തൊടുപുഴ: ഇടുക്കി പ്രസ് ക്ലബിൽ നടന്നുവരുന്ന ഇന്ത്യൻ ഹിസ്റ്ററി എക്സ്പോ കൗതുകത്തിന്റെ പുതുലോകം തുറന്നു. ട്രാവൻകൂർ കൊച്ചിൻ ഹെറിറ്റേജ് സൊസൈറ്റിയുടെ പത്താമതു വാർഷികത്തോടനുബന്ധിച്ചാണ് എക്സ്പോ ഒരുക്കിയിരിക്കുന്നത്.
നന്നങ്ങാടിയിൽനിന്നു ലഭിച്ച ബിസി 500-ലെ പുരാതന മണ്കുടം, നവീന ശിലായുഗത്തിലെ ആളുകൾ ഉപയോഗിച്ചിരുന്ന കൽ ഉളി, രാജഭരണകാലയളവിൽ പ്രത്യേകതരം പേപ്പറിൽ പ്രകൃതിദത്ത മഷി ഉപയോഗിച്ച് അറബി, ഉർദു ഭാഷകളിൽ എഴുതിയ ഖുർആൻ, താളിയോലയിൽ നാരായം ഉപയോഗിച്ച് എഴുതിയ പുരാതന രാമായണം,
പുരാതന ബൈബിൾ, മൃഗത്തിന്റെ തൊലിയിൽ എഴുതിയ ബ്രിട്ടീഷ് ഡോക്യുമെന്റ്, മുഗൾരാജാക്കൻമാരുടെ രാജ്ദൂത് ബോക്സുകൾ, പൂഞ്ഞാർ രാജാവിന്റെ എന്പോസ് മുദ്ര, ബ്രിട്ടീഷ് ഇന്ത്യയിലെ പത്രങ്ങളും സ്വാതന്ത്ര്യസമര വാർത്തകളും, കൊച്ചി രാജാവിന്റെ കത്ത്, ബ്രിട്ടീഷ് സർക്കാരിന്റെ പുരാതന ഒൗദ്യോഗിക രേഖകൾ, ഇന്ത്യ-പോർച്ചുഗീസ് സ്റ്റാന്പ് പേപ്പറുകളും കരാറുകളും പ്രദർശനത്തിലുണ്ട്.
കൂടാതെ ബ്രിട്ടീഷ് രാജമുദ്രപതിപ്പിച്ച ഫലകം, നൂറ്റാണ്ട് പഴക്കമുള്ള ബ്രിട്ടീഷ് ഫാനുകൾ, തിരുവിതാംകൂർ നാണയങ്ങളായ ഒരുകാശ്, നാലുകാശ്, എട്ടുകാശ്, വെള്ളിച്ചക്രം, സ്വർണനാണയങ്ങൾ, വിദേശ കറൻസികൾ, വത്തിക്കാൻ നാണയങ്ങൾ, ഇന്ത്യൻ സർക്കാർ പുറത്തിറക്കിയ സ്മാരക നാണയങ്ങൾ തുടങ്ങി വ്യത്യസ്തവും കൗതുകം നിറഞ്ഞതുമായ നിരവധി വസ്തുക്കളാണ് പ്രദർശനത്തിലുള്ളത്.
രാവിലെ നടന്ന യോഗത്തിൽ ന്യൂയോർക്ക് വിശ്വജ്യോതി മലയാളം സ്കൂൾ മുൻ പ്രിൻസിപ്പൽ ജോസഫ് മുണ്ടൻചിറ ഉദ്ഘാടനം ചെയ്തു. എം.പി. നാസർ അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ ഇടുക്കി വള്ളക്കടവിൽ പുരാവസ്തു മ്യൂസിയം നടത്തുന്ന കെ.കെ. തോമസിനെ ട്രാവൻകൂർ ഹിസ്റ്ററി അവാർഡ് നൽകി ആദരിച്ചു. എസ്. ഉണ്ണികൃഷ്ണൻ പ്രസംഗിച്ചു. പുരാവസ്തു പൈതൃക സംരക്ഷണ മേഖലയിൽ മികച്ച പ്രവർത്തനം നടത്തുന്ന എ.കെ. ജോസ്,
മാർട്ടിൻ മുളപ്പുറം, കെ.കെ. ശശിധരൻ എന്നിവരെ നഗരസഭാ ചെയർപേസ്ണൽ സബീന ബിഞ്ചുവും മികച്ച പ്രവർത്തനം നടത്തിയ ജിജോ ജോയിയെ ജോസഫ് മുണ്ടൻചിറയും മെമന്റോ നൽകി ആദരിച്ചു. എക്സ്പോ ഇന്നു സമാപിക്കും.