ഉണ്ട്, ഇലക്ട്രോണിക് കിളി എന്നു പേരുള്ള ഒരാളുണ്ട്. പാട്ടിന്റെ ലോകത്തു പാറിപ്പറക്കുന്നൊരാൾ. "ഏയ് ബനാനേ ഒരു പൂ തരാമോ' എന്നു പാടി ഒരു പൂക്കാലമുണ്ടാക്കിയത് അയാളാണ്. പാട്ടിന്റെ ക്രെഡിറ്റ്സിൽ ഇലക്ട്രോണിക് കിളി എന്നു കണ്ടപ്പോൾ ഇതെന്തു കിളിയെന്നു നെറ്റിചുളിച്ചവരുണ്ടാകും. ഈ കിളി തൊടുപുഴക്കാരനായ, സിവിൽ എൻജിനീയറായ, സംഗീതമേ ലോകം എന്നുറപ്പിച്ചു നടക്കുന്ന യുവാവാണ്- സ്റ്റെഫിൻ ജോസ്, 28 വയസ്.
ഈ പേരെങ്ങനെവന്നു എന്നുചോദിച്ചാൽ അയാളുടെ ഉത്തരം രസകരമാണ്. കുറേപേർക്ക് സ്വന്തം പേര് അത്ര ഇഷ്ടമുണ്ടാവില്ലല്ലോ. സ്റ്റെഫിൻ എന്നു കേൾക്കുന്പോൾ ഒരു സുഖമില്ല. അതുകൊണ്ട് ഇലക്ട്രോണിക് കിളി എന്നാക്കി. ചെയ്യുന്നത് ഇലക്ട്രോണിക് പാട്ടുകളാണ്. ട്രാക്കുകളുണ്ടാക്കി സൗണ്ട് ക്ലൗഡിൽ പോസ്റ്റ് ചെയ്തുനടക്കുന്ന കാലത്ത് അതിലൊരെണ്ണത്തിനിട്ട പേരാണ് ഇലക്ട്രോണിക് കിളി എന്നത്. സിൻസിയർലി എന്നൊക്കെ പറയുന്നപോലെ. പേരിന്റെ കാര്യം ഒരു സുഹൃത്തിനോടു പറഞ്ഞപ്പോൾ ശോകമാണ് എന്നായിരുന്നു മറുപടി. പേര് ഇങ്ങനെയാണെന്നു മാത്രമേയുള്ളൂ, അതിനു വലിയ പ്രാധാന്യമൊന്നും കൊടുക്കുന്നില്ല- കിളി പറയുന്നു. എന്തായാലും ഇപ്പോൾ വാഴപ്പാട്ടു പോലെ പേരും ഹിറ്റായി.
എങ്ങനെ പാട്ടിലേക്ക്?
ചെറുപ്പംമുതൽ കീബോർഡ് വായിക്കുമായിരുന്നു. അങ്ങനെ ആ ഫ്ളോയിൽ കുറേ ട്യൂണുകൾ ഉണ്ടാക്കി. കേട്ടിട്ടു പലരും പൊളിയാണെന്നു പറയും. ശരിക്കും അങ്ങനെ അല്ലായിരുന്നെന്നു പിന്നീടാണ് അറിഞ്ഞത്. സ്കൂളിൽ പഠിക്കുന്നകാലത്തുതന്നെ ഷോർട്ട്ഫിലിമുകൾക്കുവേണ്ടി സംഗീതംചെയ്തു. വെറുതെ കീബോർഡ് വായിക്കലാണ്. ഗംഭീരമാണെന്നാണ് നമ്മുടെ വിചാരം. പക്ഷേ ശോകമായിരുന്നു. എങ്കിലും അവസരങ്ങൾ കിട്ടി.
തൊടുപുഴ ജയറാണി പബ്ലിക് സ്കൂളിലായിരുന്നു ഇലക്ട്രോണിക് കിളിയുടെ വിദ്യാഭ്യാസം. തുടർന്ന് ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയിൽനിന്നു സിവിൽ എൻജിനിയറിംഗ് നേടി. എ.ആർ. റഹ്മാന്റെ കെഎം മ്യൂസിക് കണ്സർവേറ്ററിയിൽ ചേർന്നു പഠിക്കാനായതാണ് വഴിത്തിരിവ്. മ്യൂസിക് പ്രൊഡക്ഷനിൽ ഡിപ്ലോമ നേടിയതോടെ സംഗീതം മാത്രമാണ് തന്റെ വഴിയെന്നു കിളി തിരിച്ചറിഞ്ഞു. സിവിൽ എൻജിനിയറിംഗ് പഠിച്ചെങ്കിലും സ്വന്തം വീടിന്റെ കണ്സ്ട്രക്ഷൻ പോലും നേരിട്ടുപോയി നോക്കിയിട്ടില്ല.
സ്വന്തമായി ട്രാക്കുകൾ ഉണ്ടാക്കുക, കേട്ടു സന്തോഷിക്കുക- ഇതായിരുന്നു കിളിയുടെ ലൈൻ. സൗണ്ട് ക്ലൗഡിൽ ട്രാക്കുകൾ പോസ്റ്റ് ചെയ്യും. സ്ഥിരം കേൾക്കുന്ന ഒരു നൂറു പേർ ഉണ്ടാകും. അവർ അഭിപ്രായം പറയും. മുന്പുണ്ടാക്കിയ മ്യൂസിക്കൊന്നും വീട്ടുകാർക്കു പോലും കേട്ടാൽ മനസിലാകുമായിരുന്നില്ല. അങ്ങനെ പോകുന്പോഴാണ് സംഗീതസംവിധായകൻ അങ്കിത് മേനോന്റെ അസിസ്റ്റന്റാകുന്നത്. ജയ ജയ ജയ ജയഹേ, ഗുരുവായൂരന്പലനടയിൽ എന്നീ ചിത്രങ്ങളുടെ പിന്നണിയിൽ പ്രവർത്തിച്ചു.
വാഴ നട്ടപ്പോൾ!
ഒട്ടേറെ സംഗീത സംവിധായകരുണ്ട് "വാഴ' എന്ന ചിത്രത്തിനു പിന്നിൽ. അതിലൊരാൾ ഇലക്ട്രോണിക് കിളിയായിരുന്നു. ഒരു ട്രാക്ക് വേണമെന്ന് ആദ്യം ആവശ്യപ്പെട്ടത് എന്നോടാണ്. പക്ഷേ, ഏറ്റവും അവസാനം പാട്ടുകൊടുത്തത് ഞാനാണ്- അദ്ദേഹം പറയുന്നു. കുറേ ട്രാക്കുകൾ ചെയ്തെങ്കിലും ആദ്യം ഒന്നും ഓക്കെയായില്ല. അവസാന നിമിഷമാണ് സംഗതി ക്ലിക്കായത്. പാട്ടെഴുതിയ വിനായക് ശശികുമാറുമായി നന്നായി കമ്യൂണിക്കേറ്റ് ചെയ്യാൻ സാധിച്ചത് സഹായമായി. ഒരു ഗായകനെ കണ്ടെത്തി പാടിക്കാനൊന്നും സമയമില്ലാത്തതിനാൽ ഞാൻതന്നെ പാടേണ്ടിവന്നു. കഷ്ടപ്പെട്ട് മൂന്നു നാലു മണിക്കൂർ എടുത്താണ് പാടിയത്. അതുകൊണ്ടുതന്നെ സ്റ്റുഡിയോ സെറ്റപ്പും ഓട്ടോ ട്യൂണും ഇല്ലെങ്കിൽ എനിക്കുതന്നെ വീണ്ടും പാടാൻ പ്രയാസമാണ്. സ്റ്റേജ് ഷോകളിൽ പോയി പാടുന്ന കാര്യം ചിന്തിക്കാനേ വയ്യ.
വാഴ ഒരു ചെറിയ സിനിമയാണെങ്കിലും ഒരുപാട് മ്യൂസിക് ഡയറക്ടർമാർ ഒരുമിച്ചുചേർന്നതിന്റെ ഒരു യുണീക്നെസ് ഉണ്ട്. ഒരേ സൗണ്ട് പാലറ്റ് ആണ്.
പാട്ടു ഹിറ്റായതോടെ എല്ലാവരും ഇലക്ട്രോണിക് കിളിയെ തെരഞ്ഞുതുടങ്ങി. ഇൻസ്റ്റഗ്രാമിലൊന്നും ആക്ടീവ് അല്ലാത്തതിനാൽ ആർക്കും പെട്ടെന്നു കണ്ടുപിടിക്കാനായില്ല. എന്നാൽ, ഇപ്പോൾ കൂടുതൽ ആളുകൾ തിരിച്ചറിയുന്നുണ്ട്. അതിന്റെ ഒരു സന്തോഷവുമുണ്ട്- കിളി പറയുന്നു.
മുന്നോട്ട്
ഒരു ജോലിയായി തോന്നാത്ത, വലിയ സ്ട്രെസ്സില്ലാത്ത പരിപാടിയാണ് ഇലക്ട്രോണിക് കിളിക്ക് മ്യൂസിക് പ്രൊഡക്ഷൻ. നല്ല ട്രാക്കുകൾ ചെയ്തു സ്വയം കേൾക്കുന്പോഴുള്ള ചിൽ! വേറെ ആരും പറഞ്ഞില്ലെങ്കിലും നമുക്കുതന്നെ ഭയങ്കര അടിപൊളിയാണെന്നു തോന്നണം. ബാക്ക്ഗ്രൗണ്ട് സ്കോർ ചെയ്യാനാണ് കൂടുതൽ താത്പര്യം. അതാണ് കൂടുതലും ചെയ്തിട്ടുള്ളത്. എന്റെ മ്യൂസിക്കിന് ഒരു പ്രത്യേക പാറ്റേണ് ഇല്ല. എങ്ങോട്ടോ പോകുന്നു. ഇതിൽ വലിയ പരിപാടിയൊന്നും അറിയാത്ത സാധാരണക്കാരനാണ്. എന്റെ സംഗീതം ആൾക്കാർക്ക് ഇഷ്ടപ്പെടുന്നു എന്നറിയുന്നതുന്നെ ഇപ്പോഴാണ്. എന്തായാലും ഇതുവച്ചു ജീവിക്കാൻ പറ്റുമെന്നു മനസിലായി. എന്താണ് ചെയ്യുന്നതെന്ന് ആരെങ്കിലും ചോദിച്ചാൽ മ്യൂസിഷ്യനാണെന്ന് ഉറപ്പിച്ചു പറയാം. മുന്പൊക്കെ വീട്ടുകാർ പിഎസ്സി ടെസ്റ്റ് എഴുതാൻ പറയുമായിരുന്നു. ഇനി പറയില്ലായിരിക്കും- കിളി ചിരിക്കുന്നു.
പുതിയ സിനിമകൾ അണിയറയിലുണ്ട്. ഇൻഡിപെൻഡന്റ് ട്രാക്കുകൾ ചെയ്യണം. എന്നെത്തന്നെ ഒന്നുകൂടി നന്നാക്കണം- ഇലക്ട്രോണിക് കിളി ആത്മവിശ്വാസത്തോടെ മുന്നോട്ടാണ്.
തൊടുപുഴ കരിങ്കുന്നത്ത് ജോസ് സ്റ്റീഫൻ- ഷാന്റി ജോസ് ദന്പതികളുടെ മകനാണ് ഇലക്ട്രോണിക് കിളിയെന്ന സ്റ്റെഫിൻ ജോസ്. മൂത്ത സഹോദരി റോസ്മേരി കുടുംബ സമേതം വിദേശത്താണ്.
ഹരിപ്രസാദ്