സുരേഷ് ഗോപിയെ അനുകൂലിച്ച് പ്രസ്താവന; തൃശൂര്‍ മേയറെ വിളിച്ചുവരുത്തി സിപിഎം
Tuesday, June 11, 2024 5:35 PM IST
തൃശൂർ: ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്ത് സുരേഷ് ഗോപിയെ അനുകൂലിച്ച് പ്രസ്താവന നടത്തിയ തൃശൂര്‍ മേയർ എം.കെ.വർഗീസിനെ സിപിഎം വിളിച്ചുവരുത്തി വിശദീകരണം തേടി. സുരേഷ് ഗോപി മിടുക്കനാണെന്ന് എം.കെ. വർഗീസ് പറഞ്ഞത് വലിയ വിവാദമായിരുന്നു.
സുരേഷ് ഗോപിയോട് പ്രത്യക ആഭിമുഖ്യം തനിക്കില്ലെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം മേയര്‍ പ്രതികരിച്ചു. മറിച്ചുള്ള പ്രചാരണം രാഷ്ട്രീയ പ്രേരിതമാണ്. പദ്ധതികളുമായി ബന്ധപ്പെട്ട് സംസാരിച്ചാൽ അത് രാഷ്ട്രീയവൽക്കരിക്കരുത്. ഇടതുപക്ഷത്തിനൊപ്പമാണ് താൻ നിൽക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സിപിഎം ജില്ലാ സെക്രട്ടറി വിളിച്ചു വരുത്തിയതല്ല. മറ്റൊരു കാര്യത്തിന് പോയതാണ്. പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാന രഹിതമാണെന്നും എം.കെ.വർഗീസ് പറഞ്ഞു. സുരേഷ് ഗോപിയെ അനുകൂലിച്ച് മേയർ പ്രസ്താവന നടത്തിയ സംഭവത്തിൽ സിപിഐ അതൃപ്തി അറിയിച്ചിരുന്നു.