പരസ്പരം ആരാധിക്കുന്ന രണ്ടു മഹാഗായകർ. അപൂർവമാകും അങ്ങനെയൊരു ഭാവപൂർണിമ. അതെ, മെഹ്ദി ഹസനും ലതാ മങ്കേഷ്കറും. രണ്ടു രാജ്യങ്ങളുടെ മ്യൂസിക് ഐക്കണുകൾ എന്നുപറയാം. അല്ലെങ്കിൽ സംഗീതത്തിന് എന്തു രാജ്യവും അതിർത്തിയുമല്ലേ.. ഒരു ഗീതമെങ്കിലും ഒരുമിച്ചുപാടണമെന്ന് ഇരുവർക്കും വലിയ ആഗ്രഹമുണ്ടായിരുന്നു.
രണ്ടുപേരുടെയും പരിധിയില്ലാത്ത തിരക്കുകളും അകലത്തിന്റെ പരിമിതിയുംകൊണ്ട് അങ്ങനെയൊരു പാട്ട് യാഥാർഥ്യമാകാൻ ഏറെ വൈകി. എങ്കിലും ആ പാട്ടുണ്ടായി. അതുപോലെ മറ്റൊന്ന് ഉണ്ടായതുമില്ല.
വിഭജിക്കപ്പെടാതെ മനസുകൾ
രാജസഭകളിലെയും പ്രഭു മാളികകളിലെയും സംഗീതകാരന്മാരുടെ മഹാപരന്പരയിലെ കൗമാരക്കാരനായ പാട്ടുകാരൻ. രാജസ്ഥാനിൽ ജനിച്ച് ഇരുപതാം വയസിൽ വിഭജനകാലത്തു പാക്കിസ്ഥാനിലേക്കു പലായനം. ജീവിക്കാൻവേണ്ടി വർക്ക്ഷോപ്പുകളിലെ ജോലി. എട്ടാം വയസിൽ രാജസദസിനെ പാട്ടുകൊണ്ട് അന്പരപ്പിക്കുകയും ഒട്ടുംവൈകാതെ ജയ്പുർ കൊട്ടാരത്തിലെ ആസ്ഥാന ഗായകനായി വളരുകയും ചെയ്ത പ്രതിഭയാണെന്നോർക്കണം.
ദ്രുപദും ഖയാലും ദാദ്രയും ലോഹക്കഷണങ്ങൾ കൂട്ടിമുട്ടുന്ന ശബ്ദങ്ങളിൽ മുങ്ങിക്കിടന്നു. ഉസ്താദ് അസിം ഖാനും ഉസ്താദ് ഇസ്മയിൽ ഖാനും പഠിപ്പിച്ച സ്വരങ്ങൾ ഹൃദയത്തിൽനിന്നു കൈമോശംവന്നില്ല. വർഷങ്ങൾക്കു ശേഷം റേഡിയോ പാക്കിസ്ഥാനിൽ പാടാൻ അവസരം ലഭിച്ചതോടെ മെഹ്ദി ഹസൻ ഗീതങ്ങളാൽ വിശ്വപൗരനാവുകയായിരുന്നു. ഗസൽ ഗായകൻ, സിനിമാ പിന്നണിഗായകൻ, സംഗീത സംവിധായകൻ.. പിന്നീടുള്ള ദശകങ്ങൾ മെഹ്ദി ഹസന്റെ സംഗീതമില്ലാത്ത പാക് സിനിമകൾ ഉണ്ടായിട്ടില്ലെന്നുതന്നെ പറയാം.
ഇന്ത്യ, ലത
എണ്പതുകളുടെ അവസാനത്തോടെ അസുഖങ്ങൾ വല്ലാതെ വലച്ചപ്പോൾ മെഹ്ദി ഹസൻ സിനിമകളിൽ പാടുന്നത് നിർത്തി. അപ്പോഴും അദ്ദേഹത്തിന്റെ മനസിൽ ലതാ മങ്കേഷ്കർക്കൊപ്പം ഒരു പാട്ട് എന്ന ആഗ്രഹം ബാക്കിയുണ്ടായിരുന്നു. അതു പൂർത്തിയാകാൻ വീണ്ടും വർഷങ്ങളെടുത്തു. 2010 വരെ രണ്ടു ഗായകരും കാത്തിരിപ്പു തുടർന്നു. ഹസൻ രോഗങ്ങളാൽ തളർന്നുതുടങ്ങിയിരുന്നു. ഒടുവിൽ ആ പാട്ടുണ്ടായത് എങ്ങനെയെന്ന് ഓർമിച്ചിട്ടുണ്ട് മെഹ്ദി ഹസന്റെ മകനും ഗായനുമായ കമ്രാൻ ഹസൻ. ആ കഥയിങ്ങനെ..
ചികിത്സാർഥം ഇടയ്ക്കിടെ ഇന്ത്യയിലെത്താറുണ്ട് മെഹ്ദി ഹസൻ. 2007ലാണ് അവസാനമായി എത്തിയത്. വരുന്നതറിഞ്ഞ ലതാ മങ്കേഷ്കർ അദ്ദേഹത്തെയും മകനെയും ഉച്ചഭക്ഷണത്തിനു ക്ഷണിച്ചു. ലതയുടെ മുംബൈയിലെ വസതിയിൽ നടന്ന ആ അവസാന കൂടിക്കാഴ്ച വലിയ സന്തോഷത്തിന്റേതായിരുന്നു.
സംഗീതവിശേഷങ്ങളുമായി ആ ഒത്തുചേരൽ ആറു മണിക്കൂറിലേറെ നീണ്ടുനിന്നു. രണ്ടുപേരും ഏറെ ആഹ്ലാദിച്ചു. സ്വന്തം കാമറയിൽ ചിത്രങ്ങൾ പകർത്താൻവരെ ലത ആളെ ഏർപ്പാടാക്കിയിരുന്നു. അന്നും ഇനിയും യാഥാർഥ്യമാകാത്ത യുഗ്മഗാനത്തെക്കുറിച്ച് ഇരുവരും സംസാരിച്ചു. അന്ന് അനാരോഗ്യംമൂലം മെഹ്ദി ഹസനു പാടാൻ കഴിയുമായിരുന്നില്ല.
തേരാ മിൽനാ അച്ഛാ ലഗേ...
അന്നത്തെ കൂടിക്കാഴ്ചയ്ക്കു ശേഷം മൂന്നു വർഷംകൂടി കഴിഞ്ഞാണ് ആ ഗാനം പുറത്തിറങ്ങിയത്. ഇരുവരും ഒരുമിച്ച് ഒരേ സ്റ്റുഡിയോയിൽ പാടുകയല്ല ചെയ്തത്. കമ്രാന്റെ ലൊസാഞ്ചലസിലുള്ള സ്റ്റുഡിയോയിൽ ഇരുന്ന് മുന്പ് മെഹ്ദി പാടിയ ഭാഗവും മുംബൈയിലെ സ്റ്റുഡിയോയിൽ ലതാ മങ്കേഷ്കർ പാടിയ ഭാഗവും കൂട്ടിച്ചേർത്താണ് ആ യുഗ്മഗാനമുണ്ടായത്. മ്യൂസിക് മുംബൈയിൽ റീഅറേഞ്ച് ചെയ്തു. ഒറ്റ ഗാനമായി. ആദ്യത്തേതും അവസാനത്തേതും!
ഇതേക്കുറിച്ചു ലതാ മങ്കേഷ്കറും പിന്നീട് ഓർമിച്ചു. പാട്ടൊരുക്കി പുറത്തിറക്കിയ ശേഷം ടേപ് മെഹദി ഹസന് അയച്ചുകൊടുത്തിരുന്നു. എന്നാൽ, രോഗം അതീവഗുരുതര നിലയിൽ ആയിരുന്നതിനാൽ അദ്ദേഹത്തിനത് കേട്ടു മനസിലാക്കാൻ കഴിഞ്ഞില്ല. ഏറ്റവും നിർഭാഗ്യകരമായ സംഭവമായാണ് ലത അതിനെ വിശേഷിപ്പിച്ചിരുന്നത്.
വെവ്വേറെ പാടി യാന്ത്രികമായി പാട്ടിനെ കൂട്ടിച്ചേർക്കുന്ന രീതിയോട് എക്കാലവും മുഖംതിരിച്ചിരുന്ന ലതയാണ് മെഹ്ദി ഹസനുവേണ്ടി തന്റെ നിർബന്ധം ഒഴിവാക്കിയത്. ഒപ്പം പാടുന്നയാളും സംഗീത സംവിധായകനും ഒരുമിച്ചുണ്ടായാലേ ലത മുന്പ് റെക്കോർഡിംഗിനു സമ്മതിക്കുമായിരുന്നുള്ളൂ.
മുകേഷ്, മുഹമ്മദ് റഫി, കിഷോർ കുമാർ തുടങ്ങിയവർക്കൊപ്പമുള്ള റിഹേഴ്സലുകളും റിക്കാർഡിംഗുകളും പുതിയകാലത്ത് വലിയ നഷ്ടബോധം സൃഷ്ടിക്കുന്നുവെന്ന് ലത പറയാറുണ്ട്. മെഹ്ദി ഹസനും ലതാ മങ്കേഷ്കറും മടങ്ങി. ഇനിയൊരു ലതയോ മെഹ്ദിയോ ഉണ്ടാകാൻ കാലം അനുവദിക്കുമോ എന്നറിയില്ല. പക്ഷേ അവരുടെ സംഗീതം എക്കാലവും ഭൂമിയിലുണ്ടാകും., മനസുകളിലും.
ഹരിപ്രസാദ്