ജില്ല: പാലക്കാട്, കാഴ്ച: വെള്ളച്ചാട്ടം, പ്രകൃതിഭംഗി
ഒരിക്കൽ കണ്ടാൽ നിങ്ങളുടെ ഒാർമകളെ എന്നേക്കുമായി ആലിംഗനം ചെയ്യും ആലിങ്കൽ വെള്ളച്ചാട്ടം. മഴക്കാലത്ത് സൗന്ദര്യമേറും. വെള്ളച്ചാട്ടത്തിന് അല്പം അകലെ വരെയേ വാഹനങ്ങൾ എത്തൂ. തുടർന്ന് വനത്തിലൂടെ കാൽനട യാത്ര. കാടിന്റെ മണമുള്ള ശീതക്കാറ്റും കിളികളുടെ കളകളാരവവും വെള്ളച്ചാട്ടത്തിന്റെ ഇരന്പൽ ശബ്ദവുമൊക്കെ ഈ യാത്രയിൽ അകന്പടിയായി ഉണ്ടാകും.
ശ്രദ്ധിക്കേണ്ടത്:
ആനച്ചൂരും ആനപ്പിണ്ടത്തിന്റെ ഗന്ധവുമൊക്കെ ഇടയ്ക്കിടെ കാറ്റിൽ അലിഞ്ഞെത്തും. അതുകൊണ്ട് അല്പം ജാഗ്രത വേണം. ഇടയ്ക്കു കാട്ടാനകൾ വനപാതയിലേക്ക് എത്താൻ സാധ്യതയുണ്ട്. വനംവകുപ്പിന്റെ നിരീക്ഷണത്തിലാണ് ഇവിടം എപ്പോഴും. അവരുടെ നിർദേശങ്ങൾ അനുസരിച്ചാൽ പേടിക്കേണ്ടതില്ല. മലയോരമേഖലയാണിത്. മഴക്കാലത്ത് വെള്ളച്ചാട്ടത്തിന് അതീവ സൗന്ദര്യമാണെങ്കിലും കനത്ത മഴ പെയ്തുകൊണ്ടിരിക്കുമ്പോൾ ഇവിടേക്കു യാത്ര ഒഴിവാക്കുന്നതാണ് നല്ലത്.
പ്രദേശം കണ്ണും മനസും നിറയ്ക്കുമെങ്കിലും ഒരു ടൂറിസം കേന്ദ്രമെന്ന നിലയിൽ ഇനിയും സൗകര്യങ്ങൾ ഒരുക്കേണ്ടതുണ്ട്. പ്രവേശനം പാസ് മൂലം. കുട്ടികൾക്കായി പാർക്ക് ക്രമീകരിച്ചിട്ടുണ്ട്. സമീപത്തായി ഇരുപതോളം ആദിവാസി കുടുംബങ്ങൾ താമസിക്കുന്നുണ്ട്. കുട്ടവഞ്ചിയിലെ മീൻപിടിത്തം കാണാം. ഡാമിൽനിന്ന് ഒഴുകിവരുന്ന വെള്ളം ഷട്ടറുകളിലൂടെ പുറത്തേക്കു വരുന്ന കാഴ്ച മനംകവരും.
വഴി: പാലക്കാട് മംഗലംഡാം അണക്കെട്ടിൽനിന്ന് 20 കിലോമീറ്ററും പൊൻകണ്ടം പള്ളിയിൽനിന്ന് ആറു കിലോമീറ്ററും സഞ്ചരിച്ചാൽ കടപ്പാറയിലെത്തും. ഇതിനു സമീപമാണ് ആലിങ്കൽ വെള്ളച്ചാട്ടം.
പി.ജെ. ജോണി, മേലാർകോട്.