സ്റ്റെനോഗ്രാഫർ ഗ്രേഡ് സി ആൻഡ് ഡി പരീക്ഷ -2025നു സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ അപേക്ഷ ക്ഷണിച്ചു. 261 ഒഴിവാണു പ്രതീക്ഷിക്കുന്നത്. ഒഴിവുകളുടെ എണ്ണത്തിൽ മാറ്റം വരാം. ജൂൺ 26 വരെ ഓൺലൈനായി അപേക്ഷിക്കാം.
സ്റ്റെനോഗ്രാഫർ ഗ്രേഡ് സി ഗ്രൂപ്പ് ബി നോൺ ഗസറ്റഡ് തസ്തികയും സ്റ്റെനോഗ്രാഫർ ഗ്രേഡ് ഡി ഗ്രൂപ്പ് സി തസ്തികയുമാണ്. കേന്ദ്രസർക്കാർ മന്ത്രാലയങ്ങളിലും വകുപ്പുകളിലുമാണ് ഒഴിവ്.
സ്ത്രീകൾക്കും അവസരമുണ്ട്. എന്നാൽ, ബോർഡർ റോഡ്സ് ഓർഗനൈസേഷനിൽ സ്റ്റെനോഗ്രാഫർ ഗ്രേഡ് ഡി തസ്തികയിൽ പുരുഷന്മാർക്കു മാത്രമാണ് അവസരം. യോഗ്യത: പ്ലസ് ടു ജയം/തത്തുല്യം.
പ്രായം: സ്റ്റെനോഗ്രാഫർ ഗ്രേഡ് സി: 18-30. സ്റ്റെനോഗ്രാഫർ ഗ്രേഡ് ഡി: 18-27. പ്രായം 2025 ഓഗസ്റ്റ് ഒന്ന് അടിസ്ഥാനമാക്കി കണക്കാക്കും. എസ്സി, എസ്ടി വിഭാഗക്കാർക്ക് 5 വർഷവും ഒബിസിക്കു 3 വർഷവും ഉയർന്ന പ്രായപരിധിയിൽ ഇളവ്. മറ്റ് ഇളവുകൾ ചട്ടപ്രകാരം.
തെരഞ്ഞെടുപ്പ്: കംപ്യൂട്ടർ അധിഷ്ഠിത ഒബ്ജക്ടീവ് പരീക്ഷ, സ്റ്റെനോഗ്രഫി സ്കിൽ ടെസ്റ്റ് എന്നിവ മുഖേന. ആദ്യഘട്ട പരീക്ഷയിൽ ജയിക്കുന്നവർക്കാണു സ്കിൽ ടെസ്റ്റ്. പരീക്ഷാ സിലബസ്, സ്കിൽ ടെസ്റ്റ് സംബന്ധിച്ച വിശദവിവരങ്ങൾ സൈറ്റിൽ.
കേരള, കർണാടക റീജണിലെ (KKR) പരീക്ഷാകേന്ദ്രങ്ങളും കോഡുകളും: എറണാകുളം (9213), കൊല്ലം (9210), കോട്ടയം (9205), കോഴിക്കോട് (9206), തൃശൂർ (9212), തിരുവനന്തപുരം (9211), കണ്ണൂർ (9202).
ഫീസ്: 100. സ്ത്രീകൾക്കും പട്ടികവിഭാഗക്കാർക്കും വിമുക്തഭടന്മാർക്കും ഭിന്നശേഷിക്കാർക്കും ഫീസില്ല. ഓൺലൈനായി ഫീസ് അടയ്ക്കാം.
കൂടുതൽ വിവരങ്ങൾക്ക്: https://ssc.gov.in