ഗുജറാത്തിനെതിരെ ഡൽഹിക്കു ജയം
Wednesday, April 24, 2024 11:42 PM IST
ന്യൂഡൽഹി: ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരേ ഡൽഹി ക്യാപ്പിറ്റൽസിനു ജയം. നാല് റണ്‍സിനായിരുന്നു ഡൽഹിയുടെ ജയം. സ്കോർ: ഡൽഹി 224-4 (20), ഗുജറാത്ത് 220-8 (20).
ടോസ് നഷ്ടപ്പെട്ട് ആദ്യം ക്രീസിലെത്തിയ ഡൽഹി ക്യാപ്പിറ്റൽസിന്റെ തുടക്കം സുഖകരമല്ലായിരുന്നു. 44 റണ്‍സ് എടുക്കുന്നതിനിടെ ഡൽഹിക്ക് മൂന്ന് വിക്കറ്റ് നഷ്ടപ്പെട്ടു. പവർപ്ലേയിൽ മൂന്ന് ഓവറിൽ 15 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ മലയാളി പേസർ സന്ദീപ് വാര്യറിന്റെ ബൗളിംഗായിരുന്നു ഡൽഹിയെ കുഴപ്പത്തിലാക്കിയത്.
എന്നാൽ, നാലാം വിക്കറ്റിൽ റിക്കാർഡ് കൂട്ടുകെട്ടുമായി അക്സർ പട്ടേലും ക്യാപ്റ്റൻ ഋഷഭ് പന്തും ക്രീസിൽ ഒന്നിച്ചു. പട്ടേൽ 43 പന്തിൽ 66ഉം പന്ത് 43 പന്തിൽ 88ഉം റണ്‍സ് നേടി. എട്ട് സിക്സും അഞ്ച് ഫോറും പറത്തിയ പന്ത് പുറത്താകാതെനിന്നു.
ഏഴ് പന്തിൽ 26 റണ്‍സുമായി ട്രിസ്റ്റൻ സ്റ്റബ്സും പന്തിനൊപ്പം പുറത്താകാതെനിന്നു. അഞ്ചാം വിക്കറ്റിൽ ഇവർ 18 പന്തിൽ 67 റണ്‍സാണ് അടിച്ചെടുത്തത്.
ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരേ നാലാം വിക്കറ്റിലെ ഏറ്റവും ഉയർന്ന കൂട്ടുകെട്ടാണ് ഋഷഭ് പന്തും അക്സർ പട്ടേലും 68 പന്തിൽ നേടിയ 113 റണ്‍സ്. പൃഥ്വി ഷാ (11), ജേക്ക് ഫ്രേസർ മക്ഗുർക്ക് (23), ഷായ് ഹോപ്പ് (5) എന്നിവരെയാണ് സന്ദീപ് വാര്യർ പുറത്താക്കിയത്.
മറുപടി ബാറ്റിംഗിനിറങ്ങിയ ഗുജറാത്തിന് തുടക്കത്തിൽ തന്നെ ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിനെ (6) നഷ്ടമായി. പിന്നീട് വൃദ്ധിമാൻ സാഹയും (39) സായി സുദർശനും (65) ചേർന്ന് മുന്നോട്ട് നയിച്ചു. ഇരുവരും ചേർന്ന് 82 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയർത്തു.
ഡേവിഡ് മില്ലർ 23 പന്തിൽ 55 റണ്‍സെടുത്തു. റാഷിദ് ഖാൻ പുറത്താകാതെ 11 പന്തിൽ 21 റണ്‍സ് നേടിയേങ്കിലും ടീമിനെ വിജയത്തിലെത്തിക്കാൻ കഴിഞ്ഞില്ല.