വടകരയിൽ ശൈലജയ്ക്കെതിരേ അധിക്ഷേപ മുദ്രാവാക്യം: പരാതി നല്കി എൽഡിഎഫ്
Thursday, April 25, 2024 3:32 PM IST
കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ കലാശക്കൊട്ടിനിടെ വടകരയിലെ എൽഡിഎഫ് സ്ഥാനാർഥി കെ.കെ. ശൈലജയ്ക്കെതിരെ അധിക്ഷേപകരമായ മുദ്രാവാക്യം മുഴക്കിയെന്ന് പരാതി.
എൽഡിഎഫ് വടകര മണ്ഡലം സെക്രട്ടറി വത്സൻ പനോളിയാണ് യുഡിഎഫ് നേതാക്കൾക്കെതിരേ തെരഞ്ഞെടുപ്പ് കമ്മീഷനും ജില്ലാ കലക്ടർക്കും പരാതി നൽകിയത്. വടകര അഞ്ചുവിളക്കിനു സമീപം നടന്ന കലാശക്കൊട്ടിനിടെയാണ് അധിക്ഷേപകരമായ മുദ്രാവാക്യം വിളിച്ചതെന്ന് പരാതിയിൽ പറയുന്നു.
വടകരയിൽ തുടക്കം മുതൽ യുഡിഎഫിന്റെ നേതൃത്വത്തിൽ ശൈലജയ്ക്കെതിരേ വ്യക്തിഹത്യ നടന്നുവെന്നും സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ പോസ്റ്ററുകളും വ്യാജ വീഡിയോകളും പ്രചരിപ്പിക്കുന്നുവെന്നും പരാതിയിൽ പറയുന്നു. മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥിയുടെ അറിവോടെയാണ് അധിക്ഷേപമെന്നും പരാതിയിൽ പറയുന്നു.