ഭാരതീയ ഭാഷകളിലെതന്നെ ഏറ്റവും പഴക്കമുള്ള യാത്രാവിവരണങ്ങളിലൊന്ന് എന്ന ഖ്യാതിയുള്ള പുസ്തകമാണ് പാറേമ്മാക്കൽ തോമ്മാക്കത്തനാരുടെ വർത്തമാനപുസ്തകം (1785). ഈ പുസ്തകത്തെ മുൻനിർത്തിയുള്ള ഗവേഷണത്തിന്റെ സമ്മാനമാണ് ഡോ. ജോസ് ജോർജിന്റെ വർത്തമാനപുസ്തകം: ബഹുമാനങ്ങൾ എന്ന ഗ്രന്ഥം.
എഴുതപ്പെട്ട കാലമോ അതോ അച്ചടിച്ച കാലമോ ഏതു മുൻനിർത്തി വേണം ഒരു കൃതിയുടെ പഴക്കം നിശ്ചയിക്കാൻ എന്നതിൽ തർക്കങ്ങൾ ഉണ്ടെങ്കിലും മലയാളത്തിലെ ആദ്യ യാത്രാവിവരണമെന്നല്ല ഭാരതീയ ഭാഷകളിലെതന്നെ ഏറ്റവും പഴക്കമുള്ള യാത്രാവിവരണങ്ങളിലൊന്ന് എന്ന ഖ്യാതിയുള്ള പുസ്തകമാണ് പാറേമ്മാക്കൽ തോമ്മാക്കത്തനാരുടെ വർത്തമാനപുസ്തകം (1785). ഈ പുസ്തകത്തെ മുൻനിർത്തിയുള്ള ഗവേഷണത്തിന്റെ സമ്മാനമാണ് ഡോ. ജോസ് ജോർജിന്റെ വർത്തമാനപുസ്തകം ബഹുമാനങ്ങൾ എന്ന ഗ്രന്ഥം. പഠനവിധേയമാക്കുന്ന കൃതിയോളം പ്രാധാന്യം ഈ പഠനഗ്രന്ഥവും അർഹിക്കുന്നുണ്ട്.
മാർത്തോമ്മാ നസ്രാണിസഭയിൽ (കേരളത്തിലെ പുരാതന ക്രൈസ്തവസഭ ഒരുകാലത്ത് അറിയപ്പെട്ടിരുന്നത് അങ്ങനെയായിരുന്നു) ഉദയമ്പേരൂർ സൂനഹദോസിന്റെ ഫലമായി കാലങ്ങളിലൂടെ രൂപപ്പെട്ടു വഷളായ ആന്തരികവും ബാഹ്യവുമായ സംഘർഷങ്ങൾ മാർപ്പാപ്പയുടെയും പോർച്ചുഗൽ രാജ്ഞിയുടെയും ശ്രദ്ധയിൽ പെടുത്തി പരിഹാരമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ 1778ൽ അങ്കമാലിയിൽ ചേർന്ന മലങ്കരയോഗം തീരുമാനിച്ചയച്ച കരിയാറ്റി യൗസേപ്പ് മൽപാന്റെ നേതൃത്വത്തിലുള്ള നിവേദകസംഘത്തിലെ അംഗമായിരുന്ന തോമ്മാകത്തനാർ എട്ടു വർഷത്തോളം നീണ്ട തങ്ങളുടെ യാത്രയുടെ വിശദാംശങ്ങൾ ആത്മാംശം ചോരാതെ രേഖപ്പെടുത്തിയതാണ് വർത്തമാന പുസ്തകം.
സങ്കടം ബോധിപ്പിക്കാൻ
"തമ്പുരാന്റെ പള്ളിയുടെ കാണപ്പെട്ട തലവനാകുന്ന മാർപ്പാപ്പാടെ മുമ്പാകെ തങ്ങളുടെ സങ്കടങ്ങൾ ബൊധിപ്പിക്ക''(247) ലാണ് യാത്രയുടെ ഉന്നം. യാത്രയുടെ ഉത്പന്നമായ വർത്തമാന പുസ്തകത്തിലും ഈ സങ്കടം ഊറിക്കൂടി നിൽക്കുന്നു. ജോസ് ജോർജിന്റെ പുസ്തകത്തിനു ഗവേഷണ മാർഗദർശികൂടിയായ സ്കറിയ സക്കറിയ എഴുതിയ അവതാരികയിലും മുറിവ്, ആത്മീയയാതന, ഉടലിന്റെ പിടച്ചിൽ, ആത്മീയ സംഘർഷം, ദുരന്തകഥ, യാതന എന്നിങ്ങനെ വർത്തമാന പുസ്തകത്തിന്റെ ആകെ ഭാവമായി ആവർത്തിച്ചു സൂചിപ്പിക്കപ്പെടുന്നവ ശ്രദ്ധിക്കുക. ഒരു സാമൂഹിക മുറിവിന്റെ ചരിത്രം ഉൾവഹിക്കുന്നു വർത്തമാന പുസ്തകം.
പദങ്ങളും വിചാരങ്ങളുമായി രചയിതാവ്/യാത്രികൻ ക്രോഡീകരിച്ച വിവരങ്ങളിൽ യാത്രികന്റെ അന്തർസംഘർഷങ്ങൾ മാത്രമല്ല മറിച്ച് അന്നത്തെ സഭയുടെതന്നെ ഏകദേശചിത്രം വെളിപ്പെടുന്നുണ്ട്. അതിൽ സാന്ദർഭികമായി രചയിതാവിന്റെ ആത്മരോഷത്തിന്റെ ഭാഷപോലും കടന്നുവരുന്നുണ്ട്. "മതകോളനീകരണത്തിന്റെ തിക്തഫലങ്ങൾ അനുഭവിക്കുന്ന തദ്ദേശീയരുടെ ആത്മാഭിമാനം ഉണർത്തുകയും പ്രതിരോധത്തിനു സജ്ജമാക്കുകയും'' ചെയ്യുക എന്ന ലക്ഷ്യം സ്വാഭാവികമായി കത്തനാരുടെ ഭാഷയിൽ വായിക്കാം.
ഉള്ളടക്കത്തിന്റെ സ്ഥൈര്യവും ഭാഷയുടെ മൂർച്ചയും ഒക്കെ ചേർന്നാവണം പിന്നീട് നിരോധിക്കപ്പെടേണ്ട നില പോലും ഉണ്ടായി വർത്തമാന പുസ്തകത്തിന് എന്നതു പുസ്തകത്തിന്റെ ചരിത്രപരമായ ഗൗരവം ഇരട്ടിപ്പിക്കുന്നു. കേരള ക്രൈസ്തവരുടെ സാമുദായിക ബോധത്തിന്റെ തീവ്രത ഇത്രത്തോളം ജ്വലിച്ചു നിൽക്കുന്ന പ്രാചീനരേഖകൾ വർത്തമാനപുസ്തകം പോലെ വിരളമായേയുള്ളൂ.
സാഹിത്യ കൃതികളിലെ ചരിത്രാംശവും ചരിത്രത്തിന്റെ സാഹിതീയതയും അക്കാദമിക പരിസരങ്ങളിൽ തുടരെ ചർച്ചാവിഷയമാകുന്നവയാണ്.
അതിനാൽ ബഹുനിലകളിൽ ചരിത്രപ്രാധാന്യം കൈയാളുന്ന ഒരു പുസ്തകംകൂടിയാണു വർത്തമാന പുസ്തകം. ഈ ബഹു(പല)മാനങ്ങളെ അന്വേഷിക്കാനാണ് ഗവേഷകന്റെ ശ്രമം. അതുകൊണ്ട് ഒരു യാത്രാവിവരണം എന്ന നിലയിൽ കൃതിയെ പരിചയപ്പെടുത്തുന്നുണ്ടെങ്കിൽകൂടി അതിനുമപ്പുറത്ത് മേൽപറഞ്ഞ വിധത്തിൽ ഒരു ചരിത്രസാമഗ്രിയോടു പുലർത്തേണ്ട തികച്ചും സൈദ്ധാന്തികവും രീതിശാസ്ത്രബദ്ധവുമായ ബഹുമാനം ഉടനീളം കാണാം.
സഞ്ചാര കൃതി
കർത്തൃത്വം (Subje- ctivity)) എന്ന നവീനമായ പരികല്പനയെ മുൻനിർത്തി തോമ്മാക്കത്തനാരെന്ന യാത്രാവിവരണ രചയിതാവിന്റെ ഭിന്നഭിന്നമായ കർത്തൃസ്ഥാനങ്ങൾ കണ്ടെടുക്കുകയാണ് ഗ്രന്ഥകാരൻ. "മലങ്കര സുറിയാനിസഭയിലെ പട്ടക്കാരൻ, കത്തോലിക്കാസഭയിലെ പുരോഹിതൻ, കേരളീയൻ, ഭാരതീയൻ, സമുദായത്തിന്റെ സ്വയംഭരണവും തനിമയും പുനഃസ്ഥാപിക്കാൻ അക്ഷീണം യത്നിക്കുന്ന കർത്തവ്യനിരതൻ, നിഷ്കോളനീകരണത്തിന്റെ ആശയപ്രചാരകൻ, സ്വാതന്ത്ര്യസമരനേതാവ്, ചരിത്രരചയിതാവ്, സഞ്ചാരസാഹിത്യകാരൻ തുടങ്ങി കൃതിയിൽ ആവിഷ്കൃതമാകുന്ന ഒട്ടനവധി കർത്തൃസ്ഥാനങ്ങൾ’ രചയിതാവ് കണ്ടെത്തുന്നു.
സവർണൻ. പുരുഷൻ, പ്രജ, സ്വജനപക്ഷവാദി, താർക്കികൻ തുടങ്ങിയസമാന്തരങ്ങൾ പുറമേയും. രചയിതാവിനെയാണു നോക്കുന്നതെങ്കിലും ഈ അന്വേഷണം സമാന്തരമായി കേരള ക്രൈസ്തവ ചരിത്രത്തിലും മലയാളഭാഷാ ചരിത്രത്തിലും മലയാള സാഹിത്യചരിത്രത്തിൽ തന്നെയും വർത്തമാനപുസ്തകത്തിന്റെ പ്രാമുഖ്യം ഒന്നുകൂടി കോറിയിടുന്നുണ്ട്.
വർത്തമാനപുസ്തകത്തെക്കുറിച്ചു നാളിതുവരെ ഉണ്ടായിട്ടുള്ളതും ലഭ്യവുമായ എല്ലാത്തരം പഠനങ്ങളെയും ഉപാദാനമായി ഈ പുസ്തകം സ്വീകരിക്കുന്നു. ഡോ.കെ.എം. അനിൽ, ഡോ.പി ആന്റണി എന്നിവർ ഈ പുസ്തകത്തിന് എഴുതിയ കനമുള്ള പഠനങ്ങൾ ഒരു പഠനഗ്രന്ഥം എന്ന നിലയിൽ ഇതിന്റെ പ്രസക്തി സൂചിപ്പിക്കുന്നുണ്ട്. പുസ്തകത്തിലെ അധ്യായങ്ങളോളം സമ്പന്നമാണ് വിശദീകരണങ്ങളായി കൊടുത്തിരിക്കുന്ന അടിക്കുറിപ്പുകൾ.
അടിക്കുറിപ്പുകളിലൂടെ മാത്രം ഒരാൾക്കു വർത്തമാനപുസ്തകത്തെയും അതുണ്ടായ കാലത്തെയും കുറിച്ചുള്ള സമ്പന്നമായ ധാരണകളിലൂടെ സഞ്ചരിച്ചെത്താം. ചുരുക്കത്തിൽ മലയാളത്തിലെ ആദ്യ സഞ്ചാരസാഹിത്യകൃതിയായി എണ്ണപ്പെടുന്ന വർത്തമാനപുസ്തകത്തിന്റെ തുടർസഞ്ചാരത്തെ കർത്തൃത്വമെന്ന പരികൽപനയെ മുൻനിർത്തി സൈദ്ധാന്തികമായി അടയാളപ്പെടുത്തുകയാണു ഗ്രന്ഥകാരൻ.
വർത്തമാനപുസ്തകം: ബഹുമാനങ്ങൾ
പേജ്: 392, വില: ₹550
സാഹിത്യപ്രവർത്തക സഹകരണസംഘം, കോട്ടയം.
ബിന്റോ അലക്സ്