തൃശൂര്‍ സീറ്റിന് പകരം ലാവ്ലിന് കേസ് ഒഴിവാക്കും; ജാവദേക്കര്‍ ഇ.പിയെ കണ്ടെന്ന് ദല്ലാള്‍ നന്ദകുമാര്‍
Thursday, April 25, 2024 3:52 PM IST
കൊച്ചി: തൃശൂരില്‍ ബിജെപിക്ക് അക്കൗണ്ട് തുറക്കാന്‍ സഹായം തേടി പ്രകാശ് ജാവദേക്കര്‍ ഇ.പി.ജയരാജനുമായി കൂടിക്കാഴ്ച നടത്തിയെന്ന് ദല്ലാള്‍ നന്ദകുമാര്‍. പകരം ലാവ്ലിന് കേസില്‍ സെറ്റില്‍മെന്റ് ഉറപ്പ് കൊടുത്തെന്നും നന്ദകുമാര്‍ ആരോപിച്ചു.
തന്റെ സാന്നിധ്യത്തില്‍ തിരുവനന്തപുരത്തെ ഒരു ഫ്ലാറ്റില്‍വച്ചാണ് കൂടിക്കാഴ്ച നടന്നെതെന്നാണ് നന്ദകുമാറിന്റെ ആരോപണം. എന്നാല്‍ ചര്‍ച്ച നടന്നത് ഏത് ഫ്ലാറ്റില്‍ വച്ചാണെന്നും എപ്പോഴാണെന്നും വെളിപ്പെടുത്താന്‍ നന്ദകുമാര്‍ തയാറായിട്ടില്ല.
സുരേഷ് ഗോപിയെ എങ്ങനെയും ജയിപ്പിക്കണമെന്നായിരുന്നു ജാവദേക്കറുടെ ആവശ്യം. എന്നാല്‍ തൃശൂര്‍ സീറ്റ് സിപിഐക്കാണെന്ന് ഇപി വ്യക്തമാക്കി. ഇതോടെ ചര്‍ച്ച പരാജയപ്പെട്ടു.
ചര്‍ച്ച വിജയിച്ചിരുന്നെങ്കില്‍ ലാവ്ലിന് കേസ് പിന്‍വലിക്കുന്നതായി സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിക്കുമായിരുന്നു. സ്വര്‍ണക്കടത്ത് കേസിലെ അടക്കം അന്വേഷണം നിര്‍ത്തിവയ്ക്കുമെന്നും ജാവദേക്കര്‍ വാഗ്ദാനം നല്‍കിയിരുന്നെന്നും നന്ദകുമാര്‍ പറഞ്ഞു.