ഇ.പി.ജയരാജന് ബിജെപിയിലേക്ക് പോകും, ശോഭാ സുരേന്ദ്രനുമായി ചര്‍ച്ച നടത്തി: കെ.സുധാകരന്
Thursday, April 25, 2024 11:48 AM IST
കണ്ണൂര്‍: ഇടത് മുന്നണി കണ്‍വീനര്‍ ഇ.പി.ജയരാജന് ബിജെപിയിലേക്ക് പോകുമെന്ന് കെപിസിസി പ്രസിഡന്റും കണ്ണൂരിലെ യുഡിഎഫ് സ്ഥാനാർഥിയുമായ കെ.സുധാകരന്. ബിജെപി നേതാവ് ശോഭാ സുരേന്ദ്രനുമായി ഇ.പി ഗള്‍ഫില്‍വച്ച് ചര്‍ച്ച നടത്തിയെന്നും സുധാകരന് ആരോപിച്ചു.
രാജീവ് ചന്ദ്രശേഖറുമായും ഇ.പി ചര്‍ച്ച നടത്തി. ഗവര്‍ണര്‍ സ്ഥാനം നല്‍കാമെന്ന് പറഞ്ഞാണ് ഇ.പിയുമായി ചര്‍ച്ച നടത്തിയത്. ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ചര്‍ച്ചയ്ക്ക് മധ്യസ്ഥം വഹിച്ചവര്‍ തന്നോട് പറഞ്ഞിട്ടുണ്ട്. ഇക്കാര്യങ്ങള്‍ പിന്നീട് വെളിപ്പെടുത്തുമെന്നും സുധാകരന് പറഞ്ഞു.
എം.വി.ഗോവിന്ദന് പാര്‍ട്ടി സെക്രട്ടറിയായ ശേഷം ഇ.പി അസ്വസ്ഥനാണ്. കോടിയേരി ബാലകൃഷ്ണന് ശേഷം താന്‍ പാര്‍ട്ടി സെക്രട്ടറിയാകുമെന്നാണ് ഇ.പി കരുതിയിരുന്നത്.
ഇത് സാധിക്കാതെ വന്നതിന്റെ നിരാശയുണ്ട്. ഇക്കാര്യം പലരോടും ഇ.പി പറഞ്ഞിട്ടുണ്ട്. പിണറായി വിജയനുമായും ഇ.പിക്ക് നല്ല ബന്ധമില്ലെന്നും സുധാകരന് കൂട്ടിച്ചേര്‍ത്തു.
അതേസമയം പിണറായിയോളം തലപ്പൊക്കമുള്ള കണ്ണൂരിലെ ഒരു നേതാവ് ദല്ലാള്‍ നന്ദകുമാര്‍ മുഖേന ബിജെപിയില്‍ ചേരാന്‍ താനുമായി ചര്‍ച്ച നടത്തിയെന്ന് ശോഭാ സുരേന്ദ്രന് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. പിണറായിയുടെ ലോബി ഭീഷണിപ്പെടുത്തിയതുകൊണ്ടാണ് പിന്നീട് ഈ നീക്കത്തില്‍നിന്ന് നന്ദകുമാര്‍ പിന്മാറിയതെന്നും ശോഭ പറഞ്ഞിരുന്നു. എന്നാൽ ഈ നേതാവിന്റെ പേര് ശോഭ വെളിപ്പെടുത്തിയിരുന്നില്ല.