നെയ്യാറ്റിന്‍കര: നീളന്‍ ഇടനാഴികളില്‍ മത്സരാര്‍ഥികള്‍ പനയോലകളാല്‍ ആകര്‍ഷകമായ ഉത്പന്നങ്ങളുടെ വസന്തം തീര്‍ത്തു. വിശാലമായ മുറ്റത്ത് മുള കൊണ്ടുള്ള ഉപയോഗ സാമഗ്രികള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ നിരന്നു. പച്ചക്കറികളും ഫലവര്‍ഗങ്ങളും ഉള്‍പ്പെടുന്ന പോഷകാഹാരത്തിന്റെ പാചകമത്സരവും വാശിയേറിയതായി.
നെല്ലിമൂട് ന്യൂ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നടക്കുന്ന ജില്ലാ ശാസ്ത്രോത്സവത്തിന്റെ രണ്ടാം ദിനമായ ഇന്നലെ പ്രവൃത്തി പരിചയമേളയുടെ തത്സമയ മത്സരങ്ങള്‍ അരങ്ങേറി.
ഹൈസ്കൂള്‍, ഹയര്‍സെക്കന്‍ഡറി വിഭാഗങ്ങള്‍ക്കായി 34 ഇനം മത്സരങ്ങളാണ് നടന്നത്. ക്ലാസ് മുറികളും ഇടനാഴികളും വിശാലമായ മുറ്റങ്ങളുമെല്ലാം മത്സരവേദികളായി മാറി. പോഷകാഹാരം തയാറാക്കല്‍ മത്സരത്തിലെ അടുക്കളകള്‍ക്ക് പോലും കാഴ്ചയില്‍ വൈവിധ്യം വ്യക്തമായി.
സ്മാര്‍ട്ട് ക്ലാസ് റൂമുകളുടെ ഇക്കാലത്തും ചോക്ക് നിര്‍മാണ മത്സരത്തില്‍ മികച്ച പങ്കാളിത്തം അനുഭവപ്പെട്ടു.
മത്സരയിടങ്ങളിലേയ്ക്ക് രക്ഷിതാക്കളുടെയും മറ്റു അധ്യാപകരുടെയും പ്രവേശനം കര്‍ശനമായി വിലക്കിയിരുന്നെങ്കിലും ഓഡിറ്റോറിയത്തില്‍ നടന്ന നെറ്റ് മേക്കിംഗ് മത്സരത്തിന് സന്ദര്‍ശകരെല്ലാം തത്സമയം സാക്ഷ്യം വഹിച്ചു. രക്ഷിതാക്കളും മത്സരാര്‍ഥികളോടൊപ്പം എത്തിയ അധ്യാപകരുമെല്ലാം ഓഡിറ്റോറിയത്തിലും പരിസരത്തുമായാണ് ഇരിപ്പിടം കണ്ടെത്തിയത്. തങ്ങള്‍ക്കായി കുറച്ചു കസേരകളെങ്കിലും സംഘാടകര്‍ക്ക് ക്രമീകരിക്കാമായിരുന്നുവെന്നു ചില രക്ഷിതാക്കള്‍ പരാതിപ്പെട്ടു.
മത്സരങ്ങള്‍ നടക്കുന്ന കെട്ടിടങ്ങളും മുറികളും ഇടങ്ങളും സംബന്ധിച്ച് വ്യക്തമായ റൂട്ട് മാപ്പ് വരച്ച് പ്രദര്ശിപ്പിച്ചിരുന്നില്ലായെന്നത് മത്സരാര്ഥികളെയും കൂടെ വന്നവരെയും അല്‍പ്പം വലച്ചു.
22 പേര് മത്സരിച്ച ഹൈസ്കൂള്‍ വിഭാഗം കുട നിര്‍മാണത്തില്‍ ആറ്റിങ്ങല്‍ സിസ്റ്റര്‍ എലിസബത്ത് ജോയല്‍ സിഎസ്ഐ ഇഎം ഹയര്‍സെക്കന്‍ഡറി സ്കൂളിലെ എ.വി. ദേവദര്‍ശന്‍ പ്രവൃത്തി പരിചയ മേളയിലെ ആദ്യജേതാവായി.
ബാംബൂ പ്രോഡക്ട്സില്‍ വ്ളാത്താങ്കര വൃന്ദാവന്‍ ഹൈസ്കൂളിലെ പി.എസ്. അഭിഷേക്, പനയോല ഉത് പന്ന നിര്‍മാണത്തില്‍ വിരാലി വിമല ഹൃദയ ഹൈസ്കൂളിലെ അമൃതാ സജി, പാഴ് വസ്തുക്കള്‍ ഉപയോഗിച്ച് ഉത്പന്ന നിര്‍മാണത്തില്‍ കാഞ്ഞിരംകുളം പഞ്ചായത്ത് ഹൈസ്കൂളിലെ ആര്.എസ്. ആദര്‍ശ് രാജി എന്നിവര്‍ ഒന്നാം സമ്മാനാര്‍ഹരായി.
എച്ച്എസ്എസ് വിഭാഗത്തില്‍ ബഡ്ഡിംഗ്, ലയറിംഗ്, ഗ്രാഫ്റ്റിംഗില്‍ ആതിഥേയ സ്കൂളിലെ എസ്.എസ്. ആരോമല്‍, ബാംബൂ പ്രോഡക്ട്സില്‍ മാരായമുട്ടം ഗവ. എച്ച്എസ്എസിലെ പി. റോബിന് എന്നിവര്‍ ഒന്നാംസ്ഥാനം കരസ്ഥമാക്കി. മത്സരാര്‍ഥികളിലേറെയും ആണ്കുട്ടികളായിരുന്ന ഇലക്ട്രോണിക്സ് മത്സരത്തില്‍ ഒന്നാം സമ്മാനം നേടിയത് ആറ്റിങ്ങല്‍ ഗവ. ഗേള്‍സ് എച്ച്എസ്എസിലെ എസ്. ശ്രദ്ധ എന്ന പെണ്‍കുട്ടിയാണ്.
ശാസ്ത്രമേള എച്ച്എസ്എസ് ടീച്ചിംഗ് എയ്ഡ് മത്സരത്തില്‍ പങ്കെടുത്ത വട്ടിയൂര്‍ക്കാവ് ഗവ. വി ആന്‍ഡ് എച്ച് എസ്എസിലെ ഡി. അനില്‍, തിരുവനന്തപുരം സെന്റ് ജോസഫ്സ് എച്ച്എസ്എസിലെ ജോസ് വില്‍ഫ്രഡ്, വെള്ളറട വിപിഎം എച്ച് എസ്എസിലെ വി.ആര്. രാജേഷ് എന്നീ മൂന്നുപേര്‍ക്കും എ ഗ്രേഡ് നേടാനായി.
സാമൂഹ്യ ശാസ്ത്രമേള എച്ച്എസ്എസ് വിഭാഗം വര്‍ക്കിംഗ് മോഡലില്‍ കടുവയില്‍ കെടിസിടി ഇഎം ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ജെ. ആര്‍ദ്രാ ഹരീഷ്, എ. ആര് ആദില്‍ മുഹമ്മദ് എന്നിവരും സ്റ്റില്‍ മോഡലില്‍ നെല്ലിമൂട് ന്യൂ എച്ച്എസ്എസിലെ ആഷിക് എം. ജോസ്, ഡി.വി. ആന്‍ റിയ എന്നിവരും ഒന്നാം സ്ഥാനം സ്വന്തമാക്കി.
പ്രസംഗ മത്സരത്തില്‍ വഴുതക്കാട് കാര്‍മല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ എസ്. സ്നേഹയ്ക്കാണ് ഒന്നാം സമ്മാനം. എച്ച് എസ് വിഭാഗം സ്റ്റില്‍ മോഡലില്‍ നെടുവേലി ഗവ. ഹൈസ്കൂളിലെ പി.എസ്. നിരഞ്ജന, എസ്. ഗോകുല്കൃഷ് ണന് എന്നിവരും വര്‍ക്കിംഗ് മോഡലില്‍ പൂജപ്പുര സിഎം ജിഎച്ച്എസിലെ എന്‍.എ. മഹിമ, ആര്. നിത്യ എന്നിവരും ഒന്നാം സമ്മാനം നേടി.
ഐടി മേളയില്‍ എച്ച്എസ് വിഭാഗം ഡിജിറ്റല്‍ പെയിന്റിംഗില്‍ അവനവഞ്ചേരി ഗവ. ഹൈസ്കൂളിലെ ശ്രീദേവ് ഹരീഷ്, വെബ് പേജ് ഡിസൈനിംഗില്‍ പട്ടം ഗവ. എച്ച്എസ്എസിലെ ഭദ്ര പെരിങ്ങാനൂര്, ഐടി ക്വിസില്‍ മണപ്പുറം ഗുഡ് ഷെപ്പേഡ് ഇഎംഎസ്സിലെ എസ്.ഡി. ശ്രീനിധി, അനിമേഷനില്‍ കിളിമാനൂര്‍ ആര്ആര്വിജി എച്ച്എസ്എസിലെ എം.എ. ശ്രീക്കുട്ടിയും മലയാളം ടൈപ്പിംഗും രൂപകല്‍പ്പനയും എന്ന മത്സരത്തില്‍ കണിയാപുരം മുസ്ലീം ഗേള്‍സ് എച്ച്എസ്എസിലെ എ. ഗൗരിയും ഒന്നാം സ്ഥാനത്തിന് അര്‍ഹരായി.
എച്ച്എസ്എസ് വിഭാഗം ഐടി ക്വിസില്‍ നെയ്യാറ്റിന്‍കര ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലെ വി.വി. അക്ഷയ്, മലയാളം ടൈപ്പിംഗും രൂപകല്‍പ്പനയും എന്ന മത്സരത്തില്‍ അരുമാനൂര്‍ എംവി ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ജെഫിത ബി. സരസം, അനിമേഷനില്‍ നെയ്യാറ്റിന്‍കര ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലെ എ.ജെ അഭിജിത്ത് എന്നിവര്‍ ഒന്നാമതെത്തി.