ദക്ഷിണേന്ത്യയില്‍ മഹാക്ഷേത്രങ്ങള്‍ പലതുമുണ്ടെങ്കിലും ജനഹൃദയത്തില്‍ മധുര മീനാക്ഷി ക്ഷേത്രത്തിനുള്ള സ്ഥാനം മറ്റൊന്നിനുമില്ല. 2,500 വര്‍ഷം പഴക്കമുള്ള ക്ഷേത്രനഗരമായ മധുരയിലെ വൈഗ നദിയുടെ തീരത്താണ് ദേവി മീനാക്ഷിക്കും (പാര്‍വതി ദേവി) അവരുടെ ഭര്‍ത്താവായ സുന്ദരേശ്വരനുമായി (ശിവന്) സമര്‍പ്പിച്ചിരിക്കുന്ന മധുര മീനാക്ഷി ക്ഷേത്രം എന്നറിയപ്പെടുന്ന ലോകപ്രശസ്ത മീനാക്ഷി സുന്ദരേശ്വര ക്ഷേത്രം.
ക്ഷേത്രത്തെക്കുറിച്ചുള്ള വിവരണങ്ങള്‍ കഴിഞ്ഞ രണ്ട് സഹസ്രാബ്ദങ്ങളായി തമിഴ് സാഹിത്യത്തില്‍ വ്യാപകമായി കാണാം. പച്ചൈ ദേവി, മരഗതവല്ലി, തടത്തഗൈ, അഭിഷേകവല്ലി, അഭിരാമവല്ലി, കയറന് കുമാരി, കര്പൂരവല്ലി, കുമാരി തുറയല്, കോമകള്‍, സുന്ദരവല്ലി, പാണ്ടിപ്പിരാട്ടി, മധുരപുരി തലൈവി, മാണിക്യവല്ലി, മുമ്മുലൈ തിരുവാഴുമകള് എന്നിങ്ങനെ പല പേരുകളും മീനാക്ഷി ദേവിക്കുണ്ട്.
മീൻകണ്ണുള്ളവൾ
ഐതിഹ്യമനുസരിച്ചു മധുരമീനാക്ഷിയുടെ ചരിത്രം ആരംഭിക്കുന്നത് അനപത്യതാ ദുഃഖം പേറി ജീവിച്ച മലയദ്വജ പാണ്ഡ്യൻ എന്ന രാജാവില്‍നിന്നാണ്. അദ്ദേഹവും രാജ്ഞി കാഞ്ചനമാലയും സന്താനലഭ്യതയ്ക്കായി ഒരു യജ്ഞം നടത്തി. യാഗാഗ്നിയില്‍നിന്ന് ഒരു പെണ്‍കുട്ടി പുറത്തുവന്നത്രേ. അവള് മത്സ്യാകൃതിയിലുള്ള നയനങ്ങളോടു കൂടിയവളായിരുന്നു. അതിനാല്‍ അവരവളെ മീനാക്ഷി എന്നു വിളിച്ചു. മത്സ്യം കണ്ണടയ്ക്കാറില്ല. അതുപോലെ, മീനാക്ഷി അമ്മന്‍ ഒരിക്കലും അടയ്ക്കാത്ത കണ്ണുകള്‍കൊണ്ട് ഭക്തരെ സംരക്ഷിക്കുന്നുവെന്നാണ് വിശ്വാസം.
അഗ്നിയില്‍നിന്നു പുറത്തുവന്ന പെണ്‍കുട്ടി മൂന്നു സ്തനങ്ങളോടു കൂടിയവളായിരുന്നു. ഇതു രാജാവിനെയും ഭാര്യയെയും ധര്‍മസങ്കടത്തിലാക്കി. ആ സമയത്ത് ഒരു അശരീരി അവിടെ മുഴങ്ങി. പെണ്‍കുട്ടിയെ ഒരു മകനെപ്പോലെ വളര്‍ത്തി ധീരയോദ്ധാവാക്കിത്തീര്ക്കണമെന്നും ഭര്‍ത്താവിനെ കണ്ടുമുട്ടുമ്പോള്‍ അവളുടെ മൂന്നാമത്തെ സ്തനം അപ്രത്യക്ഷമാകുമെന്നുമായിരുന്നു അശരീരി.
ധീരയായ പെണ്‍കുട്ടിയായിരുന്നു മീനാക്ഷി, നിരവധി യുദ്ധങ്ങളില്‍ പങ്കെടുത്തു. പിതാവിനായി അവള് വിശാലമായ പ്രദേശങ്ങളും കീഴടക്കി. അനന്തരം മലയദ്വജന് മീനാക്ഷിയെ അനന്തരാവകാശിയായി നാമകരണം ചെയ്തു. ഒരിക്കല്‍ മീനാക്ഷി ദേവി ഉത്തരേന്ത്യയില്‍ യുദ്ധത്തിനു പോയപ്പോള്‍ കൈലാസ പര്‍വതത്തില്‍ വസിച്ചിരുന്ന ശിവനെ കണ്ടുമുട്ടി. അവരുടെ കണ്ണുകള്‍ തമ്മിലുടക്കി. ആ നിമിഷത്തില്‍ അവളുടെ മൂന്നാമത്തെ സ്തനം അപ്രത്യക്ഷമായി. തുടര്‍ന്ന് ശിവനുമായുള്ള വിവാഹം നടക്കുകയും ഇരുവരും വര്‍ഷങ്ങളോളം ഭരിക്കുകയും ചെയ്തെന്നാണ് ഐതിഹ്യം പറയുന്നത്.
14 ഏക്കറിൽ
പതിനാലാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ മുസ്ലിം ആക്രമണകാരികളാല്‍ കൊള്ളയടിക്കപ്പെട്ട ക്ഷേത്രം പാണ്ഡ്യ രാജാക്കന്മാരും അതിനു ശേഷം നായ്ക്ക രാജാക്കന്മാരും പല കാലഘട്ടത്തിലായി പുതുക്കിപ്പണിതു. എഡി 1623 -1655 കാലഘട്ടത്തിനിടയില്‍ പുനഃസ്ഥാപിച്ച രൂപത്തിലാണ് ക്ഷേത്രം ഇന്നു കാണുന്നത്.
സുന്ദരേശ്വരനും മത്സ്യക്കണ്ണുള്ള ഭാര്യ മീനാക്ഷിയും ഇരട്ട ക്ഷേത്രങ്ങളില്‍ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു. ഇരട്ട ക്ഷേത്രങ്ങൾ നാലു വലിയ കവാടഗോപുരങ്ങള്ക്കുള്ളിലാണ്. ഇന്ത്യയിലെതന്നെ ഏറ്റവും വലിയ ക്ഷേത്രങ്ങളിലൊന്നായ ഈ വാസ്തുവിസ്മയം 14 ഏക്കറുകളിലായാണ് പരന്നുകിടക്കുന്നത്. കൊത്തുപണികള്‍ നിറഞ്ഞ കവാടഗോപുരങ്ങള് വാസ്തുകലാ വൈഭവത്തിന്റെ മികവ് കാട്ടുന്നു.
വേറെ 10 ഗോപുരങ്ങളും ക്ഷേത്രത്തിലുണ്ട്. മധുര ഭരിച്ച രാജവംശങ്ങളെല്ലാം ക്ഷേത്രത്തെ വാസ്തുകലാപരമായി മികവുറ്റതാക്കാൻ പരിശ്രമിച്ചിരുന്നു.
ക്ഷേത്രത്തിന്റെ ഇടനാഴികളിലും മണ്ഡപങ്ങളിലും ശ്രീകോവിലുകളിലുമായി ഏകദേശം 33,000 ശില്പങ്ങള് ഉണ്ട്. ക്ഷേത്ര ചരിത്രത്തെക്കുറിച്ചുള്ള നിരവധി ചിത്രങ്ങളും ലിഖിതങ്ങളും ചുവരുകളില്‍ കാണാം. മീനാക്ഷി അമ്മന്‍ ക്ഷേത്രത്തിനകത്ത് 165 അടി നീളവും 120 അടി വീതിയുമുള്ള ഒരു പവിത്രമായ കുളം (പൊട്രാമരൈ കുളം) ഉണ്ട്. ആയിരം തൂണുകളുടെ ഹാള്‍ മറ്റൊരു പ്രധാന ആകര്‍ഷണമാണ്. മനോഹരമായി കൊത്തിയെടുത്ത ഈ തൂണുകള്‍ 1569ല്‍ അരിയനാഥ മുതലിയാര്‍ നിര്‍മിച്ചതാണ്.
സംഗീതം പൊഴിക്കുന്ന തൂണുകൾ
ഈ ഹാളിലെ മ്യൂസിയത്തിൽ എട്ടാം നൂറ്റാണ്ട് മുതല്‍ ശേഖരിച്ച നിരവധി പുരാവസ്തുക്കളുണ്ട്. പടിഞ്ഞാറ് ദിശയിലുള്ള സംഗീത തൂണുകള്‍ മറ്റൊരദ്ഭുതമാണ്. ഓരോ തൂണിലും അടിക്കുമ്പോള്‍ വ്യത്യസ്ത സംഗീത സ്വരങ്ങള്‍ അതിശയകരമാണ്.
ക്ഷേത്രത്തിനു സ്വന്തമായി നാണയമുണ്ട് എന്നതു മറ്റെങ്ങുമില്ലാത്ത പ്രത്യേകതയാണ്. ക്ഷേത്രപരിസരത്ത് വഴിപാട് സാമഗ്രികളും പ്രസാദങ്ങളും വാങ്ങാന്‍ ഈ നാണയം ഉപയോഗിക്കാം. വെനീഷ്യന്‍ സഞ്ചാരി മാര്ക്കോപോളോയെപ്പോലുള്ളവരുടെ വിവരണങ്ങളില്വരെ മധുരമീനാക്ഷിയെ കാണാന്‍ സാധിക്കും. ദിനംപ്രതി 20,000ല്‍ അധികം ആളുകളാണ് സന്ദർശകരായി എത്തുന്നത്.
അജിത് ജി. നായർ