കണ്ണൂർ പാട്യം സ്വദേശി പ്രമോദിനു വരയ്ക്കാൻ ബ്രഷും പെയിന്റുമൊന്നും വേണ്ട.
ഒരു ബോൾപെൻ മാത്രം മതി. ഒരു കൂട്ടുകാരി സമ്മാനിച്ച രണ്ടു പേനകൾ തലവരതന്നെ
മാറ്റിവരച്ച കഥ പറയുകയാണ് പ്രമോദ്.
ചിത്രകാരൻ എന്നു കേൾക്കുന്പോൾത്തന്നെ മനസിൽ തെളിയുന്ന ചിത്രം കൈയിലൊരു ബ്രഷും ചായക്കൂട്ടുമായി കാൻവാസിനു മുന്നിൽ നിൽക്കുന്ന ആളെയായിരിക്കും. എന്നാൽ, കണ്ണൂർ പാട്യം സ്വദേശി പ്രമോദിനു വരയ്ക്കാൻ ബ്രഷും പെയിന്റുമൊന്നും വേണ്ട. ഒരു ബോൾ പെൻ മാത്രം മതി.
പേനകൊണ്ടു പടംവരച്ചു പെരുമ നേടുകയാണ് ഈ വേറിട്ട ചിത്രകാരൻ. പ്രമോദിന്റെ പേന വരകൾ കണ്ടാൽ ആരും അദ്ഭുതംകൂറിനിന്നു പോകും. പെയിന്റും ബ്രഷുമൊന്നും വേണ്ടാത്തതിനാൽ സ്കൂൾ വരാന്തകളിലും വായനശാലകളിലും വെയിറ്റിംഗ് ഷെഡുകളിലും വഴിയോരങ്ങളിലും എവിടെയിരുന്നും പടം വരയ്ക്കാൻ ഈ ചിത്രകാരനു പ്രത്യേകിച്ചു തയാറെടുപ്പൊന്നും വേണ്ട.
ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തിൽ ഫൗണ്ടൻ പേനയുടെ പകരക്കാരനായി ബോൾപോയിന്റ് പേന പ്രചാരത്തിലെത്തിയതു മുതൽ പേനവരയുടെ കാലം ചിത്രലോകത്ത് ആരംഭിച്ചിരുന്നെങ്കിലും ഈ രീതി ചിത്രരചനയുടെ ഇതര വിഭാഗങ്ങളെപ്പോലെ വളർന്നു പന്തലിച്ചില്ല. എന്നിരുന്നാലും പ്രമോദിന്റെ പ്രഥമ പ്രണയം പേനവരകളോടായിരുന്നു.
കൂട്ടുകാരി തന്ന പേന
തലശേരിയിലെ സ്കൂൾ ഓഫ് ആർട്സിലായിരുന്നു ചിത്രരചനാപഠനം. 1995ൽ കോഴ്സ് പൂർത്തിയാക്കി. 2002ൽ അവിടെ സന്ദർശിച്ച അവസരത്തിലാണ് ആദ്യമായി ഒരു പേനവര ഉദ്യമം അരങ്ങേറിയത്. സ്ഥാപനത്തിൽ അപ്പോൾ പഠിച്ചിരുന്ന സീമ എന്ന കൂട്ടുകാരി രണ്ടു പേനകൾ സമ്മാനമായിത്തന്നു.
നല്ല ഒഴുക്കോടെ വരക്കാൻ പറ്റുന്ന സുന്ദരമായ പേനകൾ. അതു വരെ പഠനത്തിന്റെ ഭാഗമായി ഒരു ഹാൻഡ്ബുക്കിൽ ഡെയ്ലി സ്കെച്ച് മാത്രം ചെയ്തുകൊണ്ടിരുന്ന എനിക്കു വേറിട്ടെന്തെങ്കിലും ചെയ്യാൻ ചന്തമുള്ള ആ പേനകൾ പ്രചോദനമായി. തുടർന്ന്, ഒരു എ4 പേപ്പറിൽ മിനിയേച്ചർ സ്റ്റൈൽ പേനവരയെക്കുറിച്ച് ആലോചിച്ചു.
എന്തു വരക്കണമെന്നതായിരുന്നു അടുത്ത ചിന്ത. ഒടുവിൽ ഒരു ഉൾപ്രേരണ പോലെ, പേനകൾ നൽകിയ ആളെത്തന്നെ സ്കെച്ച് ചെയ്തു. കൂട്ടുകാ൪ ചുറ്റും കൂടി. രേഖാചിത്രത്തിനു മുഖഛായ കിട്ടിയിട്ടുണ്ടെന്ന് അവരെല്ലാം ഒരേപോലെ പറഞ്ഞപ്പോൾ എനിക്കൊരു പുതുവഴി തുറക്കുകയായിരുന്നു. അന്നത്തെ സന്തോഷം പറഞ്ഞറിയിക്കാവുന്നതല്ല. പടത്തിൽ തെളിഞ്ഞ മിത്രത്തിനുതന്നെ കന്നിപ്പേനവര സമ്മാനമായി നൽകി. സാമ്പത്തിക പരാധീനതകൾകൊണ്ടു പൊറുതിമുട്ടിയിരുന്ന പഠിപ്പുകാലത്തു സഹപാഠി തന്ന ആ കൊച്ചു സമ്മാനത്തിനു യഥാർഥത്തിൽ വലിയ വിലയുണ്ടായിരുന്നു.
വര തത്സമയം
കൂട്ടുകാരുടെയും മുഖപരിചയമുള്ളവരുടെയും ചിലപ്പോൾ അപരിചിതരുടെയും അപേക്ഷകൾ മാനിച്ചുകൊണ്ടാണ് മിക്കവാറും എല്ലാ പേനവരകളും. വില്ലേജാപ്പീസിൽ കരമടയ്ക്കാൻ പോയപ്പോഴും ഗ്രാമത്തിലെ ഒറ്റപ്പെട്ട ചായക്കടയിൽ മഴയത്തു കയറി നിന്നപ്പോഴും പേനവരക്കുള്ള അഭ്യർഥന കിട്ടിയിട്ടുണ്ട്! എന്നെ അറിയുന്ന ആരെങ്കിലും അന്നേരം അവിടെ കാണും.
തയാറെടുപ്പുകളൊന്നും ആവശ്യമില്ലാത്ത കാഷ്വൽ ആർട്ട് ഫോം ആയതിനാലായിരിക്കാം പലരും ഇങ്ങനെ ആവശ്യപ്പെടുന്നത്. കടലാസ് അവർ കൊണ്ടുവരും. പേന എന്റെ പോക്കറ്റിലുണ്ടാകും. സ്വന്തം മുഖം പേനവരയിൽ കാണാനാണ് പലർക്കും ആഗ്രഹം. മറ്റു ചിലർക്ക് ക്രിസ്തുവും ബുദ്ധനും കൃഷ്ണനുമൊക്കെ വേണം. ചിലരൊക്കെ പ്രതിഫലം വാങ്ങണമെന്നു നിർബന്ധിക്കും. ഈ പടം കേടുകൂടാതെ സൂക്ഷിച്ചാൽ അതാണ് വലിയ പ്രതിഫലമെന്നാണ് മറുപടി നൽകാറുള്ളത്.
ആധുനിക ബോൾപോയിന്റ് പേന കണ്ടുപിടിച്ച ലാസ്ലോ ജോസെഫ് ബൈറോയെ വരക്കാമോയെന്ന് ഒരു എക്സിബിഷനിൽവച്ച് ഒരു മുതിർന്ന ചിത്രകാരൻ ആവശ്യപ്പെട്ടു. ഞാൻ കോറിയിട്ട ബൈറോ ഇമേജിനെക്കുറിച്ചു അദ്ദേഹം പറഞ്ഞ അഭിപ്രായവും എന്റെ ഉള്ളിൽ ചില്ലിട്ടു തൂക്കിയിട്ടുണ്ട്! വിഷാദചിന്തകൾ അസ്വസ്ഥമാക്കിയ നാളുകളിലാണ് ഞാൻ ഏറ്റവുമധികം സ്പോട്ടുവരകൾ ചെയ്തിട്ടുള്ളത്! ആയിരക്കണക്കിൽ പേനവരകൾ ചെയ്തെങ്കിലും പലർക്കും നൽകിയതിനാൽ അധികമൊന്നും ശേഖരത്തിലില്ല.
പേന, പേപ്പർ
വ്യക്തതയും ചന്തവുമാണ് പേനവരയുടെ മുഖ്യമായ അടയാളം. രേഖാചിത്രങ്ങൾക്കെല്ലാം ഇതു നിർബന്ധമാണ്. അതിനാൽ, ഓരോ സമയത്തും വിപണിയിൽ ലഭ്യമാകാറുള്ള പേനകൾ മാറിമാറി പരീക്ഷിച്ചു നോക്കിയാണ് ഗുണനിലവാരമുള്ള പേനകൾ തിരഞ്ഞെടുക്കുന്നത്.
എഴുതാൻ ഉപയോഗിക്കുന്ന സാധാരണ പേനകളാണ് തുടക്കകാലങ്ങളിൽ ഉപയോഗിച്ചിരുന്നത്. കലയുമായി മുന്നോട്ടു പോയപ്പോൾ മഷിയുടെ ശോഭയും അനായാസമായ ഒഴുക്കും കട്ടിയും മറ്റുമെല്ലാം കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങി. കുറച്ചു കാലമായി ഉപയോഗിക്കുന്നത് കേംലിൻ തോറ, ബോക്കെ മുതലായ കമ്പനികളുടെ ബോൾപോയിന്റ് പേനകളാണ്.
ഇടത്തരം ഫോട്ടോകോപ്പി പേപ്പറുകൾക്കുള്ളതിനേക്കാൾ മേന്മയുള്ള ഉപരിതലം വർണക്കൊഴുപ്പില്ലാത്ത പേനവരക്ക് അനിവാര്യമാണ്. 'ഐവറി A4 സൈസ്' ഇനത്തിൽ വരച്ചാൽ പ്രിന്റ് ചെയ്തതു പോലെ തോന്നും. മഷി പരക്കുകയുമില്ല.
ഉദ്ദേശിച്ച ടോണും ക്വാളിറ്റിയും വർക്കിനു വന്നുചേരുമ്പോൾ നല്ല സംതൃപ്തി തോന്നും. എന്നാൽ, മുന്തിയ ഇനം പേനയുടെയും പേപ്പറിന്റെയും ഉയർന്ന വില ഒരു പ്രതിബന്ധമാണ്. നീണ്ട പേനവര സെഷനുകളുടെ ഇടവേളകളിൽ, വ്യത്യസ്തതയ്ക്കു വേണ്ടി, ചിത്രകലയുടെ മറ്റു രീതികളിലൂടെയും സഞ്ചരിക്കാറുണ്ട്.
വരച്ചാൽ വരച്ചതുതന്നെ
തിരുത്തലുകൾക്ക് അവസരമില്ലായെന്നതാണ് പേനവരയുടെ ഏറ്റവും വലിയ പരിമിതി.
പേനകൊണ്ടു നേരിട്ടു വരയ്ക്കുന്നതായതിനാൽ, ഒരു ചെറിയ പിശക് പറ്റിപ്പോയാൽ പോലും പടം പൂർണമായും മാറ്റി വരയ്ക്കേണ്ടിവരും. അക്രിലിക് പെയിന്റിൽ ചെയ്യുന്ന ചിത്രങ്ങളിലെ തെറ്റു തിരുത്തൽ വളരെ ലളിതമാണ്.
പിഴവുപറ്റിയതിനുമേൽ വീണ്ടും പെയിന്റ് ചെയ്തു ശരിപ്പെടുത്തിയെടുക്കാം. പേനവര ഇത്തരമൊരു ആനുകൂല്യം ചിത്രകാരനു നൽകുന്നില്ല. അതീവ സൂക്ഷ്മതയോടുകൂടി, ധ്യാനസമാനമായ ഏകാഗ്രതയിൽ, ഒരു തെറ്റുമില്ലാതെ വര പൂർണമാക്കുകയല്ലാതെ മറ്റൊരു വഴിയുമില്ല. ആദ്യം തന്നെ മനസിന്റെ പ്രതലത്തിൽ മുഴുവൻ ചിത്രവും അതിന്റെ സകല മാനങ്ങളും ഉൾപ്പെടെ, സമഗ്രമായി സാക്ഷാത്കരിച്ച ശേഷം മാത്രമേ പോക്കറ്റിൽനിന്നു പേനയെടുക്കാവൂ.
ദൈവപുത്രന്റെ ചിത്രം
വെള്ളക്കടലാസിൽ കറുപ്പു മഷിയിൽ വരക്കുന്നതാണ് സാമ്പ്രദായികമായ പേനവര. മ്യൂറൽ പെയിന്റിംഗുകളും റോയൽ പോർട്രെയ്റ്റുകളും അമൂർത്ത ചിത്രശില്പങ്ങളും മാസ്മരിക നിറവിന്യാസത്തിന്റെ മാതൃകകളായി വാഴ്ത്തപ്പെടുന്ന ഇക്കാലത്ത്, കറുപ്പു-വെളുപ്പു പേനവരയ്ക്കു പിടിച്ചുനിൽക്കാനാകുമോ എന്നതൊരു അലട്ടുന്ന ചിന്തയാണ്.
കഷ്ടം, കളർ പേപ്പർ ഉപയോഗിച്ചാൽ എല്ലായിടത്തും ഒരേ ഹ്യൂ! എന്നാൽ, കളർ-വാഷ് ചെയ്ത പേപ്പറിലെ രചനയും അക്രിലിക് പെയിന്റിംഗിന്റെ പിന്തുണയും പേനവരയെ കുറെയൊക്കെ വർണശബളമാക്കുന്നുണ്ടെന്നാണ് അനുഭവം. യേശുവിനെ പല കുറി വരച്ചിട്ടുണ്ടെങ്കിലും, ഈയിടെ ഒന്നു സാക്ഷാത്കരിച്ചതു കളർ-വാഷ് രീതിയിലാണ്.
പടത്തിനൊരു ആത്മീയ പരിവേഷം ലഭിച്ചു. ചിത്രം ഹിറ്റായി. ധാരാളം ആവശ്യക്കാരുണ്ടായിരുന്നു. ആദ്യം പേനകൊണ്ടു ദൈവപുത്രന്റെ സ്കെച്ച് വരക്കുകയും തുടർന്നു മുഖത്തും ശരീരഭാഗങ്ങളിലും യെല്ലോ-ക്രിംസൺ, ഓറഞ്ച്, മുതലായ നിറങ്ങളിൽ വാഷ് ചെയ്യുകയും വേണം. തലയുടെ പുറകിൽ സാന്ദ്രത കുറച്ചു മഞ്ഞയും.
തെയ്യം കാഴ്ച
പേനത്തുമ്പിൽ നിന്നെത്തുന്ന രൂപഭംഗിയിൽ, അക്രിലിക് ഉപയോഗിച്ചും ചിത്രങ്ങൾ വരച്ചിട്ടുണ്ട്. ഈ മാറ്റം ആകസ്മികമായൊരു വിജയമായിരുന്നു. തെയ്യങ്ങൾ കണ്ണൂരിന്റെ സാംസ്കാരിക വികാരം. പോതിത്തെയ്യം നല്ല വില എനിക്കു നേടിത്തന്നു.
പൊട്ടൻതെയ്യത്തിന്റെ ഒരു വർക്ക് കണ്ണൂർ സിവിൽ സ്റ്റേഷനിൽ, കളക്ടറുടെ ചേംബറിനു മുമ്പിൽ, അധികൃതർ പ്രദർശിപ്പിച്ചത് എന്റെ വരജീവിതത്തിലെ ഒരു നാഴികക്കല്ല്. വരയുടെ ബാലപാഠം എന്നിലേക്കാവാഹിപ്പിച്ച എന്റെ പ്രിയ പിതാവിനു നന്ദി!
കുടുംബ പശ്ചാത്തലം
അച്ഛൻ കെ.കെ.ജി നായർ ചിത്രകാരനും നാടകകൃത്തും ഗാനരചയിതാവുമായിരുന്നു. 2005ൽ വിടവാങ്ങി. അമ്മ പി. കമലാക്ഷിയമ്മ, വരയുടെ വഴിയിൽ നെയ്ത്തിരി വെട്ടം. രണ്ട് സഹോദരങ്ങൾ. പത്നി ഷീന കെ. നായർ ചിത്രകാരിയാണ്. പാട്യത്ത് ഫോട്ടോ സ്റ്റുഡിയോ നടത്തിവരുന്നു.
വിജയ് സിയെച്ച്