തടിച്ചിവിളി വേണ്ട, ഐ ആം ബോള്‍ഡ്
ആ പെണ്ണിന് അല്ലെങ്കില്‍ ചെക്കന് എന്തൊരു തടിയാ?
തടിയുള്ളവരേക്കാള്‍ ആശങ്കയാണ് അവരുടെ കാര്യത്തില്‍ മറ്റുള്ളവര്‍ക്ക് എന്നു മനസിലാക്കാന്‍ ഈയൊരു ചോദ്യം മതി. എന്നാല്‍ ഇത്തരം ചോദ്യങ്ങള്‍ക്കും അടക്കം പറച്ചിലുകള്‍ക്കുമുള്ള മറുപടിയാണ് ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്ത്, ആസിഫ് അലി നായകനായി തിയറ്ററുകളില്‍ നിറഞ്ഞോടുന്ന കക്ഷി അമ്മിണിപ്പിള്ള എന്ന സിനിമ. നായകന്‍ ആസിഫ് അലിയാണെങ്കിലും തിയറ്ററില്‍ നിന്ന് പുറത്തിറങ്ങുന്നവരുടെയുള്ളില്‍ നിറയുന്നത് ഒരേയൊരു മുഖമാണ് കാന്തി ശിവദാസന്‍ എന്ന കാന്തിയുടേത്. ആദ്യ സിനിമയില്‍ തന്നെ പ്ലസ് സൈസ്ഡ് ആയി അരങ്ങേറ്റം കുറിക്കാന്‍ കാണിച്ച ധൈര്യത്തെക്കുറിച്ചും സിനിമ എന്ന സ്വപ്‌നത്തെക്കുറിച്ചും ഫറാ ശിബ്‌ല പറയുന്നു....

അഭിനയത്തോട് മോഹമല്ല, പ്രണയമാണ്

അഭിനയത്തോട് വളരെ തീവ്രമായ പ്രണയം ഉള്ളില്‍ കൊണ്ടുനടക്കുകയും എന്നാല്‍ അത് പുറത്ത് പറയാനോ കാണിക്കാനോ പറ്റാത്ത ചുറ്റുപാടില്‍ ജീവിക്കുകയും ചെയ്ത ഒരാളാണ് ഞാന്‍. മലപ്പുറത്ത് കൂട്ടിലങ്ങാടിയാണ് എന്റെ സ്വദേശം. സിനിമയുമായി യാതൊരു ബന്ധവുമില്ലാത്ത നാടാണ്. അവിടത്തെ ഒരു യാഥാസ്ഥിതിക മുസ്ലിം കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന പെണ്‍കുട്ടി എന്ന നിലയില്‍ സിനിമ എന്നെ സംബന്ധിച്ചിടത്തോളം വളരെ വിദൂരമായൊരു സ്വപ്‌നം മാത്രമാണ്.

അഭിനയിക്കുക പോയിട്ട് അന്നൊക്കെ ഒരു സിനിമ കാണാന്‍ സാധിക്കുന്നതുതന്നെ വലിയ കാര്യമാണ്. ചെറുപ്പത്തിലേ റോള്‍ പ്ലേ എല്ലാം സിനിമാകഥാപാത്രങ്ങളായിട്ടായിരുന്നു. കസിന്‍സുമൊത്ത് കളിക്കുമ്പോഴും ഞാന്‍ പലപ്പോഴും ആ കഥാപാത്രമായി മാറുന്നതായി എനിക്ക് ഫീല്‍ ചെയ്യുമായിരുന്നു. കസിന്‍സിന് എങ്ങനെ ആയിരുന്നു എന്ന് എനിക്ക് അറിയില്ല. പക്ഷേ ഞാന്‍ അങ്ങനെയായിരുന്നു. അന്നു മുതല്‍ അഭിനയത്തോടുള്ള ഇഷ്ടം ഉള്ളിലുണ്ടെങ്കിലും അതിങ്ങനെ ആരോടും പറയാതെ കൊണ്ടുനടക്കുകയായിരുന്നു.

ഉപ്പയാണ് എല്ലാം

മുസ്ലിം കുടുംബത്തില്‍ വളര്‍ന്നു എന്നു പറയുമ്പോഴും എന്റെ ഉപ്പ വളരെ ഫോര്‍വേഡ് ആയ ആളാണ്. അദ്ദേഹം ഓഷോയേയും നിത്യചൈതന്യയതിയേയും ഒക്കെ വായിക്കുകയും പിന്തുടരുകയും ചെയ്തിരുന്നു. ബിഎ ഇക്കണോമിക്‌സ് ഓപ്പണായി പഠിച്ച ആളാണ്. ഉപ്പ ദിവസവും ഓരോ പുതിയ ഇംഗ്ലീഷ് വാക്ക് പഠിക്കുമായിരുന്നു. ഉപ്പ മുഹമ്മദാലിയെക്കുറിച്ച് പറഞ്ഞു തുടങ്ങിയപ്പോഴേ ശിബ്‌ല ഒരു കുഞ്ഞ് 'അച്ഛന്‍ കുട്ടി'യായി.
എന്റെയുള്ളില്‍ വായനാശീലം വളര്‍ത്തിയെടുത്തത് ഉപ്പയാണ്. ഉപ്പയ്ക്ക് സ്വന്തമായി വലിയ പുസ്തക ശേഖരമുണ്ടായിരുന്നു. മിക്ക ദിവസങ്ങളിലും വൈകുന്നേരം ഉപ്പ എന്നേയും കൂട്ടി അടുത്തുള്ള ലൈബ്രറിയിലേക്ക് പോകും. എനിക്കും ഉപ്പയ്ക്കും ഓരോ പുസ്തകം അതാണ് രീതി. ഉപ്പയ്ക്ക് എന്തെങ്കിലും തിരക്കുള്ളപ്പോള്‍ ഉപ്പയുടെ പുസ്തകം കൂടി ഞാന്‍ എടുക്കും. അന്നൊക്കെ ദിവസവും രണ്ടും മൂന്നും പുസ്തകങ്ങള്‍ വായിക്കുമായിരുന്നു. വായന തുടങ്ങുമ്പോഴേക്കും ഞാനും എന്റെ ചിന്തകളുമൊക്കെ അതിലെ കഥാപാത്രത്തിന്‍േറതു പോലെ ആകും. ഞാന്‍ പോലും അറിയാതെയുള്ള ഈ മാറ്റം എനിക്ക് വളരെ ഇഷ്ടമാണ്. പെണ്ണെഴുത്തുകളോടാണ് എനിക്ക് കൂടുതല്‍ റിലേറ്റ് ചെയ്യാന്‍ സാധിക്കുക.

ഇത്രയൊക്കെ കൂട്ടാണെങ്കിലും ഉപ്പയോടുപോലും എന്റെ സിനിമാമോഹത്തെക്കുറിച്ച് ഞാന്‍ പറഞ്ഞിില്ല. ഒരുപക്ഷേ എനിക്ക് അദ്ദേഹത്തിന്റെ അവസ്ഥ അറിയുന്നതുകൊണ്ടാവും. സിനിമയോട് അദ്ദേഹത്തിന് താത്പര്യമുണ്ടെങ്കിലും അദ്ദേഹം കൂടി ഭാഗമായ സൊസൈറ്റി അത് അനുവദിക്കുന്നില്ല. പക്ഷേ എനിക്ക് സിനിമയോട് വലിയ ഇഷ്ടമാണെന്ന് ഉപ്പയ്ക്കറിയാം.

അന്നൊക്കെ നാട്ടിലെ തിയറ്ററിലൊന്നും പോയി സിനിമ കാണാന്‍ പറ്റില്ലായിരുന്നു. ഒടുവില്‍ ഞാന്‍ വാശി പിടിക്കുമ്പോള്‍ എന്റെ നിര്‍ബന്ധവും ചിണുങ്ങലും സഹിക്കാനാകാതെ ഉപ്പ എന്നെയും കൂട്ടി പെരിന്തല്‍മണ്ണയിലെ തിയറ്ററില്‍ പോയി സിനിമ കാണിക്കും.

സിനിമാസ്‌നേഹം ഒക്കെ ഉണ്ടായിരുന്നെങ്കിലും പഠിക്കാന്‍ അത്യാവശ്യം നല്ല കുട്ടിയായിരുന്നു ഞാന്‍. അതുകൊണ്ട് ഉപ്പ കരുതിയിരുന്നത് ഞാന്‍ അക്കാഡമിക്കലി മുന്നോട്ടു പോകും എന്നാണ്. ഉപ്പയുടെ പ്രതീക്ഷയും അദ്ദേഹം എന്നെ പഠിപ്പിക്കാന്‍ കാണിച്ച താത്പര്യത്തിന്റെ ഫലവുമാണ് എന്റെ പോസ്റ്റ് ഗ്രാജ്വേഷന്‍ ഡിഗ്രി. എംഎ സൈക്കോളജി റാങ്കോടെ പാസായി എന്നറിഞ്ഞപ്പോള്‍ ഉപ്പയ്ക്ക് വലിയ സന്തോഷവും അഭിമാനവുമായിരുന്നു. പഠനത്തിനിടയില്‍ ഞാന്‍ ആങ്കറിംഗിലേക്ക് തിരിഞ്ഞപ്പോഴും ഉപ്പ എതിര്‍ത്തില്ല. ഇപ്പോള്‍ ദാ ആ യാത്ര സിനിമ വരെ എത്തിനില്‍ക്കുന്നു. എന്റെ ഈ നേട്ടത്തിലും ഉപ്പയ്ക്ക് അഭിമാനം മാത്രമാണുള്ളത്. കാരണം എന്നെ സിനിമ കാണിച്ചിരുന്നതും വായിക്കാന്‍ പുസ്തകങ്ങള്‍ സമ്മാനിച്ചതുമൊക്കെ ഉപ്പയല്ലേ. ഉപ്പയോടുള്ള സ്‌നേഹം വാക്കുകളില്‍ നിറഞ്ഞപ്പോള്‍ ശിബ്‌ലയുടെ ശബ്ദം ഇടറി. 'ഉപ്പയ്ക്ക് എന്നെ മനസിലാകുന്നതു പോലെ മറ്റാര്‍ക്കും എന്നെ മനസിലാവില്ല.' ശിബ്‌ല പറഞ്ഞു.

ക്ലാസി കാസ്റ്റിംഗ് കോള്‍

പതിവായി നമ്മള്‍ കാണുന്ന കാസ്റ്റിംഗ് കോളുകളില്‍ നിന്നു വളരെ വ്യത്യസ്തമായിരുന്നു അമ്മിണിപ്പിള്ളയുടേത്. നിങ്ങള്‍ അങ്ങനെയാണോ ഇങ്ങനെയാണോ എന്നൊന്നും ചോദിക്കാതെ വളരെ ക്ലാസിയായ ഒന്ന്. അതിലെ 'വണ്ണമുള്ള ശരീരപ്രകൃതമുള്ള പെണ്‍കുട്ടികളെ ക്ഷണിക്കുന്നു' എന്ന വാചകമാണ് എനിക്ക് വളരെ രസകരമായി തോന്നിയത്. പൊതുവേ സൈസ് സീറോസിനാണല്ലോ ഡിമാന്‍ഡ് ഉണ്ടാവുക. ആ സമയത്ത് ഞാന്‍ കുറച്ച് തടിവച്ചിട്ടുണ്ടായിരുന്നു. അങ്ങനെയാണ് അപ്ലൈ ചെയ്യുന്നതും ഓഡീഷന് പോകുന്നതും. ഓഡീഷനു ചെന്നപ്പോള്‍, നല്ല സിനിമയുണ്ടാക്കണം എന്ന് ആഗ്രഹമുള്ളവരാണ് അണിയറയിലുള്ളതെന്ന് എനിക്കു മനസിലായി. ഒന്നു രണ്ടു സീനുകള്‍ ചെയ്തു കാണിച്ചപ്പോള്‍ തന്നെ അവര്‍ ഇംപ്രസ്ഡ് ആയെന്നു തോന്നി.

തടിവയ്ക്കാന്‍ പറ്റുമോ എന്നതായിരുന്നു അടുത്ത ചോദ്യം. പറ്റുമെന്ന് ഞാന്‍ രണ്ടാമതൊന്ന് ചിന്തിക്കാതെ പറഞ്ഞു. അന്നെനിക്ക് ഏകദേശം 63 കിലോയോളം ഭാരമുണ്ടായിരുന്നു. പൊതുവേ തടിവയ്ക്കാതെയിരിക്കാന്‍ പാടുപെടുന്ന ആളാണ് ഞാന്‍. എന്റെ ആത്മവിശ്വാസം കണ്ട് സത്യത്തില്‍ അവര്‍ ചിരിച്ചുപോയി. പിന്നെ രണ്ടു ദിവസം കഴിഞ്ഞാണ് കോള്‍ വരുന്നത്. അപ്പോഴും അവര്‍ പറഞ്ഞത് ഒരു മാസം തരാം, അല്പംകൂടി തടി കൂട്ടിനോക്കൂ എന്നാണ്. അടുത്ത ദിവസം മുതല്‍ യാതൊരുവിധ കണ്‍ട്രോളും ഇല്ലാതെ ഭക്ഷണം കഴിച്ചുതുടങ്ങി.

എല്ലാവരിലുമുണ്ട് ഒരു കാന്തി

കാന്തി ഒരു പൂമ്പാറ്റയെപ്പോലെയാണ്. അവള്‍ക്ക് ഭക്ഷണത്തോട് ആര്‍ത്തിയല്ല, മറിച്ച് ആഗ്രഹമാണ്. ജീവിതത്തില്‍ ഒരിക്കലും തടിയെക്കുറിച്ച് ആശങ്കപ്പെടാത്ത പെണ്ണാണ് കാന്തി. തടിയൊരു വലിയ തെറ്റാണെന്ന് ആദ്യമായി അവള്‍ക്കു തോന്നുന്നത് വിവാഹശേഷമാണ്. പക്ഷേ അപ്പോഴും മറ്റാര്‍ക്കും വേണ്ടി മാറാന്‍ അവള്‍ ശ്രമിക്കുന്നതേയില്ല. ഇതാണ് കാന്തിയെക്കുറിച്ച് എനിക്കു കിട്ടിയ വിവരണം. ഇത്രയും പോരേ ഒരു സാധാരണ പെണ്ണിനു കാന്തിയോട് ഇഷ്ടം തോന്നാന്‍? ശിബ്‌ല ചോദിക്കുന്നു.

കാന്തി സ്‌നേഹമാണ്... ആര്‍ക്കും നിരസിക്കാനാകാത്ത നിറഞ്ഞ സ്‌നേഹം... അതുകൊണ്ടുതന്നെ കാന്തിയെക്കുറിച്ച് കേട്ടപാടെ എനിക്ക് അവളോടു ഭയങ്കരമായി ഇഷ്ടം തോന്നി. കാരണം ഞാന്‍ പ്രതിനിധീകരിക്കുന്നത് ഒരു വലിയ വിഭാഗം ആളുകളെയാണെന്ന് എനിക്കറിയാമായിരുന്നു. തടിയെക്കുറിച്ചു മാത്രമല്ല ഞാനിവിടെ പറയുന്നത്. നിറത്തിന്റെയോ നീളത്തിന്റെയോ വണ്ണത്തിന്റെയോ ഒക്കെ പേരില്‍ വിഷമിക്കുന്ന സ്ത്രീകളാണ് എന്റെ മുന്നിലുള്ളത്. പിന്നെ സ്വന്തമായി ഒരു കാരക്ടറുള്ള പെണ്‍കുട്ടികൂടിയാണ് കാന്തി. മറ്റാര്‍ക്കും വേണ്ടി മാറാത്ത, കുഞ്ഞു കുഞ്ഞു കാര്യങ്ങളില്‍ സന്തോഷം കണ്ടെത്തുന്ന, ആരോടും പരിഭവമില്ലാത്ത ഒരു സാധാരണ പെണ്‍കുട്ടി. ഇതൊക്കെയാണ് എന്നെ കാന്തിയോട് അടുപ്പിച്ചത്. ഫാന്‍സി ആയിട്ടുള്ള കാര്യങ്ങളേക്കാള്‍ എനിക്കിഷ്ടം യാഥാര്‍ഥ്യത്തോട് ചേര്‍ന്നു നില്‍ക്കുന്നവയോടാണ്. അത്തരത്തിലൊരു കഥയാണ് കക്ഷി അമ്മിണിപ്പിള്ള പറയുന്നത്. കാന്തി എന്ന പേരിനോട് എനിക്ക് ഒരുതരം ഇമോഷണല്‍ അറ്റാച്ച്‌മെന്റ് തോന്നി എന്നതും ഒരു പ്രധാന കാരണമാണ്.

ആരോഗ്യം പോലും മറന്നു, കാന്തിക്കു വേണ്ടി

വണ്ണം കൂട്ടാന്‍ എന്റെ മുന്നിലുണ്ടായിരുന്നത് ഏതാനും മാസങ്ങളായിരുന്നു. ആദ്യം പറഞ്ഞതുപോലെ വണ്ണം വയ്ക്കാതിരിക്കാന്‍ പാടുപെടുന്ന ആളാണ് ഞാന്‍. ആ കോണ്‍ഫിഡന്‍സ് എനിക്കുണ്ടായിരുന്നു. പക്ഷേ കാന്തിയാകാന്‍ 85 കിലോ വരെ ഭാരം ഉയര്‍ത്തണമായിരുന്നു.

ലക്ഷ്യം പെെട്ടന്ന് തടിവയ്ക്കുക ആയിരുന്നതിനാല്‍ ഫ്രൈഡ് ഫുഡ്‌സും ജങ്ക് ഫുഡ്‌സും ഐസ്‌ക്രീമും ഒക്കെ ധാരാളം കഴിക്കുമായിരുന്നു. പതിവായി ഹെല്‍ത്ത് ചെക്കപ്പുകള്‍ എടുക്കുന്ന ആളല്ല ഞാന്‍. അപ്പോള്‍ പിന്നെ പെട്ടെന്നൊരു ദിവസം ഒരു നിയന്ത്രണവുമില്ലാതെ ഭക്ഷണം കഴിച്ച് എന്തെങ്കിലും ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുമോ എന്ന് പേടിയുണ്ടായിരുന്നു. എല്ലാ പ്രിവിലേജസും ഉള്ള നടീനടന്മാര്‍ വണ്ണം കൂട്ടുന്നതും കുറയ്ക്കുന്നതുമെല്ലാം മിടുക്കരായ പരിശീലകരുടെ മേല്‍നോട്ടത്തിലാണ്. പക്ഷേ എന്നെ സംബന്ധിച്ച് അങ്ങനെ അല്ലായിരുന്നു. വ്യായാമം ഒക്കെ തീര്‍ത്തും നിര്‍ത്തിവച്ചിരിക്കുകയായിരുന്നു അപ്പോള്‍. വെറുതേ ഒരു ധൈര്യത്തിന് ദിവസവും അര മണിക്കൂര്‍ ത്രെഡ് മില്ലിലെങ്കിലും നടന്നോച്ചെ എന്നു ഞാന്‍ ദിന്‍ജിത്ത് (സംവിധായകന്‍ ദിന്‍ജിത്ത് അയ്യത്താന്‍) ചേട്ടനോടു ചോദിച്ചു. പക്ഷേ വേണ്ടെന്നായിരുന്നു മറുപടി. പെട്ടെന്ന് തടി വെച്ചതാണെന്നു തോന്നരുത് എന്നാണ് അദ്ദേഹം പറഞ്ഞത്.

ഞാന്‍ പൊതുവേ നല്ല ഒന്നാന്തരം ഇമോഷണല്‍ ഈറ്റര്‍ ആയിരുന്നു. കോളജില്‍ പഠിക്കുമ്പോള്‍ കാന്തിയുടെ അത്ര വണ്ണമുണ്ടായിരുന്നു. ആ പ്രായത്തില്‍ എല്ലാവരോടും എന്നപോലെ സമൂഹം എന്നോടും പറഞ്ഞു തുടങ്ങി 'തടി കുറയ്ക്കൂ... വണ്ണക്കൂടുതലാണ്... കല്ല്യാണം കഴിക്കാന്‍ ചെക്കനെ കിട്ടില്ല...' എന്നൊക്കെ. ഇത്തരം സംസാരങ്ങളും പുറത്തേക്കിറങ്ങുമ്പോഴുള്ള നോവുമെല്ലാം എന്നെ അസ്വസ്ഥയാക്കിത്തുടങ്ങി. അങ്ങനെ ഞാന്‍ സ്വയം വര്‍ക്ക് ഔട്ട് ചെയ്തും ഫുഡ് കണ്‍ട്രോള്‍ ചെയ്തുമൊക്കെ തടി കുറച്ചു. അന്ന് ഞാന്‍ ഏകദേശം 52 കിലോയോളം എത്തിയതാണ്. ഇപ്പോള്‍ വീണ്ടും കാന്തിയില്‍ നിന്ന് ശിബ്‌ലയിലേക്ക് എത്താനുള്ള ഒരുക്കത്തിലാണ്.


കണ്ണാടിയില്‍പോലും നോക്കാത്ത ദിവസങ്ങള്‍

വണ്ണം വച്ചു തുടങ്ങിയതില്‍ പിന്നെ ഞാന്‍ അധികം കണ്ണാടിയില്‍ നോക്കിയിട്ടേയില്ല. എല്ലാ ആഴ്ചയും അവര്‍ക്ക് ഫോട്ടോ അയച്ചു കൊടുക്കണമായിരുന്നു. ആ സമയത്ത് മാത്രമാണ് ഞാന്‍ കണ്ണാടിക്കു മുന്നില്‍ നില്‍ക്കുന്നത്. മറ്റൊരു രസകരമായ സംഗതി ഞാന്‍ അലമാര തുറക്കാറെ ഇല്ലായിരുന്നു എന്നതാണ്. കാരണം അതു തുറന്നിട്ട് എനിക്കു വലിയ കാര്യമില്ല എന്നതു തന്നെ. ഡ്രസ് ഒന്നും പാകമാവില്ല. അപ്പോള്‍ പിന്നെ വെറുതേ ആ ഭാഗത്തേക്ക് പോകേണ്ടതില്ലല്ലോ. ഓണ്‍ലൈന്‍ സെയില്‍ വരുമ്പോള്‍ മൂന്നോ നാലോ ഡ്രസ് വാങ്ങും. കണ്ണാടിയില്‍ നോക്കുന്നതു മാത്രമല്ല, പുറത്തേക്ക് ഇറങ്ങുന്നതും തീരെ കുറവായിരുന്നു. ചോദ്യങ്ങളെ നേരിടുകയായിരുന്നു അന്നെനിക്ക് അഭിമുഖീകരിക്കേണ്ടി വന്ന ഏറ്റവും വലിയ ബുദ്ധിമുട്ട്.

തടിവച്ചാല്‍ എന്താണ് കുഴപ്പം എന്നു ചോദിക്കുമ്പോഴും, അതിന്റെ ബുദ്ധിമുട്ടുകള്‍ അനുഭവിച്ച ആളാണ് ഞാന്‍. എന്റെ മകന്‍ വീരുവിന് മൂന്നു വയസാണ്. തടി കൂടിയതോടെ അവന്റെ പിന്നാലെയുള്ള ഓട്ടവും അവനെ എടുക്കുന്നതുമൊക്കെ വലിയ പ്രയാസമായിത്തുടങ്ങി. പക്ഷേ അന്ന് അനുഭവിച്ച ബുദ്ധിമുട്ടുകളെല്ലാം ഇത്രയും വലിയൊരു വിജയത്തിലേക്ക് എത്തുന്നതിനു വേണ്ടിയായിരുന്നു എന്നോര്‍ക്കുമ്പോള്‍ സന്തോഷമാണ്. മാത്രമല്ല ആദ്യം തന്നെ വണ്ണമുണ്ടായിരുന്നെങ്കില്‍ എനിക്ക് ഇത്ര ആകാംക്ഷയും സന്തോഷവും ഉണ്ടാവില്ലായിരുന്നു.ശിബ്‌ലയല്ല, കാന്തിയാണ്

കാന്തി എന്ന കഥാപാത്രം സ്‌ക്രീനിലുള്ള സമയം വളരെ കുറവാണ്. പക്ഷേ സിനിമ കണ്ടിറങ്ങുമ്പോള്‍ കാന്തിയാണ് മനസില്‍ എന്ന് ഒരുപാടു പേര്‍ പറഞ്ഞു. നേരിട്ടും ഇന്‍സ്റ്റഗ്രാമിലും ഫേസ്ബുക്ക് വഴിയുമൊക്കെ ഒരുപാടു പേര്‍ ആശംസകള്‍ അറിയിച്ചു. ഒരു തുടക്കക്കാരി എന്ന നിലയില്‍ എനിക്ക് ഇതൊക്കെ വലിയ അംഗീകാരമാണ്.

അവതാരക എന്ന നിലയില്‍ പോലും എന്നെ അധികമാരും തിരിച്ചറിഞ്ഞിരുന്നില്ല. പുറത്തിറങ്ങുമ്പോള്‍ എവിടെയോ കണ്ടിട്ടുണ്ടല്ലോ എന്ന രീതിയില്‍ ആളുകള്‍ നോക്കാറുണ്ടായിരുന്നു. അതിനപ്പുറത്തേക്ക് എന്നെ ആര്‍ക്കും അറിയില്ലായിരുന്നു എന്നതാണ് സത്യം. പക്ഷേ ഇപ്പോള്‍ കാര്യങ്ങളൊക്കെ മാറി, ഒരുപാടു പേര്‍ക്ക് ഞാന്‍ കാന്തിയായി.

കാന്തി എന്തിനാണ് അമ്മിണിയുടെ പിന്നാലെ പോയത് എന്നു ചോദിച്ചവരാണ് കൂടുതല്‍. സ്ത്രീകളാണ് അങ്ങനെ പറഞ്ഞതില്‍ അധികവും. സ്ത്രീകള്‍ മാറി ചിന്തിച്ചുതുടങ്ങി എന്നാണ് എനിക്ക് ഇതില്‍ നിന്ന് മനസിലായത്. അപ്പോഴും കാന്തിയെപ്പോലുള്ളവരുമുണ്ട്. നമ്മള്‍ ചെയ്യുന്ന കഥാപാത്രം മറ്റൊരാള്‍ക്ക് ഫീല്‍ ചെയ്യുന്നിടത്താണല്ലോ ഒരു ആര്‍ട്ടിസ്റ്റിന്റെ വിജയം.

കഠിനാധ്വാനത്തിനു കിട്ടിയ സാനം

സിനിമ റിലീസായി ആദ്യ ദിവസം സംവിധായകന്‍ വി.കെ. പ്രശാന്ത് വിളിച്ചിരുന്നു. ഫോണ്‍ എടുത്തപ്പോള്‍ തന്നെ അദ്ദേഹം പറഞ്ഞത് 'ശിബ്‌ല ഔട്ട് ഓഫ് ദി വേള്‍ഡ് പെര്‍ഫോമന്‍സ് ആയിരുന്നു' എന്നാണ്. വി.കെ.പിയെപ്പോലെ ഒരാളില്‍ നിന്ന് അത്തരം ഒരു കമന്റ് നമുക്ക് തരുന്ന ആത്മവിശ്വാസം വളരെ വലുതാണ്. അരുണ്‍ ഗോപിയാണ് പിന്നെ വിളിച്ചത്. തടിയില്ലാത്ത കുട്ടിയെ തടി വയ്പിച്ച് അഭിനയിപ്പിക്കുന്നതിനേക്കാള്‍ തടിയുള്ള ആളെ സെലക്ട് ചെയ്താല്‍ പോരെ എന്ന് ആദ്യം സംശയിച്ചുവെങ്കിലും സിനിമ കണ്ടപ്പോള്‍ അതിനുള്ള മറുപടി കിട്ടി എന്നദ്ദേഹം പറഞ്ഞു. എന്റെയുള്ളിലെ ആര്‍ട്ടിസ്റ്റിന് പ്രേക്ഷകരെ എക്‌സൈറ്റ് ചെയ്യിപ്പിക്കാന്‍ സാധിച്ചിട്ടുണ്ട് എന്നും പറഞ്ഞു. അങ്ങനെ ഒരുപാടു പേര്‍ വിളിച്ചു. ഒരാള്‍ അവരുടെ ജീവിതത്തില്‍ നിന്ന് ഒരു മിനിറ്റെങ്കിലും എനിക്കും കാന്തിക്കുമായി മാറ്റിവയ്ക്കുന്നു എന്നു പറയുമ്പോള്‍ അത് ചെറിയ കാര്യം അല്ലല്ലോ. പലരും നമ്പര്‍ തേടിപ്പിടിച്ചാണ് വിളിച്ചത്. അത് ഭയങ്കര സന്തോഷമുള്ള കാര്യമാണ്. പുതിയ ഒരാളെ അംഗീകരിക്കാന്‍ അവര്‍ മനസു കാണിക്കുന്നുണ്ടല്ലോ.

ഭൂമിയാണ് ഇന്‍സ്പിരേഷന്‍

ഭൂമി പെഡ്‌നേക്കറുടെ ഡം ലഗാ കെ ഹെയ്‌സ എന്ന സിനിമ ഞാന്‍ മുന്‍പ് കണ്ടിട്ടുണ്ട്. ആ സിനിമ പറയുന്ന രാഷ്ട്രീയം അന്നേ എന്നെ വല്ലാതെ ആകര്‍ഷിച്ചതാണ്. ചിത്രത്തില്‍ ഒരിടത്തും ഭൂമിയെ താഴ്ത്തുന്നില്ല. മറ്റുള്ളവരുടെ കണ്ണില്‍ തടിയാണ് അവളുടെ കുറവ്. എന്നാല്‍ ഭര്‍ത്താവിന്റെ വിദ്യാഭ്യാസമില്ലായ്മയേയാണ് അയാളുടെ കുറവായി അവള്‍ കാണുന്നത്.

തടിയുള്ളവര്‍ ഓണ്‍ സ്‌ക്രീന്‍ വള്‍ഗര്‍ ആകാന്‍ വളരെ എളുപ്പമാണ്. പക്ഷേ അതിനെപ്പോലും വളരെ മനോഹരമായാണ് അവര്‍ അവതരിപ്പിച്ചിരിക്കുന്നതും ചിത്രീകരിച്ചിരിക്കുന്നതും. അതിനേക്കാളേറെ എന്നെ അമ്പരപ്പിച്ചത്, പ്ലസ് സൈസ്ഡ് ആയുള്ള ഭൂമിയുടെ അരങ്ങേറ്റമാണ്. ശരീര സൗന്ദര്യത്തിനു വലിയ പ്രാധാന്യമുള്ള ബോളിവുഡിലേക്കാണ് ഭൂമി പ്ലസ് സൈസ്ഡ് ആയി കാലെടുത്തു വച്ചത്. അന്ന് സിനിമ കണ്ടപ്പോള്‍ ഞാന്‍ ചിന്തിച്ചു ഇങ്ങനെ ഒരു തുടക്കത്തിന് മലയാളത്തില്‍ ആരെങ്കിലും ധൈര്യം കാണിക്കുമോ എന്ന്. പക്ഷേ അത് ഞാനാകുമെന്ന് സ്വപ്‌നത്തില്‍പോലും ചിന്തിച്ചിരുന്നില്ല. ഓഡിഷന് പോയപ്പോള്‍ അവര്‍ റഫറന്‍സ് പറഞ്ഞതും ഭൂമിയേയാണ്.

രാധികയുടെ കട്ട ഫാന്‍

ഇന്ത്യന്‍ സിനിമയില്‍ ഇപ്പോള്‍ ഉള്ള നടിമാരില്‍ എന്റെ ഫേവറൈറ്റ് ആണ് രാധിക. ഞാന്‍ അവരുടെ കട്ട ഫാനാണ്. അവര്‍ക്ക് അവരുടെ ശരീരത്തിനു മേലുള്ള ആവിശ്വാസവും ഉറപ്പും എന്നെ പലപ്പോഴും അദ്ഭുതപ്പെടുത്തിയിുണ്ട്. നമ്മുടെ ശരീരത്തെക്കുറിച്ച് മറ്റുള്ളവര്‍ ആകുലപ്പെടുന്ന ഒരു കാലഘട്ടത്തിലാണ് നമ്മള്‍ ഇന്നും ജീവിക്കുന്നത്. ആ സമയത്താണ് തന്റെ ന്യൂഡിറ്റിയില്‍ താന്‍ കംഫര്‍ട്ടിബിളാണ് എന്ന് രാധിക പറയുന്നത്. ഓരോ സിനിമയും കഥാപാത്രവും ആവശ്യപ്പെടുന്ന രീതിയില്‍ ശരീരത്തെ ഉപയോഗിക്കാന്‍ രാധികയ്ക്ക് അസാധ്യമായ കഴിവാണുള്ളത്. മുഖത്ത് എത്രത്തോളം മാറ്റങ്ങള്‍ വരുത്തുന്നു എന്നതിനേക്കാള്‍ എത്രയോ മുകളിലാണ് ശരീരം കൊണ്ടും കഥാപാത്രമാകുന്നത്. ഒരു നടി എന്ന നിലയില്‍ രാധികയ്ക്ക് അതിനു സാധിക്കുന്നുണ്ട്. പണ്ടൊരിക്കല്‍ കെ.പി.എ.സി. ലളിത ചേച്ചി എന്നോടു പറഞ്ഞിട്ടുണ്ട് ഒരു കഥാപാത്രത്തിന്റെ വിജയം പകുതി വേഷച്ചേര്‍ച്ചയിലാണെന്ന്. കാന്തിയാകാന്‍ ഒരുങ്ങുമ്പോള്‍ ഏറ്റവുമധികം മനസില്‍ നിറഞ്ഞതും ആ വാക്കുകളാണ്.

വിജിത്ത് തന്ന ധൈര്യം

എന്റെ വഴി സിനിമയാണെന്ന് ഞാന്‍ അല്ലാതെ മറ്റൊരാള്‍ തിരിച്ചറിഞ്ഞിുണ്ടെങ്കില്‍ അത് എന്റെ ഭര്‍ത്താവാണ്. വിജിത്ത് എന്നോട് എപ്പോഴും പറയുമായിരുന്നു ശിബ്‌ല സിനിമയാണ് നിന്റെ വഴി എന്ന്. സിനിമ എന്ന സ്വപ്‌നം ഉള്ളില്‍ കിടക്കുമ്പോഴും ഞാന്‍ അത് വിജിയോടു പറഞ്ഞിട്ടില്ല. ഒരുപക്ഷേ ഞാനീ സിനിമയൊക്കെ കണ്ട് എക്‌സൈറ്റഡ് ആകുന്നത് കണ്ടപ്പോള്‍ ആള്‍ക്ക് മനസിലായതാവാം.

സിനിമയല്ലാതെ മറ്റൊന്നും എന്നെ സന്തോഷിപ്പിക്കില്ല എന്ന് വിജിത്ത് പറഞ്ഞിട്ടുണ്ട്. ആങ്കറിംഗ് ചെയ്യുമ്പോള്‍ പോലും ഇതല്ല എന്റെ വഴി എന്ന് എനിക്കറിയാമായിരുന്നു. പക്ഷേ അപ്പോഴും സിനിമയാണ് എനിക്ക് വേണ്ടതെന്നോ അഭിനയമാണ് എന്റെ വഴിയെന്നോ എനിക്ക് അറിയില്ലായിരുന്നു. അവിടെയൊക്കെ എന്നെ ശരിയായ വഴിയിലേക്ക് തിരിച്ചുവിട്ടത് വിജിയാണ്.

എന്റെ ഉപ്പ കഴിഞ്ഞാല്‍ പിന്നെ എന്റെ കംഫര്‍ട്ട് സോണ്‍ വിജിയാണ്. ഹസ്ബന്‍ഡ് എന്നതിനപ്പുറം പുള്ളിക്കാരന്‍ ഒരു ഫാദര്‍ലി ഫിഗര്‍ കൂടിയാണ് എനിക്ക്. എന്നെയും മോനേയും വിജി ഒരുപോലെയാണ് നോക്കുന്നത്.

അമ്മിണിപ്പിള്ളയ്ക്കു വേണ്ടി വണ്ണം വയ്ക്കുന്ന സമയത്ത് പാതിരാത്രിക്കൊക്കെ ഞാന്‍ ഐസ്‌ക്രീം വേണംന്ന് പറയും. ഫ്രിഡ്ജില്‍ ഇല്ലെങ്കില്‍ ചിലപ്പോഴൊക്കെ കിട്ടുന്നിടത്തു പോയി വാങ്ങിയിട്ടു വന്നിട്ടുണ്ട്. ഭാര്യയുടെ ഭാരം അല്പം കൂടിയാല്‍ ടെന്‍ഷനാകുന്ന ഭര്‍ത്താക്കന്മാരും ഉള്ള കാലമാണ്. അവിടെയാണ് നീ ധൈര്യമായി തടി വച്ചോ ശിബ്‌ല എന്നു പറഞ്ഞ് വിജി കട്ടക്കു കൂടെ നിന്നത്. പുറത്തു നിന്ന് ആരെങ്കിലും വന്ന് അയ്യോ ശിബ്‌ല തടിച്ചൂല്ലോ എന്നു പറഞ്ഞാല്‍ വിജി പറയും 'ആ ശരിയാണ് ഇപ്പോ തടിച്ച് നല്ല സുന്ദരിയായിട്ടുണ്ടെന്ന്'. ഇത്തരം കുഞ്ഞു കുഞ്ഞു വാക്കുകള്‍ മതി ശരിക്കും ഒരു പെണ്ണിനെ സന്തോഷിപ്പിക്കാനും ധൈര്യം കൊടുക്കാനും. ഞാന്‍ എന്റെ ലക്ഷ്യത്തിലേക്ക് എത്തുന്നതില്‍ എന്നേക്കാളേറെ സന്തോഷിച്ച ആളാണ് വിജിത്ത്. ബിഗ് ബോസ് തമിഴിന്റെ കാസ്റ്റ് ഡയറക്ടറാണ് ശിബ്‌ലയുടെ ഭര്‍ത്താവ് വിജിത്ത് നായര്‍.

എന്റെ വണ്ടര്‍വുമണ്‍

വിവാഹം കഴിഞ്ഞാല്‍ പെണ്‍കുട്ടികളുടെ ഭാവി നിശ്ചയിക്കുന്നതില്‍ വലിയ പങ്കു വഹിക്കുന്നത് ഭര്‍ത്താവിന്റെ കുടുംബം ആണല്ലോ. അങ്ങനെ നോക്കുമ്പോള്‍ എന്നെ ഞാനാക്കിയതില്‍ വിജിയുടെ കുടുംബത്തിനു വലിയ പങ്കുണ്ട്. അതില്‍ എടുത്തുപറയേണ്ട ആളാണ് വിജിയുടെ അമ്മ രമാദേവി. നല്ല പ്രായമുണ്ടെങ്കിലും വീരൂന്റെ സ്പീഡിനൊത്ത് അമ്മ നില്‍ക്കും. അത്രയ്ക്ക് എനര്‍ജറ്റിക്കാണ് അമ്മ.

ഷൊര്‍ണൂരാണ് വിജിത്തിന്റെ വീട്. അവിടെ ഞങ്ങള്‍ കൂട്ടുകുടുംബമായാണ് കഴിയുന്നത്. ഞാന്‍ ആങ്കറിംഗ് ചെയ്യുമ്പോള്‍ അമ്മയാണ് എന്റെ ഏറ്റവും വലിയ ഫാനും സപ്പോര്‍ട്ടും. എന്റെ ഷോയൊക്കെ കാണാന്‍ അമ്മ കാത്തിരിക്കാറുണ്ട്. വീരുവിന് അന്‍പതു ദിവസം പ്രായമുള്ളപ്പോള്‍ മുതല്‍ ഞാന്‍ ഷോ ചെയ്തു തുടങ്ങിയിരുന്നു. അന്ന് അമ്മയാണ് അവനെ നോക്കിയിരുന്നത്. ഇപ്പോഴും അമ്മ പറയാറുണ്ട് തിരക്കാണെങ്കില്‍ അവനെ ഇവിടെ കൊണ്ടു വീടൂ എന്ന്. ഇത്രയൊക്കെ സപ്പോര്‍ട്ട ചെയ്യുന്ന ഒരു ഫാമിലി ഇല്ലായിരുന്നെങ്കില്‍ എനിക്ക് ഇവിടെ വരെ എത്താന്‍ സാധിക്കുമായിരുന്നില്ല.

സംസാരം അവസാനിപ്പിച്ച് വീരുവിന്റെ കുറുമ്പിനു പിന്നാലെ ഓടിത്തുടങ്ങുന്നതിനു മുന്‍പ് ശിബ്‌ല പറഞ്ഞു, പുതിയൊരു വിശേഷമുണ്ട്. കുറച്ചു കൂടെ എക്‌സ്പിരിമെന്റല്‍ ആയ ഒരു കഥാപാത്രം ചെയ്യാനുള്ള ഒരുക്കത്തിലാണ്. എല്ലാം സെറ്റായ ശേഷം പറയാം.

അഞ്ജലി അനില്‍കുമാര്‍