എഡിജിപിക്കെതിരേ അന്വേഷണം: വിജിലൻസ് സംഘത്തെ ഇന്ന് പ്രഖ്യാപിക്കും
Friday, September 20, 2024 11:56 AM IST
തിരുവനന്തപുരം: ക്രമസമാധാനചുമതലയുള്ള എഡിജിപി എം.ആർ. അജിത്കുമാറിനെതിരായ വിജിലൻസ് അന്വേഷണ സംഘത്തെ വിജിലൻസ് ഡയറക്ടർ ഇന്ന് തീരുമാനിക്കും. വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് അജിത്കുമാറിനെതിരേ വിജിലൻസ് അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടത്. വിജിലൻസ് ഡയറക്ടർ യോഗേഷ് ഗുപ്ത ഇന്ന് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയ ശേഷം അന്വേഷണ സംഘത്തെ തീരുമാനിക്കും.
വിജിലൻസ് ഡയറക്ടർ നേരിട്ട് അന്വേഷണം നടത്തിയേക്കും. എഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥനെതിരേയുള്ള ആരോപണം ആയതിനാലാണ് വിജിലൻസ് ഡയറക്ടർ തന്നെ അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്നത്. മറ്റ് ഉദ്യോഗസ്ഥരും അന്വേഷണ സംഘത്തിലുണ്ടാകും. അനധികൃത സ്വത്ത് സന്പാദനം, കോടികൾ ചെലവിട്ട് കൊണ്ട് നഗരമധ്യത്തിൽ ആഡംബര വീട് പണിയുന്നത് ഉൾപ്പെടെയുള്ള ആരോപണങ്ങളാണ് അന്വേഷണ പരിധിയിൽ വരുന്നത്.
സംസ്ഥാന പോലീസ് മേധാവി ഷേഖ് ദർബേഷ് സാഹിബാണ് അജിത്ത് കുമാറിനെതിരേ വിജിലൻസ് അന്വേഷണത്തിന് സർക്കാരിനോട് ശിപാർശ ചെയ്തതത്. ഒരാഴ്ചയ്ക്ക് മുൻപ് നൽകിയ ശിപാർശയിൽ സർക്കാർ തീരുമാനമെടുക്കാത്തതിനെതിരേ ഘടക കക്ഷിനേതാക്കൾ ഉൾപ്പെടെ കടുത്ത വിമർശനം ഉന്നയിച്ചിരുന്നു.
ഭരണകക്ഷി എംഎൽഎ പി.വി. അൻവറിന്റെ പരാതിയിലാണ് സംസ്ഥാന പോലീസ് മേധാവി അജിത്കുമാറിനെതിരേ വിജിലൻസ് അന്വേഷണത്തിന് ശിപാർശ ചെയ്തത്. അൻവറിന്റെ ആരോപണത്തിൽ അജിത്കുമാറിനെതിരേ മറ്റ് കാര്യങ്ങളിൽ സംസ്ഥാന പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള അന്വേഷണം പുരോഗമിക്കുകയാണ്.