വർത്തമാനത്തിന്റെ കണ്ണാടിയിലൂടെ ഭൂതകാലത്തെ നോക്കിക്കാണൽ എന്നു ചരിത്രത്തെ നിർവചിക്കാറുണ്ട്. എഴുതപ്പെട്ടത് എന്നതിനപ്പുറം പറഞ്ഞും പാടിയും നിന്നും നടന്നുമൊക്കെ ജീവിതത്താൽ കരുപ്പിടിപ്പിച്ചത് എന്ന നിലയിൽ ചരിത്രത്തെ നോക്കിക്കാണുമ്പോൾ അധികാരവർഗങ്ങൾക്കപ്പുറം ജനസമൂഹങ്ങളും അവരുടെ വ്യവഹാരങ്ങളുമൊക്കെ സുപ്രധാനങ്ങളാകുന്നു. ഇത്തരം ബോധ്യത്തിൽ ജനജീവിത, ചരിത്ര, സംസ്കാര പഠനങ്ങളിൽ ഭാഷാപരതയെ തിരയുകയും കണ്ടെടുത്തടയാളപ്പെടുത്തുകയും ചെയ്യുന്നുണ്ട് ഡോ. പി. ആന്റണിയുടെ അന്വേഷണോദ്യമങ്ങൾ.
ദീർഘാന്വേഷണങ്ങളുടെ മുപ്പതു വർഷങ്ങൾക്കിടയിൽ എഴുതിത്തീർത്ത പതിനൊന്നു ലേഖനങ്ങളാണ് താവല്‍ എന്ന പുസ്തത്തിന്റെ ഉള്ളടക്കം. അതിൽ എട്ടും ഫോക് ലോർ എന്ന വിജ്ഞാനശാഖയെ പരിപുഷ്ടമാക്കുകയും പുതുക്കുകയും ചെയ്യുന്ന സൈദ്ധാന്തികവും വ്യാവഹാരികവുമായ വിചാരങ്ങളാണ്.
ഇവയ്ക്കൊപ്പം ഒ. ചന്തുമേനോന്റെ "ശാരദ' എന്ന നോവലിൽ തെളിയുന്ന ആധുനികതയുടെ മൂല്യവിചാരങ്ങളെ അപഗ്രഥിക്കുന്ന "ശാരദയിൽ മിഴിതുറക്കുന്ന നവലോകം'', പുനലൂർ ബാലന്റെ "രാമൻ രാഘവൻ'' എന്ന കവിതയുടെ രാഷ്ട്രീയധ്വനികളെ അഴിച്ചെടുക്കുന്ന "കവി കടന്നു കാണുമ്പോൾ'' എന്നീ സാഹിത്യാന്വേഷണങ്ങളും ഡോ. സ്കറിയാ സക്കറിയയുടെ സാഹിത്യപഠനപ്രപഞ്ചത്തെയും ധൈഷണികോദ്യമങ്ങളെയും സൂക്ഷ്മമായി ഇഴപിരിക്കുന്ന "പുതിയ വിജ്ഞാന വിവേകങ്ങൾക്കൊപ്പം'' എന്ന ലേഖനവും ചേരുമ്പോൾ താവല്‍ ഈടുറ്റ വായനയ്ക്കുള്ള വിഭവമാകുന്നു.
കുട്ടനാടൻ വിഭവം
കാർഷികവൃത്തിയിലൂന്നിയ കുട്ടനാടൻ സാമൂഹികജീവിതത്തിന്റെയും രുചിയറിവിന്റെയും വഴികളിലാണ് താവല്‍ നിലകൊള്ളുന്നത്. പൊടിയരിക്കും താഴെയുള്ള നുറുങ്ങരിയും അതുകൊണ്ടു നിർമിക്കപ്പെടുന്ന വിഭവവും ഈ വാക്കിലെ സൂചിതങ്ങളാണ്. നാട്ടറിവുകളും നാടോടിവിജ്ഞാനീയവും ഫോക് ലോറെന്ന സംജ്ഞയിൽ ഉള്ളടങ്ങുന്നതുപോലെ “ചെറുമയും നാടോടിത്തവും കീഴാളത്തവും അനുദിനത്വവും” (പു. xvi) താവല്‍ പദത്തിൽ സമ്മേളിക്കുന്നു. ഭൗതികസംസ്കാരവും സാമൂഹ്യസംസ്കാരവും തമ്മിലുള്ള പാരസ്പര്യത്തെയും വിനിമയങ്ങളെയും വെളിവാക്കാൻ കുട്ടനാടിന്റെ സാമൂഹ്യജീവിതാവസ്ഥകളിൽ ഉയിർക്കൊണ്ട ഈ പദത്തിനു കരുത്തുണ്ട്. ഇതേ കരുത്താണ് ഈ ഗ്രന്ഥത്തിലെ ലേഖനങ്ങളുടെയും മുഖമുദ്ര.
തദ്ദേശീയതയുടെ അറിവനുഭവലോകങ്ങളെ വരമൊഴിയിലെത്തിക്കുകയെന്ന കേവലദൗത്യത്തിനപ്പുറം സൈദ്ധാന്തിക വിശകലനങ്ങളിലേക്കും വിശദീകരണങ്ങളിലേക്കും ഫോക് ലോർ അന്വേഷണങ്ങൾ വികസിക്കേണ്ടതെങ്ങനെയെന്ന മാതൃകയാണ് ഈ ഗ്രന്ഥത്തിലെ ലേഖനങ്ങൾ. പാഠവിമർശവും ഘടനാത്മകവിശകലനവുമൊക്കെ രീതിശാസ്ത്രങ്ങളായി തെരഞ്ഞെടുത്ത് സാംസ്കാരിക ഭൂമിശാസ്ത്രത്തിന്റെയും പ്രകടനസിദ്ധാന്തത്തിന്റെയും ഭാഷാശാസ്ത്രത്തിന്റെയുമൊക്കെ ചിന്താപദ്ധതികളെ ഫോക് ലോർ പഠനങ്ങളിലേക്കാനയിച്ച് ബഹുവൈജ്ഞാനികമായ ഒരു ലോകമല്ല, പല ലോകങ്ങൾ സൃഷ്ടിക്കുകയോ തുറന്നുകാട്ടുകയോ ചെയ്യുന്നു ഈ ഗ്രന്ഥം.
മൺമറഞ്ഞവയെപ്പോലും ഭാഷയിലൂടെ തെളിച്ചെടുക്കുന്ന, വീണ്ടെടുക്കുന്ന മന്ത്രവിദ്യ ഈ അന്വേഷണവഴികളിൽ പ്രയോഗിച്ചുകാണാം. ചരിത്രവ്യവഹാരങ്ങളെ വർത്തമാനത്തിൽ വിന്യസിച്ചും വിശകലനം ചെയ്തും പുനരുജ്ജീവിപ്പിക്കുന്ന ഈ പഠനങ്ങൾ “പഴമയുടെ തിരുശേഷിപ്പായല്ല, കാലോചിതമായ അവതാര”മായി ഫോക്ലോറിനെ അടയാളപ്പെടുത്തുന്നു.
ബാലകേളികളുടെ നവസംസ്കാരപാഠങ്ങൾ തിരയുന്ന ഗ്രന്ഥകാരൻ ചൈൽഡ് ലോറിന്റെ കേരളീയമായ പഠനസാധ്യതകൾ ആരായുന്നു. സൈബറിടത്തിലെ ഫോക്കിനെ തേടുമ്പോളാകട്ടെ ഫോക് ലോറിന്റെ ചിരപരിചിത സിദ്ധാന്തങ്ങൾ അപര്യാപ്തങ്ങളായി തീരുകയും പുതിയവ ചമയ്ക്കാൻ പഠിതാവ് നിർബന്ധിതനാവുകയും ചെയ്യുന്നു.
“ജ്ഞാനപരമായ ഉൾക്കാഴ്ചയും അക്കാദമികമായ സത്യസന്ധതയും ( നെറിയും മുറയും)” (പു. xxi) കൈമുതലാക്കിയ ഗ്രന്ഥകാരൻ കുട്ടനാടിന്റെ സാമൂഹികതയോടും കേരളത്തിലെ ക്രൈസ്തവ ജീവിതാവസ്ഥകളോടും നടത്തുന്ന ചിന്താപരമായ ഇടപെടലുകളിൽ ദേശസ്വത്വത്തിന്റെയും മതബോധത്തിന്റെയും ജാതിവിചാരങ്ങളുടെയുമൊക്കെ അടരുകൾ തെളിഞ്ഞുകിട്ടുന്നു. സാഹിത്യപഠിതാവിന്റെ നോട്ടങ്ങൾ സാമൂഹ്യശാസ്ത്രകാരന്മാരുടെ വീക്ഷണങ്ങളുമായി ഇടകലരുന്നതിന്റെ ഗുണഫലങ്ങളാൽ സമ്പന്നമാണ് ഈ ലേഖനസമാഹാരം.
വാതിലുകൾ തുറന്ന്
തച്ചോളിപ്പാട്ടുകളിലേക്കും പയ്യന്നൂർപാട്ടിലേക്കും ഡോ. പി. ആന്റണി തുറന്നിടുന്ന ജാലകങ്ങൾ ഭാഷാപരവും ഉള്ളടക്ക, ആഖ്യാനപരവുമായ വിശകലനങ്ങളാൽ അറിവിന്റെ വലിയ വാതായനങ്ങളായി ഭവിക്കുന്നു. പാട്ടുകളുടെ പരിണാമവഴികളിലൂടെയുള്ള യാത്രകൾ സമൂഹപരിണാമത്തിന്റെ സൂചനകളെയും കാട്ടിത്തരുന്നു.
വടക്കൻപാട്ടുകളുടെ താളരീതിയിൽ ആഴമായ അപഗ്രഥനം സാധ്യമാക്കിയ ഗ്രന്ഥകാരൻ കുട്ടനാടൻ വ്യക്തിസ്വത്വം തിരയുമ്പോൾ കണ്ടെടുക്കുന്ന സവിശേഷതകളിലൊന്ന് പെരുമാറ്റത്തിലടക്കമുള്ള പതിഞ്ഞ താളമാണ്. മാത്ര കുറഞ്ഞാൽ പാടി നീട്ടുകയും മാത്ര കൂടിയാൽ പാടിക്കുറുക്കുകയും ചെയ്യുന്നത് താളപരം മാത്രമല്ല ജീവിതസംബന്ധിയായ ദർശനംകൂടിയായി മാറുന്നു.
ആശയങ്ങളുടെയും സിദ്ധാന്തങ്ങളുടെയും ഭാരം വായനക്കാരുടെമേൽ കെട്ടിയേല്പിക്കാതെ, അറിവിനെ അതിലളിതമായി പങ്കിടുന്ന എഴുത്താണ് ഈ ഗ്രന്ഥത്തെ നവ്യമായ വായനാനുഭവമാക്കുന്നത്. ഗഹനവിചാരങ്ങൾ പരിചിത ഉദാഹരണങ്ങളാൽ വായനയ്ക്കു വഴിപ്പെടുന്നതെങ്ങനെയെന്ന് ഈ ലേഖനങ്ങളിൽ വ്യക്തമാകുന്നു.
ടോംസ് ജോസഫ്