വയനാട്ടിലെ കിറ്റ് വിവാദം; പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് ബിജെപി
Thursday, April 25, 2024 10:22 AM IST
കല്‍പ്പറ്റ: വയനാട്ടില്‍ വോട്ടര്‍മാര്‍ക്ക് വിതരണം ചെയ്യാനെന്ന് സംശയിക്കുന്ന കിറ്റുകള്‍ പിടിച്ചെടുത്ത സംഭവത്തില്‍ പ്രതികരണവുമായി ബിജെപി ജില്ലാ നേതൃത്വം. കിറ്റുകള്‍ തയാറാക്കിയത് ബിജെപിക്ക് വേണ്ടിയെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് പ്രശാന്ത് മലവയല്‍ പ്രതികരിച്ചു.
സംഭവം ബിജെപിയുടെ മേലില്‍ കെട്ടിവയ്ക്കാന്‍ നോക്കണ്ട. ഇക്കാര്യം ബന്ധപ്പെട്ടവര്‍ അന്വേഷിച്ചു കണ്ടത്തട്ടെ.
ബിജെപി സ്ഥാനാര്‍ഥിക്ക് തികഞ്ഞ മുന്‍തൂക്കം ഉണ്ടെന്ന് മനസിലാക്കിയുള്ള ഗൂഢാലോചനയാണിത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് കിറ്റ് കണ്ടെത്തിയതെന്ന് പറഞ്ഞതില്‍ ദുരൂഹതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബുധനാഴ്ച വൈകിട്ട് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് സുൽത്താൻ ബത്തേരിയിലെ മൊത്തവിതരണ സ്ഥാപനത്തിന് മുന്നിൽ ലോറിയിൽ കയറ്റിയ നിലയിൽ അവശ്യസാധനങ്ങൾ അടങ്ങിയ കിറ്റുകൾ കണ്ടെത്തിയത്. പഞ്ചസാര, ചായപ്പൊടി, വെളിച്ചെണ്ണ, സോപ്പ്, സോപ്പ് പൊടി, ബിസ്ക്കറ്റ്, റസ്ക് തുടങ്ങിയവയായിരുന്നു കിറ്റിലുണ്ടായിരുന്നത്.
ചില കിറ്റുകളില്‍ വെറ്റില, അടയ്ക്ക, പുകയില എന്നിവയും കണ്ടെത്തി. വയനാട്ടിലെ ആദിവാസി കോളനികളില്‍ വിതരണം ചെയ്യാനാണ് കിറ്റുകള്‍ തയാറാക്കിയതെന്നും ബിജെപി പ്രാദേശിക നേതാക്കളാണ് കിറ്റുകള്‍ക്കായി ഓര്‍ഡര്‍ നല്‍കിയതെന്നും ആരോപണമുയർന്നിരുന്നു. പരാതിയെ തുടര്‍ന്ന്
മാനന്തവാടി അഞ്ചാം മൈലിലും കല്‍പ്പറ്റ മേപ്പാടി റോഡിലും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധനയും നടത്തി.