ജില്ല: തൃശൂർ
കാഴ്ച: പ്രകൃതിഭംഗി, വെള്ളച്ചാട്ടം
തൃശൂർ നഗരത്തിൽനിന്ന് 23 കിലോമീറ്റർ ദൂരം. പട്ടിക്കാടുനിന്ന് എട്ടു കിലോമീറ്റർ സഞ്ചരിച്ച് വിലങ്ങന്നൂരെത്തിയാൽ പിന്നെ നിശ്ചിതദൂരം വരെയേ വാഹനം പോകൂ.
അവിടെനിന്നു കാൽനടയായി കാടിന്റെ ഗന്ധമുള്ള കാറ്റും കിളികളുടെ പാട്ടും കാട്ടുവള്ളികൾ തൂങ്ങിക്കിടക്കുന്ന മരങ്ങളുമൊക്കെ കണ്ടു നീങ്ങാം. കൂറ്റൻ പാറകളും ഇവിടെ കാണാം. സാഹസിക സഞ്ചാരം ഇഷ്ടപ്പെടുന്നവർക്ക് ഏറെ രസിക്കും.
കുളിച്ചു രസിക്കാം
മണലി പുഴയിൽനിന്ന് ഉത്ഭവിച്ച് പീച്ചി ഡാമിലൂടെ വരുന്ന വെള്ളമാണ് പാറക്കെട്ടിലൂടെ ഒഴുകിയെത്തുന്നത്. തടയണ സ്ഥാപിച്ചിട്ടുണ്ട്. നീന്തിക്കുളിച്ച് ഉല്ലസിക്കാം. ആൽബങ്ങളും മറ്റും ചിത്രീകരിക്കാൻ ഈ ഗ്രാമീണവെള്ളച്ചാട്ടം തേടി സംഘങ്ങൾ എത്താറുണ്ട്.
പാറകളിൽ വഴുക്കൽ ഉള്ളതിനാൽ സൂക്ഷിക്കണം. നേരത്തേ ഇവിടെ ആദിവാസി കുടുംബങ്ങൾ ഉണ്ടായിരുന്നതായി പറയപ്പെടുന്നു. കോവിഡ് കാലത്തു യുവാക്കൾ നേരംപോക്കിനായി സഞ്ചരിക്കുന്ന സമയത്താണ് അപ്രതീക്ഷിതമായി ഒരപ്പൻകെട്ടിലെത്തുന്നത്.
ഇവർ യൂ ട്യൂബിലൂടെ പ്രചരിപ്പിച്ചതോടെയാണ് ഈ പ്രദേശത്തിന്റെ ഭംഗി കൂടുതലായി പുറംലോകത്തേക്ക് എത്തിയത്. ടൂറിസം വികസനത്തിനായി അഞ്ചു കോടി നീക്കിവച്ചിട്ടുണ്ട്. വേനലിലും ഇവിടെ വറ്റാത്ത വെള്ളമുണ്ട്.
തയാറാക്കിയത്:
പി.ജെ. ജോണി മേലാർകോട്, 9947768386