ലക്ഷ്മിക്ക് പത്രം വായിക്കാൻ മാത്രമുള്ളതല്ല
Wednesday, January 25, 2023 5:04 PM IST
ഡൊമിനിക് ജോസഫ്
പത്രം വായിച്ചശേഷം തൂക്കി വിൽക്കാനല്ലാതെ മറ്റൊന്നിനും സാധാരണ ആരും എടുക്കാറില്ല. എന്നാൽ, മാന്നാർ കുരട്ടിക്കാട് കുമാർഭവനിൽ കുമാറിന്റെ ഭാര്യ ലക്ഷ്മിക്ക് പത്രം വായിച്ചശേഷം വെറുതെ കൂട്ടിവയ്ക്കാനുള്ളതല്ല. പത്രക്കടലാസ് കൊണ്ട് പാവകൾ, ഗിഫ്റ്റ് ബോക്സ്, മൊബൈൽ സ്റ്റാൻഡ്, പെൻ സ്റ്റാൻഡ് തുടങ്ങി പുൽക്കൂട് വരെ തീർത്ത് ഈ വീട്ടമ്മ വിസ്മയം തീർക്കുന്നു.
കുരട്ടിക്കാട് ശ്രീധർമശാസ്താക്ഷേത്രത്തിനു സമീപം താമസിക്കുന്ന ലക്ഷ്മി, ലോക്ഡൗൺ കാലത്ത് വെറുതെയിരുന്ന് മുഷിഞ്ഞപ്പോൾ ഈർക്കിലുകൾകൊണ്ട് കരകൗശല വസ്തുക്കൾ നിർമിച്ചായിരുന്നു തുടക്കം. പിന്നീട് പത്രക്കടലാസിലേക്ക് വഴിമാറി. കടലാസുകൾ ചെറുതായി ചുരുട്ടിയെടുത്ത് പശയും വർണങ്ങളും ഉപയോഗിക്കുമ്പോൾ ആരെയും ആകർഷിക്കുന്ന പുതിയ രൂപങ്ങൾ പിറവിയെടുക്കുന്നു.
മാന്നാർ മാർക്കറ്റ് ജംഗ്ഷന് സമീപം ഭർത്താവ് കുമാറിന്റെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന ജെകെ ഫാൻസി സ്റ്റോറിൽ ലക്ഷ്മി നിർമിക്കുന്ന കരകൗശല വസ്തുക്കൾക്ക് നല്ല ഡിമാൻഡാണ്. വിശേഷാവസരങ്ങളിൽ ഉറ്റവർക്ക് സമ്മാനമായി നൽകുന്നതിന് ഓർഡർ നൽകുന്നവരുമുണ്ട്.
വീട്ടുജോലികൾ കഴിഞ്ഞ് കടയിലെത്തുന്ന ലക്ഷ്മി, പഴയ പത്രക്കടലാസുകൾ ഉപയോഗിച്ച് ഓരോ ദിവസവും വ്യത്യസ്തങ്ങളായ വസ്തുക്കളാണ് നിർമിക്കുന്നത്. വില നിശ്ചയിക്കാത്ത ഇവയ്ക്ക് ആവശ്യക്കാർ നൽകുന്ന തുക ലക്ഷ്മി സ്നേഹപൂർവം സ്വീകരിക്കുകയാണ് പതിവ്. ഇതുവഴി ചെറുതല്ലാത്ത വരുമാനവും ലഭിക്കുന്നു.
സ്വന്തം വീടിന്റെ ചുവരുകളിൽ മനോഹരമായ ഡിസൈനുകൾ വരച്ചിടുന്ന ലക്ഷ്മി, മണവാട്ടികളെ മൊഞ്ചുള്ള മൈലാഞ്ചി വരകൾ അണിയിക്കുന്ന ഡിസൈനർ കൂടിയാണ്. വിവാഹങ്ങൾക്കും മറ്റ് ആഘോഷങ്ങൾക്കും മെഹന്ദി ചാർത്താൻ ലക്ഷ്മിയെത്തേടി സുഹൃത്തുക്കളും ബന്ധുക്കളുമൊക്കെ എത്തുന്നു.
പരുമല ദേവസ്വംബോർഡ് ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർഥി ജയകൃഷ്ണൻ, മാന്നാർ നായർസമാജം ബോയ്സ് സ്കൂളിലെ എട്ടാംക്ലാസ് വിദ്യാർഥി
ജഗത് കൃഷ്ണ എന്നിവരാണ് മക്കൾ. ഭർത്താവും മക്കളും ലക്ഷ്മിക്കു വേണ്ട പിന്തുണ നൽകി ഒപ്പമുണ്ട്.