ഊണ് റെഡി ബോര്‍ഡ് വെക്കേണ്ട; സിപിഎം നേതാവ് വീട്ടമ്മയേയും കുട്ടിയേയും മർദിച്ചു
Friday, September 20, 2024 7:34 PM IST
തിരുവനന്തപുരം: സിപിഎം നേതാവും ജില്ലാ പഞ്ചായത്ത് അംഗവുമായ വെള്ളനാട് ശശി വീട്ടമ്മയേയും കുട്ടിയേയും മർദിച്ചതായി പരാതി. തട്ടുകടയുടെ ഊണ് റെഡി ബോര്‍ഡ് മാറ്റുന്നതുമായി ബന്ധപ്പെട്ടാണ് തര്‍ക്കമാണ് കൈയാങ്കളിയിൽ എത്തിയത്.
വെള്ളനാട് വില്ലേജ് ഓഫീസ് പരിസരത്തെ അരുണിന്റെ തട്ടുകടക്ക് മുന്നിലാണ് സംഭവം. ബോര്‍ഡ് റോഡിലാണ് വച്ചിരിക്കുന്നതെന്നും ഇത് ഇവിടെ നിന്നും മാറ്റണമെന്നാണ് സിപിഎം നേതാവിന്റെ ആവശ്യം. ബോർഡ് മാറ്റാൻ കഴിയില്ലെന്ന് കട നടത്തുന്ന വീട്ടമ്മ പറഞ്ഞതോടെയാണ് തർക്കമുണ്ടായത്.
അരുണിന്റെ ഭാര്യ സുകന്യ, മാതാവ് ഗീത എന്നിവരുമായി ശശി തര്‍ക്കിക്കുന്നതിന്റെ ദൃശ്യം പുറത്തുവന്നു. സംഭവം ഫോണിൽ പകർത്തുന്നതിനിടെ സുകന്യയുടെ മകന്റെ കൈയിൽ നിന്നും ശശി മൊബൈല്‍ തട്ടിയെറിയുന്നതും തുടർന്ന് സ്ത്രീകളെ മര്‍ദിക്കാന്‍ ശ്രമിക്കുന്നതും വീഡിയോയിലുണ്ട്.
കടയുടമ ആര്യനാട് സ്റ്റേഷനില്‍ പരാതി നല്കി. അതേസമയം കടയുടമ കൈയേറ്റം ചെയ്തെന്ന് ആരോപിച്ച് ശശിയും പോലീസിൽ പരാതി നൽകി. അടുത്തിടെയാണ് ശശി കോണ്‍ഗ്രസ് വിട്ട് സിപിഎമ്മില്‍ ചേർന്നത്.