വാര്‍ധക്യകാല രോഗങ്ങള്‍ക്ക് ശ്രദ്ധ നല്‍കാം
Monday, February 18, 2019 2:47 PM IST
പ്രായം മുന്നോട്ട് പോകും തോറും കൂടുതല്‍ കൂടുതല്‍ രോഗങ്ങളും കൂട്ടായി വരുന്നതാണ് നമ്മള്‍ സാധാരണയായി കാണുന്നത്. പലരും ഇതിനെ ഒരു സാധാരണ പ്രക്രിയയായി മാത്രമാണ് കരുതുന്നത്. പ്രായമാകുമ്പോള്‍ രോഗപ്രതിരോധ ശക്തി കുറഞ്ഞ്, ശരീരം ദുര്‍ബമാകുമെങ്കിലും മിക്ക രോഗങ്ങളെയും അല്പം ശ്രദ്ധവച്ചാല്‍ പടിക്ക് പുറത്ത് നിര്‍ത്താന്‍ കഴിയും.
പ്രായമായവരില്‍ ഏറ്റവും സാധാരണയായി കണ്ടുവരുന്ന ആരോഗ്യപ്രശ്‌നങ്ങളാണ് പ്രമേഹം, രക്താതിസര്‍മ്മദ്ദം, ഹൃദയാഘാതം (കൊറോണറി ഹാര്‍ട്ട് ഡിസീസ്), വൃക്കരോഗം, സ്‌ട്രോക്ക് തുടങ്ങിയവ.
പ്രമേഹം
ഏറെ സാധാരണമായി കാണപ്പെടുന്ന അസുഖം. രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് അധികമാകുന്ന അവസ്ഥയാണ് പ്രമേഹം. പ്രായമായവരില്‍ സാധാരണ ടൈപ്പ് 2 പ്രമേഹമാണ് കാണപ്പെടുക. അനാരോഗ്യകരമായ ഭക്ഷണരീതികളും വ്യായാമം ഇല്ലാത്തതുമൊക്കെയാണ് പ്രമേഹത്തിലേക്ക് നയിക്കുന്നത്. അമിതമായ വിശപ്പ്, ക്ഷീണം, തൂക്കത്തില്‍ വ്യതിയാനമുണ്ടാകുക, കൂടെക്കൂടെ മൂത്രമൊഴിക്കാന്‍ തോന്നുക എന്നിവയാണ് രോഗലക്ഷണങ്ങള്‍. രക്തപരിശോധനയിലൂടെയാണ് രോഗം കണ്ടെത്തുന്നത്. ഓരോ രോഗിയുടെയും ജീവിതശൈലിക്കനുസരിച്ച് പ്രമേഹരോഗ ചികിത്സാവിദഗ്ദ്ധന്‍ മരുന്നുകള്‍ നിര്‍ദേശിക്കും.
രക്താതിസമ്മര്‍ദ്ദം
ഹൃദയം രക്തം പമ്പ് ചെയ്യുമ്പോള്‍ രക്തക്കുഴലുകള്‍ക്കുള്ളില്‍ രക്തം ചെലുത്തുന്ന മര്‍ദ്ദമാണ് രക്തസമ്മര്‍ദം. രക്തസര്‍ദം സാധാരണയില്‍ നിന്നും ഉയര്‍ന്നിരിക്കുന്ന അവസ്ഥയാണ് രക്താതിസമ്മര്‍ദ്ദം അഥവാ ഹൈപ്പര്‍ടെന്‍ഷന്‍ എന്ന രോഗം. പാരമ്പര്യം, ഭക്ഷണശൈലി, അമിത വണ്ണം, ടെന്‍ഷന്‍, വ്യായാമക്കുറവ് എന്നിവയൊക്കെ രോഗകാരണങ്ങളാകാം. ആരംഭദശയില്‍ രോഗലക്ഷണങ്ങളൊന്നും ഉണ്ടാകാറില്ല. രോഗം ഗുരുതരമാകുമ്പോള്‍ തലവേദന, തലകറക്കം, ക്ഷീണം എന്നിവ കണ്ടേക്കാം. കൃത്യമായ മരുന്നുകളിലൂടെ രോഗം നിയന്ത്രണത്തില്‍ നിര്‍ത്താനാകും.
ഹൃദയാഘാതം (കൊറോണറി ഹാര്‍ട്ട് ഡിസീസ്)
ഹൃദയത്തിലേക്ക് രക്തമെത്തിക്കുന്ന ധമനികളില്‍ തടസമുണ്ടാകുമ്പോഴാണ് ഹൃദയാഘാതമുണ്ടാകുന്നത്. ഈ ധമനികളുടെ അകത്ത് കൊഴുപ്പടിഞ്ഞുകൂടി പ്ലേക് ഉണ്ടാകുമ്പോഴാണ് സുഗമമായ രക്തപ്രവാഹത്തിന് തടസമുണ്ടാകുന്നത്. ഹൃദയത്തിലേക്ക് രക്തം ചെല്ലാതാകുമ്പോള്‍ ഹൃദയം സ്തംഭിക്കുകയും അത് മരണകാരണമാകുകയും ചെയ്യും.
നെഞ്ച്, പുറം, കൈകള്‍ എന്നിവിടങ്ങളില്‍ വേദനയുണ്ടാകുക, ഉത്കണ്ഠ, തളര്‍ച്ച, അസാധാരണമായ രീതിയില്‍ ഹൃദയമിടിപ്പ് എന്നിവയാണ് ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങള്‍. നെഞ്ചിനു നടുവിലായി ഭാരം തോന്നുകയും വേദനയുണ്ടാകുന്നതുമാണ് ഏറ്റവും പ്രധാന ലക്ഷണം. ഇത് ഇടതുകൈകളിലേയ്ക്ക് വ്യാപിക്കാം. രണ്ട് തോള്‍പ്പലകകള്‍ക്ക് ഇടയ്ക്കുള്ള സ്ഥലത്തേയ്ക്ക് വേദന പടരാം. ചിലപ്പോള്‍ കീഴ്ത്താടിയില്‍ വേദനയുണ്ടാകാം. മോണകള്‍ക്ക് അസ്വസ്ഥത തോന്നുന്നതും ലക്ഷണങ്ങളിലൊന്നാണ്. കൈകളില്‍ മരവിപ്പ്, വേദന, തരിപ്പ് എന്നിവയും കണ്ടേക്കാം. അധികമായ വിയര്‍പ്പ്, വയറ്റിലെ അസ്വസ്ഥത, മനംപിരട്ടല്‍, ക്ഷീണം, ശ്വാസതടസം, തലയ്ക്ക് ഭാരം കുറഞ്ഞതായി തോന്നുക, തലചുറ്റല്‍ എന്നിവയാണ് മറ്റ് ലക്ഷണങ്ങള്‍.
രക്തക്കുഴലിലെ ബ്ലോക്ക് കണ്ടുപിടിക്കാനും അതിന്റെ തീവ്രത അറിയാനും ആന്‍ജിയോഗ്രം ഉപയോഗിക്കുന്നു. ചില തരം ഹൃദയാഘാതത്തിന് ലഭ്യമായ ഏറ്റവും മികച്ച ചികിത്സ ആന്‍ജിയോപ്ലാസ്റ്റി ആണ്. ഹൃദയാഘാതം സംഭവിക്കുമ്പോള്‍ ഹൃദയപേശികളിലേക്ക് രക്തം എത്തിക്കുന്ന രക്തക്കുഴലുകള്‍ തുറക്കുന്നതിന് എത്രയും പെട്ടെന്ന് ആന്‍ജിയോപ്ലാസ്റ്റി ചെയ്യുന്നു.
വൃക്ക രോഗം
രക്തത്തിലെ മാലിന്യങ്ങള്‍ നീക്കി ശുദ്ധീകരിക്കുകയാണ് വൃക്കകളുടെ ധര്‍മ്മം. ശരീരത്തിലെ അരിപ്പകള്‍ എന്നാണ് അവ അറിയപ്പെടുന്നത്. വളരെ സാവധാനത്തിലും നിശബ്ദവുമായാണ് വൃക്കകള്‍ക്ക് തകരാറുകളുണ്ടാകുന്നത്. തുടക്കത്തില്‍ പുറമെ കാണാനാവുന്ന ലക്ഷണങ്ങള്‍ ഒന്നുംതന്നെ ഉണ്ടാകില്ല. മറ്റ് പല രോഗങ്ങളുടെയും ലക്ഷണങ്ങള്‍ ആയിരിക്കും ചിലപ്പോള്‍ ഉണ്ടാവുക. മനംപിരട്ടല്‍, ഛര്‍ദ്ദി, വിശപ്പില്ലാതിരിക്കുക, ക്ഷീണം, തളര്‍ച്ച, ഉറക്കമില്ലായ്മ, മൂത്രത്തിന്റെ അളവിലെ വ്യത്യാസങ്ങള്‍, പേശീവേദന, കാലുകളിലും സന്ധികളിലും നീര്, തുടര്‍ച്ചയായ ചൊറിച്ചില്‍ തുടങ്ങിയവയായിരിക്കും ലക്ഷണങ്ങള്‍.
ഹൃദയത്തിന്റെ ആവരണത്തിന് ചുറ്റുമായി വെള്ളം കെട്ടിക്കിടക്കുന്നതുമൂലം നെഞ്ചുവേദനയുണ്ടാകുക, ശ്വാസകോശത്തില്‍ വെള്ളം കെട്ടിനില്‍ക്കുന്നതുമൂലം ശ്വാസതടസമുണ്ടാവുക തുടങ്ങിയ ലക്ഷണങ്ങളും കണ്ടേക്കാം. ഉയര്‍ന്ന രക്തസമ്മര്‍ദ്ദമാണ് മറ്റൊരു ലക്ഷണം
സ്‌ട്രോക്ക്
പ്രായമായവരില്‍ സ്‌ട്രോക്കിനുള്ള സാധ്യത വളരെ കൂടുതലാണ്. സ്‌ട്രോക്ക് വന്നതില്‍ മൂന്നില്‍ രണ്ടും അറുപത്തഞ്ചോ അതിനു മുകളിലോ പ്രായമായവരാണെന്നാണ് കണക്കുകള്‍ പറയുന്നത്.
തലച്ചോറിന്റെ ഒരു പ്രത്യേക ഭാഗത്തിന്റെ പ്രവര്‍ത്തനം പെെട്ടന്ന് നിലയ്ക്കുകയോ അവിടുത്തെ കോശങ്ങള്‍ക്ക് നാശം സംഭവിക്കുകയോ ചെയ്യുന്ന രോഗാവസ്ഥയാണ് സ്‌ട്രോക്ക് അല്ലെങ്കില്‍ മസ്തിഷ്‌കാഘാതം എന്നു പറയുന്നത്. ഇത് സംഭവിക്കുന്നത് നമ്മുടെ തലച്ചോറിലേക്ക് രക്തമെത്തിക്കുന്ന രക്തക്കുഴലിലെ തടസം നിമിത്തമോ രക്തക്കുഴലുകള്‍ പൊട്ടുന്നത് മൂലമോ ആണ്.
ഒരാള്‍ക്ക് സ്‌ട്രോക്ക് ഉണ്ടായാല്‍ അത് സ്‌ട്രോക്കാണെന്ന് തിരിച്ചറിഞ്ഞ് എത്രയും വേഗം വൈദ്യസഹായം ലഭ്യമാക്കണം. ശരീരഭാഗങ്ങള്‍ക്ക് പെെട്ടന്നുണ്ടാകുന്ന തളര്‍ച്ചയാണ് ലക്ഷണങ്ങളില്‍ പ്രധാനം. ശക്തമായ തലവേദന, നാവു കുഴയുക, സംസാരശേഷി നഷ്ടമാവുക, ശരീരഭാഗങ്ങളിലുണ്ടാകുന്ന തരിപ്പ്, ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനുള്ള ബുദ്ധിമുട്ട്, ശരീരത്തിന്റെ ബാലന്‍സ് നഷ്ടമാവുക, ഒരു കണ്ണിന്റെ കാഴ്ചശക്തി പെെട്ടന്ന് കുറയുക, മുഖം വശത്തേക്ക് കോടിപ്പോവുക തുടങ്ങിയവയാണ് സ്‌ട്രോക്കിന്റെ സാധാരണ ലക്ഷണങ്ങള്‍.
ലക്ഷണങ്ങള്‍ കണ്ടാല്‍ രോഗിയെ നാല് മണിക്കൂറിനുള്ളില്‍ സി.ടി.സ്‌കാന്‍ സൗകര്യമുള്ളതും ന്യൂറോളജിസ്റ്റുള്ളതുമായ ആശുപത്രിയില്‍ എത്തിക്കണം. സ്‌ട്രോക്ക് വന്ന് ഒന്നര മണിക്കൂറിനുള്ളില്‍ ചികിത്സ ലഭ്യമാക്കാന്‍ സാധിച്ചാല്‍ രോഗിയെ പൂര്‍ണമായും രക്ഷപെടുത്തുവാന്‍ സാധിക്കും.
ജീവിതശൈലി സംബന്ധമായ പല പ്രശ്‌നങ്ങളും സ്‌ട്രോക്കിലേക്കു നയിക്കുന്നവയാണ്. അമിതവണ്ണം, വ്യായാമം ഇല്ലാത്ത അവസ്ഥ, അനാരോഗ്യകരമായ ഭക്ഷണരീതി എന്നിവ പ്രത്യേകിച്ചും.. പ്രമേഹം, അമിത കൊളസ്‌ട്രോള്‍, അമിത ബി.പി എന്നിവയൊക്കെ സ്‌ട്രോക്കുണ്ടാകാനുള്ള കാരണങ്ങള്‍ കൂടിയാണ്. ഈ രോഗങ്ങളുള്ളവര്‍ മരുന്ന് കഴിച്ച് അവ നിയന്ത്രണവിധേയമാക്കി നിര്‍ത്തിയില്ലെങ്കില്‍ കാലക്രമേണ സ്‌ട്രോക്കിന് കാരണമാകാം.
മറ്റ് രോഗങ്ങള്‍
പ്രായാധിക്യംമൂലം ഉണ്ടാക്കാവുന്ന കൂടെക്കൂടെയുള്ള വീഴ്ചകള്‍ അസ്ഥിപൊട്ടലുകള്‍ക്കും സന്ധിവേദനകള്‍ക്കും വഴിവയ്ക്കും. കൃത്യമായ ഭക്ഷണക്രമം പാലിച്ചില്ലെങ്കില്‍ വിറ്റാമിന്റെ അഭാവം, രക്തക്കുറവ് (അനീമിയ) തുടങ്ങിയ അവസ്ഥകള്‍ക്ക് സാധ്യത ഏറെയാണ്.
മൂത്രസംബന്ധമായ പ്രശ്‌നങ്ങള്‍, കാന്‍സര്‍, ഉദര സംബന്ധമായ പ്രശ്‌നങ്ങള്‍ (അള്‍സര്‍, പൈല്‍സ്), പുകവലിക്കാരില്‍ ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍, ന്യൂമോണിയ തുടങ്ങിയ രോഗങ്ങളും വാര്‍ധക്യകാലത്ത് അലുന്നവയാണ്.
ഒറ്റക്ക് താമസിക്കുന്ന പ്രായമായവരില്‍ മാനസിക രോഗങ്ങള്‍ കൂടുതലായി കാണപ്പെടുന്നു (ഡിപ്രഷന്‍). പ്രായമേറും തോറും മറവിരോഗത്തിനുള്ള സാധ്യതയും ഉണ്ട്. 60 വയസില്‍ കൂടുതല്‍ പ്രായമുള്ളവര്‍ രണ്ടോ മൂന്നോ മാസത്തിലൊരിക്കല്‍ കുടുംബ ഡോക്ടറെ കാണുന്നത് ഉചിതമായിരിക്കും. ഇതുവഴി ആരംഭദശയില്‍ത്തന്നെ കൃത്യമായ രോഗനിര്‍ണയം സാധ്യമാകും.
പ്രത്യേക ശ്രദ്ധയ്ക്ക്
ഡോക്ടറുടെ ഉപദേശപ്രകാരം മാത്രമേ മരുന്നുകള്‍ കഴിക്കാവൂ. ഡോക്ടര്‍ നിര്‍ദേശിക്കുന്ന പരിശോധനകള്‍ കൃത്യമായി നടത്തുവാന്‍ ശ്രദ്ധിക്കുകയും വേണം.
ഡോ.ഗീത ഫിലിപ്പ്
സീനിയര്‍ കണ്‍സള്‍ട്ടന്റ് ഫിസിഷന്‍
ആസ്റ്റര്‍ മെഡ്‌സിറ്റി എറണാകുളം