ലാൽഗുഡി ജി. ജയരാമൻ, എം.എസ്. ഗോപാലകൃഷ്ണൻ, ടി.എൻ. കൃഷ്ണൻ തുടങ്ങിയ മഹാപ്രതിഭകളുടെകാലത്ത് വയലിൻ വിന്യാസവുമായെത്തിയ ഒരു ചെറിയ സ്ത്രീരൂപം. ബൃഗയും സംഗതികളുമായിരുന്നു തുടക്കത്തിൽത്തന്നെ അവരുടെ വയലിന്റെ സവിശേഷത. ആ പ്രതിഭ ഏറെ ശ്രദ്ധിക്കപ്പെട്ടു. തമിഴിൽ ഒരു ചൊല്ലുണ്ട്- "മൂർത്തി ചെറുത്, കീർത്തി വലുത്' എന്ന്. അതിനോടിണങ്ങുംവിധം അവർ പ്രശസ്തയായി. എ. കന്യാകുമാരിയാണ് ആ വയലിനിസ്റ്റ്. ഇപ്പോൾ, എഴുപത്തിമൂന്നാം വയസിലും അവരുടെ വയലിൻവാദനത്തിന്റെ കീർത്തി ലോകമെങ്ങും പരക്കുന്നു.
സംഗീതത്തോട് പ്രത്യേക ഇഷ്ടമോ, അതു പഠിക്കണമെന്ന ആഗ്രഹമോ ഇല്ലാതെ സ്വരങ്ങളുടെ ലോകത്ത് എത്തുകയായിരുന്നു അവസരള കന്യാകുമാരി. വടക്കുകിഴക്കൻ ആന്ധ്രയിലെ വിജയനഗരത്തിൽ സഹോദരിമാർക്കൊപ്പം കളിച്ചുനടന്ന പെണ്കുട്ടി. സഹോദരിമാരെ പഠിപ്പിക്കാൻ വിഖ്യാത വയലിനിസ്റ്റ് ദ്വാരം വെങ്കടസ്വാമി നായിഡുവിന്റെ പിന്മുറക്കാരനായ ഇവത്തുരി വിജയേശ്വര റാവു എത്തി. കാഴ്ചയില്ലാതിരുന്ന ആ ഗുരുവാണ് പ്രതിഭ തിരിച്ചറിഞ്ഞ് കന്യാകുമാരിയെന്ന ബാലികയെ സംഗീതത്തിന്റെ വഴിയിലേക്കു നടത്തിയത്. ആ വഴി മദ്രാസിലെ ക്വീൻ മേരീസ് കോളജിലേക്കും പിന്നീട് ഗുരു വയലിനിസ്റ്റ് എം. ചന്ദ്രശേഖരനിലേക്കും നീണ്ടു.
വിജയനഗരത്തിൽനിന്നു മദ്രാസിലേക്കെത്തിയതാണ് തന്റെ സംഗീതജീവിതത്തിലെ വഴിത്തിരിവെന്നു കന്യാകുമാരി പറയും. മദ്രാസിലെത്തിയാൽ ഭാവി കൂടുതൽ ശോഭനമാകുമെന്ന് മുത്തച്ഛനാണ് മനസിൽക്കണ്ടത്. പോലീസ് ഉദ്യോഗസ്ഥനായിരുന്ന പിതാവ് മകൾക്കുവേണ്ടി തന്റെ ജോലിപോലും മറന്നു, കുടുംബത്തെ മദ്രാസിലേക്കു പറിച്ചുനട്ടു. "അതൊരു ഭാഗ്യം, പിതാവിന്റെ നന്മ'- കന്യാകുമാരി ഓർമിക്കുന്നു.
എം.എൽ. വസന്തകുമാരിയിലേക്ക്
1971ൽ ഒരു വിവാഹവേദിയിലെ കച്ചേരിക്കാണ് കന്യാകുമാരി എം.എൽ. വസന്തകുമാരിക്കുവേണ്ടി ആദ്യമായി പിന്നണിയിൽചേർന്നത്. കോളജിൽ സീനിയറായിരുന്ന, പിന്നീട് പ്രശസ്ത സംഗീതജ്ഞയായ ചാരുമതി രാമചന്ദ്രൻ നിർദേശിച്ചപ്രകാരമായിരുന്നു അത്. സ്ഥിരം വയലിനിസ്റ്റ് വരാതിരുന്ന ഒഴിവിൽ അന്ന് കന്യാകുമാരി ഒപ്പംവായിച്ചു. ഒരു സ്വപ്നസാക്ഷാത്കാരം. 1990ൽ വസന്തകുമാരിയുടെ മരണംവരെ തുടർന്ന മനോഹരമായ ബന്ധത്തിന്റെ തുടക്കമായിരുന്നു അത്. "അവർ എന്റെ അമ്മയും ഗുരുവും വഴികാട്ടിയുമായിരുന്നു. അവരില്ലെങ്കിൽ ഞാൻ ഇന്നുള്ള സ്ഥാനത്ത് ഒരിക്കലും എത്തില്ല. എന്നെ പഠിപ്പിക്കുകയും ധൈര്യം പകരുകയും എനിക്കുവേണ്ടി പോരാടുകയും ചെയ്തത് അവരാണ്'.
ആകാശവാണിയിൽ അവരുടെ കച്ചേരിക്ക് പിന്നണി വായിക്കാനുള്ള മോഹം ഗ്രേഡിൽ തട്ടി മുടങ്ങിയപ്പോഴും വസന്തകുമാരി ഒപ്പംനിന്നു. അന്ന് എൽ ഗ്രേഡ് ആയിരുന്നു കന്യാകുമാരിക്ക് നൽകിയിരുന്നത്. പ്രതിഭയുടെ അളവുകോൽ ഗ്രേഡ് അല്ലെന്നു നിശ്ചയമുള്ള എംഎൽവി തന്റെ പക്കമേളക്കാരില്ലെങ്കിൽ ആകാശവാണിയിൽ കച്ചേരിക്കില്ലെന്ന നിലപാടിൽ ഉറച്ചു. ഒടുക്കം അധികൃതർ വഴങ്ങുകയായിരുന്നു.
കർണാടക സംഗീതരംഗത്തെ പുരുഷാധിപത്യ രീതികളെ അവഗണിച്ച്, ഒരു സംഗീതജ്ഞയെന്നും പെർഫോമർ എന്നുമുള്ള നിലകളിൽ കന്യാകുമാരി എന്നും അഭിമാനിച്ചു. അക്കാലത്ത് കന്യാകുമാരിയെക്കൂടാതെ ഒരു വനിതാ വയലിനിസ്റ്റ് മാത്രമാണ് രംഗത്തുണ്ടായിരുന്നത്- ടി. രുഗ്മിണി. വനിതാ സംഗീതജ്ഞർക്കൊപ്പം പക്കമേളമൊരുക്കാൻ അന്ന് പ്രശസ്തരായ പുരുഷ വയലിൻ വാദകരും പെർക്യുഷനിസ്റ്റുകളും മടിച്ചിരുന്നതും ഇതോടൊപ്പം ചേർത്തുവായിക്കണം. തന്റെ സ്വന്തം അക്കന്പനിസ്റ്റ് എന്ന നിലയിൽ എംഎൽവി കന്യാകുമാരിയെ വളർത്തിയെടുക്കാൻ ഇതും ഒരു കാരണമായി. കന്യാകുമാരിയുടെ സംഗീതപ്പായ്ക്കപ്പലിനെ ശക്തമായി നയിച്ച കാറ്റായി വസന്തകുമാരി. അവസാനനാളുകളിലെ കച്ചേരികളിൽ ദുർബലമായിത്തുടങ്ങിയ അവരുടെ ശബ്ദത്തിന് കന്യാകുമാരി തന്റെ വയലിൻകൊണ്ട് ബലംപകരുകയും ചെയ്തു.
എംഎൽവിക്കു പുറമേ ഡി.കെ. പട്ടമ്മാൾ, ചാരുമതി രാമചന്ദ്രൻ, ബോംബെ സിസ്റ്റേഴ്സ്, മണി കൃഷ്ണസ്വാമി, ആർ. വേദവല്ലി, അനന്തലക്ഷ്മി സദഗോപൻ തുടങ്ങിയവരെല്ലാം കന്യാകുമാരിക്കുവേണ്ടി പലഘട്ടങ്ങളിൽ നിലകൊണ്ടു. കന്യാകുമാരി ഉണ്ടെങ്കിൽ മാത്രമേ വേദവല്ലി രാഗം-താനം-പല്ലവിയിലേക്കു കടക്കാറുള്ളൂ.
കാലംകടന്നുപോകവേ രാജ്യത്തെ പ്രമുഖ സംഗീതജ്ഞരുടെയെല്ലാം പ്രിയപ്പെട്ട വയലിനിസ്റ്റായി കന്യാകുമാരി മാറി. പുല്ലാങ്കുഴൽ വിദ്വാൻ എൻ. രമണി, സാക്സഫോണ് മാന്ത്രികൻ കദ്രി ഗോപാൽനാഥ്, മാൻഡലിൻ ഇതിഹാസം യു. ശ്രീനിവാസ് എന്നിവർക്കൊപ്പമെല്ലാമുള്ള ജുഗൽബന്ദികൾ സംഗീതപ്രേമികൾ ഒരുകാലത്തും മറക്കില്ല.
മദ്രാസ് മ്യൂസിക് അക്കാദമിയുടെ സംഗീത കലാനിധി പുരസ്കാരം നേടിയ ആദ്യത്തെ വനിതാ വയലിനിസ്റ്റായി കന്യാകുമാരി- അതിനു 2016 വരെ കാത്തിരിക്കേണ്ടിവന്നുവെന്നുമാത്രം!
ശിഷ്യരുടെ കന്യാ അമ്മ
പ്രഗത്ഭരായ നൂറുകണക്കിന് വയലിനിസ്റ്റുകളുടെ പ്രിയങ്കരിയായ ഗുരുവാണ് എ. കന്യാകുമാരി. ഒരു കൗതുകമുണ്ട്- പഠിപ്പിക്കുന്നനേരം പൊതുവേ അവർ വയലിൻ കൈയിലെടുക്കാറില്ല. പാടിക്കേൾപ്പിക്കലാണ് പതിവ്. ഇന്ന് "കന്യാ സ്കൂളി'ൽനിന്നുള്ള മൂന്നു തലമുറ വയലിനിസ്റ്റുകൾ കർണാടക സംഗീതരംഗത്തുണ്ട്.
കാവിനിറമുള്ള സാരിയും, കഴുത്തിലും കൈയിലും രുദ്രാക്ഷമാലകളുമണിഞ്ഞ് നേരിയ പുഞ്ചിരിയോടെയാണ് കന്യാകുമാരി വേദിയിലെത്തുക. ലാളിത്യമാണ് ആദ്യത്തെ ആകർഷണം. സംഗീതംകൊണ്ട് മനസുകൾ കീഴടക്കുകയും ചെയ്യും.
ചെന്നൈയിലുള്ളപ്പോൾ ആറുപതിറ്റാണ്ടോളമായി താമസിക്കുന്ന അപ്പാർട്മെന്റിൽനിന്ന് മാറുക പതിവില്ല. ഗുരു എം.എൽ. വസന്തകുമാരി വരുന്പോഴെല്ലാം താമസിച്ചിരുന്നത് ഇതേ സ്ഥലത്താണ്. തനിക്കു നല്ലതെന്നു തോന്നാത്ത ഒരു കാര്യവും കന്യാകുമാരി ഏറ്റെടുക്കില്ല. കാര്യങ്ങൾ വികാരഭരിതമായി സ്വീകരിക്കുകയും വിധിനിയോഗങ്ങളിൽ വിശ്വസിക്കുകയും ചെയ്യുന്നയാൾ. "എനിക്കു കിറുക്കുണ്ടോയെന്ന് ആളുകൾക്കു തോന്നിയേക്കാം, പക്ഷേ ഞാൻ ഇങ്ങനെയാണ്'- അവർ സ്വയം വിലയിരുത്തുന്നതിങ്ങനെ!
ഹരിപ്രസാദ്