സുധാകരന് മരുന്ന് കഴിച്ചില്ല, അതാണ് താന്‍ ബിജെപിയിലേക്ക് പോകുമെന്ന് പറഞ്ഞത്: ഇ.പി
Thursday, April 25, 2024 3:05 PM IST
കണ്ണൂര്‍: താന്‍ ബിജെപിയിലേക്ക് പോകാന്‍ ശോഭാ സുരേന്ദ്രനുമായി ചര്‍ച്ച നടത്തിയെന്ന കെ.സുധാകരന്റെ ആരോപണത്തിന് മറുപടിയുമായി ഇടത് മുന്നണി കണ്‍വീനര്‍ ഇ.പി.ജയരാജന്. ബിജെപിയില്‍ പോകാന്‍ ശ്രമിച്ചത് സുധാകരനാണെന്ന് ഇ.പി പ്രതികരിച്ചു.
സുധാകരന് ബിജെപിയിലേക്ക് പോകാനായി ഇവിടെ നിന്ന് വണ്ടി കയറി ചെന്നൈയിലെത്തിയതാണ്. ഇത് മണത്തറിഞ്ഞ കോണ്‍ഗ്രസ് നേതാക്കള്‍ ഇടപെട്ടാണ് തിരിച്ചയച്ചത്.
ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞത് കേരളത്തിലെ കോണ്‍ഗ്രസിനകത്ത് സുധാകരനും മറ്റു ചിലരും ബിജെപിയുമായി ചേര്‍ന്നുപോകാന്‍ ആഗ്രഹിക്കുന്നുവെന്നാണ്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഇവര്‍ പുതിയ പാര്‍ട്ടിയുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. ഇക്കാര്യം സുധാകരന് നിഷേധിക്കാന്‍ സാധിക്കില്ലെന്നും ഇ.പി പറഞ്ഞു.
ചെന്നൈയിലെ ബിജെപി നേതാവ് രാജ ക്ഷണിച്ചെന്ന് സുധാകരന് തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. അമിത് ഷായുമായുള്ള കൂടിക്കാഴ്ചക്കും സുധാകരന് ശ്രമിച്ചിട്ടുണ്ട്.
സുധാകരന് ഇന്നലെ മരുന്ന് കഴിച്ചില്ലെന്നു തോന്നുന്നു. അതാണ് താന്‍ ബിജെപിയിലേക്ക് പോകുമെന്ന് പറഞ്ഞത്. താന്‍ ആര്എസ്എസുക്കാര്ക്കെതിരേ പോരാടി വന്ന നേതാവാണ്. അവര്‍ തന്നെ പല തവണ വധിക്കാന്‍ ശ്രമിച്ചതാണ്.
തനിക്ക് ബിജെപിയില്‍ പോകേണ്ട ആവശ്യമില്ല. താന്‍ അവസാനം ദുബായില്‍ പോയത് മന്ത്രിയായിരുന്നപ്പോഴാണ്. സുധാകരനെതിരേ നിയമനടപടി സ്വീകരിക്കുമെന്നും ഇ.പി കൂട്ടിച്ചേര്‍ത്തു.