ജില്ല: ഇടുക്കി
കാഴ്ച: പ്രകൃതിദൃശ്യം, കോടമഞ്ഞ്
പ്രത്യേകത: ട്രെക്കിംഗ്, ജീപ്പ് സഫാരി, സാഹസികയാത്ര
രാമക്കൽമേടിനാണ് ഇടുക്കി ജില്ലയ്ക്കു പുറത്തേക്കു പ്രശസ്തി. എന്നാൽ, രാമക്കൽമേടിനു സമീപമുള്ള ആമക്കല്ല് അധികം പേർക്കും അറിയില്ല. രാമക്കൽമേട്ടിൽനിന്ന് അഞ്ചു കിലോമീറ്റർ അകലെയുള്ള സ്ഥലമാണ് ആമക്കല്ല്. കുന്നിൻ മുകളിൽ ആമയോട് രൂപസാദൃശ്യമുള്ള പാറക്കൂട്ടവും തണുപ്പുള്ള കാലാവസ്ഥയുമാണ് ഇവിടുത്തെ ആകർഷണം. ഇവിടെനിന്നു നോക്കിയാൽ രാമക്കൽമേടിന്റെയും തമിഴ്നാടിൻ ഗ്രാമങ്ങളുടെയും സുന്ദരമായ ദൃശ്യങ്ങൾ കാണാം. കേരളത്തിലെ കൃഷിയിടങ്ങളും ഭംഗിയുള്ള കാഴ്ച.
വിനോദം: സാഹസികത നിറഞ്ഞ ഒാഫ് റോഡ് യാത്ര നടത്തിയാണ് ആമപ്പാറയിൽ എത്തേണ്ടത്. കുന്നിൻ മുകളിലേക്കു പോകുന്ന പാതയിലൂടെയുള്ള ജീപ്പ് യാത്ര പലർക്കും ഹരമാണ്. വിശാലമായ പുൽമേടും പാറയ്ക്ക് അടിയിലൂടെയുള്ള യാത്രയും ട്രെക്കിംഗ് പ്രേമികൾക്ക് ഇഷ്ടപ്പെടും. കാൽനടയായി ആമപ്പാറ വ്യൂ പോയിന്റിൽ കയറുന്നവരും നിരവധി.
ആമപ്പാറയിലേക്കു സഞ്ചാരികളുടെ ശ്രദ്ധ വന്നുതുടങ്ങിയതോടെ ആമയുടെ രൂപമുള്ള പാറ മാത്രമല്ല ആമശില്പവും ഇവിടെ തല ഉയർത്തി. 42 അടി നീളവും 24 അടി വീതിയും 15 അടി ഉയരവുമുള്ള ഭീമൻ ആമശില്പമാണ് സമീപത്തു തല ഉയർത്തി നിൽക്കുന്നത്. ഇതു വെറും ശില്പം മാത്രമല്ല, സഞ്ചാരികൾക്കു താമസിക്കാൻ രണ്ടു മുറികളും ആർട്ട്ഗാലറിയും ശില്പത്തിന്റെ ഭാഗമാണ്. സ്വകാര്യ സംരംഭകനാണ് ഇതിനു പിന്നിൽ.