കാർഗിൽ പോരാട്ട വിജയം കാൽനൂറ്റാണ്ടിലെത്തുന്പോൾ കാർഗിലിൽ പോകണമെന്നു തോന്നുന്നുണ്ടോ... അതിനു കാഷ്മീരിലേക്കു വച്ചുപിടിക്കേണ്ട, ചങ്ങനാശേരിയിൽനിന്നു ചെത്തിപ്പുഴ വഴി കോട്ടയം പോകുന്ന ബസിൽ കയറിയാൽ കാർഗിലിൽ ഇറങ്ങാം. പൊടിപ്പാറ പള്ളിക്കു സമീപത്തെ ജംഗ്ഷനാണ് കാർഗിൽ ജംഗ്ഷൻ. വെറുതേ ഒരു പേരിട്ടു കാർഗിൽ ജംഗ്ഷൻ ആയതല്ല. ദേശസ്നേഹത്തിന്റെ മുദ്രകൾ ഈ പേരിനൊപ്പമുണ്ട്.
ഇന്ത്യയുടെ ധീര ജവാൻമാർ 1999 മേയ് - ജൂലൈ മാസങ്ങളിലെ കൊടും ശൈത്യകാലത്തു പാക്കിസ്ഥാൻ പട്ടാളക്കാരോടു ധീരമായി പോരാടി ഇന്ത്യൻ മണ്ണിലേക്ക് അതിക്രമിച്ചു കയറിയ മുഴുവൻ പാക് പട്ടാളക്കാരെയും തുരത്തിയ ചരിത്രത്തിന്റെ സ്മരണ നിലനിർത്താൻ നാട്ടുകാർ 1999ൽ തങ്ങളുടെ പ്രധാന ജംഗ്ഷന് കാർഗിൽ എന്നു പേരിടുകയായിരുന്നു. 99ന്റെ ഓർമകൾ ഇന്നും ആവേശത്തോടെ മനസിൽ കൊണ്ടു നടക്കുന്ന ഒരു പറ്റം വിമുക്ത ഭടൻമാരും നാട്ടുകാരുമുണ്ടിവിടെ.
ഇന്നത്തേതു പോലെ നവ മാധ്യമങ്ങൾ ഇല്ലായിരുന്നു. പത്രവും റേഡിയോയും ദൂരദർശനുമൊക്കെയായിരുന്നു യുദ്ധവിശേഷങ്ങൾ അറിയാൻ ആശ്രയം. ഈ പ്രദേശത്തിനു മൂന്നുനാലു കിലോമീറ്റർ വരെ ചുറ്റളവിലുള്ള വിമുക്ത ഭടൻമാർ രാവിലെയും വൈകുന്നേരവും യുദ്ധ വിശേഷങ്ങൾ അറിയാനും പങ്കുവയ്ക്കാനും ഇവിടെ ഒത്തുകൂടുമായിരുന്നു ഒപ്പം പത്രവായനയും റേഡിയോ ശ്രവണവും. അന്ന് ഇവിടെ ഒരു ചെറിയ ചായക്കടയും മുറുക്കാൻ കടയും ഒരു ചെറിയ ആൽമരവും മാത്രമാണ് ഉണ്ടായിരുന്നത്.
യുദ്ധം മുറുകിയതോടെ സമീപപ്രദേശങ്ങളിൽനിന്നു പോലും യുദ്ധവർത്തമാനം കേൾക്കാൻ ആളുകൾ ഇവിടേയ്ക്ക് എത്തി. ഒാരോ ദിവസത്തെയും യുദ്ധവാർത്തകൾ ഇവിടെ സജീവചർച്ചയായി. വിദ്യാർഥികളും യുദ്ധകഥകൾ കേൾക്കാനെത്തി. ആഴ്ചകളും മാസങ്ങളും കാർഗിൽ യുദ്ധം മാത്രം ചർച്ചയായ ഈ ജംഗ്ഷൻ അങ്ങനെ നടപ്പിലും എടുപ്പിലും കാർഗിൽ ജംഗ്ഷനായി. യുദ്ധം ജയിച്ച വിവരം ആവേശത്തോടെയാണ് ഇവിടുത്തുകാർ ആഘോഷിച്ചത്.
എന്നും നിലനില്ക്കുന്ന ഒരു സ്മാരകം ഉയരണമെന്ന ആഗ്രഹം പലരും മുന്നോട്ടുവച്ചു. ചുറ്റുവട്ടത്തുള്ള ഇരുനൂറോളം വിമുക്ത ഭടൻമാരുടെ സംഗമസ്ഥാനമാണ് ഇന്ന് ഈ കാർഗിൽ വാർ മെമ്മോറിയൽ ബിൽഡിഗ്. കാർഗിൽ വിജയദിനവും റിപ്പബ്ലിക് ദിനവും സ്വാതന്ത്ര്യദിനവുമെല്ലാം ആവേശത്തോടെ ഇവിടെ ആഘോഷിക്കുന്നു.
ആന്റണി ആറിൽചിറ ചമ്പക്കുളം