ഓണത്തിന്റെ രുചി ഓർമിക്കാത്തവർ ഉണ്ടോ? ഓണം ആഘോഷങ്ങളുടെ കാലം എന്നു പറയുന്നതുപോലെതന്നെ തനതായ രുചികളുടെ കാലം കൂടിയാണ്. ഈ ഓണക്കാലത്തിനു രുചി കൂട്ടാവുന്ന വേറിട്ട ചില വിഭവങ്ങൾ പരിചയപ്പെടുത്തുകയാണ് സൺഡേ ദീപിക.
സ്പൈസി ജാക്ക് ഫ്രൂട്ട് ചിപ്സ്
ചേരുവകൾ:
പച്ചചക്കച്ചുള - അരക്കിലോ (കുരു നീക്കിയത്)
ഉപ്പ് - പാകത്തിന്
മുളകുപൊടി - 1 ടീ സ്പൂൺ
എണ്ണ - വറക്കാൻ
തയാറാക്കുന്ന വിധം: ചുള വൃത്തിയാക്കി വീതികുറച്ച് നീളത്തിൽ അരിയുക. ഇതിൽ ഉപ്പു പുരട്ടി തിളച്ച എണ്ണയിൽ ഇട്ടു വറത്തു കോരുക. കടലാസിൽ നിരത്തി അധികമുള്ള എണ്ണമയം നീക്കുക. ഇനി കഴുകി ഉണക്കിയ ടിന്നിലാക്കി അടച്ചുവയ്ക്കുക.
കായ-കൂർക്ക എരിശേരി
ചേരുവകൾ:
ഏത്തക്കായ - ഒരെണ്ണം
കൂർക്ക - ഒരു കപ്പ് (ചുരണ്ടി കഴുകിയത്)
വൻപയർ വേവിച്ചത് - അരക്കപ്പ്
ഉപ്പ് - പാകത്തിന്
മഞ്ഞൾപ്പൊടി - അരടീസ്പൂൺ
തേങ്ങാ ചുരണ്ടിയത് -ഒന്നരക്കപ്പ് + ഒരു ടേബിൾസ്പൂൺ
കുരുമുളക് - 3 എണ്ണം
മുളകുപൊടി - ഒരു ടീസ്പൂൺ
കറിവേപ്പില - രണ്ടു തണ്ട്
കടുക്, ഉഴുന്ന് - കാൽ ടീസ്പൂൺ വീതം
ഉണക്കമുളക് - രണ്ടെണ്ണം, രണ്ടായി മുറിച്ചത്
എണ്ണ - ഒന്നര ടേബിൾസ്പൂൺ
വെളുത്തുള്ളി - രണ്ട് അല്ലി
തയാറാക്കുന്ന വിധം: ഏത്തക്കയുടെ തൊലി ചെത്തി രണ്ടായി നീളത്തിൽ മുറിച്ച് അര ഇഞ്ച് കനത്തിൽ അരിയുക. വെള്ളത്തിലിട്ടു കറ നീക്കുക. കൂർക്ക ചുരണ്ടി ഇടത്തരം വലിപ്പത്തിൽ അരിയുക.
എല്ലാംകൂടി ഒരു പാത്രത്തിൽ എടുത്ത് ഉപ്പും മുളകും വേകാൻ പാകത്തിനു വെള്ളവും ചേർത്തു വേവിച്ചു വാങ്ങുക. വേവിച്ച വൻപയറും ചേർക്കാം. തേങ്ങ, കുരുമുളക്, ഒരു തണ്ട് കറിവേപ്പില എന്നിവ തരുതരുപ്പായി അരയ്ക്കുക. വെളുത്തുള്ളി ചതച്ച് ഇതിൽ ചേർക്കുക. ഈ അരപ്പ് വെന്ത കഷണത്തോടൊപ്പം ചേർത്തിളക്കുക. കറിവേപ്പില ഉതിർത്തിടുക.
ഒരു ടേബിൾസ്പൂൺ എണ്ണ ചൂടാക്കി കടുക്, ഉഴുന്ന്, ഉണക്കമുളക് എന്നിവയിട്ടു വറത്ത് കടുക് പൊട്ടുന്പോൾ കറി ഇതിലേക്കു പകർന്നു തിള വരാൻ അനുവദിക്കുക. ഉടൻ വാങ്ങുക.
അര ടേബിൾസ്പൂൺ എണ്ണയിൽ ഒരു ടേബിൾ സ്പൂൺ തേങ്ങയിട്ട് വറത്ത് ബ്രൗൺ നിറമാക്കി കോരി എരിശേരിയിൽ ചേർത്തിളക്കുക.
മുളകുവറ്റൽ കിച്ചടി
ചേരുവകൾ:
മുളക് തൈരു ചേർത്ത് ഉണക്കിയത് എണ്ണയിൽ വറത്തത് - അരക്കപ്പ്
തൈര് - ഒരു കപ്പ്
ഉണക്കമുളക് - ഒരെണ്ണം
ഉപ്പ് - പാകത്തിന്
തേങ്ങാ ചുരണ്ടിയത് - ഒരു കപ്പ്
കടുക് - അര ടീസ്പൂൺ
എണ്ണ - ഒരു ടേബിൾസ്പൂൺ
ജീരകം, ഉലവ - കാൽ ടീസ്പൂൺ വീതം
തയാറാക്കുന്നവിധം: തേങ്ങാ, ജീരകം, കടുക്, പച്ചമുളക് എന്നിവ വെണ്ണപോലെ അരച്ചെടുക്കുക. മുളക് തൈരിൽ ഇട്ട് ഉപ്പും ചേർത്ത് ഉണക്കിയത് എണ്ണയിലിട്ടു നന്നായി വറത്തു കൈകൊണ്ട് പൊടിക്കുക. തേങ്ങാ അരക്കപ്പ് തൈരിൽ കലക്കി മുളക് വറത്തു പൊടിച്ചതുമായി ചേർക്കുക. എണ്ണ ചൂടാക്കി കടുക് (കാൽ ടീസ്പൂൺ), ഉലുവ, ഉണക്കമുളക് രണ്ടായി മുറിച്ചത് എന്നിവയിട്ട് വഴറ്റുക. കടുക് പൊട്ടിയാൽ കറി ഇതിലേക്കു പകരുക. തിളച്ച ഉടൻ വാങ്ങുക.
സിന്പിൾ മഷ്റൂം കറി
ചേരുവകൾ:
മഷ്റൂം - 500 ഗ്രാം വൃത്തിയാക്കി അരിഞ്ഞത്
ബട്ടർ/എണ്ണ - ഒരു ടേബിൾസ്പൂൺ
സവാള : ഒരെണ്ണം നീളത്തിൽ അരിഞ്ഞത്
തക്കാളി - ഒരെണ്ണം വാട്ടി തൊലി കളഞ്ഞടിച്ചത്
പച്ചമുളക് - രണ്ടെണ്ണം പിളർന്നത്
ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് - ഒരു ടീസ്പൂൺ
മഞ്ഞൾപൊടി - അര ടീസ്പൂൺ
ഗരംമസാല പൊടി - ഒരു ടീസ്പൂൺ
കാഷ്മീരി മുളകുപൊടി - ഒരു ടീസ്പൂൺ
കറിവേപ്പില - ഒരു തണ്ട് ഉതിർത്തത്
ഉപ്പ് - പാകത്തിന്
തയാറാക്കുന്നവിധം: ഒരു പാൻ അടുപ്പത്തുവച്ചു ചൂടാക്കി ബട്ടറിടുക. ഉരുകുന്പോൾ സവാളയിട്ട് വറുത്തു പൊൻനിറമാക്കുക. കറിവേപ്പില, പച്ചമുളക്, ഇഞ്ചി- വെളുത്തുള്ളി പേസ്റ്റ് എന്നിവ ചേർത്ത് ഒരു മിനിറ്റ് വറക്കുക. മഞ്ഞൾ, ഗരംമസാല, മുളകുപൊടി എന്നിവയിട്ട് ഒരു മിനിറ്റ് വറക്കുക. തുള്ളി വെള്ളം തളിക്കാം. തക്കാളി അടിച്ചതു ചേർത്ത് അഞ്ചു മിനിറ്റ് വേവിക്കുക. മഷ്റൂം അരിഞ്ഞതും ഉപ്പും ചേർത്തു പത്തു മിനിറ്റോളം വേവിച്ചു വാങ്ങുക.
തയാറാക്കിയത്:
ഇന്ദു നാരായൺ