കൊണാർക്ക് ക്ഷേത്രത്തിലെ ശില്പങ്ങൾ ആരെയും ആകർഷിക്കും. ശരീരഘടന, ചലനം, സൗന്ദര്യശാസ്ത്രം എന്നിവയുടെ വിശദാംശങ്ങളാൽ സമ്പുഷ്ടമാണ് ഓരോ ശില്പവും.
ആ കാലഘട്ടത്തിലെ സാമൂഹികവും സാംസ്കാരികവുമായ കാഴ്ചയിലേക്ക് ശില്പങ്ങൾ നയിക്കുന്നു. ധാരാളം ഐതിഹ്യങ്ങളും സൂര്യക്ഷേത്രത്തെ ചൂഴ്ന്നു നില്‍ക്കുന്നുണ്ട്.
പ്രധാനമായ ഒന്ന് ധര്മപാദന് എന്നൊരു യുവശില്പിയുമായി ബന്ധപ്പെട്ടതാണ്. ക്ഷേത്രനിര്‍മാണം ഏറെക്കുറെ പൂര്‍ത്തീകരിച്ചപ്പോൾ മുഖ്യഗോപുരത്തിന്റെ തലഭാഗത്തു സ്ഥാപിക്കാനുദ്ദേശിച്ച ശില അവിടെ ഉറയ്ക്കാത്ത സവിശേഷ സ്ഥിതിയുണ്ടായി.
തകർച്ച
ഇതേത്തുടര്‍ന്നു ക്ഷേത്ര വാസ്തുശില്പിയുടെ പുത്രനും വിദഗ്ധ ശില്പിയുമായ ധര്മപാദന് ആ ഗോപുരത്തില്‍നിന്ന് താഴേക്കു ചാടി ജീവത്യാഗം ചെയ്തത്രേ. ആ ജീവത്യാഗത്തിനു ശേഷം കാര്യങ്ങള്‍ ശുഭകരമായെന്നാണ് വിശ്വാസം. നൂറ്റാണ്ടുകള്‍ പിന്നിട്ടതോടെ ക്ഷേത്രം സ്വാഭാവികമായ അപചയത്തിനും വിധേയമായി. അധിനിവേശങ്ങള്‍ ക്ഷേത്രത്തിന്റെ തകര്‍ച്ചയ്ക്ക് ആക്കം കൂട്ടി.
17-ാം നൂറ്റാണ്ടോടെ പ്രധാന ഗോപുരത്തിന്റെ പല ഭാഗങ്ങളും തകര്‍ന്നു വീണു. പിന്നീട് 19-ാം നൂറ്റാണ്ടില്‍ ബ്രിട്ടീഷ് ഭരണകാലത്താണ് ക്ഷേത്രം സംരക്ഷിക്കാൻ നടപടി തുടങ്ങുന്നത്. 1903ല്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ പ്രേക്ഷക സദസായ ജഗമോഹനയില് മണല്‍ നിറച്ച് അതിനെ ബലപ്പെടുത്തി. 1984ല്‍ യുനെസ്കോയുടെ ലോക പൈതൃകപ്പട്ടികയിലും സൂര്യക്ഷേത്രം ഇടംപിടിച്ചു. ഇന്നു വളരെ ശാസ്ത്രീയ രീതിയിൽ സൂര്യക്ഷേത്രവും പരിസരങ്ങളും സംരക്ഷിക്കപ്പെടുന്നു.
പുരാതന ഇന്ത്യന്‍ കലയുടെയും വാസ്തുവിദ്യയുടെയും ഒരു സ്മാരകം എന്നതിനൊപ്പംതന്നെ നിര്‍മാണത്തില്‍ പങ്കെടുത്ത ആളുകളുടെ സമര്‍പ്പണത്തിന്റെയും ചാതുര്യത്തിന്റെയും ദൃഷ്ടാന്തം കൂടിയാണ് ഈ മഹാക്ഷേത്രം. ഒപ്പം ഒഡീഷയുടെ സാംസ്കാരിക പൈതൃകത്തിന്റെ പ്രതീകവും.
അജിത് ജി. നായർ