്നതിനും തിരിയുന്നതിനും മറ്റും പ്രയാസമുണ്ടാകും. കാലുകള്‍ക്കും ഇതോടുകൂടിത്തന്നെ വേദനയും മരവിപ്പും പെരുപ്പും മറ്റുമുണ്ടാകും. പനി, പൊതുവായ ക്ഷീണം മുതലായവയും നടുവേദനയോടുകൂടി ഉണ്ടാകാം.

മൂത്രതടസം, അടിവയറ്റില്‍ വേദന, കാലിനു ബലക്കുറവ് മുതലായ ലക്ഷണങ്ങളും ചിലപ്പോള്‍ ഉണ്ടാവാം. പരുക്കേറ്റവരില്‍ മുറിവിന്റെയും ചതവിന്റെയും മറ്റും ലക്ഷണങ്ങള്‍ കാണപ്പെടും.

രോഗനിര്‍ണയം

രോഗിയില്‍ നിന്നും രോഗത്തെപ്പറ്റിയുള്ള വിശദമായ വിവരങ്ങള്‍ ശേഖരിച്ച ശേഷമുള്ള ശരീര പരിശോധനയും നട്ടെല്ലിന്റെയും കാലുകളുടെയും മറ്റുമുളള ചലന കഴിവുകളെയും വിലയിരുത്തിയും രോഗസ്ഥിതിയെപ്പറ്റി ഏതാണ്ടൊരു നിഗമനത്തിലെത്താന്‍ വിദഗ്ധനായ ഒരു ഡോക്ടര്‍ക്കു കഴിയും.

രോഗം സ്ഥിരീകരിക്കാനായി എക്‌സ്‌റേ, സിടി സ്‌കാന്‍, എംആര്‍ഐ സ്‌കാന്‍ എന്നീ പരിശോധനകളും ചില അവസരങ്ങളില്‍ നട്ടെല്ലിന്റെ നാളിയില്‍ പ്രത്യേകം മരുന്നു കുത്തിവച്ചുശേഷമുള്ള മൈലോഗ്രാം പരിശോധനയും നടത്തേണ്ടിവരും. ഇതുകൂടാതെ മൂത്രപരിശോധന, രക്തപരിശോധന, ഉദരഭാഗത്തിന്റെ അള്‍ട്രാ സൗണ്ട് സ്‌കാന്‍ മുതലായ പരിശോധനകളും ഇതര ശരീരവ്യവസ്ഥകളില്‍ നിന്നും ഉണ്ടായേക്കാവുന്ന കാരണങ്ങളെ കണ്ടെത്തുവാന്‍ സഹായിക്കും.

ചികിത്സ

അടിസ്ഥാനപരമായ മറ്റുരോഗങ്ങള്‍ ഉണ്ടെങ്കില്‍ അവയ്ക്കുള്ള ചികിത്സ നല്‍കണം.

വേദനസംഹാരികള്‍

വേദനയകറ്റാനുള്ള ഔഷധങ്ങള്‍ നല്‍കി വേദന കുറയ്‌ക്കേണ്ടത് ആവശ്യമാണ്. ഡോക്ടറുടെ നിര്‍ദേശം അനുസരിച്ചാണ് മരുന്ന് കഴിക്കേണ്ടത്.

വിശ്രമം

പൂര്‍ണവിശ്രമം ആവശ്യമാണ്. ഫോം മെത്തകള്‍ ഒഴിവാക്കണം.

ബെല്‍റ്റ്

നടുവിനു താങ്ങായും വേദന കുറയ്ക്കാനും ചില രോഗികളില്‍ ഇതു പ്രയോജനപ്പെടുത്താം.

മാനസിക ചികിത്സ

മാനസികമായ കാരണങ്ങളാലുണ്ടാകുന്ന വേദനയെന്ന് മനസിലാക്കിയാല്‍ ഒരു മനോരോഗവിദഗ്ധന്റെ ചികിത്സയായിരിക്കും വേണ്ടത്.

ശസ്ത്രക്രിയ

ഡിസ്‌ക് തള്ളല്‍ ഉള്ളവരിലും അര്‍ബുദ രോഗങ്ങളിലും അപകടകാരണങ്ങളിലും മറ്റും ശസ്ത്രക്രിയ ചെയ്യേണ്ടതായി വരും.

വ്യായാമം

രോഗിയേയും രോഗസ്ഥിതിയേയും മനസിലാക്കിയുളള വ്യായാമ മുറകള്‍ ചിയായും ക്രമമായും ചെയ്യേണ്ടതാണ്. അതിന് ഒരു കായികചികിത്സകന്റെ സഹായം ഉത്തമമായിരിക്കും. അദ്ദേഹത്തിന്റെ നിര്‍ദേശാനുസരണം വ്യായാമമുറകള്‍ ശീലമാക്കണം.

തയാറാക്കിയത്:
സീമ മോഹന്‍ലാല്‍

ഡോ.സുധീര്‍ ഷെറീഫ്

ഓര്‍ത്തോപീഡിക് സര്‍ജന്‍ ആന്‍ഡ് ജനറല്‍ സര്‍ജന്‍, താലൂക്ക് ഹോസ്പിറ്റല്‍, ചാവക്കാട്