മറ്റേതെങ്കിലും രാജ്യത്തേക്ക് ഒരു ട്രിപ്പ് പോകണമെന്നു തോന്നിയാൽ മലയാളികളാരുടെയെങ്കിലും മനസിൽ പാക്കിസ്ഥാൻ എന്നു വരാൻ സാധ്യതയുണ്ടോ? വളരെ അപൂർവമായിരിക്കും.
പാക്കിസ്ഥാൻ എന്നു ചിന്തിക്കുന്പോൾതന്നെ നമ്മുടെയൊക്കെ മനസിൽ ശത്രുരാജ്യം, പ്രശ്നകലുഷിതം, ഇന്ത്യക്കാരെ കണ്ടാൽ അവരെങ്ങനെ പെരുമാറും... എന്നിങ്ങനെയുള്ള ആശങ്കകളായിരിക്കും തികട്ടിവരിക. എന്നാൽ, കുറഞ്ഞ ചെലവിൽ നിങ്ങൾക്കു പാക്കിസ്ഥാനിലേക്കു സുരക്ഷിതമായി ട്രിപ്പ് പോകാൻ സൗകര്യമുണ്ടെന്നതാണ് യാഥാർഥ്യം.
ഇന്ത്യ- പാക് സർക്കാരിന്റെ അംഗീകാരത്തോടെയാണ് ഈ ട്രിപ്പ് നടക്കുന്നത്. കോട്ടയം സൗത്ത് പാന്പാടി കുരീക്കാട്ട്വീട്ടിൽ ജിജോ ജോർജും ഭാര്യ സിസിൽ ഹിമ സെബാസ്റ്റ്യനും ഇടയ്ക്കിടെ യാത്ര പോകുന്നവരാണ്. യൂണിയൻ ബാങ്കിൽ ഉദ്യോഗസ്ഥനാണ് ജിജോ. സിസിൽ സെൻട്രൽ പിഡബ്ല്യുഡിയിലും.
അങ്ങനെയിരിക്കെയാണ് എല്ലാവരും ആശങ്കയോടെ കാണുന്ന പാക്കിസ്ഥാനിലേക്ക് ഒരു ട്രിപ്പ് പോയാലോ എന്ന ആശയം തോന്നിയത്. അന്വേഷിച്ചപ്പോൾ ഇന്ത്യയിൽനിന്നു പാക്കിസ്ഥാനിലെ കർത്താർപുരിലേക്കു യാത്ര പോകാൻ അവസരമുണ്ടെന്നു മനസിലായി. അതോടെ പാക്കിസ്ഥാൻ കണ്ടിട്ടുതന്നെ കാര്യമെന്ന് ഇരുവരും തീരുമാനിച്ചു.
ബാക്കിയുള്ള കഥ ജിജോയും സിസിലും ചേർന്നു പറയും.നെടുമ്പാശേരിയിൽനിന്നു വിമാന മാർഗം ഡൽഹി. താജ്മഹൽ കണ്ട ശേഷമാണ് കർത്താർപൂരിലേക്കു യാത്ര തിരിച്ചത്. ആഗ്രയിൽനിന്നു വൈകുന്നേരമുള്ള ട്രെയിനിൽ അമൃത്സറിലേക്കു പുറപ്പെട്ടു. പിറ്റേന്നു രാവിലെ അവിടെയെത്തി.
അമൃത്സറിൽനിന്ന് 45 കിലോമീറ്റർ ദൂരമാണ് കർത്താർപുരിലേക്കുള്ളത്. റെയിൽവേ സ്റ്റേഷനിൽനിന്നു ടാക്സി വിളിക്കുകയോ വാടകയ്ക്കു വണ്ടിയെടുക്കുകയോ ചെയ്യാം. അമൃത്സറിൽനിന്നു പോയി വരാൻ 2,000 രൂപയാണ് ടാക്സിക്കൂലി.
ടൂവീലറും വാടകയ്ക്കു കിട്ടും, 800 രൂപ. ട്രെയിൻ ആറു മണിക്കൂർ വൈകിയാണ് അമൃത്സറിൽ എത്തിയത്. അതിനാൽ ഉച്ചയ്ക്ക് ഒന്നോടെയാണ് ഞങ്ങൾക്കു കർത്താർപുരിൽ എത്താൻ കഴിഞ്ഞത്. കർത്താർപുരിന് ഇന്ത്യയുമായി ഒരു ആത്മീയബന്ധമുണ്ട്.
സിക്ക് മതക്കാരുടെ പ്രധാന ആരാധനാലയമായിരുന്നു അവിടത്തെ ദേരാ ബാബ നാനക് ഗുരുദ്വാര. എന്നാൽ, ഇന്ത്യ-പാക് വിഭജനത്തോടെ ഗുരുദ്വാര പാക്കിസ്ഥാനിലായിപ്പോയി.വിഭജന ശേഷം ഇന്ത്യയിലെ സിക്കുകാർക്ക് ഇവിടേക്കു പോകണമെങ്കിൽ പാസ്പോർട്ടും വീസയും മറ്റും വേണമായിരുന്നു.
കൂടാതെ 125 കിലോമീറ്റർ ദൂരം ലാഹോറിലൂടെ സഞ്ചരിച്ചാൽ മാത്രമേ ഈ പുണ്യസ്ഥലത്ത് എത്താനും കഴിയുമായിരുന്നുള്ളൂ. ഏറെക്കാലത്തെ ആശയവിനിമയത്തിനു ശേഷം ഇതിനു പരിഹാരം കാണാൻ നരേന്ദ്രമോദി സർക്കാരും പാക് പ്രധാനമന്ത്രി ഇമ്രാൻഖാനും 2019ൽ കരാർ ഒപ്പിട്ടു.
അങ്ങനെ കർത്താർപുർ ഇടനാഴി രൂപംകൊണ്ടു. അതുവരെ ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ നിരവധി പ്രശ്നങ്ങൾ ഉണ്ടായിരുന്നതുകൊണ്ട് ഇന്ത്യയിലുള്ള സിക്ക് മതവിശ്വാസികൾക്കു ടെലിസ്കോപ്പിലൂടെ മാത്രമായിരുന്നു ദർശനം.
പോളിയോ വാക്സിൻ
കർത്താപുരിലേക്കു യാത്ര തിരിക്കണമെങ്കിൽ വേറെ ചില കാര്യങ്ങൾ കൂടി ചെയ്യണം. അടുത്തുള്ള ഹെൽത്ത് സെന്ററിൽനിന്നു കോവിഡ് ടെസ്റ്റ് നടത്തി അതിന്റെ ഫലം കൈയിൽ കരുതണം.
പിന്നെ പാക്കിസ്ഥാനിൽ പോളിയോ നിർമാർജനം പൂർത്തിയായിട്ടില്ലാത്തതിനാൽ ഇന്ത്യയിൽനിന്ന് ഒരു തുള്ളി പോളിയോ വാക്സിൻ തന്നശേഷമാണ് എമിഗ്രേഷൻ നടപടികളിലേക്കു കടക്കുന്നത്. പാക്കിസ്ഥാനിൽ ചെല്ലുമ്പോൾ ചെയ്യേണ്ട കാര്യങ്ങളെല്ലാം എമിഗ്രേഷൻ ഓഫീസർമാർ വിശദമായി പറഞ്ഞുതരും.
ഇന്ത്യയെ സംബന്ധിച്ച കാര്യങ്ങളും വ്യക്തിപരമായ വിവരങ്ങളും അവിടെച്ചെന്ന് ആരോടെങ്കിലും വെളിപ്പെടുത്താൻ നമുക്ക് അനുവാദമില്ല. നിർദേശങ്ങൾ തന്ന ശേഷം പെർമിറ്റിന്റെ കോപ്പിയിൽ വീസ സ്റ്റാമ്പ് ചെയ്യും. തുടർന്ന് ഒരു ബഗ്ഗി കാറിൽ അതിർത്തിയിലേക്കു കൊണ്ടുപോകും.
അവിടെനിന്നു നോ മാൻസ് ലാൻഡ് (ആർക്കും അവകാശമില്ലാത്ത ഭൂമി) വഴി പാക്കിസ്ഥാനിലേക്കു പ്രവേശിക്കും. ഫോട്ടോകളും വീഡിയോകളും ധാരാളമായി എടുക്കാം. പാക്കിസ്ഥാൻകാർ നമ്മളെ ഫോട്ടോ എടുക്കാൻ സഹായിക്കുകയും ചെയ്യും. ഒരുപാട് സ്നേഹത്തോടും ബഹുമാനത്തോടുംകൂടിയാണ് പാക്കിസ്ഥാനിലെ ജനങ്ങളും പട്ടാളവും ഞങ്ങളെ സ്വീകരിച്ചത്.
കറൻസി മാറ്റം
പാക്കിസ്ഥാനിൽ പ്രവേശിച്ച ശേഷം അവരുടെ ബഗ്ഗി കാറിൽ എമിഗ്രേഷൻ പോയിന്റിലേക്കു കൊണ്ടുപോകും. അവിടെ വീസ സ്റ്റാമ്പ് ചെയ്യും. ഇത്രയും കാലം പേടിയോടെ മാത്രം കേട്ടിരുന്ന ഒരു രാജ്യത്തേക്കു കാലു കുത്തിയത് ഒരു പ്രത്യേക അനുഭവമായിരുന്നു.
ഈ ഗുരുദ്വാര സന്ദർശിക്കാൻ പാക്കിസ്ഥാൻ, 20 യുഎസ് ഡോളർ (ഏകദേശം 1,700 ഇന്ത്യൻ രൂപ) ഒരാളിൽനിന്ന് ഈടാക്കും. എമിഗ്രേഷൻ നടപടിക്കു മുമ്പായി കറൻസി മാറ്റി 20 യുഎസ് ഡോളർ അവിടെ അടയ്ക്കണം.
അതോടൊപ്പം ഷോപ്പിംഗ് ചെയ്യാൻ താത്പര്യമുള്ളവർ അതിനനുസരിച്ചുള്ള തുക ഇന്ത്യൻ റുപ്പിയിൽനിന്നു പാകിസ്ഥാൻ കറൻസിയിലേക്കു മാറ്റണം. 1,500 ഇന്ത്യൻ രൂപ പാക് കറൻസിയിലേക്കു മാറ്റിയപ്പോൾ ഏകദേശം 4,000 പാക് കറൻസി ലഭിച്ചു.
തിരിച്ചുപോരുമ്പോൾ മിച്ചമുള്ള പാക്കിസ്ഥാനി കറൻസി ഇന്ത്യൻ രൂപയിലേക്കു മാറ്റണം. കാരണം, പാക് കറൻസി നമ്മുടെ നാട്ടിൽ അനുവദനീയമല്ല. അതിനാൽ അമൃത്സറിൽനിന്നു പോരുന്പോൾ അത്യാവശ്യം വേണ്ട പണം കൈയിൽ കരുതേണ്ടതാണ്.
ഗുരുദ്വാരയിലേക്ക്
എമിഗ്രേഷൻ നടപടി പൂർത്തിയാക്കി ബസ് വരാൻ കാത്തുനിന്നു. ഇവിടെനിന്ന് ഏകദേശം അഞ്ചു കിലോമീറ്റർ ദൂരമാണ് ഗുരുദ്വാരയിലേക്ക്. സമയം ഉച്ചകഴിഞ്ഞതുകൊണ്ടാവണം ബസിൽ ഞങ്ങൾ രണ്ടു പേർ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
അറിയാവുന്ന ഹിന്ദിയിൽ പാക്കിസ്ഥാനി ഡ്രൈവറോടു സംസാരിച്ചു. ആ അഞ്ചു കിലോമീറ്റർ യാത്ര മറക്കാനാവാത്ത ഒരു നിമിഷമായി മാറി. കേരളത്തിൽനിന്നാണ് വരുന്നതെന്നു പറഞ്ഞപ്പോൾ വളരെ സന്തോഷവും ബഹുമാനവുമായിരുന്നു അദ്ദേഹത്തിന്. പോകുന്ന വഴിയിൽ രവി നദി കണ്ടു.
അവിടെ ഫോട്ടോയും വീഡിയോയും എടുക്കാൻ വണ്ടി നിർത്തിത്തന്നു. തിരിച്ചുള്ള വണ്ടി പാക് സമയപ്രകാരം 4:30ന് ആയിരുന്നു. അതിനാൽ ഏകദേശം രണ്ടു മണിക്കൂർ സമയം ഞങ്ങൾക്ക് അവിടെ ലഭിച്ചു. ഉച്ചയ്ക്കു രണ്ടു കഴിഞ്ഞാൽ നമുക്കു പാകിസ്ഥാനിലേക്കു പ്രവേശനമില്ല.
രണ്ടു കഴിഞ്ഞുവന്നാൽ കാഴ്ചകളെല്ലാം കണ്ട് ഗുരുദ്വാരയിൽ പോയി തിരികെ മടങ്ങാൻ കഴിയാത്തതുകൊണ്ടാണ് അനുവദിക്കാത്തത്. ഗുരുദ്വാരയിൽ പോയി കാഴ്ചകൾ പകർത്തി. തുടർന്നു ഭക്ഷണം കഴിക്കാനായി ഞങ്ങൾ പോയി.
അന്നദാനം
സിക്കുമത വിശ്വാസികൾ അവരുടെ ആരാധനാലയങ്ങളിൽ പ്രാർഥിക്കാനെത്തുന്നവർക്ക് അന്നദാനം നടത്തുന്ന പതിവുണ്ട്. മീട്ടാ റൈസും മറ്റു പല റൈസും കഴിക്കാനായി തന്നു. കുടിക്കാനായി ചായയും. ഞങ്ങളെക്കൊണ്ട് ഭക്ഷണം കഴിപ്പിക്കാൻ അവർക്കു വലിയ ഉത്സാഹമായിരുന്നു.
പിന്നീട് ഷോപ്പിംഗിനായി മാർക്കറ്റിലേക്ക്. ഈ അഞ്ചു കിലോമീറ്റർ ചുറ്റളവിലല്ലാതെ പുറത്തേക്കു പോകാൻ നമുക്ക് അനുവാദമില്ല. വേലി കെട്ടി തിരിച്ചിരിക്കുന്നതിനാൽ പരിമിതമായുള്ള സ്ഥലത്തു മാത്രമേ ഷോപ്പിംഗ് സൗകര്യമുള്ളൂ. വീട്ടുകാർക്കും കൂട്ടുകാർക്കും അല്ലറചില്ലറ സാധനങ്ങൾ വാങ്ങി നാലരയോടെ ബസിനു സമീപത്തേക്ക്.
എല്ലാവരും എത്താനായി ബസ് 15 മിനിറ്റ് അവിടെ കാത്തുകിടന്നു. നിറയെ ആളുമായിട്ടാണ് ബസിന്റെ മടക്കം. പഴയതുപോലെ വീസ സ്റ്റാമ്പ് ചെയ്തു. പാസ്പോർട്ട് സ്കാൻ ചെയ്ത ശേഷം ബഗ്ഗി കാറിൽ അതിർത്തിയിലേക്ക്. ഫോട്ടോകളൊക്കെ എടുത്ത ശേഷം രാജ്യത്തേക്ക്.
തിരിച്ചെത്തുന്നവരോടു പാക്കിസ്ഥാനിലെ നമ്മുടെ അനുഭവം എമിഗ്രേഷൻ ഒാഫീസർമാർ ചോദിച്ചറിയും. പാക് പതാക പതിച്ചിരുന്ന ഒരു സുവനിർ ഞങ്ങളുടെ കൈവശം ഉണ്ടായിരുന്നു. അത് അവർ വാങ്ങിവച്ചു.
കാരണം, പാക് കറൻസിയോ മതചിഹ്നങ്ങളുമായി ബന്ധപ്പെട്ട വസ്തുക്കളോ ഫ്ലാഗോ ഇന്ത്യയിലേക്ക് അനുവദനീയമല്ല. നടപടികൾ പൂർത്തിയാക്കി ആറോടെ തിരികെ അമൃത്സറിലേക്ക്. കർഷകപ്രക്ഷോഭം മൂലം ട്രെയിൻ വൈകുമെന്നതിനാൽ ടിക്കറ്റ് കാൻസൽ ചെയ്ത് ബസ് ബുക്ക് ചെയ്തു.
അതിനാൽ അമൃത്സറിൽ കറങ്ങാൻ സമയവും കിട്ടി. സുവർണക്ഷേത്രവും മറ്റും കണ്ടു പത്തരയോടെ ഡൽഹിയിലേക്കു മടക്കം. പല സ്ഥലങ്ങളിലേക്കു യാത്ര ചെയ്തിട്ടുണ്ടെങ്കിലും പാക്കിസ്ഥാനിലേക്കുള്ള ഈ യാത്ര മറക്കാവാത്തതാണ്.
കർത്താർപുർ കടക്കാൻ
കർത്താർപുരിലേക്കു യാത്ര പോകാൻ ഇഷ്ടപ്പെടുന്നവർക്കു വെറുതെയങ്ങ് പോകാൻ പറ്റില്ല. ആദ്യമായി www.prakashpurb550.mha.gov.in/kpr എന്ന വെബ്സൈറ്റിൽ 20 ദിവസങ്ങൾക്ക് മുൻപായി പേര് രജിസ്റ്റർ ചെയ്യണം. അതിനായി പാസ്പോർട്ടും ഫോട്ടോയും ആവശ്യമാണ്.
രജിസ്റ്റർ ചെയ്ത ശേഷം പെർമിറ്റ് ലഭിക്കാൻ പോലീസ് വേരിഫിക്കേഷൻ ഉണ്ടായിരിക്കും. സ്പെഷൽ ബ്രാഞ്ച്, വിജിലൻസ്, ഇന്റലിജന്റ്സ് ബ്യൂറോ എന്നിവരുടെ വേരിഫിക്കേഷനു ശേഷം നിങ്ങൾ യാത്ര ചെയ്യാൻ തെരഞ്ഞെടുത്തിരിക്കുന്ന തീയതിക്കു മൂന്നു ദിവസം മുൻപായി അനുമതി ലഭിച്ചോ ഇല്ലയോ എന്ന് അറിയാനാകും.
അനുമതി ലഭിച്ചാൽ നിങ്ങൾക്കു കർത്താർപുരിലേക്കു പോകാം. അനുമതി ലഭിക്കുന്നവർ ഒറിജിനൽ പാസ്പോർട്ട്, പെർമിറ്റിന്റെ പ്രിന്റൗട്ട് എന്നിവ സഹിതം യാത്രാനുമതി കിട്ടിയിട്ടുള്ള ദിവസം രാവിലെ ഒൻപതോടെ അമൃത്സറിൽ എത്തണം.
കേരളത്തിൽനിന്നു യാത്ര ചെയ്യുന്നവർക്ക് അമൃത്സറിലേക്കു ട്രെയിൻ അഥവാ വിമാന മാർഗം എത്താം. ഡൽഹിയിൽനിന്നു 10 മണിക്കൂർ യാത്രകൊണ്ട് ട്രെയിൻ അല്ലെങ്കിൽ ബസ് മാർഗവും എത്താം.
ജിജോ ജോർജ്/ സിസിൽ ഹിമ സെബാസ്റ്റ്യൻ