മാസപ്പടി കേസ്: വിജിലന്‍സ് കോടതിയില്‍ മൂന്ന് രേഖകള്‍ ഹാജരാക്കി മാത്യു കുഴല്നാടൻ
Thursday, April 25, 2024 2:08 PM IST
തിരുവനന്തപുരം: മാസപ്പടി വിവാദത്തിൽ കോടതി ആവശ്യപ്പെട്ട വിശദീകരണത്തിൽ രേഖകൾ ഹാജരാക്കി മാത്യു കുഴൽനാടൻ. സിഎംആർഎൽ വിഷയത്തിൽ മുഖ്യമന്ത്രി പങ്കെടുത്ത യോഗത്തിന്റെ മിനിറ്റ്സ് അടക്കമുള്ള മൂന്ന് രേഖകളാണ് ഹാജരാക്കിയത്.
എന്നാല്‍, സിഎംആര്‍എല്‍ കമ്പനിക്ക് സര്‍ക്കാര്‍ പ്രത്യേക സഹായം നല്‍കിയെന്ന് തെളിയിക്കുന്ന രേഖകള്‍ മാത്യു കുഴല്നാടന് ഹാജരാക്കാനായില്ലെന്ന് വിജിലന്‍സ് കോടതിയില്‍ വാദിച്ചു.മുഖ്യമന്ത്രിയുടെ പങ്ക് വ്യക്തമാക്കുന്ന തെളിവ് ഹാജരാക്കണമെന്ന് മാത്യുവിനോട് കോടതി ആവശ്യപ്പെട്ടിരുന്നു.
അഴിമതി നിരോധന പരിധിയിൽ വരുന്ന ആരോപണം അല്ലെന്നും വിജിലന്‍സ് അഭിഭാഷകൻ വാദിച്ചു. ഭൂപരിഷ്കരണ നിയമം ലഘൂകരിച്ച് ഭൂമി പതിച്ചു നൽകണമെന്ന് സിഎംആര്‍എല്ലിന്റെ അപേക്ഷ നിരസിച്ചതാണെന്നും വിജിലൻസ് വ്യക്തമാക്കി. റവന്യു വകുപ്പിന്റെ രേഖകളും വിജിലൻസ് ഒപ്പം ഹാജരാക്കി.
അതേസമയം, അപേക്ഷ പൂർണമായും നിരസിച്ചതല്ലെനും പുതിയ പ്രോജക്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ട് താത്കാലികമായി തള്ളിയതാണെന്നും കുഴൽനാടന്റെ അഭിഭാഷകൻ വാദിച്ചു.
ആലപ്പുഴയിൽ നടന്നത് പ്രളയാന്തരമുള്ള മണ്ണ് മാറ്റമല്ല, ഖനനമാണെന്ന് കുഴൽനാടൻ വാദിച്ചു. ഖനനവുമായി ബന്ധപ്പെട്ട ഹൈക്കോടതി ഉത്തരവുകളും മാത്യു കുഴല്നാടൻ ഹാജരാക്കി. വാദം പൂര്‍ത്തിയായതോടെ ഹര്‍ജിയില്‍ വിധി പറയാൻ അടുത്ത മാസം മൂന്നിലേക്ക് മാറ്റി.
കെഎംഎല്‍എല്ലിനെ മുന്‍നിര്‍ത്തി സ്വകാര്യ കമ്പനിയായ സിഎംആര്‍എല്ലിന് കരിമണല്‍ കടത്താന്‍ മുഖ്യമന്ത്രി കൂട്ടുനിന്നെന്നും മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്ക് ഇതിന്റെ പ്രത്യുപകാരമായി പണം ലഭിച്ചുവെന്നുമായിരുന്നു ഹർജിയില്‍ ആരോപിച്ചത്. വിജിലന്‍സ് അന്വേഷണമാവശ്യപ്പെട്ടായിരുന്നു ഹർജി.