അടൂർ: നിർദിഷ്ട ശബരിമല വിമാനത്താവളത്തിനു പത്തനംതിട്ട ജില്ലയിലെ കൊടുമൺ പ്ലാന്റേഷൻ കോർപറേഷൻ സ്ഥലം കൂടി സാമൂഹികാഘാത പഠനത്തിൽ ഉൾപ്പെടുത്തണമെന്ന ഹൈക്കോടതി നിർദേശത്തെ ശബരി സാംസ്കാരിക സമിതി (പത്തനംതിട്ട കൊടുമൺ ശബരി വിമാനത്താവള ആക്ഷൻ കമ്മിറ്റി ) സ്വാഗതം ചെയ്തു.
വഞ്ചിയൂർ പി. പരമേശ്വരൻ നായർ മുഖേന ശബരി സാംസ്കാരിക സമിതി ഹൈക്കോടതിയിൽ നൽകിയ ഹർജി തീർപ്പാക്കിയാണു ചീഫ് ജസ്റ്റീസ് നിതിൻ ജാംദാർ, ജസ്റ്റീസ് എസ്. മനു എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിൻ്റെ നിർദേശം. വിമാനത്താവളത്തിനായി എരുമേലി, സൗത്ത്, മണിമല വില്ലേജുകളിലെ 2264.09 ഏക്കർ ഭൂമി ഏറ്റെടുക്കാനാണു സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നത്. സർക്കാർ നിർദേശിച്ചിരിക്കുന്ന ഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ചു പ്രതിഷേധം ഉയർന്നതിനാൽ പദ്ധതി സംബന്ധിച്ച് ഒട്ടേറെ വിവാദങ്ങളുണ്ടായി.
ചെറുവള്ളി എസ്റ്റേറ്റ് സംബന്ധിച്ചു നിയമപ്ര ശ്നങ്ങളുമുണ്ടെന്ന് സാംസ്കാരിക സമതി ഹർജിയിൽ ചൂണ്ടിക്കാട്ടി. നിർദിഷ്ട സ്ഥലത്തു പദ്ധതി നടപ്പാക്കിയാൽ 434 കുടുംബങ്ങളെ പൂർണമായും ബാധിക്കും. ഒട്ടേറെപ്പേരെ ഒഴിപ്പിക്കേണ്ടിവരും. വൻതുകയാണു സർക്കാരിനു ചെലവാക്കേണ്ടിവരുന്നത്. കൊടുമൺ എസ്റ്റേറ്റ് പരിഗണിച്ചാൽ ഈ പ്രശ്നങ്ങളൊന്നും ഉണ്ടാകുകയില്ലെന്നാണ് സമിതിയുടെ വാദം.
നാലു വശങ്ങളിലും പ്രധാന പാതകൾ, വന്യ ജീവി, പരിസ്ഥിതി പ്രശ്നങ്ങളില്ലാത്തതും അനുകൂല ഘടകമാണ്. തമിഴ്നാടുമായി അടുത്ത സ്ഥലം, ശബരിമലയിലേക്ക് ദൂരക്കുറവ്, വനമേഖല അല്ലാത്ത പ്രദേശം തുടങ്ങി ഒട്ടേറെ സാധ്യതകളാണ് ചൂണ്ടിക്കാണിക്കപ്പെട്ടത്.
കൊടുമൺ എസ്റ്റേറ്റ് തെരഞ്ഞെടുത്താൽ ജലാശയങ്ങളും തണ്ണീർത്തടങ്ങളും നികത്തേണ്ടതില്ല. എന്നാൽ ചെറുവള്ളി എസ്റ്റേറ്റ് ഉൾപ്പെടെ ഏറ്റെടു ത്താൽ പ്രകൃതി സ്രോതസുകളെയും പൊതുജനങ്ങളെയും ബാധിക്കുമെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇത്രയും അനുകൂലമായ സാഹചര്യങ്ങളുള്ള എസ്റ്റേറ്റിൽ തന്നെ ശബരി വിമാനത്താവളം സാധ്യമാക്കണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു.
കൺവീനർ ഡോ. വർഗീസ് പേരയിൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ശ്രീജിത്ത് ഭാനുദേവ് റിപ്പോർട്ട് അവതരിപ്പിച്ചു. പഞ്ചായത്തംഗങ്ങളായ എ. വിജയൻ നായർ, അജികുമാർ രണ്ടാം കുറ്റി, ട്രഷറർ ആർ. പത്മകുമാർ , വൈസ് പ്രസിഡന്റ് ജോൺസണ് കുളത്തുംകരോട്ട്. ബിജു വർഗീസ്, ജോയിന്റ് സെക്രട്ടറി വി.കെ. സ്റ്റാൻലി, ടി. തുളസീധരൻ, സച്ചു രാധകൃഷ്ണൻ, സുരേഷ് കുഴിവേലി, രാജൻ സുലൈമാൻ, വിനോദ് വാസുക്കുറുപ്പ് എന്നിവർ പ്രസംഗിച്ചു.