മുസ്ലിം ജനന നിരക്ക് കുറയുന്നു: ആർഎസ്എസ് മേധാവിക്ക് മുഖ്യമന്ത്രിയുടെ മറുപടി
മുസ്ലിം ജനന നിരക്ക് കുറയുന്നു: ആർഎസ്എസ് മേധാവിക്ക് മുഖ്യമന്ത്രിയുടെ മറുപടി
Thursday, October 6, 2022 11:28 PM IST
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ജനസംഖ്യാ വിവാദത്തില്‍ ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്ത് യഥാർഥത്തിൽ മുസ്ലിം ജനന നിരക്ക് കുറയുകയാണ് ചെയ്തതെന്ന് മുഖ്യമന്ത്രി തെളിവ് സഹിതം ചൂണ്ടിക്കാട്ടി. ഫേസ്ബുക്ക് കുറിപ്പിലാണ് മുഖ്യമന്ത്രിയുടെ മറുപടി.

ഹിന്ദുക്കള്‍ സമീപ ഭാവിയില്‍ ന്യൂനപക്ഷമായി മാറുമെന്ന നുണ സംഘപരിവാര്‍ വര്‍ഷങ്ങളായി പ്രചരിപ്പിക്കുന്നുണ്ട്. അത് വീണ്ടും പൊടിതട്ടിയെടുക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. വംശീയ വിരോധത്തിന്‍റെ കൂടു തുറന്നുവിടാനുള്ള ആസൂത്രിത നീക്കങ്ങളിലൊന്നാണ് വിജയദശമി ദിനത്തിലെ മോഹൻ ഭാഗവതിന്‍റെ പ്രസംഗമെന്നും പിണറായി പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം

രാജ്യത്തെ ജനസംഖ്യയിൽ മതാടിസ്ഥാനത്തിൽ അസന്തുലിതാവസ്ഥ നിലനിൽക്കുന്നുവെന്ന ആർഎസ്എസ് മേധാവിയുടെ പ്രസ്താവന വംശീയ വിരോധത്തിന്റെ കൂടു തുറന്നുവിടാനുള്ള ആസൂത്രിത നീക്കങ്ങളിലൊന്നാണ്. വസ്തുതയ്ക്കു നിരക്കുന്നതോ കണക്കുകളുടെ പിൻബലമുള്ളതോ അല്ല ഈ പ്രചാരണം. ഹിന്ദുക്കൾ സമീപ ഭാവിയിൽ ന്യൂനപക്ഷമായി മാറുമെന്ന നുണ സംഘപരിവാർ വർഷങ്ങളായി പ്രചരിപ്പിക്കുകയാണ്. ആ ആയുധം വീണ്ടും പൊടിതട്ടിയെടുക്കുകയാണ് ആർ എസ് എസ്.

"ടോട്ടൽ ഫെർട്ടിലിറ്റി റേറ്റി"നെ (TFR) ബന്ധപ്പെടുത്തിയാണ് ജനസംഖ്യാ വർദ്ധനവ് കണക്കാക്കുന്നത്. കഴിഞ്ഞ ഇരുപത് വര്‍ഷത്തിനിടെ രാജ്യത്തെ മറ്റ് മതങ്ങളെ അപേക്ഷിച്ച് മുസ്ലിം സമുദായത്തിലെ ടോട്ടൽ ഫെർട്ടിലിറ്റി റേറ്റ് കുറയുന്നതായാണ് കേന്ദ്രസർക്കാരിന്റെ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട 2019-21 ലെ ദേശീയ കുടുംബാരോഗ്യ സർവ്വേ (NFHS -5) യുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.


സർവ്വേ പ്രകാരം ഹിന്ദു, മുസ്ലിം സമുദായങ്ങളിലെ ടോട്ടൽ ഫെർട്ടിലിറ്റി റേറ്റ് യഥാക്രമം 1.9 ഉം 2.3 ഉം ആണ്. വ്യത്യാസം വെറും 0.4 മാത്രമാണ്. മുസ്ലിം സമുദായത്തിലെ ടോട്ടൽ ഫെർട്ടിലിറ്റി റേറ്റ് 2015-16 ല്‍ 2.6 ആയിരുന്നത് 2019-21 ല്‍ 2.3 ആയി കുറഞ്ഞു. 1992-93 ൽ ഇത് 4.4 ആയിരുന്നു.

ഇരുപതുവർഷങ്ങൾക്കിടെ ഫെർട്ടിലിറ്റി നിരക്കിന്റെ കാര്യത്തിൽ 41.2 ശതമാനത്തിന്റെ കുറവാണ് ഹിന്ദു സമുദായത്തിലുണ്ടായതെങ്കിൽ മുസ്ലിങ്ങള്‍ക്കിടയില്‍ 46.5 ശതമാനമാണ് കുറവുണ്ടായത്.
സെൻസസ് കണക്കു പ്രകാരം ഹിന്ദു ജനസംഖ്യാ വർദ്ധനവിൽ 3.1 ശതമാനത്തിന്റെ ഇടിവാണ് സംഭവിച്ചത്. എന്നാൽ മുസ്ലിം ജനസംഖ്യാ വർദ്ധനവിൽ 4.7 ശതമാനം ഇടിവാണ് ഉണ്ടായത്.

പൊതുമധ്യത്തിൽ ഇത്തരം കണക്കുകൾ ലഭ്യമായിരിക്കുമ്പോഴാണ് ആർഎസ്എസ് തെറ്റായ കാര്യങ്ങൾ പറഞ്ഞുകൊണ്ട് വർഗ്ഗീയത പരത്തുന്നത്. മതാടിസ്ഥാനത്തിൽ പൗരത്വത്തെ നിർവ്വചിക്കുന്ന പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുമെന്ന് ആവർത്തിച്ചു പറയുന്നുണ്ട്. ഭരണഘടനാ മൂല്യങ്ങളെ വെല്ലുവിളിച്ചുകൊണ്ടുള്ള ഇത്തരം നീക്കങ്ങളുടെ തുടർച്ചയെന്നോണമാണ് ആർഎസ്എസ് മേധാവിയുടെ വിജയദശമി ദിനത്തിലെ പ്രസംഗം.

സംഘപരിവാറിന്റെ ജനസംഖ്യാ നുണയുടെ ലക്ഷ്യം വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളാണ്. വിദ്വേഷരാഷ്ട്രീയം വളർത്തി തെരഞ്ഞെടുപ്പ് നേട്ടം കൊയ്യാനുള്ള ഈ വിപത്കരമായ നീക്കം മതനിരപേക്ഷ സമൂഹം തിരിച്ചറിയേണ്ടതുണ്ട്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<