വയനാട് പുനരധിവാസം; മൗനം തുടർന്ന് കേന്ദ്രം
Friday, September 20, 2024 8:56 PM IST
തിരുവനന്തപുരം: വയനാട് ദുരന്തഭൂമിയിലെ പുനരധിവാസവുമായി ബന്ധപ്പെട്ട വിഷയത്തിൽ മൗനം തുടർന്ന് കേന്ദ്രം. കേരളം ആവശ്യപ്പെട്ടത് 1202 കോടി രൂപയാണ്. എന്നാൽ ഇതുവരെ കേന്ദ്രം ഇക്കാര്യത്തിൽ തീരുമാനമൊന്നും അറിയിച്ചിട്ടില്ല.
ദുരന്തഭൂമി സന്ദർശിച്ച പ്രധാനമന്ത്രി വയനാടിന് എല്ലാ സഹായവും ഉറപ്പുനൽകിയാണ് മടങ്ങിയത്. എന്നാൽ 40 ദിവസത്തിന് ശേഷവും സഹായം എത്തിയില്ല.
പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് പിന്നാലെ സംസ്ഥാന സർക്കാർ വിശദമായ മെമ്മോറാണ്ടം കേന്ദ്രത്തിന് നൽകിയിരുന്നു. 1202 കോടി രൂപയാണ് കേരളം ദുരന്തത്തിൽ ഉണ്ടായ നഷ്ടം, ദുരന്ത പ്രതികരണം, നിവാരണം എന്നിവക്കായ് ആവശ്യപ്പെട്ടത്.
മെമ്മോറാണ്ടം സമർപ്പിച്ചതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിയെ നേരിൽ കണ്ട് കാര്യങ്ങൾ ധരിപ്പിച്ചു. എന്നാൽ പ്രതിസന്ധി മറികടക്കാൻ ഇതുവരെ ഒരു രൂപ പോലും കേരളത്തിന് കേന്ദ്രം അനുവദിച്ചിട്ടില്ല.