പത്താംക്ലാസ് പാസായവർക്ക് കേന്ദ്രസർവീസ് നിയമനത്തിന് അവസരമൊരുക്കുന്ന മൾട്ടി ടാസ്കിംഗ് സ്റ്റാഫ്, ഹവിൽദാർ പരീക്ഷകൾക്ക് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (എസ്എസ്സി) അപേക്ഷ ക്ഷണിച്ചു.
കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ ഒക്ടോബർ-നവംബർ മാസങ്ങളിൽ നടക്കും. കേരളത്തിൽ ആറ് പരീക്ഷാകേന്ദ്രങ്ങളുണ്ടാവും. അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി: ജൂലൈ 31.
കേന്ദ്ര ഗവണ്മെന്റിന്റെ വിവിധ വകുപ്പുകളിലെ മൾട്ടി ടാസ്കിംഗ് (നോണ്‍ ടെക്നിക്കൽ) സ്റ്റാഫ് തസ്തികയിൽ 4887 ഒഴിവും റവന്യു വകുപ്പിലെ സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്സസ് ആൻഡ് കസ്റ്റംസിലെ (സിബിഐസി) ഹവിൽദാർ തസ്തികയിൽ 3439 ഒഴിവുമാണുള്ളത്. ഒഴിവുകളുടെ എണ്ണത്തിൽ പിന്നീട് മാറ്റം വരാം.
യോഗ്യത
പത്താംക്ലാസ്/ തത്തുല്യ യോഗ്യത 2024 ഓഗസ്റ്റ് ഒന്നിനകം നേടിയിരിക്കണം.
പ്രായം
18-25 വയസ്, 18-27 വയസ് എന്നിങ്ങനെ രണ്ട് പ്രായപരിധിയുണ്ട്. 18-25 വിഭാഗത്തിലുള്ളവർ 02-08-1999നും 01.08.2006നും ഇടയിൽ ജനിച്ചവരും 18-27 വിഭാഗത്തിലുള്ളവർ 02.08.1997 നും 01.08.2006നും ഇടയിൽ ജനിച്ചവരുമായിരിക്കണം. ഉയർന്ന പ്രായപരിധിയിൽ അർഹർക്ക് നിയമാനുസൃത ഇളവ്.
ശാരീരികയോഗ്യത (ഹവിൽദാർ തസ്തികയിലേക്ക് മാത്രം): പുരുഷന്മാർക്ക് 157.5 സെ.മീയും (അർഹർക്ക് ഇളവ്) സ്ത്രീകൾക്ക് 152 സെ.മീയും (അർഹർക്ക് ഇളവ്) ഉയരമുണ്ടായിരിക്കണം. പുരുഷന്മാർക്ക് 81 സെ.മീ നെഞ്ചളവും അഞ്ച് സെ.മീ വരെ നെഞ്ചളവ് വികാസവും വേണം. സ്ത്രീകൾക്ക് 48 കിലോഗ്രാം ഭാരം വേണം. (അർഹർക്ക് ഇളവ്).
പരീക്ഷ
എംടിഎസ് തസ്തികയിലേക്കും ഹവിൽദാർ തസ്തികയിലേക്കും തെരഞ്ഞെടുപ്പിനായി ആദ്യഘട്ടത്തിൽ കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ നടത്തും. പരീക്ഷയ്ക്ക് ഒബ്ജക്ടീവ് ടൈപ്പ് മാതൃകയിൽ മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളായിരിക്കും ഉണ്ടാവുക. രണ്ടു സെഷനുകളുണ്ട്.
ഒന്നാം സെഷനിൽ ന്യൂമറിക്കൽ ആൻഡ് മാത്തമാറ്റിക്കൽ എബിലിറ്റി, റീസണിംഗ് എബിലിറ്റി ആൻഡ് പ്രോബ്ലം സോൾവിംഗങ് എന്നിവയും രണ്ടാം സെഷനിൽ ജനറൽ അവയർനെസ്, ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് കോംപ്രിഹെൻഷൻ എന്നിവയുമാണ് വിഷയങ്ങൾ. ഒരു സെഷൻ കഴിഞ്ഞാൽ ഉടൻ രണ്ടാം സെഷൻ തുടങ്ങുംവിധമാണ് ക്രമീകരണം.
പരീക്ഷാകേന്ദ്രങ്ങൾ
കേരളം, കർണാടക, ലക്ഷദ്വീപ് എന്നിവ കർണാടക, കേരള റീജണിലാണ് ഉൾപ്പെടുന്നത്. എറണാകുളം, കൊല്ലം, കോട്ടയം, കോഴിക്കോട്, തൃശൂർ, തിരുവനന്തപുരം എന്നിവയാണ് കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങൾ. ഉദ്യോഗാർഥികൾക്ക് ഒരേ റീജണിലെ മൂന്ന് കേന്ദ്രങ്ങൾ മുൻഗണനാക്രമത്തിൽ നൽകാം. പിന്നീട് മാറ്റാൻ ആവശ്യപ്പെടാനാവില്ല.
അപേക്ഷാഫീസ്: വനിതകൾക്കും എസ്സി, എസ്ടി. വിഭാഗക്കാർക്കും ഭിന്നശേഷിക്കാർക്കും വിമുക്തഭടന്മാർക്കും അപേക്ഷാഫീസ് ഇല്ല. മറ്റുള്ളവർ 100 രൂപ അടയ്ക്കണം. ഓണ്‍ലൈനായി ഓഗസ്റ്റ് ഒന്ന് വരെ (രാത്രി 11 മണി വരെ) ഫീസ് അടയ്ക്കാം.
അപേക്ഷ
എസ്എസ്സിയുടെ പുതിയ വെബ്സൈറ്റായ https://ssc.gov.in വഴി ഓണ്‍ലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. വണ്‍ ടൈം രജിസ്ട്രേഷൻ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത് (പഴയ വെബ്സൈറ്റിൽ വണ്‍ടൈം രജിസ്ട്രേഷൻ ചെയ്തവരും പുതിയ വെബ്സൈറ്റിൽ വീണ്ടും വണ്‍ടൈം രജിസ്ട്രേഷൻ ചെയ്യണം).
അപേക്ഷ സമർപ്പിക്കുന്നതിനുള്ള നിർദേശങ്ങളുൾപ്പെടെ വിശദവിവരങ്ങൾ www.ssc.nic.inലുള്ള വിജ്ഞാപനത്തിൽ ലഭ്യമാണ്.